പെര്‍ഫ്യൂം

അന്ന് അയാള്‍ വണ്ടിയെടുത്തിരുന്നില്ല. ചാറ്റല്‍ മഴയുണ്ട് ബസിലാകാം യാത്ര എന്നു കരുതി. ഇറങ്ങാന്‍ നേരം ഭാര്യ പതിവുപോലെ ചോറു പൊതികൊട്ടിക്കൊടുത്തു. ഒരു ചെറു പുഞ്ചിരിയോടെ കഴുത്തിലെ വിയര്‍പ്പു തുള്ളികള്‍ കൈകൊണ്ടു തുടച്ച് അയാളെ യാത്രയാക്കി.

ലോഫ്ലോര്‍ ബസാണു കിട്ടിയത് സാമാന്യം നല്ല തിരക്കുണ്ട്. രണ്ടു സീറ്റുകള്‍ അടുത്തടുത്തായി ഒഴിഞ്ഞു കിടപ്പുണ്ട്. തിടുക്കത്തില്‍ കയറി ഒരറ്റത്ത് ഇരുപ്പുറപ്പിച്ചു.

ചാര്‍ജ്ജ് അല്പ്പം കൂടുമെങ്കിലും എ സി യില്‍ പോകാമെല്ലോ എന്ന ചിന്ത അയാള്‍ക്ക് ആശ്വാസമായി. സീറ്റിലേക്കു ചാരിക്കിടന്ന് ചിലത് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അരികില്‍ ഒരു സ്ത്രീ വന്നിരുന്നു. അവര്‍ അരികില്‍ വന്നപ്പോള്‍ തന്നെ ഹൃദ്യമായ സുഗന്ധം അയാളെ പൊതിഞ്ഞു. അവള്‍ അരികിലിരുന്നപ്പോള്‍ മൂക്കു വിടര്‍ത്തി അയാള്‍ ആ സുഗന്ധത്തെ തന്നിലേക്കു വലിച്ചെടുക്കാന്‍ തുടങ്ങി. സുന്ദരിയായ ആ മധ്യവയസ്ക അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും.

എന്തൊരു വശ്യമായ സുഗന്ധം ഇവര്‍ ഏതു പെര്‍ഫ്യൂമായിരിക്കും ഉപയോഗിച്ചിരിക്കുക എന്നായി അയാളു ചിന്ത. അയാള്‍ സീറ്റില്‍ ഒന്നിളകിയിരുന്ന് പിന്നിലേക്കു തല ചായ്ച്ചു കണ്ണൂകളടച്ചിരുന്നു.

കാലത്ത് മുതലുള്ള അദ്ധ്വാനത്തിന്റെ വിയപ്പു നാറുന്ന ഭാര്യയുടെ നിശാവസ്ത്രത്തിന്റെ മണം പേറുന്ന രാത്രികളെ കുറിച്ച് അയാള്‍ തെല്ലു ദു:ഖത്തോടെ ഓര്‍ത്തു. ആ ചെടിപ്പിക്കുന്ന ഗന്ധം എല്ലാ മൃദുല വികാരങ്ങളെയും കെടുത്തിക്കളയും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ആ ഗന്ധം ഒരു ലഹരിയാക്കി. കഞ്ഞിപ്പശയുടേയും രാത്രി അരച്ചു വയ്ക്കുന്ന ദോശമാവിന്റെയും മണം, ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു.

പിന്നെ അയാള്‍ ഭാര്യയുടെ അദ്ധ്വാനത്തെ കുറിച്ചു ചിന്തിച്ചപ്പോള്‍ ആ ഗന്ധങ്ങള്‍ മറന്നു. എന്നും വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അവളോടുള്ള സഹതാപവും സ്നേഹവും മനസില്‍ നിറയാന്‍ തുടങ്ങി. ഓര്‍മ്മകളുടെ സുഗന്ധ ശയ്യയില്‍ കിടന്ന് അയാള്‍ സ്വപ്നങ്ങള്‍ നെയ്യാന്‍ തുടങ്ങി.

തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ അരികിലെത്തി മൂക്കു വിടര്‍ത്തി മണം പിടിച്ചു.

”നിങ്ങളെ പെര്‍ഫ്യൂം മണക്കുന്നല്ലോ? എവിടെയായിരുന്നു”

അയാള്‍ ഞെട്ടലോടെ അവളെ നോക്കി അവള്‍ നോക്കുന്നു സംശയത്തോടെ. ജീവിതത്തിന്റെ എല്ലാ സുഗന്ധങ്ങളേയും അവളില്‍ നിന്നുയര്‍ന്ന പേക്കാറ്റായകലേക്കു കൊണ്ടു പോകുന്നത് അയാളറിഞ്ഞു.
ദു:ഖത്തോടെ

ജിബി ദീപക്

കടപ്പാട് – സായാഹ്നകൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here