പേഴ്സിയൂസിന്റെ ജൈത്രയാത്ര

medusaസിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന കഥാ പ്രസംഗസമാഹാരത്തിലെ അവസാനത്തെ കഥാ പ്രസംഗം

യവന പുരാണത്തിലെ ഒരു വീരനായകന്റെ അമ്പരപ്പിക്കുന്ന പോരാട്ടത്തിന്റെ കഥ ഞാനിവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുകയാണ് അതാണ് പേഴ്സിയൂസിന്റെ ജൈത്രയാത്ര.

‘വീരകുമാരനാം പേഴ്സിയൂസിന്‍
സല്‍ക്കഥ കൂട്ടരെ കേട്ടുകൊള്‍വിന്‍
സൂര്യനേപ്പോലെ തിളങ്ങിനിന്ന
പോരാളിയൊന്നിനെ കണ്ടു കൊള്‍വിന്‍

യവന രാജ്യത്തിലെ സുന്ദരിയും സുശീലയുമായ ഒരു രാജകുമാരിയായിരുന്നു ഡാനെ.  ക്രൂരനും സ്ഥാനമോഹിയുമായ അക്രീഷ്യസ് രാജാവിന്റെ ഒരോയൊരു മകളായിരുന്നു അവള്‍. ആ നല്ലവളായ രാജകുമാരിയുടെ മകനായിട്ടാണ് പേഴ്സിയൂസ് പിറന്നത്. പക്ഷെ പേഴ്സിയൂസ് പിറന്നു വീണെന്നറിഞ്ഞപ്പോള്‍ അപ്പൂപ്പനായ അക്രീഷ്യസ് രാജാവ് പേടിച്ചു വിറച്ചു കാരണമെന്തെന്നോ.

പേരക്കിടാവിന്റെ കൈകളാലെ
മരണം വരിക്കുമെന്നായിരുന്നു
പൊന്‍ തിരുമേനി തന്‍ ജാതകത്തില്‍
ആരോ കുറിച്ചതു പണ്ടു പണ്ടേ!…

മകളുടെ മകന്റെ കൈകൊണ്ട് താന്‍ മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ജാതകത്തില്‍ എഴുതപ്പെട്ടിരുന്നത്.

അതുകൊണ്ട് അദ്ദേഹം നേരത്തെ തന്നെ ഡാനെ രാജകുമാരിയെ ഒരു കല്‍ത്തുറങ്കില്‍ കൊണ്ടു പോയി അടച്ചു.

കണ്ണൂനീരോടെയാ കല്‍ത്തുറങ്കില്‍
രാജകുമാരി കഴിഞ്ഞു വന്നു
അവളുടെ രോദനം കേട്ടൊരിക്കല്‍
ദേവനൊരാള്‍ക്കു മനസലിഞ്ഞു
ഡാനെ രാജകുമാരിയുടെ കരച്ചില്‍ ദേവന്മാരുടെ ചക്രവര്‍ത്തിയായ സിയൂസ് കേള്‍ക്കാനിടയായി. അദ്ദേഹം തന്റെ ദിവ്യശക്തികൊണ്ട് കല്‍ത്തുറങ്കില്‍ കടന്ന് അവളെ അനുഗ്രഹിച്ചു.

ആ ദിവ്യാനുഗ്രഹത്തിന്റെ ഫലമായിട്ടാണ് പേഴ്സിയൂസ് പിറന്നത്.

അവന്‍ വെറുമൊരു സാധാരണ കുട്ടിയായിരുന്നില്ല.

ആരുകണ്ടാലും കൊതിച്ചിടുന്നോന്‍
സൂര്യനേപ്പോലെ തിളങ്ങിടുന്നോന്‍
ദേവനു തുല്യം തിളങ്ങിടുന്നോന്‍
ദിവ്യപ്രകാശം പരത്തിടുന്നോന്‍

തന്റെ മകള്‍ക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നതറിഞ്ഞ് ഭയചകിതനായ അക്രീഷ്യസ് രാജാവ് അവനെ കൊല്ലാനുള്ള ഒരു പരിപാടി പെട്ടന്നു തയാറാക്കി.

അദ്ദേഹം ആ അമ്മയേയും കുഞ്ഞിനേയും ഒരു പേടകത്തിലാക്കി അടച്ച് ഒരു ദിവസം കടലിലെറിഞ്ഞു.

അലറിമറയും കടല്‍ത്തിരയില്‍
മുങ്ങിയും പൊങ്ങിയും മെല്ലെ മെല്ലെ
അച്ചെറു പേടകമന്നൊരിക്കല്‍
തൊട്ടടുത്തുള്ളൊരു ദ്വീപിലെത്തി

യാതൊരു കേടുപാടും കൂടാതെ ആ പേടകം കരക്കടിഞ്ഞു. അവിടെ മീന്‍ പിടിക്കാന്‍ വന്ന ഒരു മുക്കുവന്‍ ആ പേടകം കണ്ടെത്തി.

പേടകത്തിനകത്ത് ഒരമ്മയും കുഞ്ഞും ഞെങ്ങി ഞെരുങ്ങി വീര്‍പ്പുമുട്ടിയിരിക്കുന്നത് അയാള്‍ കണ്ടു.

