പഴംപൊരി

 

സായംസന്ധ്യയുടെ രശ്മികള്‍ തീര്‍ത്ഥം തളിക്കുന്നതു പോലെ പടരാന്‍ തുടങ്ങി. ഒരു രാത്രിയുടെ പടിവാതിലില്‍ നില്‍ക്കുന്നു പ്രകൃതിയും. മനുഷ്യജന്മങ്ങളില്‍ ആയുസ്സില്‍ ഒരു ഏടു കൂടി. ചലിക്കുന്നു വില്‍ചക്രം ആരും പറയാതെ തന്നെ. എന്തൊരദ്ഭുതം! അദ്ഭുതങ്ങള്‍ വേറെയുമുണ്ട് – ആവിഷ്കാരങ്ങള്‍, മനുഷ്യനേട്ടങ്ങള്‍.

ഓഫീസില്‍ നിന്നു വീട്ടിലേയ്ക്കുള്ള ഓട്ടം ബസ്സിലേയ്ക്ക്. ഉച്ച കഴിഞ്ഞു കഴിച്ച പഴമ്പൊരിയുടെ, ചായയുടെ ബലം. സലിതയുടെ ആഗ്രഹമനുസ്സരിച്ചുള്ള ചിട്ടയായ പഠനം അന്നു രാത്രിയും തുടര്‍ന്നു. ആ പഴയ രാത്രി. രാവില്‍ മണിക്കൂറുകള്‍ കടന്നു പോകുന്നതു പോലെ തന്നെ പുസ്തകത്താളുകളും മറിഞ്ഞു നീങ്ങി. യാത്രയുടെ നിയമവും അതാണല്ലൊ! ഇത് നാളുകളായി തുടങ്ങിയിട്ടു. മൂന്നു നീണ്ടു നിവര്‍ന്ന സംവത്സരങ്ങള്‍. സര്‍ക്കാര്‍ ജോലിയുടെ സ്വപ്നങ്ങളില്‍ തിളക്കം മങ്ങിയിട്ടില്ല. ഇപ്പോഴും അതു താനെ തേച്ചു മിനുക്കിയൊരുങ്ങിയ കണ്ണാടി ബിംബങ്ങളാം മനുഷ്യര്‍. ഗമയുടെ ഗഗനവീഥികളില്‍ നടക്കാമെന്നു തോന്നല്‍. പൊതുവിജ്ഞാനത്തിന്‍ ഗന്ധം ആ രാവിനെ കൂടുതല്‍ പുളകിതമാക്കി. മനസ്സിന്റെ അകത്തളങ്ങള്‍ അതില്‍ വീണുറങ്ങാതിരിക്കുക എന്നത് അവളുടെ സ്വന്തം ജോലിയാണ്‌. മനസ്സു വച്ചാല്‍ അതു നടക്കും. നടക്കണം. പഠനത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ നിന്നു പതിയെ താഴെയിറങ്ങുന്നു. മിഴികളില്‍ വിശറികള്‍ ആടുവാന്‍ തുടങ്ങി. ഹൃദയം മന്ദഹാസം തൂകി. അവള്‍ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. ഒരു ഗ്ലാസ് വെള്ളം കുടിച്ചു. വെള്ളം കിട്ടിയ സന്തോഷം ഉള്‍ ഞരമ്പുകള്‍ മറച്ചുവച്ചില്ല. അവള്‍ ഉന്മേഷഭരിതരായി വീണ്ടും. എന്നാല്‍ സലിത ഒരു തീരുമാനമെടുത്തു. ഇന്നു ഇത്രയും മതി. ബാക്കി വരും നാളുകളില്‍. ഇതൊരു ഭഗീരഥപ്രയത്നമാണ്‌. ഇന്നെന്നില്ല നാളെയെന്നില്ല. ജീവിതം അങ്ങനെയല്ലേ? ജോലി ഏതു എപ്പോള്‍ എന്നുള്ളത് ഏതൊരു പൗരന്റെയും മൗലിക ചോദ്യമാണ്‌. അതു മുളച്ചു വരുന്നതു പത്താം ക്ലാസ്സ്. ചിലര്‍ക്കു അതു പ്ലസ്ടു. അതെല്ലാം സാഹചര്യ സാനുക്കള്‍ പോല്‍.

