പെണ്ണുകാണൽ




  

 

 

 

 

അന്ന് കാലത്ത്‌  വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്‌പെർസ്‌ ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണൽ. ചടങ്ങിന്റെ ഭാഗമായുള്ള  ലഡ്ഡു, മിസ്ച്ചർ ചായകുടി
ഇത്യാദികളെ ഓർത്തപ്പോൾ ഇഡ്‌ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ. കഷണ്ടി ആക്രമിച്ചു തുടങ്ങിയ തലമുടി ഒന്നുകൂടി ചീകി നരവന്ന അഞ്ചെട്ടു മുടികൾ കത്രിച്ചുകളഞ്ഞു സ്വയം സായൂജ്യമടഞ്ഞു. ഇനി അതിന്റെ പേരിൽ ഒരു ഇഷ്യൂ വേണ്ടല്ലോ.

ഗൾഫ്കാരൻ ചേട്ടൻ രണ്ടു കൊല്ലം മുമ്പ് ജനല്പടിയിൽ വെച്ചിട്ടുപോയ സ്പ്രേയെടുത്തു കൈകൾ പൊക്കി വായു വരുംവരെ ചാമ്പിവിട്ടു. സാധനത്തിനു കൂറക്കടിക്കണ ഹിറ്റിന്റെ നാറ്റമായിട്ടുണ്ടായിരുന്നു.

അമ്മയും, അച്ഛനും, ചേട്ടനും, ഏടത്തി  അമ്മയും ഒരു വെടക്ക് നാട്ടു കാരണവരും ആണ് സംഘത്തിൽ ഉള്ളത്.ബ്രോക്കർ രാമങ്കുട്ടി വഴീന്നു കേറാം എന്ന് അറിയിച്ചിട്ടിട്ടുണ്ട്. ഡ്രൈവർ ശശിയെ ഒഴിവാക്കാനാണത്രെ വലിയ വണ്ടി ഏർപ്പാടാക്കിയതും ആളെണ്ണം കൂട്ടിയതും. അല്ലെങ്കിൽ മൂപ്പര് സ്ഥാനത്തും അസ്ഥാനത്തും കേറി സെൽഫ് ഗോളടിച്ചു സംഭവം കൊളമാക്കും എന്നുള്ള  മുൻപരിചയമുള്ളവരുടെ സീക്രട്ട് റിപ്പോർട് തള്ളിക്കളയാൻ പറ്റില്ലല്ലോ. അങ്ങനെ കൃത്യം ഒമ്പതു മണിക്ക് രാഹുകാലം കഴിഞ്ഞ മുഹൂർത്തത്തിൽ ടീം ടേക്ക് ഓഫ് ചെയ്തു.

തലവട്ടാം പാറ എറക്കം കഴിഞ്ഞതും ഒരു ചാത്തൻ കോഴി ഓടിച്ചു കൊണ്ടുവന്ന മധുരപ്പതിനേഴുകാരി പെട്ട പീഡനം ഭയന്ന്  വണ്ടിച്ചക്രത്തിനു തലവെച്ച്‌ ആത്മഹത്യ ചെയ്തു. സമീപത്ത്‌ ദൃക്‌സാക്ഷികളില്ലാത്തതിനാൽ വണ്ടി വിട്ടോളാൻ പറഞ്ഞെങ്കിലും സഹോ “പണ്ടാരം.. ആദ്യത്തെ പെണ്ണുകാണാൻ പോക്കിൽ തന്നെ ദുശ്ശകുനം” എന്ന് ആത്മഗതം ചെയ്തു.

വണ്ടി നെമ്മാറ മൊക്കെത്തിയപ്പോൾ ബ്രോക്കെർ മുണ്ടിന്റെ കോന്തല ഇടത്തെ കയ്യിൽ പിടിച്ചുകൊണ്ടു കക്ഷത്തെ ബാഗ് വീഴാൻ പോയത് തന്ത്രപരമായി ഇറുക്കിപ്പിടിച്ചു വലം കയ്യുകൊണ്ട് മേലേക്കും താഴേക്കും വീശി വണ്ടി നിർത്തി മുൻസീറ്റിൽ ഞെളിഞ്ഞിരുന്നു.  ബ്രോക്കർ ശ്രദ്ധ ക്ഷണിക്കാൻ പെണ്ണിനെ പറ്റിയുള്ള വർണനയിലേക്കു കടന്നു. ബി. കോം പാസ്സാണ്. ബോംബെയിലാണ് പഠിച്ചത്.
വലിയ വീടാണ്. ഒരനിയൻ ചെക്കൻ മാത്രേ ഉള്ളൂ. ബ്ലാ.ബ്ലാ ..ബ്ലാ….

എന്തായാലും വിവരണം കഴിഞ്ഞപ്പോഴേക്കും  മനസ്സീന്നു പെട്ട ചത്ത ദുഃഖം കൊടിയെറങ്ങീർന്നു.  കാരണവരും അച്ഛനും കരയോഗ കാര്യങ്ങളും നാട്ടുവർത്തമാനങ്ങളും പറഞ്ഞിരിക്കുമ്പോൾ  പെണ്ണുകാണൽ ചടങ്ങിന്റെ റിഹേഴ്സൽ മനസ്സിൽ കുറിച്ചിടുന്നുണ്ടായിരുന്നു.

