പെന്‍ഡിംഗ്

pending

“ശ്ഹെടാ..നല്ല മഴയാണല്ലോ…ഇന്നും ലങ്ങേര് വരുന്ന ലക്ഷണം ഇല്ല…കഴിഞ്ഞയാഴ്ച വരെ ഒടുക്കത്തെ ചൂടാരുന്നു, ദേ ഇപ്പോള്‍ നല്ല മഴയും. മറ്റേ പുള്ളിയോടുള്ള കമ്മ്യൂക്കേഷന്‍ ഗ്യാപ്പ് ഈയിടെയായി കൂടുന്നോ എന്നൊരു സംശയം… അല്ലേല്‍ മിനിമം നാല് ആഴ്ചത്തെ അപ്ഡേറ്റ് കിട്ടിക്കൊണ്ടിരുന്നതാ… പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ലാന്നു ചിലപ്പോള്‍ തോന്നും, ആ ജാതി ചെയ്ത്തല്ലേ മനുഷ്യന്മാര്‍ ചെയ്തു കൂട്ടുന്നത്. ഉള്ള പ്രോബബിലിറ്റി തിയറംസ് ഒക്കെ പയറ്റി നോക്കി… രക്ഷയില്ല…കാലാവസ്ഥ പ്രവചനം കിംബഹുന.. പഴയ അനലോഗ് സിഗ്നല്‍സ് ഒക്കെ വച്ചാണ് നമ്മുടെ ആശാന്‍റെ അല്‍ഗോരിതം ഓടിക്കൊണ്ടിരുന്നത്, പ്രഡിക്ഷനും ഏതാണ്ടൊക്കെ കൃത്യം. ഇപ്പോള്‍ മുക്കിനു മുക്കിന് ജ്യോത്സ്യന്മാരായി, ഹൈക്കു മാന്ത്രികന്മാരായി. ഒടുക്കത്തെ കോമ്പറ്റിഷനല്ലേ!!! ചിലനേരം, ആലോചിക്കുമ്പോള്‍, ഒരു എത്തും പിടിയും കിട്ടില്ല, ഇവരിതെങ്ങനെ ഒപ്പിച്ചെടുക്കുന്നു??… പത്ത് പന്ത്രണ്ട് ശംഖ് ചറപറാ ഓടിച്ച് ഭാവി, ഭൂതം ഒക്കെ? ങ്ങും..അവിടെ താമരയുടെ സീസണ്‍ അല്ലാത്തത് കൊണ്ട് ഒരു നാലഞ്ചെണ്ണം കരുതിയേക്കാം… നാളെത്തന്നെ ആശാനെ ഒന്ന് കണ്ട്, അടുത്ത മൂന്നാഴ്ചത്തെ കാലാവസ്ഥ ഓലയും എഴുതി വാങ്ങാം.”

ഏതാനും നിമിഷങ്ങള്‍…

“ഇതിപ്പോ നേരം കുറേ ആയല്ലോ….രാമനെയൊട്ട് കാണുന്നുമില്ല… അയാള്‍ വന്ന് വിളക്ക് തെളിയിച്ചേച്ചും വേണം പുറത്തിറങ്ങാന്‍… ഓരോരോ കീഴ്വഴക്കങ്ങള്‍ ആകുമ്പോ ചെയ്യാണ്ടെങ്ങനാ? പോരാത്തതിന് കഴിഞ്ഞകൊല്ലം ഞാന്‍ മേജര്‍ ആയീന്നും പറഞ്ഞ് ആ പേരില്‍, എന്‍റെ പേരും പറഞ്ഞ് കുറേ പൊടിച്ചു ഇവിടത്തെ ചില വമ്പന്മാര്‍. ഞാന്‍ പോലും അറിയാതെയാ ഇപ്പോഴത്തെ എന്‍റെ പേരും, ഈ കാണുന്ന വസ്തുവും ഒക്കെ ഇവന്മാര്‍ വാങ്ങി കൂട്ടുന്നത്… എന്‍റെ സംശയം അതല്ല, ഇവര്‍ എന്‍റെ പേരില്‍ ഈ മണ്ണൊക്കെ വാങ്ങി കൂട്ടുന്നുണ്ട്, സമ്മതിച്ചു; എന്നാല്‍ കരാര്‍ വാലിഡ്‌ ആകണമെങ്കില്‍ മേജറായ എന്‍റെ ഒപ്പ് വേണ്ടായോ? ഞാന്‍ ഇടക്ക് സമയം കിട്ടുമ്പോള്‍ അതും ആലോചിക്കാറുണ്ട്.. നോ ഹോപ്‌…കിം ഫലം. ഇവിടെയിപ്പോ ഞാന്‍ തനിച്ചാ.. വാമഭാഗം ചിറയ്ക്കലാ… ഒറ്റയ്ക്കല്ല…രണ്ട് മക്കളും ഉണ്ട് കൂട്ടിന്..എത്ര ഒക്കെ ആണേലും കുടുംബത്തോട് ഒരുമിച്ച് ഇരിക്കുന്നതാ ഒരു സുഖം…പറഞ്ഞിട്ടെന്താ!”