നല്ലവനായ ആ മുക്കുവന്‍ ആ അമ്മയേയും കുഞ്ഞിനേയും തന്റെ കൊച്ചു വീട്ടിലേക്കു കൊണ്ടു പോയി. ദയാലുവായ അയാള്‍ അവരെ തന്റെ കുടുംബത്തോടൊപ്പം പാര്‍പ്പിച്ചു.

കാലം പതുക്കെ കടന്നു പോയി
കണ്ണീര്‍പ്പാടുകള്‍ മാഞ്ഞു പോയി
പേഴ്സിയൂസല്‍പ്പം വളര്‍ന്നു പൊങ്ങി
ആരോമലായി വളര്‍ന്നു പൊങ്ങി

അപ്പോഴാണ് പെട്ടെന്നൊരു വില്ലന്‍ അവര്‍ക്കിടക്കു വന്നത്. അയാളുടെ പേര് പോളിഡിക്റ്റസ് എന്നായിരുന്നു.

നമ്മുടെ മുക്കുവന്റെ സഹോദരന്‍ കൂടിയായ പോളിഡിക്റ്റസ് ആ ദ്വീപിന്റെ സര്‍വാ ധികാരിയായിരുന്നു ദുരാഗ്രഹിയും തെമ്മാടിയുമായ അയാള്‍ സുന്ദരിയായ ഡാനെ രാജകുമാരിയെ കണ്ടെത്തി. ഡാനെയെ തന്റെ ഭാര്യയാക്കണമെന്ന് അയാള്‍ മോഹിച്ചു.

ഇത് പെഴ്സിയൂസ് അറിഞ്ഞു. സ്വന്തം അമ്മയെ മറ്റൊരുത്തന്റെ അടിമയാക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല.

പെഴ്സിയൂസ് ജീവിച്ചിരിക്കുന്നിടത്തോളം ഡാനെയെ തന്റെ ഭാര്യയാക്കാന്‍ സാധിക്കില്ലെന്നു പോളിഡിക്റ്റിസിനു ബോധ്യമായി.

അയാള്‍ പേഴ്സിയൂസിനെ വകവരുത്താന്‍ ഒരു നല്ല പോംവഴി കണ്ടെത്തി.

ഭീകരസത്വങ്ങള്‍ പാര്‍ത്തിടുന്ന
ദ്വീപിലേക്കൊന്നു പറഞ്ഞയച്ചാല്‍
പിന്നെത്തിരിച്ചു വരില്ല പയ്യന്‍
അക്കഥയങ്ങനെ തീര്‍ന്നു കൊള്ളും

അതായിരുന്നു പോളിഡിക്സിറ്റിന്റെ കണക്കുകൂട്ടല്‍. അങ്ങകലെ ഒരു ദ്വീപില്‍ ഗോര്‍ഗണ്‍ സഹോദരിമാരെന്ന പേരില്‍ മൂന്നു ഭയങ്കരികള്‍ താമസിക്കുന്നുണ്ട്. കട്ടിച്ചെതുമ്പലുകളും തൂവലുകളും കൊണ്ട് പൊതിഞ്ഞതാണ് അവരുടെ ശരീരം. വികൃതമായ കൈലകാലുകളില്‍ അരിവാള്‍ പോലെ വളഞ്ഞു കൂര്‍ത്ത നഖങ്ങളുണ്ട്. പിശാചിന്റേതു പോലെ ഭീകരമാണ് മുഖം.

അവരില്‍ ഏറ്റവും ഭയങ്കരിയാണു മെഡൂസ. മെഡൂസായുടെ തലയില്‍ മുടിക്കു പകരം കറുത്ത വിഷപ്പാമ്പുകളാണുള്ളത്. അവളുടെ മുഖത്തു നോക്കുന്നവര്‍ ആ നിമിഷത്തില്‍ കല്പ്രതിമയായി മാറും.

അത്രക്കു ഭയങ്കരിയായ മെഡൂസായുടെ തല കൊണ്ടുവരാന്‍ പോളിഡ്ക്റ്റസ് പേഴ്സിയൂസിനെ വെല്ലുവിളിച്ചു. അയാള്‍ ചോദിച്ചു.

”എടാ പേഴ്സിയൂസ് നീ വലിയ ശൂരപരാക്രമിയാണെന്നല്ലേ പറയുന്നത് നിന്റെ ധീരത തെളിയിക്കാന്‍ നാം കല്പ്പിക്കുന്നത് നീ ചെയ്യുമോ?”

” തീര്‍ച്ചയായും ചെയ്യാം.” പെഴ്സിയൂസ് തന്റേടത്തോടെ മറുപടി പറഞ്ഞു.

”എങ്കില്‍ ഉടന്‍ പോയി മെഡൂസായുടെ തല വെട്ടിക്കൊണ്ടു വരിക” അയാള്‍ കല്പ്പിച്ചു.

”ശരി ഞാനിതാ പുറപ്പെടുന്നു” അവന്‍ തയാറെടുത്തു.

