ഡോക്ടർ അനൂപ് കൃഷ്ണ. എന്നോ എപ്പോഴോ വന്നു കിടന്നിരുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് അപ്പുറം പരിചയമില്ല. മരിച്ചു, അല്ല ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോഴാണ് കൂടുതൽ അന്വേഷിച്ചത്. ചോദിച്ചവർക്കൊക്കെ പറയാൻ നല്ലത് മാത്രം. മിടുക്കനായ ഒരു ഡോക്ടർ. നല്ലൊരു മനുഷ്യസ്നേഹി. മെഡിക്കൽ നെഗ്ലിജെൻസോ കോംപ്ലിക്കേഷനോ എന്ന് തീർച്ചപ്പെടും മുമ്പ് ആൾക്കൂട്ടം വിചാരണ നടത്തി പ്രഖ്യാപിച്ച വിധി സ്വയം ഏറ്റെടുത്ത ഒരാൾ. കുറേ പേർ അമിതാവേശം കാണിച്ചിരുന്നില്ലെങ്കിൽ ഇന്നും ഉണ്ടാവുമായിരുന്ന ഒരാൾ. എത്രയോ വർഷങ്ങളിലെ കഠിനാധ്വാനത്തിന്റെ ഫലമായ കരിയറിലെ ഒരു കറുത്ത അദ്ധ്യായത്തിന് അപ്പുറത്തേയ്ക്ക് പോകാൻ കഴിയാതെ എല്ലാം അവസാനിപ്പിച്ച ഒരാൾ. മറുവശത്ത് ആ സർജറിയിൽ ജീവൻ നഷ്ടപ്പെട്ടൊരു കൊച്ചു കുഞ്ഞ്. ഡോക്ടറുടെ കുഞ്ഞിന്റെ അതേ പ്രായം. ആരും ചെയ്യാൻ തയ്യാറാവാതിരുന്ന സർജറി ഫീസില്ലാതെ ചെയ്യാൻ തയ്യാറായ മനുഷ്യൻ. എടുത്ത തീരുമാനങ്ങളും പാലിച്ചിരുന്ന നൈതികതയുമെല്ലാം വെറുതെയായിരുന്നു എന്ന് ഒരു നിമിഷം തോന്നിപ്പോയിട്ടുണ്ടാവാം. ഈ സമൂഹത്തിന്റെ മുന്നിൽക്കൂടെ ഇനിയൊന്നു നടന്നു പോവാൻ അത്രമേൽ ഭയപ്പെട്ടിരിക്കാം.
മൂന്നു വർഷം മുമ്പ് ഒരു സുഹൃത്ത് ഇതു പോലൊരു തീരുമാനമെടുത്തു മാഞ്ഞു പോയപ്പോഴുണ്ടായ മുറിവ് എനിക്കിതു വരെ കരിഞ്ഞിട്ടില്ല. സ്വന്തമെന്നു കരുതി സ്നേഹിച്ചവരെയെല്ലാം വിട്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോയെന്ന് എത്രയോ തവണ അവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതേ രീതിയ്ക്കൊക്കെ തന്നെയാണോ അവസാനമണിക്കൂറുകളിൽ അവൻ ചിന്തിച്ചത് എന്ന് നിശ്ചയമില്ലാഞ്ഞിട്ട് പോലും, വെറുതെ. അവന്റെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടായേനെ അല്പം കൂടെ കാത്തിരുന്നിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അവിടെ വരെയുള്ള യാത്ര കഠിനമെന്നെന്തോ അല്പനേരത്തെ വികാരത്തള്ളിച്ചയിൽ തോന്നിപ്പോയിട്ടുണ്ടാവാം.
മുമ്പ് ഇദ്ദേഹത്തെ കുറ്റവാളി എന്ന് കണ്ണുമടച്ചു വിധിച്ചവരോടാണ്. ചികിത്സാപിഴവാണ് മരണകാരണമെങ്കിൽ ഈ തൊഴിൽ തന്നെ അവസാനിപ്പിക്കാം എന്ന് പറയാനും മാത്രം തനിക്കു തെറ്റിയില്ലെന്ന് ഉറച്ചു ബോധ്യമുണ്ടായിരുന്ന മനുഷ്യനെയാണ് നിങ്ങൾ കൊന്നത്. ഡോക്ടർ അനൂപ് ഇപ്പോൾ പെട്ടെന്ന് എങ്ങനെയാണ് നല്ലവനായത്? ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വശത്തു നിന്ന് ആരെങ്കിലും ചിന്തിക്കുമായിരുന്നോ? കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറയുന്നത് എന്തെന്ന് അറിയാൻ കാക്കുമായിരുന്നോ? ചെയ്യുമായിരിക്കും, അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളോ സഹപ്രവർത്തകരോ മറ്റോ. അവരെയൊക്കെ ന്യായീകരണത്തൊഴിലാളികളായി മുദ്രയും കുത്തിയേനെ.