“മേട്ടോട് ചെറുതായി പൊട്ടിയിട്ടുണ്ട്… തലയ്ക്ക് മേലെ തന്നെ മഴ വെള്ളം വീണോളും…എല്ലാ കൊല്ലവും പത്ത് ആള്‍ കൂടാനുണ്ടേല്‍ എന്‍റെ കാര്യത്തില്‍ ഒരു ശ്രദ്ധയാ…വരുണന്‍ സഖാവിനോട് ഒരു ലയന ചര്‍ച്ച ആവശ്യമായി വരും. ഈയിടെയായി ഞാനറിയാതെ ചില പിരിവിന്‍റെ ഏര്‍പ്പാടും നടക്കണ്‌ണ്ട്ന്ന് അറിഞ്ഞത് മുതല്‍ ഒരു അസ്വസ്ഥതയാ…എനിക്കിപ്പോ കാശിനെന്താ എന്തേലും കുറവുണ്ടായിട്ടാണോ? ഞാനൊട്ട്‌ ആരോടും ചോദിച്ച ചരിത്രോം ഇല്ല… പണ്ട് ഈ വരം കൊടുത്ത വകയില്‍ അല്ലറ ചില്ലറ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്ന് ഏതോ ബുക്കില്‍ പരാമര്‍ശിച്ചുട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. അല്ലാണ്ട് വേറെ സാമ്പത്തിക അട്ടിമറിയോ മറ്റോ എന്‍റെ പേരില്‍ ഇല്ല. പണ്ടായത് കൊണ്ട്, ഇന്നത്തെ പിള്ളാര്‍ പറയുന്നപോലെ “ഈ എന്നോടോ ബാലാ?” എന്നും പറയാന്‍ തരമില്ല. എന്‍റെ ചിത്രം പതിച്ച് നോട്ടീസ് കൊടുത്ത് മറ്റേ പുള്ളീടെ ചിത്രമുള്ള കടലാസ്സ്‌ വാങ്ങുക.. സംഗതി ഉഷാറാണ്… ശെഹ് ഈ രാമന്‍ എവിടെ പോയി കിടക്കണു???”.

ഒരു സൈക്കളിന്‍റെ മണിയൊച്ച കേട്ട് ശിവയണ്ണന്‍, കണ്ണങ്ങടച്ച്‌ ഉറക്കം നടിച്ചിരിപ്പായി..രണ്ട് മണിയടിച്ച് രാമന്‍ നമ്പൂതിരി നടയങ്ങ് തുറന്നു.

“പലാശം പുഷ്പസങ്കാശം…താരകാകാരമസ്തകം…”.

“ങേ ഇത് തന്നെയാണോ രാമാ ഇവിടെ ചൊല്ലേണ്ടത്??”.

ഒന്ന് അമാന്തിച്ചു.

“അത് വേണ്ടാ…പുള്ളി അത് ആലോചിക്കാന്‍ നിന്നാല് ഇനീം വൈകും….പോരാത്തേന് വല്യ ചന്ദനാദി ചൂര്‍ണം ഞാന്‍ തന്നെ പറഞ്ഞു കൊടുക്കേണ്ടീം വരും…ഫോര്‍മാറ്റ്‌ ‘#അശരീരി’. എന്നിട്ട് വേണം ആ സംഗതി, ‘ഞാനേ കേട്ടുള്ളൂ, ഞാന്‍ മാത്രേ കേട്ടുള്ളൂ’ എന്നും പറഞ്ഞ് അടുത്ത ഹോമത്തിനുള്ള ചാര്‍ത്തെഴുതാന്‍…”.

കൈയ്യില്‍ കിട്ടിയ ഇച്ചിരി ഉതിരും കുറച്ച് വെള്ളവും ചേര്‍ത്ത് രാമന്‍ വേല തുടങ്ങി.