പേഴ്സിയൂസ് ഒട്ടും നടുങ്ങിയില്ല
പേടിച്ചു പിന്നോട്ടു മാറിയില്ല
കൊടിയ മെഡൂസായോടേറ്റുമുട്ടാന്‍
വീരകുമാരന്‍ യാത്രയായി
സ്വന്തം അമ്മയോടും വളര്‍ത്തച്ഛനായ മുക്കുവനോടും യാത്ര പറഞ്ഞ് പേഴ്സിയൂസ് എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടു. ഗോര്‍ഗണ്‍ സഹോദരിമാര്‍ പാര്‍ക്കുന്ന ദ്വീപിലേക്കുള്ള വഴി പോലും അവനറിഞ്ഞു കൂടായിരുന്നു. അവന്റെ കൈയില്‍ ഒരൊറ്റ ആയുധം പോലും ഉണ്ടായിരുന്നില്ല. മനസിന്റെ ധീരത ഒന്നു മാത്രമാണ് അവനെ മുന്നോട്ടു നയിച്ചത്. പേഴ്സിയൂസ് ഉറച്ച കാല്‍ വയ്പ്പുകളൊടെ മുന്നോട്ടു നീങ്ങി. പെട്ടന്ന് ദേവന്‍മാരുടെ പടനായികയായ അഥീനിദേവിയും ദേവ ദൂതനായ മെര്‍ക്കുറിയും അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

അഥീനിദേവി പേഴ്സിയൂസിനോടു പറഞ്ഞു.

” മകനേ നിന്റെ ധീരത ഞങ്ങളെ പുളകം കൊള്ളിക്കുന്നു. നിന്നെ സഹായിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്”

അവരുടെ മുന്നില്‍ വിനീതനായി
സാദരം നിന്നവന്‍ കൈകള്‍ കൂപ്പി
ദിവ്യമാമേതോപ്രകാശധാര
പെട്ടന്നവനെ ചൂഴ്ന്നു നിന്നു

അഥീനി ദേവി കണ്ണാടി പോലെ തിളങ്ങുന്ന ഒരു പരിച അവനു സമ്മാനിച്ചു. ആരുടേയും രൂപം നിഴലിച്ചു കാണുന്ന ഒരു പ്രത്യേക തരം പരിചയായിരുന്നു അത്. പരിച മാത്രമല്ല മനോഹരമായ രു തോല്‍സഞ്ചിയും ദേവി അവനു നല്കി.

മെര്‍ക്കുറി ദേവന്‍ വളരെ വില പിടിച്ച മൂന്നു സമ്മാനങ്ങളാണ് അവനു നല്കിയത്. ചിറകുള്ള രണ്ടു മാന്ത്രിക ചെരിപ്പുകള്‍, ഒറ്റ വെട്ടിനു വീഴുന്ന മിനുത്ത ഒരു വാള്‍, തലയിലണിഞ്ഞാല്‍ അദൃശ്യനാകുന്ന ഒരു അത്ഭുതകരമായ പടത്തൊപ്പി.

ഈ സമ്മാനങ്ങളെല്ലാം അവന്റെ വിജയത്തിനുള്ള ദിവ്യായുധങ്ങളായിരുന്നു. അവ നല്കിയതിനു ശേഷം ഗോര്‍ഗണ്‍ സഹോദരിമാരുടെ അരികിലെത്താനുള്ള വിദ്യയും അഥീനിദേവി അവനു പറഞ്ഞു കൊടുത്തു.

” മകനേ പേഴ്സിയൂസ് നീ കുറെ ദൂരം വടക്കോട്ടു സഞ്ചരിക്കുക അപ്പോള്‍ ഒരു മഞ്ഞു മല കാണാം അവിടെ ഗോര്‍ഗണ്‍ സഹോദരിമാരുടെ അടുത്ത ബന്ധുക്കളായ മൂന്നു ദുര്‍ഭൂതങ്ങള്‍ താമസിക്കുന്നുണ്ട് അവരോട് തന്ത്രപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ നിനക്ക് മെഡൂസ എവിടെയാണെന്നു കണ്ടു പിടിക്കാം”

ദേവീ ദേവന്‍മാര്‍ അവനെ അനുഗ്രഹിച്ചിട്ട് എങ്ങോട്ടോ മറഞ്ഞു പോയി.

മന്ത്രച്ചെരുപ്പു ധരിച്ചു കൊണ്ടും
മാന്ത്രികത്തൊപ്പിയണിഞ്ഞുകൊണ്ടും
പെഴ്സിയൂസ് മുന്നോട്ടു നീങ്ങി വേഗം
ധീരനായ് മുന്നോട്ടു പാഞ്ഞു വേഗം

കാലുകളില്‍ മാന്ത്രികച്ചെരുപ്പുകളണിഞ്ഞപ്പോള്‍ അവന്‍ പക്ഷിയേപ്പോലെ ആകാശത്തേക്കുയര്‍ന്നു അല്പ്പസമയം കൊണ്ട് അവന്‍ ദുര്‍ഭൂതങ്ങളുടെ സമീപത്തെത്തി.

ആ മൂന്നു ദുര്‍ഭൂതങ്ങള്‍ക്കും കൂടി ഒരു കണ്ണൂം ഒരു പല്ലും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തെങ്കിലും കാണണമെന്നു തോന്നുമ്പോള്‍ അവര്‍ കണ്ണ് മാറി മാറി ഉപയോഗിക്കും. എന്തെങ്കിലും തിന്നണമെന്നു തോന്നുമ്പോള്‍ ഒറ്റപ്പല്ല് മാറി മാറി വെക്കും ഇതായിരുന്നു പതിവ്.