ഒരു മണിക്കൂർ യാത്ര കഴിഞ്ഞു വണ്ടി പെൺവീട്ടിന്റെ മുമ്പിൽ ലാൻഡ് ചെയ്തു.  ബ്രോക്കർ രാമങ്കുട്ടി ബ്രോ ആദ്യം ഇറങ്ങി സംഘത്തെ നയിച്ചു. അദ്ദേഹം പറഞ്ഞപോലെ വീടിന്റെ പൂമുഖത്തു തന്നെ ഒരു പെണ്ണിന്റെയും കോഴീടെയും സാമാന്യം വലിയഫോട്ടോ (രവിവർമ്മയുടെ ഹംസദമയന്തി) ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്നു.

ഒന്ന് രണ്ടു കാർന്നോമ്മാരും പെണ്ണിന്റെ അമ്മയെന്ന് തോന്നിച്ച പ്രൗഢ സുന്ദരിയും ചേർന്ന് സംഘത്തെ സ്വീകരിച്ചിരുത്തി. കടും നീലനിറത്തിൽ ഉള്ള  പതുപതുത്ത സോഫയിലെ പെണ്ണുകാണൽ ചടങ്ങിന്പുതുതായി വാങ്ങിയ വെള്ള വിരിയിൽ ചുളിവ് വീഴാതെ സഹോ ചൂളി കൂടിയിരുന്നു. ആദ്യത്തെ പെണ്ണുകാണലിന്റെ ഇലഞ്ഞിത്തറ മേളം മനസ്സിൽ കൊട്ടിക്കയറിയ കാരണം ഒരു കാർന്നോർ എന്തോ ചോദിച്ചതിന് വേറെന്തോ മറുപടി കാച്ചി. സംഘങ്ങൾ കാലാവസ്ഥ യെ കുറിച്ചും, കാലികരാഷ്ട്രീയത്തെ കുറിച്ചു മൊക്കെ സംസാരിക്കുന്നതിനിടയിൽ പെണ്ണിന്റെ അമ്മ ഷോ കേസിൽ നിന്നും കഴുകി തുടച്ചെടുത്ത ചുവന്ന പൂക്കളുള്ള വെള്ള ട്രേയിൽ പലഹാരാദികൾ കൊണ്ട് വെച്ചു.  അപ്പൊത്തന്നെ രാമങ്കുട്ടിബ്രോ  ആക്രാന്തത്തോടെ പ്ലേറ്റിലേക്കു കൈനീട്ടി  ലഡ്ഡുവിൽ പിടുത്തമിട്ടു. അമ്മ ഇത്ര ചുന്ദരിയാണെങ്കിൽ മോളും മോശമാകില്ലെന്നു ഓർത്തപ്പോൾ എന്റെ 
മനസ്സിലെ ലഡ്ഡുവും രാമങ്കുട്ടി ബ്രോയുടെ കയ്യിലിരുന്ന  ലഡ്ഡുവും ഒരുമിച്ചു പൊട്ടി.


അപ്പോഴേക്കും പെൺകുട്ടി മറ്റൊരു ട്രേയിൽ ചായയുമായെത്തി. സാരി, ബ്ലൗസ്, മുല്ലപ്പൂ ,തുളസിക്കതിര്,  ചന്ദനക്കുറിയാദികളിൽ മലയാള മങ്കയെ പ്രതീക്ഷിച്ച  എന്റെ സങ്കല്പങ്ങളിൽ ആദ്യത്തെ വെള്ളിടി വെട്ടി. പെണ്ണ് മുട്ടറ്റമുള്ള പാവാടയും ഗോസായി ഷിർട്ടുമിട്ടു ഒരു അൾട്രാ മോഡേൺ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മുഖത്തു മോണോലിസയുടെ പോലെ നിർവചിക്കാനാവാത്ത ഒരു പുച്ഛ ചിരി. അമ്മയുടെ മുഖത്തു അപ്പത്തന്നെ കടുക്ക കഷായം കുടിച്ച മാതിരി എന്തോ ഒരിദ്…സാരമില്ല ഒക്കെ ശരിയാക്കാം എന്ന് മനസ്സിൽ കണക്കു കൂട്ടി. 