“പണ്ടൊക്കെ ആയിരുന്നെങ്കില്‍… പണ്ടെന്നു പറഞ്ഞാല്‍, ഏതാണ്ടൊരു പത്ത് ആയിരം കൊല്ലങ്ങള്‍ക്ക് മുമ്പ്, എന്നോട് തന്നെ ഒന്ന് രണ്ട് തവണ ചോദിച്ചേ എന്നെ കുളിപ്പിക്കാറുള്ളൂ, ഇപ്പോള്‍ പിന്നെ, കുളിപ്പിക്കുന്നവന്‍ കുളിച്ചോ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാ.. ആരേം പറഞ്ഞിട്ട് കാര്യമില്ലാന്നെ…ഓരോ വീട്ടിലും ഇപ്പോള്‍ പ്രതിഷ്ഠകളല്ലേ…അപ്പോള്‍ പിന്നെ ഇങ്ങനൊക്കെ പോണത് തന്നെ മഹാ ഭാഗ്യം…പൂണൂലിട്ടവന്‍റെ യോഗ്യത ചോദിച്ചാലോ എന്ന് വരെ തോന്നിക്കണ സമയം ണ്ടായിട്ടുണ്ടേ…ഇതിപ്പോ ആര്‍ക്കും ഇടാലോ…ഒരു വെള്ളച്ചരട്..ത്ര ന്ന്യേ..വേണ്ടാ ഞാനായിട്ട് ജാതി പറയണില്ല്യാ…സത്യം പറഞ്ഞാ ജാതീടെ കാര്യമല്ല…സംഗതി കര്‍മ്മത്തിന്‍റെയാ….അതൊക്കെ ബുക്കില്‍ വായിക്കാന്‍ കൊള്ളാം ല്ലേ!!!”.

ശിവയണ്ണന് ഒന്ന് ചിരിക്കാന്‍ തോന്നി, പുള്ളി ചിരിച്ചില്ല…ഓടിളകി, ഒളിച്ചിരുന്ന മഴത്തുള്ളിയെ നെടുകെ കീറി ഒരു കുടം പൊങ്ങി. മൂട് ചെറുതായി പൊട്ടിച്ച് ദര്‍ഭ തിരുകിയ ഒരു കുടം. ഒരു ചെറിയ തവള, കണ്ണിറുക്കി കാണിച്ചിട്ട് നട മുറിച്ച് കടന്ന്, അതുവഴി എങ്ങോട്ടോ ഓടിപ്പോയി.

കഴകം സുഭദ്ര വന്നു. പേരുകേട്ടാല്‍ സിനിമ നടിയാണെന്നേ തോന്നു.. പക്ഷെ അല്ലാട്ടോ…ആള് പാവമാ.. ഈയിടെയായി വാത നീരും ണ്ട് പാവത്തിന്..ന്നാലും വരും… ‘ന്‍റെ ശിവനേ’ എന്ന് പറഞ്ഞ് തുടങ്ങും… ഇടയ്ക്ക് എന്തേലും അത്ഭുതം കാട്ടിയാലോ എന്ന് വിചാരിക്കാറുണ്ട് താനും…ങ്ങും സമയം വരട്ടെ…

ആകെയുള്ള പ്രശ്നം മനയ്ക്കലെ ശാന്തയാ…ആ സ്ത്രീ വന്നാല്‍ പ്രാര്‍ത്ഥനയുടെ ടോണ്‍ ലൈറ്റായി ഡീ റൂട്ടാകും..

’എന്നാലും ആ IPS കൊച്ച് എന്ത് ഭാവിച്ചാ… ശിവനേ.. ആകെ ഒരു കിഡ്നിയെ ഉള്ളൂ…ആ കൊച്ചിനെ കാത്തോളണേ…’

സംഗതി മാറിയേ…ഇതാ ഇവിടെ മിക്കവാറും നടക്കാറുള്ളത്…

മനയ്ക്കലെ ശാന്തയും ഏതാണ്ടതേ ഭാവത്തില്‍ എന്നെ നോക്കി അങ്ങ് നില്ക്കും.. ഇതിലൊക്കെ ഞാന്‍ എന്ത് ചെയ്യാനാന്നാ..

പിന്നെ ഉള്ളത് ചില മുതലാളിമാരുടെ കടാക്ഷപ്പറ്റ് ആണ്… ചെയ്തു കൂട്ടിയതിലെ ചില ശിഷ്ടകല്പ്നകള്‍ ഉറക്കം കെടുത്തുമ്പോള്‍ ഒരു ആര്‍ച്ച് അങ്ങ് നേരും…അല്ലേല്‍ കൊടിമരമങ്ങ് സ്വര്‍ണം പൂശും. ഒരു സന്തോഷം..

“എല്ലാം ദൈവത്തിനല്ലേ” – എന്നൊരു സുഖിപ്പീരും.

പണ്ടത്തെ തണ്ടപ്പിരിവിനേക്കാള്‍ സുഖമുള്ളതാ ഇനിയുള്ള ഏര്‍പ്പാട്… കേട്ടാല്‍ ചിരി വരും.