ടീച്ചറാകാന്‍ കൊതിച്ചിരുന്നു പണ്ടെപ്പോഴോ. പിന്നീട് വിവരസാങ്കേതികവിദ്യയുടെ വന്‍ ഇടവഴികളിലൂടെ ദീര്‍ഘയാത്രകള്‍ പോകാമെന്നു തോന്നി. എവിടെയോ ബ്രേക്ക് ചവിട്ടി. സര്‍ക്കാര്‍ ജോലി എന്ന ചിന്ത വന്നു. എല്ലാം ജനങ്ങള്‍ക്കു – ജനങ്ങളിലേയ്ക്ക്. ജനാധിപത്യത്തിന്റെ അടിവേരുകളില്‍ ഒന്നായ സര്‍ക്കാരിന്റെ ഭാഗമാകുക, ഭാവി തലമുറയ്ക്ക് അമരസംഭാവനകള്‍ ചെയ്യുക, സ്നേഹസാഹോദര്യം ഊട്ടി ഉറപ്പിക്കുക, അങ്ങനെ ഒത്തിരി. അങ്ങനെ അവിടെ തന്നെ ഒരു ഇടവഴി തേടിക്കിട്ടി – ഒരു ഇളം ജോലി. സര്‍ക്കാര്‍ ജോലി വലുതാണ്‌. പിന്നെ സ്ഥാനക്കയറ്റം കിട്ടുമല്ലോ? കയറി കയറി മലമേല്‍ എത്താമല്ലോ? സ്വപ്നങ്ങള്‍ നിറഞ്ഞ രാത്രിയായിരുന്നു.

പകലിന്റെ മര്‍മ്മരങ്ങള്‍ കേട്ടു തുടങ്ങി. പശുവിന്‍ പച്ചപ്പാല്‍ക്കുപ്പികളുടെ ശബ്ദം. അതെങ്ങനെയെന്നു ചിന്തിച്ചപ്പോഴാണ്‌ അവള്‍ക്കു ബോധ്യമായത്. അതു സ്വപ്നത്തിന്റെ ഭാഗമായിരുന്നു. സൂര്യതേജസ്സിനായി കണ്ണിമകള്‍ തുറക്കുന്നു പുഷ്പബാല്യങ്ങള്‍. ജാലകം തുറന്നു നോക്കിയപ്പോള്‍ കണ്ടത് അങ്ങ് കുറച്ചകലെയുള്ള കട തുറന്നു കഴിഞ്ഞു. പിന്നെ വേഗത കൂടി. പല്ല് തേച്ചു. വസ്ത്രം ധരിച്ചു. പ്രഭാതഭക്ഷണം കഴിച്ചു. ബാഗെടുത്തു നടന്നു നീങ്ങി. ബസ്സ്റ്റോപ്പിലെത്തണം. അതിനു മുന്‍പ് കടയില്‍ കയറി. പുതിയ പുസ്തകമേതെങ്കിലും വന്നിട്ടുണ്ടോയെന്നൊരു അന്വേഷണം. പതിവു ശൈലിയില്‍ തന്നെ “വന്നിട്ടില്ല” എന്ന മറുപടിയും.

പോകുന്നത് തിരുവനന്തപുരത്തൊരു കോച്ചിംഗ് സെന്ററിലേയ്ക്ക്. അതിനാദ്യം ബസ്സില്‍ കയറണം. അതൊട്ടു വന്നിട്ടുമില്ല. കാത്തു നിന്നു. കാത്തിരിപ്പിന്‍ മാധുര്യം വര്‍ദ്ധിക്കും സമയമാവശ്യത്തിനുള്ളപ്പോള്‍. ഇല്ലെങ്കില്‍ കയ്ച്ചു തീരും. എത്തിയ ഒന്നിലാകട്ടെ സമ്മേളനക്കൂട്ടം. പൂരത്തിനായിരിക്കും. എന്നും ഓരോ പൂരം. പിന്നാലെ വന്നതില്‍ കയറി. കാഴ്ചകള്‍ കണ്ടെത്തിച്ചേര്‍ന്നു പഠനശാലയില്‍. ഇനി പഠിത്തം മാത്രം. നല്ല നിലയിലെത്തേണ്ടതല്ലേ?

