കണ്ടുതീരാത്ത കനവുകളെ
ക്രൂരമായി
അവഗണിച്ചാണ്
അവൾ
അടുക്കളപാത്രങ്ങളെ
അത്രയേറെ
വെളുപ്പിച്ചെടുത്തത്.
എന്നിട്ടും പണികൾ കുറച്ചു കൂടി ഉഷാറാക്കണമെന്ന്
നാത്തൂനാര്.
ഫയലുകളിൽ
പടർന്ന തീ കെടുത്തി
മേശപ്പുറത്തെത്തിച്ചപ്പോഴേക്കും
സമയം വൈകിയിരുന്നു.
അല്ലേലും അവളുടെ
ജോലിക്ക് ലക്കും ലഗാനുമില്ലെന്ന്
മേലധികാരി.
നല്ലൊരു ബ്യൂട്ടീഷനെ സമീപിച്ചാൽ മതി
സാറാകെ സുന്ദരിയാകുമെന്ന്
തൊട്ടടുത്ത
കസേരയിലിരുന്നു
ചെറുപുഞ്ചിരിയോടെ
ട്രെയിനി.
സ്കൂളിലെന്റെ
പ്രോഗ്രസ് റിപ്പോർട്ട്
ഒപ്പിടാൻ വരുമ്പോൾ
ഇനിയെങ്കിലും അമ്മയ്ക്ക്
നല്ലൊരു ചുരിദാർ ഇട്ടൂടേന്ന് ദേഷ്യപ്പെട്ട് മകൾ.
അടിച്ച്നനച്ചുകുളിച്ച്
ത്രിസന്‌ധ്യക്ക്
പാട്ടുപാടി
പ്രാർത്ഥിക്കുന്ന
മരുമോളാണ്
വീടിന്റെ
ഐശ്വര്യമെന്ന്
നെറ്റിച്ചുളിച്ച്
അമ്മായിയമ്മ.
വന്നു കിടന്നാ
മതിയല്ലോ ഉറങ്ങാനെന്ന്
പതിവ്
പല്ലവിയോടെ
തിരിഞ്ഞു കിടന്ന് ഭർത്താവ്.
പറഞ്ഞു പറഞ്ഞൊടുവിൽ
തന്റേതായ ഒരു
പെർഫോമൻസും
അത്രപോരെന്ന്
തോന്നിയതിൽ പിന്നെയാണവൾ
മിനിക്കൂപ്പറും
റോൾസ് റോയിസും
ഡ്രൈവ് ചെയ്ത്
സ്വപ്നങ്ങളിലേക്ക്
പറന്നുതുടങ്ങിയത്.