നടത്തുന്നത് ഈമള്ളൂര്‍ ശങ്കരന്‍- ആനയല്ല…ആളാ…

ആശാന്‍ പറയുന്നത് കേട്ടാല്‍ എനിക്ക് തന്നെ കോള്‍മയിര്‍ ഉണ്ടാകും…

“മ്മടെ ശിവനല്ലേ…ശ്ശ്ശി മേലെ തന്നെ നില്‍ക്കണം…ഇത്തവണത്തെ വെടിക്കെട്ടില്‍ നാടിളകണം….പ്ടാകയ്ക്ക് അപ്പുറമുള്ളോര് കേള്‍ക്കണം… കൂട്ടത്തില്‍ സാംബശിവന്‍റെ കച്ചേരീം ആയാലോ..”.

കൂട്ടത്തില്‍ ഇച്ചിരി വിവരം ഉള്ള ആരോ പറയുന്നത് കേട്ടു…

”ശങ്കരണ്ണാ…കച്ചേരി അല്ല കഥാപ്രസംഗം..പുള്ളി പ്രസംഗം നിറുത്തിയിട്ട്‌ കൊല്ലം ഇരുപതായി…”.

“ന്നാല്‍ പിന്നെ കലാഭവനീന്നു പിള്ളേരെ ഇറക്കാം…സിനിമാറ്റിക് ആക്കാം എന്താ..”

അങ്ങനെ പോകും ഡിസ്കഷന്‍.

ഒടുവില്‍ കടിച്ചാല്‍ പൊട്ടാത്ത, കണ്ടാല്‍ രണ്ടാം വട്ടം വായിക്കാന്‍ ഇച്ചിരി പണിപ്പാട് തോന്നിക്കുന്ന ഒരു പേജ് കഥ. വീരഗാഥ, ഈ എന്നെപ്പറ്റി തന്നെ ആയിരിക്കും.. ആദ്യമൊക്കെ ഞാന്‍ കരുതി ഈ പത്മ അവാര്‍ഡ് ന് വല്ലോം ഉള്ള അപേക്ഷയാണോ സംഗതിയെന്ന്!!! പിന്നെയല്ലേ മനസിലായത് ലിത് വേറെ… മലയാളി ജനതയല്ലേ പ്രബുദ്ധതയ്ക്ക് പോറല്‍ തട്ടാതിരിക്കാന്‍ വേണ്ടിയാ.. ചുരുക്കത്തില്‍ ഒരു മള്‍ട്ടി കളര്‍ ഫ്രണ്ട് കവര്‍ പോസ്റ്റര്‍ സഹിതം ഒരു പറ്റ് ബുക്ക് ഇറങ്ങും എന്‍റെ പേരില്‍. ഫ്ലാറ്റ് വാങ്ങാന്‍ ഇറങ്ങുമ്പോള്‍ ആദ്യമാദ്യം കൈയ്യില്‍ വരുന്ന ബ്രോഷര്‍ കാണുന്ന ഒരു പുതുമ. എനിക്ക് വേണ്ടി എന്ന് അവകാശപ്പെടുന്ന കാര്യപരിപാടി പോസ്റ്ററിനു ചുറ്റും വട്ടിപ്പലിശക്കാരന്‍റെ തുടങ്ങി മൊബൈല്‍ മോര്‍ച്ചറി ഏജന്റിന്‍റെ വരെ പരസ്യവും…സംഗതി കാലികമാകണം.. അത്ര തന്നെ… പറഞ്ഞ് വരുമ്പോ ഏതാണ്ട് സ്മാര്‍ട്ട് സിറ്റിക്ക് അസ്ഥിവാരം കുഴിച്ചിട്ട കണക്കാ…

ആരോട് പറയാനാ, ഇത് വഴി വരമ്പ് പിരിവ് കൊടുക്കാതെ, കടന്ന് പോകുന്ന വല്ല പാമ്പിനോടോ, പെരുച്ചാഴിയോടോ പറഞ്ഞ് ആശ്വസിക്കാറുണ്ട്.. അവന്മാരകുമ്പോ വല്യ ശല്യം ഇല്ല..ഈ വഴി പോകുമ്പോ ഒന്ന് നോക്കും അത്ര തന്നെ…

