പെയ്യാന്‍ മറന്ന മഴ മേഘങ്ങള്‍

ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല . കിടക്കാന്‍ തന്നെ പതിവിലും വൈകി. ട്രാന്‍സ്ഫര്‍ ആയി നാട്ടിലേക്ക് പോകുകയല്ലേ കുറച്ചു സാധനങ്ങള്‍ പായ്ക്കു ചെയ്യുവാനുണ്ടായിരുന്നു. പോരാത്തതിന് ഹോസ്റ്റലിലെ സുഹൃത്തുക്കളുടെ യാത്ര പറച്ചിലും. തന്റെ ഒപ്പം രണ്ടു വര്‍ഷത്തോളം ഒരേ മുറിയില്‍ കഴിഞ്ഞ നിസക്കായിരുന്നു ഏറ്റവും വിഷമം. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി നിസയുമായി പങ്കു വയ്ക്കാത്ത ഒന്നുമുണ്ടായിരുന്നില്ല ഇക്കഴിഞ്ഞ രണ്ടു വര്‍ഷം തന്റെ ജീവിതത്തില്‍ . രാവിലെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ് വിങ്ങി.

” എത്ര നാളാ നിസേ നീ ഇങ്ങനെ ഒറ്റക്ക് ?”

മുന്‍പ് പല തവണ ചോദിച്ച ചോദ്യം ഇന്നലെ രാത്രി കിടക്കാന്‍ നേരവും വിഷാദം നിറഞ്ഞ ഓര്‍മ്മപ്പെടുത്തലായി .

”അരവിന്ദനു വേണ്ടി ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? മറ്റന്നാള്‍ അയാളുടെ വിവാഹമാണ്. അതിനു നീ പോകാന്‍ തന്നെ തീരുമാനിച്ചോ?”

” ഞാനെന്തിനു പോകാതിരിക്കണം …അവന്‍ എന്നെ ക്ഷണിച്ചതല്ലേ എന്നിട്ടു പോകാതിരുന്നാല്‍…?”
അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ഒരു അത്ഭുത വസ്തുവിനെ കാണുന്നതു പോലെ മീര , നിസയുടെ കൂസലില്ലായ്മ നോക്കിയിരുന്നു. നിസയുടെ ആ നിസംഗത പക്ഷെ വളരെ ദുരൂഹമായിരുന്നു. മീര നിസയുടെ അടുത്തേക്ക് ചെന്നിരുന്ന് അവളുടെ ചുമലില്‍ കൈ വച്ചു. നിസയുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നത് മീരയുടെ കൈപ്പത്തിയില്‍ ദ്രുതചലനങ്ങളായി. അവള്‍ നിസയെ വാത്സല്യപൂര്‍വം തലോടി .

കടുത്ത സമ്മര്‍ദ്ദത്തില്‍ കെട്ടിയുയര്‍ത്തിയിരുന്ന അണക്കെട്ട് നൊടിയിട കൊണ്ട് പൊട്ടിത്തകരുന്നതുപോലെ നിസയുടെ സങ്കടം അണപൊട്ടി .

മീരയുടെ മാറിലേക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ മുഖമമര്‍ത്തി അവള്‍ തേങ്ങിക്കരഞ്ഞു. അവളെ ഒന്നു സാന്ത്വനിപ്പിക്കാന്‍ ഏറെ പണി പെടേണ്ടി വന്നു . വിഷാദത്തിന്റെ ഒരു സാഗരം തന്നെ നിസ ഉള്ളിലൊതുക്കി വച്ചിരിക്കുകയാണെന്നോര്‍ത്തപ്പോള്‍ മീരയ്ക്കു വല്ലാത്ത സങ്കടം തോന്നി.

ജാലകങ്ങള്‍ക്കപ്പുറം അതിവേഗം പിന്നോട്ടോടി മറയുന്ന നഗരം. നേരം വെളുത്തു വരുന്നതേ ഉള്ളു മേഘക്കിറുകള്‍ക്കിടയില്‍ നിന്നും കൂര്‍ത്ത സൂചി മുനകള്‍ പോലെ തലേ രാത്രി അരിച്ചിറങ്ങിയ തണൂപ്പില്‍ ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണു നഗരം. മീനച്ചൂടില്‍ വിയര്‍ത്തൊലിക്കുന്ന നഗരത്തെ തണുപ്പിക്കാന്‍ വെറും ഒറ്റ രാത്രിയിലെ മഞ്ഞു മതി . കഴുത്തില്‍ ചുറ്റിയിരുന്ന മഫ്ലര്‍ കൊണ്ട് മീര ചെവി രണ്ടും കൊട്ടിയടച്ചു .

നിസയുടേയും അരവിന്ദന്റേയും സ്നേഹം എത്ര ഉദാത്തമാണെന്നു തോന്നിയ എത്രയോ മുഹൂര്‍ത്തങ്ങള്‍. അരവിന്ദന്‍ നാട്ടിലും നിസ നഗരത്തിലെ ജോലിത്തിരക്കിലുമാണെങ്കിലും രണ്ടു ദിവസം കൂടുമ്പോള്‍ അവള്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യുക പതിവാണ്. വീട്ടിലേക്കാണു വിളിക്കുന്നതെങ്കിലും അതൊക്കെ അരവിന്ദന്റെ സുഖവിവരങ്ങള്‍ അറിയാനുള്ള അന്വേഷണങ്ങളായിരുന്നു. പോരാത്തതിനു കത്തെഴുതുന്ന പതിവും .

നിസയെ ഹോസ്റ്റലിലെല്ലാവരും ‘ ശകുന്തള’ എന്നാണു വിളിച്ചിരുന്നത്. പ്രിയതമനെ ഓര്‍ത്ത് സ്വയം മറന്നിരിക്കുന്ന വിരഹവിധുരയായ കാമുകി . അരവിന്ദനു അവള്‍ നിരന്തരം കത്തുകളെഴുതുമായിരുന്നു . മറുപടിക്കു കാത്തിരിക്കുക പതിവായിരുന്നു.

‘ എന്താടീ നിസേ എല്ലാ ആഴ്ചയും കത്തെഴുതാന്‍ മാത്രം നിനക്ക് ഇത്രയധികം വിശേഷങ്ങള്‍?”
ലോഡ്സ് ഹോസ്പിറ്റലിലെ നഴ്സ് , റൂംമേറ്റ് ആയ ആലീസ് ഒരിക്കല്‍ നിസയോടു ചോദിച്ചു.

” അതൊന്നും നിന്നെ പോലുള്ള മൂരാച്ചികള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല അതിനേ സ്നേഹിക്കുന്ന ഒരു ഹൃദയം വേണം അത് തിരിച്ചറിയാനും അതേപടി ഉള്‍ക്കൊള്ളാനും ഒരാളും വേണം …”

വാസ്തവം നിസ പറഞ്ഞത് എത്ര ശരിയാണ്. ഒരു പക്ഷെ ഓരോ സ്ത്രീയും ഉള്ളില്‍ സൂക്ഷിക്കുന്ന ഏറ്റവും വലിയ ആഗ്രഹമായിരിക്കും അത് . എല്ലാ അര്‍ത്ഥത്തിലും തന്നെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു കൂട്ട് പലര്‍ക്കും അത് കിട്ടാക്കനിയല്ലേ? കൊതിച്ചതും വിധിച്ചതും വ്യത്യസ്ത ധ്രുവങ്ങളിലാകുമ്പോഴുള്ള അരക്ഷിതാവസ്ഥ .

അരവിന്ദന് ഇനിയും കാത്തിരിക്കാന്‍ വയ്യത്രെ. തല്‍ക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം. അച്ഛന്റെ മരണത്തോടെ അമ്മ ഒറ്റക്കായി. പരമ്പരാഗതമായി വലിയ ഭൂസ്വത്തുള്ള കുടുംബമാണവരുടേത്. വര്‍ഷങ്ങളായി അച്ഛന്‍ കൃഷിയിറക്കിയിരുന്ന പാടവും പറമ്പുമൊക്കെ നാഥനില്ലത്ത അവസ്ഥയിലേക്കു മാറുമോ എന്നോര്‍ത്ത് അമ്മ വല്ലാതെ ആശങ്കപ്പെടുന്നു. അച്ഛനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ധാരാളം തൊഴിലാളികളുടെ ജീവിതം വഴി മുട്ടുമോ? മനോവ്യഥയും ഏകാന്തതയും ഒക്കെ അമ്മയുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഒറ്റമകനായതിനാല്‍ അരവിന്ദന് ഈ പ്രതിസന്ധി അത്രയെളുപ്പം തരണം ചെയ്യാന്‍ കഴിയുന്നില്ല.

”അരവിന്ദന്‍ പറയുന്നതില്‍ തെറ്റില്ല നിസേ പക്ഷെ ജോലി വേണ്ടാന്നു വച്ച് നാട്ടിലേക്കു പോവുക എന്നു പറഞ്ഞാല്‍ അരവിന്ദനോടൊപ്പം നാട്ടില്‍ കഴിയാന്‍ നിനക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല എന്നറിയാം. നീ സ്വയം ഒരു തീരുമാനമെടുക്ക് അല്ലാതെ ഞാനിപ്പോള്‍ എന്താ പറയുക അരവിന്ദനോടു ഞാന്‍ സംസാരിക്കണോ?”