മരിച്ചു പോയ ആ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഒരു ദിവസം കൊണ്ടാണ് ലോകം കീഴ്മേൽ മറിഞ്ഞത്. ആകെത്തകർന്ന് പോയ ആളുകൾ വിവേകത്തോടെ പെരുമാറുമെന്ന് വിചാരിക്കാനാവില്ല. ദേഷ്യവും സങ്കടവും നഷ്ടബോധവും എല്ലാം ചേർന്നു കൂടിക്കുഴഞ്ഞ് നിൽക്കുമ്പോൾ അവരുടെ വികാരങ്ങളെ വെച്ച് മുതലെടുക്കാൻ നോക്കിയ ചിലരുണ്ട്. ചോരകുടിയന്മാർ. ഇനിയും ഇറങ്ങുമവർ. കലങ്ങിയ മനസ്സുകളെ ഇനിയും മുതലെടുക്കും. ഇനിയും വിചാരണകൾ നടത്തും. ശിക്ഷ വിധിക്കും. ആത്മഹത്യകളിലൂടെ മാത്രം ശരികൾ തിരയും അന്നും നമ്മൾ. ആ കുഞ്ഞിന്റെ മാതാപിതാക്കൾ ഇപ്പോൾ ചിന്തിക്കുന്നതെന്തെന്ന് അറിയില്ല. കുഞ്ഞു നഷ്ടപ്പെട്ട ദുഃഖത്തിന്റെ കൂടെ ഈ കുറ്റബോധവും കൂടെ മനസ്സിലിട്ടു ശിഷ്ടകാലം ജീവിക്കണം അവർക്ക്. ഡോക്ടർ അനൂപിന്റെ മകൻ ഇനി അവന്റെ അച്ഛന്റെ മരണം ഓർക്കേണ്ടത് എങ്ങനെയാണ്? ഇനി സ്‌ക്കൂളിലും മറ്റും, എന്തിന്, ജീവിതകാലം മുഴുവനും “അച്ഛൻ എങ്ങനെ മരിച്ചു?” എന്ന ചോദ്യം അവനിനി ഒരുപാട് തവണ കേൾക്കും. എന്താണ് അവൻ മറുപടി പറയേണ്ടത്? ഒരു കുഞ്ഞിനെ കൊന്നതിന്റെ പേരിൽ മരിച്ചതാണ് അവന്റെ അച്ഛൻ എന്നോ? ആൾക്കൂട്ടം കൊന്നതാണ് അവന്റെ അച്ഛനെയെന്നോ?
ഡോക്ടർ കുറേ കൂടെ ബോൾഡ് ആവേണ്ടിയിരുന്നു എന്ന് പറയുന്നവരോടാണ്. ബോൾഡ് ആയി നിന്ന് ഡോ.അനൂപ് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടേയിരുന്നിരുന്നെങ്കിൽ തൃപ്തരാവുമായിരുന്നോ നിങ്ങൾ? ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്ന ഒരു സമൂഹത്തിനോട് ആത്മഹത്യയിലൂടെ മാത്രം സ്വന്തം ഭാഗം വിശദീകരിക്കാനാവുന്ന നിസ്സഹായരെ ഇനിയുമെത്ര സൃഷ്ടിക്കും നമ്മൾ? റിസ്‌ക്കുകൾ എടുക്കാൻ ഭയക്കുന്ന ഡോക്ടർമാരുടെ എണ്ണം കൂടി വന്നാൽ ആരെ കുറ്റപ്പെടുത്തും നമ്മൾ?
ആത്മഹത്യ അല്ല. കൊലപാതകം. അതാണ് ശരിയായ വാക്ക്. കൊന്നതാണയാളെ. അത് അങ്ങനെ തന്നെ അടയാളപ്പെടുത്തണം.
വെറുതെ ഫ്രണ്ട് റിക്വസ്റ്റ് ആയിക്കിടന്നിരുന്ന ഒരാളെപ്പറ്റി അയാൾ ഇനിയൊരിക്കലും കാണില്ലാത്ത ലേഖനം എഴുതേണ്ടി വരിക. നിയോഗം ആവാം.