പെറ്റിട്ടതൊരു പെണ്‍കുഞ്ഞിനെ-
യാണെന്നറിഞ്ഞ മാത്രയില്‍
ആ അമ്മതന്‍ ഇടനെഞ്ച-
റിയാതൊന്നു പിടഞ്ഞു
എമ്മട്ടില്‍ വളരുമിവള് അന്തമില്ലാത്ത
കാമാന്ധര്‍ സ്വൈര്യമായിവിഹരിക്കുമീ പാരില്‍
അതോര്‍ക്കവേ, ആയമ്മതന്
കണ്ണുകളിലിന്നേ നടുക്കം
പെണ്ണിനിന്നൊരു ശാപമായിതീര്ന്ന
മാംസഭംഗിയാര്ന്ന് ഇവള് വളരും
ചെറ്പ്രാണികളാം പൂവാലര്‍
ഇവളെമണത്തു വട്ടമിട്ടു പറക്കും
ഞാനെന്‍ കണ്ണുകള്‍ തന്നെ
അടര്‍ത്തിയെടുത്തതുകൊണ്ട്
ഇവള്ക്കുചുറ്റിലും മുള്‍വേലി തീര്‍ക്കും
കണ്ണീരു നനച്ചിവളെ വളര്‍ത്തും
കൂര്‍ത്ത നഖരങ്ങളുമായി കൊത്തിപ്പറിക്കാനെത്തും
കഴുകക്കൂട്ടങ്ങളെ ഭയന്നു
ഞാനിവളെ സ്നേഹത്തില്‍ പൊതിഞ്ഞെന്‍
ചിറകിനുള്ളിലൊളിപ്പിച്ചുവയ്ക്കും
എന്‍ പാദങ്ങള്‍ ഇവള്‍ക്കൊപ്പം ചലിക്കും
എന്‍ കരവലയങ്ങളിവളെ മുറുകെപിടിക്കും
എന്‍ നയനങ്ങളെന്നുമിവളെ പിന്തുടരും
ഞാനൊരു നിഴലായിയെന്നും ഇവള്ക്കൊപ്പമുണ്ടാകും
എങ്കിലും ഒരുനാള്‍
നിഴലായി കൂടെ നില്ക്കാന്
എനിക്കാവാതെയായാല്
എന്നുയിരറ്റു പോയാല്‍
അന്ന്, കാമം മൂത്ത ചെന്നായ്ക്കള്‍
കൂട്ടമായി വന്നിവളെ കടിച്ചുകീറും
ഇവള്‍തന്‍ പൂമേനി ഇറുക്കിയമര്‍ത്തി
ചോരയൂറ്റി കുടിക്കും കരിവണ്ടുകള്‍
പിന്നെ, കണ്ണീരില്‍ കുതിര്‍ന്ന്
അപമാനതീയ്യില് വെന്തു
കരിഞ്ഞുകരുവാളിക്കുമെന്
പൊന്നോമന തന് ജീവിതം
ഈ ചെന്നായ്ക്കളെ തടയുവാന്‍
ഇന്നീലോകത്താരുമില്ല
തൂക്കികൊല്ലുവാനൊരു കോടതിയുമില്ല
കല്ലെറിഞ്ഞുകൊല്ലുവാന് പൊതുജനങ്ങളാരുമില്ല
വെടിവെച്ചുകൊല്ലുവാന്‍ ഗോഡ്സെമാരുമില്ല
ഒറ്റികൊടുക്കുവാന്‍ യൂദാസുമാരുമില്ല
ആകയാല്‍ മകളേ,നിനക്കു വേണ്ടേവേണ്ട
ഒരു പെണ്ജന്മമീയവനിയില്
കടിച്ചുകീറും കാട്ടുപന്നികളില്ലാത്ത
മുരളും ചെന്നായ്ക്കളില്ലാത്ത
മൂളും കരിവണ്ടുകളില്ലാത്ത
ഒരു ലോകത്തേക്ക് നിന്നെ
ഞാന്‍ പറഞ്ഞയക്കുകയാണ്
മകളേ, നീ പൊറുക്കുക
നിന്നെപിരിഞ്ഞിരിക്കാന് അമ്മയാ-
മെനിക്കാവില്ലയെങ്കിലും
ഇതുതന്നുചിതമെന്നെന്നുള്ളിലെ
അമ്മയെന്നോട് പറയുന്നു
അത്രയും പറഞ്ഞുതീര്‍ത്ത മാത്രയില്‍
ആ കുഞ്ഞുകൊരക്കില് കരങ്ങള്‍
അമര്‍ത്തുന്നു ആയമ്മ
ഒരുഭ്രാന്തിയല്ലാതിരുന്നിട്ടു കൂടി.