പെങ്ങള്‍

suchithra

 

ആശ്രമത്തില്‍ അന്ന് കല്പനയ്ക്കായി എത്തിയവരുടെ കൂട്ടത്തില്‍ ഒരു മധ്യവയസ്കയും ഉണ്ടായിരുന്നു. സ്വാമികളുടെ നേര്‍പെങ്ങള്‍ സുചിത്ര.

ആദ്യമായിട്ടാണ് അവര്‍ ആശ്രമത്തില്‍ കാലെടുത്തുവെക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ആരും അവരെ തിരിച്ചറിഞ്ഞില്ല. ആയിരങ്ങളില്‍ ഒരാളായി പ്രഭാഷണ മണ്ഡപത്തിലിരുന്ന പെങ്ങളെ സ്വാമികള്‍ ശിഷ്യന്മാരെവിട്ട് വിശ്രമമുറിയിലേക്ക് വിളിപ്പിച്ചു.

“ദൈവമേ, എനിക്കുള്ള കല്പന തന്നാലും.” സ്വാമികളുടെ മുന്നിലെത്തിയ പെങ്ങള്‍ കൈകൂപ്പിക്കൊണ്ടു വിതുമ്പി.

ശിഷ്യന്മാര്‍ പുറത്തിറങ്ങി നിന്നു. സ്വാമികള്‍ നേര്‍പെങ്ങളെ വാത്സല്യത്തോടെ ഒന്നുനോക്കി.

“നിന്നോടെനിക്ക് കല്പിക്കാനൊന്നുമില്ലല്ലോ പെങ്ങളെ.”

“അങ്ങനെ പറയരുത്.” – അവരുടെ ശബ്ദമിടറി.

“നിനക്ക് നല്ല വിശപ്പുണ്ട് വെന്തതോ വിളഞ്ഞതോ ആയ എന്തെങ്കിലും എടുത്തുക്കഴിച്ചിട്ട് അല്പമൊന്ന് വിശ്രമിക്ക്.”

സ്വാമികള്‍ പറഞ്ഞു.

സുചിത്ര കണ്ണുതുടച്ചു. ഒരു ശിഷ്യന്‍ അവരെ ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒന്നോ രണ്ടോ പഴവും ഒരു ഗ്ലാസ് തണുത്ത വെള്ളവും കുടിച്ച ശേഷം സുചിത്ര വീണ്ടും സ്വാമികളുടെ മുന്നിലെത്തി.

“ഇരിക്കൂ.” – സ്വാമികള്‍ ശാന്തനായി പറഞ്ഞു. സുചിത്ര ആങ്ങളയ്ക്ക് അഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു.

“കാണണമെന്ന് ആഗ്രഹിച്ചു.” -സ്വാമികള്‍ മിഴിപൂട്ടിക്കൊണ്ടു പറഞ്ഞു.

“ഞാന്‍ വന്നല്ലോ.” – സുചിത്ര വിതുമ്പി.

“ഇനി കാണാന്‍ കഴിഞ്ഞെന്നു വരില്ല.”

സ്വാമികള്‍ ഒരു പൊതി നീട്ടിക്കൊണ്ടു പറഞ്ഞു. സുചിത്ര രണ്ടുകൈയും നീട്ടി അതേറ്റുവാങ്ങി.

“തുറന്നു നോക്കൂ.” സ്വാമികള്‍ പറഞ്ഞു. സുചിത്ര സാവധാനം ആ പൊതി തുറന്നു.

അതിനകത്ത് ഒരു താലിമാലയും മോതിരവുമായിരുന്നു.

“ഇത്….. പങ്കജത്തിന്റെ….? സുചിത്രയ്ക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

“ഇനിയിത് നീ സൂക്ഷിക്കുക.”

“ഏട്ടാ….”- സുചിത്ര പൊട്ടിക്കരഞ്ഞു.

“കരയരുത്. ഇതല്ലാതെ നിനക്കുതരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല. ഇവിടെ നീ കാണുന്നതൊന്നും എന്റേതല്ല. അതുകൊണ്ടു തന്നെ എനിക്കൊന്നും തരാനും കഴിയില്ല.”

സ്വാമികള്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.

“എനിക്ക് ഏട്ടന്റെ അനുഗ്രഹം മാത്രം മതി.” അവള്‍ കരച്ചിലടക്കാന്‍ പാടുപ്പെട്ടു”.

“നിനക്ക് ഇവിടെവന്ന് ഒരിക്കല്‍കൂടി കരയേണ്ടിവരും. അതിനുശേഷം അടുത്തകാലത്തൊന്നും കരയേണ്ടിവരില്ല. അര്‍ഹിക്കുന്നത് ആഗ്രഹിക്കുക. ഉള്ളതിനെയോര്‍ത്ത് ആഹ്ലാദിക്കുക. കൈയെത്താത്തത് കണ്ടില്ലെന്നു കരുതുക.”

ശിരസ്സില്‍ കൈവെച്ചുക്കൊണ്ട് സ്വാമികള്‍ അനുഗ്രഹിച്ചു. അല്പനേരം കൂടി അവിടെയിരുന്നശേഷം മിഴിതുടച്ചുകൊണ്ട് സുചിത്ര എണീറ്റു.

പുറത്തു നിന്നിരുന്ന ശിഷ്യന്മാര്‍ ആദരവൊടെ അവര്‍ക്ക് വഴിമാറിക്കൊടുത്തു.

പ്രഭാഷണമണ്ഡപത്തില്‍ കല്പനയ്ക്കായി കാത്തുനില്‍‍ക്കുന്ന ആയിരങ്ങള്‍ക്കിടയിലൂടെ സുചിത്ര പുറത്തേയ്ക്കുനടന്നു. വാതിക്കലെത്തിയ അവള്‍ ഒന്നു തിരിഞ്ഞുനോക്കി. മേടയില്‍ അഞ്ചുതിരിയിട്ട നിലവിളക്കിനുമുന്നിലെ പട്ടുതുണിവിരിച്ച പീഠത്തിനരികിലേയ്ക്ക് ദിവ്യമായ ഒരു പ്രകാശം വന്നു നിറയുന്നതായി അവള്‍ക്കുതോന്നി.

സുചിത്ര ഒന്നുകൂടി ദൈവത്തെ വിളിച്ച് കൈകൂപ്പി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here