കൂട്ടത്തില്‍ വേറെ ചിലരുണ്ട്.. അതിലൊന്നാണ് ‘ലോട്ടറി ബാലന്‍’. തൊണ്ണൂറിന്‍റെ ആദ്യത്തില്‍, തെക്കന്‍ കേരളത്തില്‍ സാമാന്യം നല്ലൊരു തുക ലോട്ടറി അടിച്ച ഒരു സാധു. ഉരുളി കമഴ്ത്തിയ പോലത്തെ വയറിന് ചുറ്റും കള്ളി മുണ്ട് വലിച്ച് കയറ്റി, കപ്പയ്ക്കോ വാഴയ്ക്കോ തടം എടുക്കുന്നയാളാ കക്ഷി. ലോട്ടറി പണം സര്‍ക്കാരിന്‍റെ വിഹിതം കിഴിച്ച്, ബാക്കി ഉള്ളതെടുത്ത്‌ രണ്ട് പെണ്മക്കളുടെ കല്യാണം നടത്തിച്ചു. മിച്ചം വന്നത് എന്താ ചെയ്യേണ്ടേ എന്ന് എന്നോട് ചോദിച്ചു.. ഞാന്‍ മിണ്ടിയില്ല…ഇതേ ചോദ്യം തൊട്ടപ്പുറത്ത് നിന്ന് മഴ കൊള്ളുന്ന, വ്യാളിയെ ഫേമസ് ആക്കിയ പുള്ളിയോടും ചോദിച്ചത് ഞാന്‍ കണ്ടതാ…അയാളും ഒന്നും പറഞ്ഞു കാണാന്‍ വഴിയില്ല. അന്ന് വൈകീട്ട് പണി കഴിഞ്ഞ് വരുന്നേരം, എന്‍റെ മുന്നിലെ ആ കല്ലില്‍ ആശാന്‍ ഒന്നിരുന്നു… കാലില്‍ തടഞ്ഞ ഒരു കമ്പെടുത്ത് മണ്‍വെട്ടിയുടെ ചെളി കളഞ്ഞോണ്ട് എന്നോടൊരു ചോദ്യം..

“അല്ല..ഞാന്‍ വല്ലോം ചെയ്യണതില്‍ ബുദ്ധിമുട്ടൊന്നും ഇല്ലാലോ അല്ലേ?”.

എന്നോടാ കളി. ഞാന്‍ അന്നും മിണ്ടിയില്ല…

രണ്ടാഴ്ച കഴിഞ്ഞു… എന്‍റെ അടുത്തേക്ക് ആള്‍ക്കാര്‍ക്ക് വന്നടുക്കാന്‍ ഒരു ചെറിയ നടപ്പാത പൊങ്ങി. മഴ നനയാതെ നില്ക്കാം. വേണേല്‍ തൊഴാം…സംഗതി ജോര്‍.

തൊട്ടപ്പുറത്ത് കിടന്നിരുന്ന വ്യാളിയേയും പെയിന്റ് അടിച്ച്, മറ്റേ പുള്ളിക്കാരന്‍ നനയാണ്ടിരിക്കാന്‍ ചെറിയൊരു മേല്‍ക്കൂരേം പണിയിച്ചു.

അന്ന് വെല്‍ഡിംഗ് പണിക്ക് വന്ന ഏതോ ഒരുത്തന്‍ ഒരു പണി ഒപ്പിച്ചു, ബാലന്‍ പറഞ്ഞത് കേള്‍ക്കാതെ പന്തലിന്‍റെ മൂലയ്ക്ക് ആള്‍ക്കാര്‍ കാണുംവിധം – “ലോട്ടറി ബാലന്‍ വക” എന്നും കൂടെ ചേര്‍ത്തു.

അന്ന് വരെ എന്‍റെ മുന്നിലൂടെ നടന്ന് പോകും വഴി, ഇടക്ക് ഒന്നിരുന്ന് തൂമ്പയിലെ മണ്ണ് കളഞ്ഞോണ്ടിരുന്ന ബാലന്‍, അതേല്‍പ്പിന്നെ, അവിടെ ഇരിക്കാതെയായി. തൂമ്പക്ക് കനവും കൂടി. അയാളുടെ നടുവിന് പിടുത്തോം.

അന്ന് സംഗതി ജോര്‍ ആക്കിയത് സഖാവ് വരുണന്‍ ആയിരുന്നു.. ഉശിരന്‍ മഴ. മഴ കഴിഞ്ഞപ്പോള്‍ ഒരു ചെറിയ മാറ്റം. എനിക്കല്ല…ബാലനുമല്ല… ആ വെല്‍ഡ് ചെയ്ത ഇരുമ്പ് കഷ്ണത്തില്‍ ഒന്ന് കാണാന്‍ ഇല്ല.

“ബാലന്‍” വീണു… സംഗതി “ലോട്ടറി വക” എന്ന് മാത്രമായങ്ങ് ചുരുങ്ങി.

അന്നും വൈകുന്നേരം, ബാലന്‍ ആ വഴി കടന്ന് പോയി. അന്നാദ്യമായി അയാള്‍ എന്നെ നോക്കി തൊഴുതു. നിറഞ്ഞ കണ്ണോടെ…അതേല്‍പ്പിന്നെ ഈ വഴി പോകുമ്പോ അയാള്‍ ആ കല്ലില്‍ ഇരിക്കാറുണ്ട്. എന്നെ നോക്കി ഒന്ന് ചിരിക്കാറുണ്ട്. അത്ര തന്നെ.