പേഴ്സിയൂസ് മന്ദമടുത്തു ചെന്നു
പേടികൂടാതെ കടന്നു ചെന്നു
മാന്ത്രികത്തൊപ്പിതന്‍ ശക്തി മൂലം
ആരുമേ കണ്ടില്ലവന്റെ രൂപം

മാന്ത്രികത്തൊപ്പി അണിഞ്ഞിരുന്നതിനാല്‍ ആര്‍ക്കും അവന്റെ രൂപം കാണാന്‍ കഴിഞ്ഞില്ല. ഒരു മായാവിയെപ്പോലെ കടന്നു ചെന്ന് അവന്‍ അവരുടെ ആ ഒറ്റക്കണ്ണ് തട്ടിപ്പറിച്ചെടുത്തു.

ദുര്‍ഭൂതങ്ങള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ പേഴ്സിയൂസ് പറഞ്ഞു.

”കരഞ്ഞിട്ടൊന്നും കാര്യമില്ല നിങ്ങളുടെ ഒറ്റക്കണ്ണ് എന്റെ കയ്യിലായിക്കഴിഞ്ഞു. ഇനിയും വേഷം കെട്ടിയാല്‍ പല്ലുകൂടി ഞാന്‍ തട്ടിയെടുക്കും”

” അയ്യോ അങ്ങനെ ചെയ്യുരുതേ ” അവര്‍ കേണപേക്ഷിച്ചു.

” എങ്കില്‍ വേഗം മെഡൂസായുടെ അടുത്തെത്താനുള്ള വഴി എനിക്കു പറഞ്ഞു തരിക” പേഴ്സിയൂസ് അവശ്യപ്പെട്ടു.

പേടിച്ചരണ്ട ദുര്‍ഭൂതങ്ങള്‍ വേഗം ഗോര്‍ഗണ്‍ സഹോദരിമാരുടെ സമീപത്തേക്കുള്ള വഴി വള്ളിപുള്ളി വിടാതെ അവനു പറഞ്ഞു കൊടുത്തു.

സന്തുഷ്ടടനായ പേഴ്സിയൂസ് അവരുടെ കണ്ണ് തിരിച്ചു കൊടുത്തിട്ട് വേഗം അവിടെ നിന്നും യാത്രയായി.

ചേലേറുമൊരു മേഘക്കീറു പോലെ
ചിറകടിച്ചകലുന്ന പക്ഷി പോലെ
നീലവാനിന്‍ നിഴലിയൂടെ
പേഴ്സിയൂസ് വേഗം കടന്നു പോയി

ഒട്ടും താമസിയാതെ പേഴ്സിയൂസ് ഗോര്‍ഗണ്‍ ദ്വീപിലെത്തി. അപ്പോള്‍ ആ മൂന്നു ഭയങ്കരികളും നല്ല ഉറക്കത്തിലായിരുന്നു.

പേഴ്സിയൂസ് അവരുടെ നേരെ നോക്കാതെ കയ്യിലുള്ള പരിചയെടുത്ത് കണ്ണാടിയാക്കിപ്പിടിച്ചു ഗോര്‍ഗണ്‍ ഭയങ്കരികളുടെ ഞെട്ടിപ്പിക്കുന്ന രൂപം അതില്‍ തെളീഞ്ഞു. ഏറ്റവും നടുവിലായി അതാ മെഡൂസായുടെ വികൃത രൂപം. അവളുടെ തലയിലെ വിഷപ്പാമ്പുകള്‍ ചുവന്ന നാവുകള്‍ നീട്ടി ആടുന്നു.

പരിചയില്‍ നിഴലിച്ചു കണ്ട രൂപത്തില്‍ ഉന്നം വച്ച് പേഴ്സിയൂസ് പിന്നിലേക്ക് ശക്തിയായി വാള്‍ വീശി!

പെട്ടന്നതാ ഭൂമി പോലും വിറപ്പിക്കുന്ന ഒരു ഭീകരമായ അലര്‍ച്ചയോടെ മെഡൂസായുടെ തല താഴെ വീണു. ചോരയില്‍ കുളിച്ച ജഡം നിലത്തു കിടന്നു പിടച്ചു.

പേഴ്സിയൂസ് മുഖത്തു നോക്കാതെ തന്നെ മെഡൂസായുടെ തലയെടുത്ത് വേഗത്തില്‍ തന്റെ തോല്‍ സഞ്ചിയില്‍ ഭദ്രമായി അടച്ചു.

പിന്നെ ജയാരവം മുഴക്കിക്കൊണ്ട് ഒരു വെള്ളിപ്പക്ഷിയേപ്പോലെ അവന്‍ നീലാകാശത്തിലൂടെ മുന്നോട്ടു പാഞ്ഞു.

