അറിക പെൺകുഞ്ഞെ ഇതു നിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ..
ഇന്നിന്റെ പൂമുഖപ്പടികളിൽ പുഞ്ചിരിച്ച-
റിയാത്ത നാളെയിൽ മിഴി നട്ടു നിൽപ്പവൾ
പൂവിളിച്ചെത്തുന്ന പൊന്നോണനാളിന്
പൂക്കളം ചാർത്തുവാൻ കാത്തു നിൽക്കുന്നവൾ
അറിക പെൺകുഞ്ഞേ ഇതു നിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ
പിച്ചകപ്പൂക്കൾ കിനാവിൽ നിറച്ചവൾ
ജീവിതം പിച്ച വെക്കാൻ തുടങ്ങുന്നവൾ
മൈലാഞ്ചി ചോപ്പിച്ച കൈകളിൽ തീരാത്ത
ദുരിതമാറാപ്പുകൾ പേറി തളർന്നവൾ..
ഏദനിൽ ഏകാന്തവിരസത മാറ്റിയോൾ
കുളിർതെന്നലായി വന്നാശ്വാസമേകിയോൾ
അമ്മയായ്,പെങ്ങളായ്,ഭാര്യയായ്,മുത്തശ്ശി-
യമ്മയായ് തീരാത്ത നൻമയായ് തീർന്നവൾ..
അറിക പെൺകുഞ്ഞേ ഇതു നിന്റെനാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ..
സ്ത്രീധനത്തർക്കത്തിലൊടുവിലൊരു നാളമായ്
സ്റ്റൗവ്വിലെ തീയിൽ ഒടുങ്ങുന്ന ജീവിതം
വെറിയന്റെ കൈകളിൽ പിടയുന്ന ജീവിതം
സതിയുടെ ചിതകളിൽ എരിയുന്ന ജീവിതം..
അറിക പെൺകുഞ്ഞേ ഇതു നിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ..
അറിവിനായക്ഷരം തരാൻ കഴിയാത്തവർ
അന്നത്തിനായ് നിനക്കപ്പം തരാത്തവർ
ഒഴുകുന്ന കണ്ണീർ തുടച്ചു മാറ്റാത്തവർ
ഒരുതുള്ളി സാന്ത്വനം പോലുമേകാത്തവർ..
ഞങ്ങൾ നിനക്കൊരുക്കുന്നേറെ നാളുകൾ
നീണ്ടുനിൽക്കുന്ന തീരാ പ്രതിജ്ഞകൾ
ഞങ്ങൾ നിനക്കൊരുക്കുന്നേറെ താളുകൾ
നീണ്ടുകിടക്കും പഠനപ്രബന്ധങ്ങൾ..
അറിക പെൺകുഞ്ഞേ ഇതുനിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ..