ചിതലുറുമ്പുകൾ

 

വാതിലിൻ കട്ടിള മറവിൽ
ആരോ വരച്ചിടുന്ന ചിത്രം പോലെ,
ഓരോ നാളും രൂപം മാറി
ചിതൽ വീടുകൾ..!

ഇടയ്ക്കിടെ ഞാനത് തകർത്തിടുമ്പോൾ
വല്ലാതൊരാവേശത്തോടെ,
വാശി മുറുക്കി
അവയുടെ വ്യാസം കൂടിക്കൊണ്ടേയിരുന്നു..!

നിലത്തടർത്തിയിട്ട് ചിതലുറുമ്പുകളെ
കോരിയെടുത്തകറ്റിനോക്കി.

എവിടെയോ ശേഷിച്ചവ;
എന്നെ നോക്കി പല്ലിളിച്ചു ചിരിച്ചു .

കട്ടിളച്ചുമരിൻ്റെ ദ്രവിച്ചിടങ്ങളിൽ,
അവ പത്തുമിരുപതുമായിപ്പെരുകി.

മണ്ണെണ്ണയൊഴിച്ചും പെയിൻ്റടിച്ചും,
ഞാനവയെ തുരത്തി നോക്കി.

മുറിവേറ്റ പാടു പോൽ ചിതൽപ്പാടുമായ്
കട്ടിളച്ചുമരുകൾ ചോദ്യമായവശേഷിച്ചു.

കട്ടിള ഭാഗങ്ങളോരോന്നായ്
അടർന്നുവീണെന്നെ നോക്കി കേണു.

കണ്ടവർ കണ്ടവർ സഹതപിച്ചു.

പകുത്തെടുത്തു മാറ്റി പുതിയതാകട്ടെയെ –
ന്നവർ ഉപദേശങ്ങരുളി.
പുതിയൊരെണ്ണമായാലും ചിതലരിക്കില്ലെന്നാരു പറഞ്ഞു?
മറുചോദ്യങ്ങളുതിർത്ത് എൻ്റെ നിസ്സഹായത, ഞാൻ തഴുകിത്തലോടി.

ചിതലുറുമ്പുകളെത്തി നോക്കുമെൻ വാതിൽപ്പടിയോരത്തിരുന്നിന്ന്,
ചിതലരിക്കാത്തയെന്നങ്കണക്കാഴ്ചകൾ
മിഴി പൂട്ടാതെ , മനതാരിലാക്കി
ജീവിത വ്യാസം പെരുക്കികൊണ്ടിരുന്നു ഞാൻ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English