ഒന്നാലോചിക്കുമ്പോള്‍ ശരിയാ.. കമിറ്റ്മെന്റ് ഒരു വല്ലാത്ത ബാധ്യത ആകുന്നുണ്ട്. “വിളിച്ചാല്‍ വിളിപ്പുറത്താ….ശിവനേ..കണ്ണടച്ചാല്‍ മനസ്സില്‍ തെളിയണ രൂപമാ…ആപല്‍ബാന്ധവനാ…ഉഗ്രമൂര്‍ത്തിയാ…” ഇങ്ങനൊക്കെ പറഞ്ഞാല്‍ പിന്നെ ആരായാലും…എങ്ങനാ…ചില കേസൊക്കെ വളരെ ജെനുവിനാ…

പക്ഷെ! ഈയിടെ സംഗതി പിന്നേം മാറി…

“പുള്ളി ജാങ്കോ അല്ലേ… മാച്ചോ സ്റ്റൈല്‍ ഇന്ട്രോട്യൂസ് ചെയ്തത് പുള്ളിയല്ലേ!!!…നല്ല വലിയായിരുന്നു ആശാന്‍..കണ്ടിട്ടില്ലേ?? നല്ല ജഡായൂ പുകയും…പോരാത്തേന് നല്ല ഗ്യാരണ്ടി കളറും…ആള് താഴേക്കിടയില്‍ നിന്ന് അത്ഭുതം പ്രവൃത്തിച്ച് ഉയര്‍ന്നു വന്ന ടീം തന്നെയാ…ദൈവം ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍! മച്ചാന്‍ ആണ്..”.

ഞെട്ടണ്ടാ..സംഗതി എല്ലാം എന്നെപറ്റിയാ… അങ്ങനെ അതും കേട്ടു.

ഇന്നത്തെ കോട്ട കഴിഞ്ഞു. ഇനി ഏകാന്തതയാണ്. നീണ്ട ഏഴെട്ട് മണിക്കൂര്‍ അടച്ചിരിപ്പ്. ചുറ്റം മണം/മനംമടുപ്പിക്കുന്ന പുകയാണ്. പുകമാറിയാല്‍ ചില ജീവികള്‍ വന്ന് അടുത്തിരിക്കും. അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറയും. പരാതികള്‍ ഇല്ല..വേദനകള്‍ കുറവാണ് അവറ്റകള്‍ക്ക്. എന്‍റെ നിലനില്‍പ്പ് ഇരുകാലികള്‍ക്ക് മാത്രം വേണ്ടിയാണോ എന്ന് തോന്നാറുണ്ട് ചിലപ്പോള്‍. അതോ കേവലം നിയന്ത്രാവ് എന്നതില്‍ നിന്നും ഉണ്ടാകുന്ന വെറും ഭയമാണോ ഞാന്‍? അതോ ആര്‍ക്കൊക്കെയോ ജയിക്കാന്‍ വേണ്ടി ആരൊക്കെയോ ചമയ്ക്കുന്ന ചായക്കൂട്ടിലെ തിരശീലാ ചിത്രമോ?

ഞാന്‍ പുറത്തേക്കിറങ്ങി, വയല്‍ വരമ്പത്തെ പാറക്കെട്ടില്‍ ഇരുന്നു.

ഒരുപാട് പേര്‍ ആ വഴി പോകുന്നുണ്ട്. ചിലര്‍ തല കുമ്പിടുകയും നെഞ്ചില്‍ കൈ വയ്ക്കുകയും ചെയ്ത് അമ്പല വളപ്പ് കടന്ന് നീങ്ങുകയാണ്.

“അതേ, ആരെ നോക്കിയാ സലാം വച്ച് പോകുന്നെ?? അകത്തിരിക്കുന്ന ആളിപ്പോള്‍ കുറേയായി പുറത്താ ഇരിപ്പ്!!”. എന്ന് പറയണം എന്ന് തോന്നിയതാ…

വേണ്ടാന്ന് വച്ചു.

ഇനി എങ്ങാനും പ്രത്യക്ഷനാകാം എന്ന് വച്ചാലോ, നാളെ ആരെടെലും ചുമരില്‍ പടമാകും..

“#rockingwithshivabro”.

ആ റിസ്ക്‌ എടുക്കണ്ട..

ഇച്ചിരി നേരം, അങ്ങനെ പോയി. പിന്നെ നല്ല ഉഷാര്‍ ബോറായി തുടങ്ങി.

അധികം ജനക്കൂട്ടം ഇല്ലാന്ന് തോന്നിച്ച ഒരു പകല്‍. ലേശം മഴയും ഉണ്ട്.

