ആൻസി മാത്യവിന്റെ നോവലിന് ബെന്യാമിൻ എഴുതിയ കുറിപ്പ് വായിക്കാം:
സന്തോഷത്തിൽ ആയിരിക്കുന്ന എല്ലാ കുടുംബങ്ങളും ഒരേ പോലെയാണ്, ഓരോ അസന്തുഷ്ട കുടുംബങ്ങളും അസന്തുഷ്ടമായിരിക്കാൻ സ്വന്തം വഴിയുണ്ട് എന്ന് ലിയോ ടോൾസ്റ്റോയി അന്ന കരീനിനയിൽ എഴുതിയത് ഓരോ പെൺകുട്ടികളുടെയും ജീവിതത്തിനു യോജിക്കുന്നതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. സന്തോഷത്തിൽ ആയിരിക്കുന്ന എല്ലാ പെൺകുട്ടികളും ഒരുപോലെയും സങ്കടത്തിൽ ആയിരിക്കുന്ന ഓരോ പെൺകുട്ടിക്കും അതിനു അവളുടെതായ കാരണം ഉണ്ടാവുകയും ചെയ്യും.
പെൺ മനസുകളെ അനാവരണം ചെയ്യുന്ന കഥകളിലൂടെ കടന്നു പോകുമ്പോഴൊക്കെ ഇത് മനസിൽ കടന്നു വരാറുണ്ട്. മലയാള സാഹിത്യത്തിലേക്ക് കടുന്ന വന്നിരിക്കുന്ന പുതിയ എഴുത്തുകാരി ആൻസി മോഹൻ മാത്യുവിന്റെ പെൺ തൂവലുകൾ എന്ന നോവൽ വായിച്ചപ്പോൾ ഇത് ഞാൻ ഒരിക്കൽ കൂടി ഓർത്തു.
ചെറിയ ചെറിയ സംഭവങ്ങളെ കോർത്തിണക്കി ഒരു പെൺ മനസിന്റെ ചെറിയ സങ്കടങ്ങളെയും ആകുലതകളെയും അനാവരണം ചെയ്യുകയാണ് ആൻസി ഈ നോവലിൽ ചെയ്യുന്നത്. അതാവട്ടെ ഇതുവരെ കേട്ടിട്ടുള്ള മറ്റ് സങ്കടങ്ങളിൽ നിന്നും ജീവിതങ്ങളിൽ നിന്നും വ്യത്യസ്തമാവുകയും ചെയ്യുന്നു…
വിഷയത്തിന്മേലുള്ള ഉറപ്പ്പ്,അടക്കമുള്ള ഭാഷ, ലളിതമായ അവതരണം ഇവയാണ് ഈ നോവലിന്റെ പ്രത്യേകതകൾ. ആൻസിയ്ക്ക് എന്റെ ആശംസകൾ
ബെന്യാമിൻ.