ചേലേറുമൊരു മേഘക്കീറു പോലെ
ചിറകടിച്ചകലുന്ന പക്ഷി പോലെ
നീലവാനിന്‍ നിഴലിലൂടെ
പേഴ്സിയൂസ് വേഗം കടന്നു പോയി

മെഡൂസായുടെ അലര്‍ച്ച കേട്ട് ഉണര്‍ന്ന സഹോദരിമാര്‍ കണ്ടത് തലയില്ലാതെ കിടന്നു പിടക്കുന്ന അവളുടെ ശരീരം മാത്രമാണ്.

ഒരു കൊടുങ്കാറ്റു പോലെ ചീറിക്കൊണ്ട് അവര്‍ പേഴ്സിയൂസിനെ പിടി കൂടാന്‍ ആകാശത്തേക്കുയര്‍ന്നു. പക്ഷെ അദൃശ്യനായ പേഴ്സിയൂസിനെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല

പേഴ്സിയൂസ് വളരെ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു അല്പ്പ നേരം എവിടെയെങ്കിലും വിശ്രമിച്ചാല്‍ കൊള്ളാമെന്ന് തോന്നി

ക്ഷീണിച്ചു തീരെ വലഞ്ഞ നേരം
കാലും കരവും കുഴഞ്ഞ നേരം
ഇത്തിരിയെങ്ങാനും വിശ്രമിക്കാന്‍
ഉത്തമനാമവനാഗ്രഹിച്ചു

ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. അപ്പോഴാണ് ആകാശവും ചുമന്നു കൊണ്ട് ഭീമാകാരനായ ഒരാള്‍ നില്‍ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അത് അറ്റ് ലസ്സ് എന്നു പേരുള്ള ഒരു രാക്ഷസനായിരുന്നു.

പേഴ്സിയൂസ് ഉടനെ അറ്റ്ലസിനെ സമീപിച്ചിട്ടു പറഞ്ഞു.

” ഹേ സുഹൃത്തേ!…. എനിക്കിവിടെ ഇത്തിരി നേരം വിശ്രമിക്കാന്‍ ഒരിടം തരണം ”

പക്ഷെ തണ്ടനും തടിയനുമായ അറ്റ്ലസ് പേഴ്സിയൂസിനു വിശ്രമിക്കാന്‍ അവിടെ സ്ഥലം നല്കിയില്ല അറ്റ് ലസ് പറഞ്ഞു.

” ഇല്ല ഏതു വീരനായാലും ഇവിടെ കാലുകുത്താന്‍ ഞാന്‍ അനുവദിക്കില്ല”

ഇതുകേട്ട് പേഴ്സിയൂസ്സ് കോപാക്രാന്തനായി. അവന്‍ തന്റെ തോല്‍ സഞ്ചിയില്‍ നിന്ന് മെഡൂസായുടെ തല പുറത്തെടുത്തു. വലിയ അട്ടഹാസത്തോടെ അതവന്‍ അറ്റ് ലസിന്റെ നേരെ നീട്ടി.

പെട്ടന്നവനൊരു പര്‍വതമായി
ഒട്ടും ചലിക്കാതെ നിന്നു മണ്ണില്‍
കൂറ്റനൊരു പെരുമ്പറപോലെ
ഒട്ടും ചലിക്കാതെ നിന്നു മണ്ണില്‍

അങ്ങനെയാണ് അറ്റ് ലസ്സ് പര്‍വതം ഉണ്ടായത്. ആ പര്‍വതത്തിന്‍ മേല്‍ അല്പ്പ നേരം വിശ്രമിച്ച് ക്ഷീണം മാറ്റിയ ശേഷം പേഴ്സിയൂസ് തന്റെ ജൈത്രയാത്ര തുടര്‍ന്നു.

കുറച്ചു ദൂരം ചെന്നപ്പോള്‍ എവിടെ നിന്നോ ദയനീയമായ കരച്ചില്‍ കേള്‍ക്കുന്നതായി പേഴ്സിയൂസിനു തോന്നി.

ആരോ കരയുന്ന ദീന ശബ്ദം
കാതില്പ്പതിക്കുന്നു കഷ്ടമയ്യോ
ഏതാണ്ടപകടമമായിരിക്കാം
എന്തെന്നറിയാതെ പറ്റുകില്ലാ!…

പേഴ്സിയൂസ് വേഗം കരച്ചില്‍ കേട്ട ദിക്കിനെ ലഷ്യമാക്കി പറന്നു.

ഒരു കടല്‍ത്തീരത്ത് നിന്നായിരുന്നു ആ കരച്ചില്‍ കേട്ടത്. അവിടെ കണ്ട കാഴ്ച പേഴ്സിയൂസിനെ അമ്പരപ്പിച്ചു. വലിയ ഒരു കരിമ്പാറയില്‍ സുന്ദരിയായ ഒരു പെണ്‍കിടാവിനെ ചങ്ങല കൊണ്ട് തളച്ചിട്ടിരിക്കുന്നതാണ് അവന്‍ കണ്ടത്.

അതിന്റെ കാര്യമെന്തന്നറിയാന്‍ പേഴ്സിയൂസിനു തിടുക്കമായി. അവന്‍ ആ പെണ്‍കുട്ടിയോടു ചോദിച്ചു.

” ആരാണ് നിന്നെ ഇവിടെ തളച്ചിട്ടിരിക്കുന്നത് ”

പേഴ്സിയൂസിന്റെ ചോദ്യം കേട്ട് അവള്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.