വ്യാളിപ്പുറത്ത് ഒരു ഭാരക്കുറവ്. ഇപ്പോള്‍ അടുത്തുള്ള പാറപ്പുറത്ത് രണ്ട് പേര്‍ ഇരിപ്പുണ്ട്. രണ്ടും രണ്ട് ദിശയിലേക്ക് നോക്കി ഇരിപ്പാണ്.

അതിലൊരാള്‍: ”ബഹുസ്വരതയാണോ നിങ്ങളുടെ പ്രശ്നം?… ഏകതാനത എന്നൊരു സൂത്രവാക്യം ഒന്ന് പരീക്ഷിച്ചൂടെ?”

മറ്റെയാള്‍: ”ആശാനേ, അല്ലേല്‍ തന്നെ ഫുള്‍ ടൈം ശരിക്കങ്ങട് മനസിലാകാത്ത ശ്ലോകങ്ങളുടെ നടുവിലിരുന്ന് പുകയുമ്പോഴാ വായിക്കൊള്ളാത്ത ഉള്‍പ്പാര്‍ട്ടി ഡയലോഗുമായി വരുന്നത്.”

വ്യാളിയെ ശരിക്കൊന്ന് നോക്കി, തിരിച്ചറിവെന്നവണ്ണം,

രണ്ടാമന്‍: “ശരിയാ..അവിടേം ഇടക്കങ്ങനൊക്കെയാ…ഇതിപ്പോ പ്രശ്നം, പൊതുജന സേവനം നിറുത്തി, തിരികെ അങ്ങട് പോയാല്‍ മതി എന്ന് തോന്നി തുടങ്ങി എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?”

പുലിത്തോല്‍ ഒന്ന് തിരിച്ചിട്ട ശേഷം, രണ്ടാമന്‍ നോക്കുന്ന അതേ ദിശയിലേക്ക് തിരിഞ്ഞ് ഒന്നാമന്‍ ഇരുന്നു.

ഒന്നാമന്‍: ”ദേ, ഇപ്പോള്‍ പറഞ്ഞത് കറക്റ്റ്.. സങ്കടം അതല്ലാന്നേ…സര്ക്കാര്‍ വക പെറ്റിക്കേസില്‍ പെടാന്‍ ചാന്‍സ് ഉണ്ട്..അല്ലേല്‍ വിജിലന്‍സ് പിടിക്കും. ഉറപ്പ്…തിരുവനന്തപുരത്ത് ചരിഞ്ഞു കിടക്കുന്ന പുള്ളിയാ ഇപ്പോള്‍ ബ്ലാക്ക് ലിസ്റ്റില്‍ ടോപ്‌. നമ്മുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടാക്സ്‌ അടക്കേണ്ട പാര്‍ട്ടി. ഇനി ലിവന്മാര്‍ പിരിച്ച് പിരിച്ച് ഏതാണ്ട് ഞാനും അതേ അവസ്ഥയില്‍ കിടക്കേണ്ടി വരുവോന്നാ ഒരു പേടി. ങ്ങും.. അതൊക്കെ പോട്ടേന്ന് വയ്ക്കാം.. ആഴ്ചതോറും ഇപ്പോള്‍ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് വരുന്നുണ്ട്. ഒന്നുകില്‍ ബീഫുമായി ബന്ധപ്പെട്ടത് അല്ലേല്‍ ഇച്ചിരി ഉയര്‍ന്ന ജാതിയില്‍ പെട്ട പശുവുമായി ബന്ധപ്പെട്ടത്…രസം അതല്ല! ഇതെല്ലാം അയച്ച് തരുന്നത് ബീഫിന്‍റെ മുകളില്‍ ഫുള്‍ ടൈം ഇരിക്കുന്ന ഒരു പുള്ളിയാ.. അല്ല ബ്രോ ഇവിടെ രണ്ട് കാലില്‍ നടക്കുന്ന ഒരുത്തനും ബോധമില്ലാത്തതാണോ അതോ ബോധമില്ലാത്തതായി അഭിനയിക്കുന്നതാണോ?”

രണ്ടാമന്‍: ” ആ മേഖലയെ പറ്റി ഞാന്‍ സംസാരിച്ചാല്‍ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ചുരുങ്ങിയ പക്ഷം മാധ്യമ വിചാരണയെങ്കിലും ഉറപ്പാണ്..പക്ഷെ! സഖാവ് ആദ്യം പറഞ്ഞത്.., അത് സംഗതി സാമ്പത്തീക ക്രമക്കേടില്‍ അകത്ത് കിടക്കേണ്ട വകുപ്പാണ്..”

ഒന്ന് ആലോചിച്ചെന്ന വണ്ണം തുടര്‍ന്നു.

രണ്ടാമന്‍: “സ്വയം ഒരു വ്യാവസായിക ലേബല്‍ ആയി പരിണമിക്കുന്നുണ്ടോ എന്നൊരു ശങ്ക അവിടെയും ഉണ്ടല്ലേ??”