”അതൊന്നും വേണ്ട മീരേ അരവിന്ദന്‍ പൊതുവെ സെന്‍സെറ്റീവാ പെട്ടന്ന് പിണക്കവും സങ്കടവും ഒക്കെ വരുന്ന സ്വഭാവം പക്ഷെ പാവമാ എന്റെ അരവിന്ദന്‍. തെല്ലും കളങ്കമില്ലാത്ത മനസ്”

എന്തോ നിസക്ക് അത് ഇഷ്ടമായിരുന്നില്ല അരവിന്ദനുമായുള്ള സൗഹൃദത്തിനിടയില്‍ ഇനിയൊരാളെ ഇടപെടുത്താന്‍ അവള്‍ മടിക്കുന്ന പോലെ . അത്രത്തോളം അടുത്തിരുന്നു അവര്‍. ഒരു തരത്തിലുമുള്ള ഒളിവും മറവുമില്ലാത്ത ഊഷ്മളമായ സ്നേഹബന്ധം എന്നിട്ടും?
..
അടുത്ത രണ്ടു ദിവസം നാട്ടില്‍ പോകേണ്ടി വന്നു ഇളയമോന് പെട്ടന്നൊരു പനിക്കോള്‍ അവന് എന്നെ കാണാന്‍ നിര്‍ബന്ധം അങ്ങനെ അമ്മായി വിളീച്ചറിയിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായി . ഓഫീസില്‍ തിരക്കുണ്ടായിരുന്നെങ്കിലും പോകാതെ തരമില്ലായിരുന്നു . തിരികെ എത്തുമ്പോള്‍‍ നിസയില്‍ വല്ലാത്ത മാറ്റം പ്രകടമായിരുന്നു . ലീവിലായിരുന്നെത്രെ രണ്ടു ദിവസമായി അവളും ഓഫീസില്‍ പോയിട്ടില്ല. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ പ്രസരിപ്പ് ചോര്‍ന്ന മുഖം മുടിയാകെ പാറിപ്പറന്നു കിടക്കുന്നു.

നിസ ജോലി മതിയാക്കി നാട്ടിലേക്ക് പോകാനാകില്ല എന്നറിയിച്ചു. വിവാഹശേഷം അരവിന്ദനും കൂടെ നഗര‍ത്തിലേക്കു വന്ന് ഒരു ജോലി തരപ്പെടുത്തണം. അമ്മയേയും ഒപ്പം കൂട്ടാം. എന്നാല്‍ അരവിന്ദന് ഇതിനോട് ഒട്ടും യോജിപ്പുണ്ടായില്ല. അവരുടെ ആര്‍ദ്രമായ സ്നേഹബന്ധത്തില്‍ ഈ തീരുമാനം അവിശ്വാസത്തിന്റെ വിള്ളല്‍ വീഴ്ത്തി. ആര്‍ക്കും പറഞ്ഞ് രമ്യതയിലെത്തിക്കാന്‍ കഴിയാത്ത വിധമുള്ള അകല്‍ച്ച. സ്നേഹത്തിന്റെ കൊടുമുടിയില്‍ നീന്നുള്ള ആ വിഴ്ച എന്തായാലും നിസയ്ക്കു താങ്ങാവുന്നതിനുമപ്പുറമായിരുന്നു.

അരവിന്ദന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

‘നിസേ രാവിലെ ഞാന്‍ പോകും എനിക്ക് നാളത്തന്നെ അവിടെ ജോയിന്‍ ചെയ്യണം വളരെ നാള്‍ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും കിട്ടിയ ട്രാന്‍സ്ഫറല്ലേ ആരെങ്കിലും പ്രശ്നമുണ്ടാക്കുന്നതിനു മുന്‍പ് ജോയിന്‍‍ ചെയ്യണമെന്നാ എസ്റ്റാബ്ലിഷമെന്റിലെ സൂപ്രണ്ട് പറഞ്ഞത്…’

മീര അതു പറയുമ്പോള്‍ നിസയുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമുണ്ടായില്ല. തികഞ്ഞ നിര്‍ വികാരത നിഴലിച്ചു നില്‍ക്കുന്നു. കനം തൂങ്ങിയ കണ്‍പോളകള്‍. ചാലു കീറിയൊഴുകുന്ന കണ്ണുനീര്‍ കവിളില്‍ പറ്റിയിരിക്കുന്നു. ജീവിതത്തിന്റെ സുദീര്‍ഘമായ തെരുവീഥിയില്‍ കൊച്ചു കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായ ഒരമ്മയുടെ മാനസികാവസ്ഥയോടെ മീര ഹോസ്റ്റലിന്റെ പടിയിറങ്ങി.

സുരേഷ് മുതുകുളം

കടപ്പാട് – സായാഹ്നകൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here