പെൻസിൽ സ്കെച്ചിൽ പോർടേയ്റ്റിന്റെയുംകാരിക്കേച്ചറിന്റെയും സാധ്യതകൾ കൂട്ടിച്ചേർത്ത് മരട് സ്വദേശിയും റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരന്റെ പേഴ്സണൽ സ്റ്റാഫംഗവുമായ കെ.കെ.രഘു കളക്ടറേറ്റിൽ നടത്തുന്ന പോർട്രിക്കേച്ചർ പ്രദർശനം ആവിഷ്കാരത്തിലെ പുതുമകൊണ്ട് വേറിട്ടതായി. എറണാകുളം കളക്ടറേറ്റിൽ റവന്യൂ ജീവനക്കാരനായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അംഗമായത്.
അഞ്ചു മാസം മുമ്പ് സ്റ്റാഫിലൊരാളുടെ കാരിക്കേച്ചർ വരച്ചത് മന്ത്രി ഇ.ചന്ദ്രശേഖരൻ കാണാനിടയായതാണ് വഴിത്തിരിവായത്. ചിത്രം ഇഷ്ടപ്പെട്ട മന്ത്രി അദ്ദേഹത്തെയും വരക്കാനാവശ്യപ്പെട്ടു. കാരിക്കേച്ചറിനു പകരം ഒരു പോർട്രെയ്റ്റു തന്നെ വരച്ചു നൽകിയപ്പോൾ ചിത്രകല കൈവിട്ടു കളയരുതെന്നും എങ്ങനെയും സമയം കണ്ടെത്തണമെന്നുമുള്ള മന്ത്രിയുടെ സ്നേഹോപദേശം രഘുവിന് ഊർജ്ജം പകർന്നു. എല്ലാ മന്ത്രിമാരുടെയും സൗമ്യമായ മുഖം പോർട്രിക്കേച്ചർ ചെയ്യാനായിരുന്നു തീരുമാനം. വിശ്രമസമയം മുഴുവൻ ചിത്രരചനയ്ക്ക് നീക്കി വെച്ചു. മന്ത്രിമാരെ കൂടാതെ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരെയും വരച്ചു.
സ്കൂൾ പഠനകാലം മുതൽക്കേ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം 25 വർഷം മുമ്പ് തൃപ്പൂണിത്തുറ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് ഔദ്യോഗിക ജീവിതത്തിലേക്കു കടന്നതോടെ വരകൾക്കായി നീക്കിവെക്കാൻ സമയം കിട്ടാതെയുമായി. എന്നിട്ടും അപൂർവ്വം അവസരങ്ങളിൽ ആക്രിലിക്, വാട്ടർ കളർ ചിത്രങ്ങൾ വരക്കാനും ചില മോഡലിങ്ങുകൾ ചെയ്യാനും മനഃപൂർവ്വം സമയം കണ്ടെത്തിയിരുന്നു.
മന്ത്രിമാരുടെ രൂപഭാവങ്ങൾ ഫ്രെയിം ചെയ്ത് നിരത്തി വെച്ചപ്പോൾ സുഹൃത്തുക്കൾ നിർബന്ധിച്ചതു പ്രകാരം പ്രദർശനത്തിനു വെക്കാൻ രഘു സമ്മതിച്ചു. നാലു മാസമെടുത്ത് പൂർത്തിയാക്കിയ സൃഷ്ടികൾ തിരുവനന്തപുരത്ത് ഓണക്കാലത്ത് പ്രദർശിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പ്രളയം തടസ്സമായി. സ്വദേശമായ എറണാകുളത്ത്, ആദ്യമായി ജോലിയിൽ പ്രവേശിച്ച കളക്ടറേറ്റിൽത്തന്നെ പ്രദർശനം വെച്ചതങ്ങനെയാണ്.
ഉദ്ഘാടനത്തിനെത്താമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള സമ്മതിച്ചപ്പോൾ അദ്ദേഹത്തിന്റെയും പോർ ട്രിക്കേച്ചർ രഘു തയ്യാറാക്കി. സ്വന്തം ചിത്രം ചിത്രകാരനിൽ നിന്ന് സ്വീകരിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഫൈൻ ആർട്സ് സ്കൂളിലെ സഹപാഠിയും തൃപ്പൂണിത്തുറ ഗാന്ധിയൻ ആർട് ഗ്യാലറി ഉടമയുമായ എവറസ്റ്റ് രാജിന്റെയും മറ്റു സുഹൃത്തുക്കളുടെയും നിർബന്ധവും പ്രോത്സാഹനവും ചിത്രകല കൈമോശം വരാതിരിക്കാൻ സഹായകമായതായി രഘു ഹഞ്ഞു.
തന്റെ 53-ാമത്തെ വയസ്സിലാണ് ആദ്യ പ്രദർശനം നടത്താൻ സാധിച്ചതെങ്കിലും ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. പ്രദർശനം ഡിസംബർ 18 ന് സമാപിക്കും.