ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
പേരു വിളിക്കുന്നു
അരികിലൂടെ
ഒരു മേഘം പാഞ്ഞു പോകുന്നു
ഓരോ ചുണ്ടിലും ഒരു പുഞ്ചിരി
ചിറകൊതുക്കിയിരിക്കുന്നു
ജാലകങ്ങള്‍ തോറും
ഒരു കഥ സഞ്ചരിക്കുന്നു
വിളറിയ കാന്‍വാസിലേക്കിറ്റു വീണ രക്തകണം
ഞരമ്പിന്‍റെ വേരുപടലം പൂര്‍ത്തിയാക്കുന്നു
കരിമ്പാറകള്‍ക്കിടയിലെവിടെയോ
കുരുങ്ങിപ്പോയ ജലത്തിലേക്ക്
സൂര്യകിരണം വഴി കണ്ടെത്തുന്നു
അവിടെ വച്ച്
വിളി പേരിനെ ചുംബിക്കുന്നു
പേരില്‍
പുതിയൊരു കവിതയുണരും വരേക്കും
വിളി പേരിനെ അണച്ചു പിടിക്കുന്നു
ഒരു വിളിപ്പേര് ജനിക്കുന്നു .