” ഞാന്‍ മഹാനായ സിഫിയൂസ് രാജാവിന്റെ ഓമന മകളാണ്. ആന്‍ഡ്രോമീഡാ എന്നാണ് എന്റെ പേര് ഞാന്‍ സമുദ്രദേവന്റെ മകളേക്കാള്‍ സുന്ദരിയാണെന്ന് എന്റെ അമ്മ പറഞ്ഞുവത്രെ ”

” എന്നിട്ട്?”

” ആ വിവരം എങ്ങനെയോ സമുദ്രദേവന്‍ അറിഞ്ഞു. അദ്ദേഹം കോപിച്ചു ഞങ്ങളുടെ നാടു മുടിപ്പിക്കാന്‍ അദ്ദേഹം ഭീകരനായ ഒരു ജലപ്പിശാചിനെ ഇങ്ങോട്ടഴിച്ചു ഇട്ടു…” അവള്‍ ഒന്നു നിറുത്തി.

” ആ ജലപിശാചാണോ നിന്നെ ചങ്ങലയിട്ടു പൂട്ടിയത്?” പേഴ്സിയൂസ് ചോദിച്ചു.

” അല്ല എന്നെ ആ ജലപിശാചിനു ബലികൊടുത്താല്‍ ഈ നാടും നാട്ടുകാരും രക്ഷപ്പെടുമെന്ന് ഏതോ ഒരു പ്രവാചകന്‍ എന്റെ അച്ഛനോടു പറഞ്ഞു ”

” പിന്നെ എന്തുണ്ടായി ? പേഴ്സിയൂസിനു അതു കേള്‍ക്കാന്‍ തിടുക്കമായി.

” ആ ജലപ്പിശാചിനു ബലികൊടുക്കാന്‍ വേണ്ടിയാണ് എന്നെ ഈ കരിമ്പാറയില്‍ തളച്ചിട്ടിരിക്കുന്നത്. ആ ഭീകര ജന്തു ഇപ്പോഴിവിടെ എത്തും അവന്‍ എന്നെ മാന്തിക്കീറി തിന്നും. അങ്ങ് വേഗം ഇവിടെ നിന്നും പൊയ്ക്കൊള്ളു. ഇല്ലെങ്കില്‍ അവന്‍ പിടി കൂടും”
ആന്‍ഡ്രോമീഡായുടെ കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒലിച്ചിറങ്ങി.

അതുകണ്ട് പേഴ്സിയൂസ് അവളെ സമാധാനിപ്പിച്ചു.

” ഒട്ടും ഭയപ്പെടാതോമലാളേ നീ
ഞെട്ടിപ്പിടയാതെ നിന്നു കൊള്ളൂ
പൊന്നു പോല്‍ നിന്നെ ഞാന്‍ കാത്തു കൊള്ളാം
‘കന്യകേ കേഴാതെ നിന്നു കൊള്ളൂ”

ആന്‍ഡ്രോമീഡാ പറഞ്ഞു.

” അയ്യോ സഹോദരാ , അങ്ങ് പോകൂ അങ്ങയുടെ ജീവന്‍ അപകടത്തിലാകും”

പക്ഷെ പേഴ്സിയൂസ് ഒട്ടും കുലുങ്ങിയില്ല. അവന്‍ ആ കടല്‍ത്തീരത്ത് ഉറച്ചു നിന്നു.

ഇതിനിടയില്‍ ജലപ്പിശാച് വായും പിളര്‍ന്നു കൊണ്ട് കടലിനടിയിലൂടെ നീന്തി വരുന്നത് ആന്‍ഡ്രോമീഡാ കണ്ടൂ. അവള്‍ ഭയപ്പാടോടെ വിളീച്ചു പറഞ്ഞു.

” അതാ , അതാ ആ ജലപ്പിശാച് അടുത്തെത്തിക്കഴിഞ്ഞു !…. എന്റെ നിമിഷങ്ങള്‍ എണ്ണ പ്പെട്ടിരിക്കുന്നു”

വായും പിളര്‍ന്നവന്‍ പാഞ്ഞു വന്നു
വായു വേഗത്തില്‍ കുതിച്ചു വന്നു
അതുകണ്ടു ഞെട്ടിപ്പിടഞ്ഞു പാവം
പെണ്‍കൊടി പെട്ടിക്കരഞ്ഞു വീണ്ടൂം!

ജലപ്പിശാച് ഒരു വലിയ ആക്രോശത്തോടെ വായും പിളര്‍ന്നു കൊണ്ട് ആന്‍ഡ്രോമീഡായുടെ സമീപത്തേക്കു കുതിച്ചു. അവളൊന്നു ഞെട്ടിപ്പിടഞ്ഞു.

പെട്ടന്ന് പെഴ്സിയൂസ് ആ ജലപ്പിശാചിന്റെ മുന്നില്‍ ചാടി വീണൂ

” എടാ സാത്താനേ ഇവളെ തൊട്ടു പോകരുത് ”പെഴ്സിയൂസ് ഉറക്കെ അലറി.

” ഞാന്‍ സമുദ്രദേവന്റെ കാവല്‍ക്കാരനാണ് ഇവളെ തിന്നാന്‍‍ എനിക്കധികാരമുണ്ട് !”…. ജലപ്പിശാച് വീണ്ടും മുന്നോട്ടു കുതിക്കാന്‍ ശ്രമിച്ചു.

” എങ്കില്‍‍ നിന്റെ കഥ ഞാന്‍ കഴിക്കും” പേഴ്സിയൂസ് അരയില്‍ നിന്ന് വാളൂരി ജലപ്പിശാചും പേഴ്സിയൂസും തമ്മില്‍ ഉഗ്രമായി ഏറ്റുമുട്ടി.

അടിമിടിയും തൊഴിയുമെല്ലാം
‘ ധടുപടു’ വെന്നു നടന്നു വേഗം
തകിടം മറിച്ചിലും ചോടു വെയ്പ്പും
തകൃതിയിലെല്ലാം കഴിഞ്ഞു വേഗം

ഒടുവില്‍ പേഴ്സിയൂസ് ആ ഭീകര സത്വത്തെ വെട്ടിക്കൊന്ന് കടലിലെറിഞ്ഞു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പേഴ്സിയൂസ് ആന്‍ഡ്രോമീഡായെ ചങ്ങലയില്‍ നിന്നും സ്വതന്ത്രയാക്കി.

അത്ഭുതകരമായ ഈ വാര്‍ത്തയറിഞ്ഞ് ആന്‍ഡ്രോമീഡായുടെ പിതാവായ സിഫിയൂസ് രാജാവും പത്നിയും അവിടേക്കോടിയെത്തി. പിന്നാലെ രാജദൂതന്‍മാരും ജനങ്ങളും പാഞ്ഞെത്തി.

വീരനെപ്പൊക്കിയെടുത്തു വേഗം‍
രാജാവും കൂട്ടരും തോളിലേറ്റി
ആളുകളൊക്കെയുമൊത്തുകൂടി
ആനന്ദത്തോടവര്‍ നൃത്തമാടി

സന്തോഷ ചിത്തനായ സിഫിയൂസ് രാജാവ് പേഴ്സിയൂസിനെ വലിയ അകമ്പടിയോടെ ആനയിച്ച് തന്റെ കൊട്ടാരത്തിലേക്കു കൊണ്ടു പോയി.

സുന്ദരിയും സുശീലയുമായ ആന്‍ഡ്രോമീഡായെ തനിക്കു വിവാഹം ചെയ്തു തരണമെന്ന് പേഴ്സിയൂസ് രാജാവിനോട് അപേക്ഷിച്ചു.

ധീരനും ബുദ്ധിമാനുമായ ആ യുവാവിനു തന്റെ‍ മകളെ വിവാഹം ചെയ്തുകൊടുക്കുന്നതില്‍ അദ്ദേഹത്തിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പേഴ്സിയൂസും ആന്‍ഡ്രോമീഡായും തമ്മിലുള്ള വിവാഹം നടന്നു.

അന്ന് നാട്ടിലെങ്ങും ഒരുത്സവം തന്നെയായിരുന്നു

എങ്ങും കൊടിക്കൂറ കാറ്റിലാടി
ഗായകവൃന്ദങ്ങള്‍ പാട്ടു പാടി
വാദ്യമേളങ്ങളുയര്‍ന്നു പൊങ്ങി
കല്യാണ സദ്യയണിഞ്ഞൊരുങ്ങി

രാജകൊട്ടാരത്തിന്റെ അങ്കണത്തില്‍ കല്യാണ സദ്യ പൊടി പൊടിക്കുകയായിരുന്നു.

അപ്പോഴാണ് കോപാക്രാന്തനായ ഒരു യുവാവും കുറെ അനുയായികളും അവിടെ എത്തിച്ചേര്‍ന്നത്. ആ യുവാവിന്റെ പേര് ഫിന്യൂസ് എന്നായിരുന്നു.

അയാള്‍ ദേഷ്യത്തോടെ പേഴ്സിയുസിനോടു പറഞ്ഞു

” എടാ നാണം കെട്ടവനെ ആന്‍ഡ്രോമീഡായെ എനിക്കു വിട്ടു തരണം ഞാനാണ് അവളുടെ ഭര്‍ത്താവാകാന്‍ എന്തുകൊണ്ടൂം യോഗ്യന്‍!….”

” ഇല്ല നിനക്കതിനു ഒട്ടും യോഗ്യതയില്ല. ചങ്ങലയില്‍ കിടന്ന് ഇവള്‍ വേദന തിന്നപ്പോള്‍ യോഗ്യനായ നീ എവിടെയായിരുന്നു?”

പേഴ്സിയൂസ് തിരിച്ചടിച്ചു.

ഇതുകേട്ട് ഗത്യന്തരമില്ലാതെ ഫിന്യൂസ് ഒരു വലിയ കുന്തമെടുത്ത് പേഴ്സിയൂസിന്റെ നെഞ്ചിനു നേരെ എറിഞ്ഞു.