എന്നാ പിന്നെ ചെക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ മിണ്ടാനും പറയാനും ഉണ്ടെങ്കിൽ ആകട്ടെ എന്നൊരു കാർന്നോപ്പാട് കല്പിച്ചപ്പോൾ  മ്മള് വീണ്ടും ഞെട്ടി. കൈവെറ ഒഴിവാക്കാൻ ചായഗ്ലാസ്സിൽ മുറുകെ പിടിച്ചോണ്ട് സംഘത്തിന്റെ മൗനാനുവാദത്തോടെ അകത്തേക്ക് നടന്നു. വസ്ത്രധാരണത്തിൽ അൾട്രാ മോഡേണാണെങ്കിലും നമ്ര മുഖിയായി കാൽനഖം കൊണ്ട് വരവരച്ചു ലജ്ജാവതിയായി ചോദ്യങ്ങൾക്കു മറുപടി പറയുന്ന കിളിയെ മനസ്സിൽ കരുതി വലം കാൽ വെച്ച്  മുറിയിലേക്ക് പ്രവേശിച്ചു.
പെണ്ണ് അവിടെ ഒരു കസേരയിൽ കാലിമ്മേ കാലേറ്റി സ്റ്റൈലിൽ ഇരിപ്പുണ്ടായിരുന്നു. സഹോവിനെ കണ്ടപാടെ ഇരുന്നിടത്തു തന്നെ ഇരുന്നുകൊണ്ട് ആദ്യത്തെ വെടി പൊട്ടിച്ചു.

“ഹാ..യ് “

ചെക്കൻ തൽക്ഷണം

മറുവെടി വെച്ചു.

“ഹായ്..”

അടുത്ത വെടി.

“സിറ്റ് ഡൌൺ പ്ലീസ്.”

ചെക്കൻ മന്നത്തു ഭഗവതിയേം, അയ്യപ്പനേം, തെണ്ടമുത്തനേം ഒരുമിച്ചു വിളിച്ചു ചായക്കപ്പ്‌ മുറുക്കെ പിടിച്ചു് അടുത്തുള്ള കസേരയിലേക്ക് വീണു.

“ബൈ ദി ബൈ ഐ ഹാവ് ഗ്രാജുവേറ്റഡ് ഫ്രം ബോംബെ യൂണിവേഴ്സിറ്റി ആൻഡ് വുഡ് ലൈക് ടു കന്റിന്യൂ മൈ പോസ്റ്റ്ഗ്രാജുവേഷൻ ഫ്രം സെയിം യൂണിവേഴ്സിറ്റി.  ഹോപ് യു ഡോണ്ട് മൈൻഡ് ഇറ്റ്. “

ഒറ്റയടിക്ക് ആട് അപ്പീടണ പോലെ ചറ പറോന്നു ആംഗലേയം കേട്ടപ്പോൾ  പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ണ് മഞ്ഞളിച്ചു. കയ്യിലിരുന്ന ചായ കപ്പ്കുപ്പിയിലെ അവസാനത്തെ പെഗ്ഗ് വായിലേക്ക് കമഴ്ത്തും പോലെ  വിചാരിച്ചുകൊണ്ടു വായിലേക്ക് കമത്തി. ചോദിയ്ക്കാൻ കരുതിയ ചോദ്യങ്ങളൊക്കെ മറന്നു പോയി. ഇംഗ്ളീഷ് പഠിക്കാത്തതിന്റെ കേട്‌ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു പാരയായി വന്നത്. ഇതിനെയും കെട്ടിക്കൊണ്ടു വീട്ടിൽ പോയാൽ മ്മടെ കാര്യവും അമ്മടെ  കാര്യവും കട്ടപ്പൊഹ..

ഭഗോതിയെ എന്തറ ഇവള് ജാതി എന്ന് വിചാരിച്ചു
രണ്ടും കല്പിച്ച്‌ ഒറ്റ കാച്ചങ്ങട് കാച്ചി.

“ഐ ആം സ്റ്റഡീഡ് ബി .എ. ഫ്രം കാലിക്കട്ട് യൂണിവേഴ്സിറ്റി. ഡൂയിങ് വർക്ക് അറ്റ് …..
നോ സ്റ്റഡി ഫൂച്ചർ…”

പെണ്ണ് ഞെട്ടിത്തരിച്ചു നിന്നപ്പോൾ “മൈ സ്മാൾ ഗേൾ തീഫ്  (എന്റെ കൊച്ചു കള്ളീ)എന്നോടാ കളി” എന്ന് മനസ്സിൽ പറഞ്ഞോണ്ട് അവിടന്ന് ഇൻസ്റ്റന്റ് സ്കൂട്ടിങ്‌ നടത്തി. 

പിന്നെ കല്യാണക്കാര്യങ്ങൾ കാര്യമായി ചർച്ച ചെയ്തുകൊണ്ടിരുന്ന സംഘത്തെ മൈൻഡ് ചെയ്യാതെ രാമങ്കുട്ടി ബ്രോക്കറെ “വീട്ടിലക്കു വാട്ടോ… കാണിച്ചുതരാം…” എന്ന ഭാവത്തോടെ ഒരു ചുട്ട നോട്ടവും നോക്കി നേരെ നടന്നു വണ്ടിയിൽ കയറി ഇരുന്നു. കാര്യങ്ങൾ വഴിയേ അറിയിക്കാമെന്ന സ്ഥിരം പല്ലവി പാടി രാമങ്കുട്ടിബ്രോയും ഞങ്ങളും ഇറങ്ങി നടന്നു.


 



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English