ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് രോഗികളുടെ മക്കളെ അധിവസിപ്പിച്ച് വളര്‍ത്തുന്ന ബംഗളൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “ദയാ ഭവന്റെ’ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പെഡല്‍ ഫോര്‍ ഹോപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴാം തീയതി തിങ്കളാഴ്ച അമ്പത് മൈല്‍ നീണ്ട സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. ബുദ്ധിമുട്ടേറിയ ഈ കാലഘട്ടത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറോളം യുവാക്കള്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ ഏഴാം തീയതി രാവിലെ ആറു മണിക്ക് ആരംഭിച്ച സൈക്കിള്‍ യാത്ര ഡാളസ് സെന്റ് ജയിംസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ചര്‍ച്ച് വികാരി റവ.ഫാ. ബിനു മാത്യൂസ് ആശീര്‍വദിച്ച് ആരംഭിച്ച യാത്ര പതിനൊന്നു മണിയോടെ സമാപിച്ചു. അയ്യായിരത്തിലധികം ഡോളര്‍ ഈ പരിപാടിയില്‍ക്കൂടി സമാഹരിക്കുകയും ബംഗളൂരൂ ദയാ ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നാലു ലക്ഷം ഇന്ത്യന്‍ രൂപ ഐക്കണ്‍ ചാരിറ്റി മുഖേന കൈമാറുകയും ചെയ്തു.
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരേയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരോടുമുള്ള നന്ദി സംഘാടകര്‍ അറിയിച്ചു.