ഒന്നാമന്‍: “സഖാവ് ഇപ്പോള്‍ പറഞ്ഞത് നൂറ് ശതമാനം ചങ്കില്‍ തട്ടിയാണോ?”.

രണ്ടാമന്‍:” പിന്നല്ലാണ്ട്…കുറെയായി കാണണൂ…കേള്‍ക്കണൂ…തനി ചട്ടമ്പിത്തരം…കുന്തം വ്യാളിപ്പുറത്തായിപ്പോയി… അല്ലേല്‍ കണ്ടേനെ…”.

ഒന്നാമന്‍: “ഞാനും എന്‍റെ പഴേ ചില കൂട്ടുകാരും, ‘അങ്ങനെ പറഞ്ഞു, ഇങ്ങനെ ചെയ്തു’ എന്നൊക്കെ തോന്നുമ്പോലെ ഒരു വ്യാഖ്യാനങ്ങളെ!!! പിന്നെ കൊല്ലാകൊല്ലം കുറെ പൈസേം പിരിച്ച്, ഉത്സവം എന്നൊക്കെ പറഞ്ഞ് കുറെ വെട്ടിപ്പും.. പാവങ്ങള്‍ക്ക് ഇച്ചിരി നേരത്തെ ഭക്ഷണം കിട്ടും എന്നുള്ളത് കൊണ്ട് ഞാന്‍ അങ്ങ് കണ്ണടയ്ക്കും..അല്ലെങ്കില്‍, എനിക്കും എല്ലാത്തിനേം വരിവരിയായി നിറുത്തി ചന്തിക്ക് നല്ല പെട കൊടുക്കണം എന്ന് തോന്നീട്ടുള്ളതാ… പക്ഷെ അതൊരു, ജനകീയ നടപടി അല്ലാത്തോണ്ട് തല്‍ക്കാലം വേണ്ടാന്നാണ്‌ അങ്ങൂന്നുള്ള ഒരു തീരുമാനം.”

അത് പറഞ്ഞ് രണ്ടാളും മേല്‍പ്പോട്ട് നോക്കി.

“ആരോട് പറയാന്‍”. രണ്ടാളും ഒരുമിച്ചാണ് അത് പറഞ്ഞത്.

നേരം സന്ധ്യയോട് അടുക്കുന്നു… മഴ ചെറുതായി തുള്ളിയെടുത്തു. കഴകം സുഭദ്രാമ്മ പതിയെ മുടന്തി, നടന്ന് വരുന്നുണ്ട്.

വാതം പാതി തളര്‍ത്തിയ ഇടത് കാല്‍ വേച്ച് വേച്ച് അവര്‍ നടക്കുന്നതിനിടയില്‍ ആരോടെന്നില്ലാതെ മുറുമുറുത്തു.

“എന്‍റെ ശിവനേ…ഇങ്ങനെ ഇട്ടേക്കാതെ അങ്ങോട്ട്‌ വിളിച്ചൂടെ? എന്തിനാ ഇങ്ങനെ വേദനിപ്പിക്കണേ?…”.

പുലിത്തോല്‍ ഒന്നനങ്ങി…രണ്ടാമന്‍ ഒന്നാമനെ കണ്‍തുറക്കെ ഒന്ന് നോക്കി..

ഒന്നുരണ്ട് നിമിഷങ്ങള്‍..അയാളൊന്നു ചിരിച്ചു…

“ഞാന്‍ എന്നും കേള്‍ക്കാറുള്ളതാ ഇത്…ഇവിടത്തെ പണിയൊക്കെ കഴിഞ്ഞ് തിരികെ പോകുമ്പോള്‍, ഈ കയറിയ കയറ്റം, താന്‍ തന്നെ ആണോ കയറിയത് എന്ന് പോലും അവരെ കൊണ്ട് ചിന്തിപ്പിക്കാറില്ല…തിരകെ പോകുന്നതും അതേ കാല്‍ കൊണ്ട് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ സത്യം…ചില പ്രാര്‍ത്ഥനകള്‍ കേട്ടാലും കേട്ടതായി നടിക്കാറില്ല ഞാന്‍….ഞാന്‍ എന്നല്ല ഈ വേഷത്തിലെ പലരും…എന്താ താന്‍ അങ്ങനെ അല്ലാന്നുണ്ടോ?”

ഒന്ന് ചിരിച്ച്, പുലിത്തോല്‍ തിരികെ എടുത്ത് ഒന്നാമന്‍ നടന്നു.

തലയില്‍ വീണ മഴത്തുള്ളികളെ, തട്ടിയകറ്റി,അതേ ചിരിയോടെ രണ്ടാമനും മുന്നോട്ട് നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English