പക്ഷെ തന്റെ മാന്ത്രിക ശക്തിയുള്ള പരിച കൊണ്ട് പേഴ്സിയൂസ് നിഷ്പ്രയാസം അതു തടുത്തു. ഉടനെ ഫിന്യൂസിന്റെ അനുയായികള്‍ പേഴ്സിയൂസിനെ വളഞ്ഞു.
]
സിഫിയൂസ് രാജാവിന്റെ ഭടന്മാര്‍ പേഴ്സിയൂസിന്റെ രക്ഷക്കെത്തി. പക്ഷെ അവരെയെല്ലാം ആയുധധാരികളായ ഫിന്യൂസിന്റെ കൂട്ടുകാര്‍ ശക്തിയായി ആക്രമിക്കാന്‍ തുടങ്ങി.

ഇതു കണ്ട് പേഴ്സിയൂസ് ഉറക്കെ വിളിച്ചു പറഞ്ഞു.

” എന്റെ സഹായികളായ എല്ലാവരും ഉടനെ കണ്ണൂ പൊത്തുവിന്‍ ”

പേഴ്സിയൂസിന്റെ സഹായികള്‍ അതുകേട്ട് ഉടനെ കണ്ണു പൊത്തി. പെട്ടന്ന് പേഴ്സിയൂസ് തന്റെ തോല്‍ സഞ്ചി തുറന്ന് മെഡൂസായുടെ തല പുറത്തെടുത്തു. അത് അവന്‍‍ ഫിന്യൂസിന്റെയും കൂട്ടുകാരുടേയും നേര്‍ക്കു നീട്ടി. ആ നിമിഷത്തില്‍ അവര്‍ വെറും കല്പ്രതിമകളായി മാറി.

സന്തോഷ ചിത്തനാം പേഴ്സിയൂസും
രാജകുമാരിയുമന്നു തന്നെ
മിന്നുന്ന പൊന്നിന്‍ രഥത്തിലേറി
നാട്ടിലേക്കങ്ങു കുതിച്ചു പോയി

വിജയത്തില്‍ നിന്നും വിജയത്തിലേക്കു കടന്നു കയറിയ പേഴ്സിയൂസ് തന്റെ വധുവായ ആന്‍ഡ്രോമീഡായേയും കൊണ്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്തി.

അപ്പോഴാണ് തന്റെ പാവപ്പെട്ട അമ്മയെ പോളിഡിക്റ്റസ് അടിമായി വച്ചിരിക്കുകയാണെന്ന വിവരം പേഴ്സിയൂസ് മനസിലാക്കിയത്.

അവന്‍ നെഞ്ചു വിരിച്ചു പിടിച്ചു കൊണ്ട് പോളിഡിക്റ്റസിന്റെ കൊട്ടാരത്തിലേക്കു കടന്നു ചെന്നു.

അപ്രതീക്ഷിതമായ അവന്റെ വരവു കണ്ട് പോളിഡിക്റ്റ്സ് അമ്പരന്നു.

എന്തിവന്‍ വീണ്ടൂം തിരിച്ചു വന്നോ
ജീവനും കൊണ്ടൂ തിരിച്ചു വന്നോ
ഓര്‍ക്കാപ്പുറത്തടിയേറ്റപോലെ
ഞെട്ടിത്തരിച്ചു പോയ് മന്നവേന്ദ്രന്‍

എങ്കിലും പരിഭ്രമം പുറത്തു കാണിക്കാതെ പോളിഡിക്റ്റസ് പേഴ്സിയൂസിനോടു ചോദിച്ചു.

” എന്ത്? നീ തിരിച്ചു വന്നുവെന്നോ?”

” അതെ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു ”

” എങ്കില്‍ നീ മെഡൂസായുടെ പക്കല്‍ പോയിരിക്കില്ല”
അയാള്‍ അവനെ ആക്ഷേപിക്കാന്‍ നോക്കി.

പെട്ടന്ന് പേഴ്സിയൂസ് തന്റെ തോല്‍സഞ്ചി തുറന്ന് മെഡൂസായുടെ തല പുറത്തെടുത്തു.

” ഇതാ മെഡൂസായുടെ തല! ….. കണ്ടോളൂ ” കോപം കത്തി നില്‍ക്കുന്ന മുഖഭാവത്തോടെ ആ തല പോളിഡിക്റ്റസിന്റെ നേര്‍ക്ക് നീട്ടി.

തെമ്മാടിയാകുമാ മന്നവേന്ദ്രന്‍
പെട്ടന്നു കല്ലിന്‍ പ്രതിമയായി
അട്ടഹസിച്ചു രസിച്ചു വീരന്‍
പേഴ്സിയൂസ് മന്ദം നടന്നു നീങ്ങി

അവന്‍ വേഗത്തില്‍ നടന്നു ചെന്നു അടിമത്തത്തില്‍ കഴിയുന്ന തന്റെ അമ്മയെ സ്വതന്ത്രയാക്കി. ആ വീരമാതാവ് ജീവന്റെ ജീവനായ തന്റെ ആരോമല്‍ പുത്രനെ കെട്ടിപ്പുണര്‍ന്നു.

അമ്മയാണെന്നും നമുക്കു ദൈവം
അമ്മയെ നമ്മള്‍ നമിച്ചിടേണം
ധീരതയെന്നും നമുക്കു വേണം
ഭീരുത്വമെല്ലാം കളഞ്ഞിടേണം.

സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന കഥാ പ്രസംഗസമാഹാരത്തിലെ അവസാനത്തെ കഥാ പ്രസംഗം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here