ഇടയ്ക്കെപ്പോഴോ ഒന്നുറങ്ങാന്‍ ‍വെമ്പല്‍ കൊണ്ടതും ഉറങ്ങിയതും ഒഴിച്ചാല്‍ വളരെ ശാന്തസുന്ദരനിമിഷങ്ങളായിരുന്നു. അര്‍ത്ഥഗാംഭീര്യമുള്ള ഭാഷാവിജ്ഞാനം ആവശ്യമാണ്‌. ചോദ്യങ്ങള്‍ പൊതുവിജ്ഞാനമളക്കും. കിണറ്റിലെ തവളകള്‍ പുറംലോകം കണ്ടു തുടങ്ങി. എല്ലാവര്‍ക്കും ജോലി, ജോലി ഭാരം കുറയ്ക്കുകയും വേണം. മെഷീനുകളുടെ കാലമാണ്‌. മത്സരം അവയുമായിട്ടാണ്‌. ലാപ്ടോപ്പുകളില്ലാതെ നിവര്‍ത്തിയില്ല. പഴയ കാലം കഴിഞ്ഞു. പുത്തനുഷസ്സുകള്‍ പിറന്നു. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ മാത്രം അറിഞ്ഞാല്‍ പോരാ. ഉഗാണ്ട, ഉറുഗ്വേ എന്നിടങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയണം. എന്നാല്‍ ഇപ്പോള് ‍സംഭവിച്ചുക്കൊണ്ടിരിക്കുന്നതെന്താണ്‌. ഉഗാണ്ട, ഉറുഗ്വേ, ഉത്തരകൊറിയാ അറിയാം. തൊട്ടടുത്ത് ഇരിക്കുന്നവനെ/അവളെ സംബന്ധിച്ച് അറിയില്ല, ചോദിക്കില്ല, പറയില്ല. അതു കൊണ്ടു തന്നെ അതറിയാവുന്ന സലിതയ്ക്കു ചങ്ങാതിമാരുണ്ട്. അയല്‍ക്കാര്‍ കൂട്ടുകാരാണ്‌. ഒത്തൊരുമയുടെ സന്ദേശം നല്‌കുന്നു. എല്ലാവരും കിണഞ്ഞു പരിശ്രമിക്കുന്നു. വരാന്‍ പോകുന്നു പരീക്ഷ. വേനല്‍ചൂട് കൂടി. തിളപ്പിച്ചാറ്റിയ വെള്ളമല്ല. തിളപ്പിച്ച വെള്ളം. ആറാന്‍ കഴിയണ്ടേ? വിയര്‍ത്തു കുളിച്ചു പഠിച്ചു. ചിലര്‍ രസിച്ചു പഠിക്കും. ചിലര്‍ പഠിച്ചു പഠിക്കും. കഴിഞ്ഞ നാളുകളില്‍ കൊഴിഞ്ഞടര്‍ന്നു പോയ ചോദ്യങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തു തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി. അവയുടെ ചരിത്രം വ്യത്യസ്തമായിരുന്നു. അന്നത്തെ ഹിറ്റുകള്‍. ഇപ്പോള്‍ വഴി വേറെ. അവരുടെ കൂട്ടുകാരാകാന്‍ ശ്രമിച്ചു.

അമ്പലത്തില്‍ ഉത്സവം ആരംഭിച്ചു. ആരും പറഞ്ഞറിഞ്ഞതല്ല. പാട്ടുപെട്ടികള്‍ ശബ്ദിക്കാന്‍ തുടങ്ങിയാല്‍ അതു കൃത്യമല്ലാതാകുമോയെന്നു സംശയം. വര്‍ഷത്തിലൊരിക്കല്‍. അടുത്തുള്ള അമ്പലം. ഇന്‍സ്റ്റിട്ട്യൂട്ടിനു ഐശ്വര്യം പകരും. പഠിക്കുന്നവര്‍ക്കും. ഭക്തിയോടെയുള്ള പഠനം – ഈശ്വരനെ ഓര്‍ത്തുകൊണ്ടു. അതില്‍ നിന്നു ഊര്‍ജ്ജം ലഭിക്കും. പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ ശക്തി ലഭിക്കും. വീട്ടിലായാലും. സലിതയുടെ വിശ്വാസത്തിനു കാഠിന്യം കൂടി. ഉറുമ്പിന്റെ ചിട്ടവട്ടങ്ങള്‍ ദിവസേന.

തിരികെ വീട്ടിലെത്തിയപ്പോള്‍ അന്നു വല്ലാത്ത സന്തോഷം തോന്നി. പരീക്ഷ ദിവസമായിരുന്നല്ലോ? നന്നായി എഴുതാന്‍ സാധിച്ചു. എല്ലാം മാതാപിതാക്കളുടെ അനുഗ്രഹം എന്നു ചിന്തിച്ചു. പഴം പൊരിയും ചായയും കഴിക്കുമ്പോള്‍ എന്തെന്നില്ലാത്ത മധുരമന്നു. അതു വെറുതെയല്ല. ബസ്സിനുള്ള അതെ കാത്തിരിപ്പ് ആവര്‍ത്തിച്ചു. പരീക്ഷാ ബസ്സ് തിരിച്ചു വരേണ്ടേ മാര്‍ക്കുമായി. ഒരു മാസം രണ്ടു മാസമല്ല നീണ്ട ആറു മാസങ്ങള്‍. അവസാനം അതറിഞ്ഞു. പിന്നെ ഗുമസ്തപണിയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ദിനങ്ങള്‍. എവിടെയെന്നറിയില്ല. ദൂരനാടുകള്‍ കാണാനാണോ യോഗം അതോ തൊട്ടടുത്തെത്തിച്ചേരുമോ എന്ന ആശങ്കകള്‍ പാറി നടന്നു. ഇന്‍സ്റ്റിട്ട്യൂട്ടിലെത്തിയപ്പോള്‍ അവിടെയുള്ള കുറച്ചു കൂട്ടുകാര്‍ക്കും കൂടി ജോലിയവസരം ലഭിച്ചെന്നറിഞ്ഞു. കൂട്ടായിയനുമോദനം. എല്ലാവരുടെയും മുഖത്ത് തിളക്കം. അഭിമാനനിമിഷങ്ങള്‍! ഒരു ജോലിയുടെ മഹത്വം അറിഞ്ഞു. അതിനെത്ര പ്രാധാന്യമുണ്ടെന്നു. ജീവിതത്തിന്റെ മുന്‍പോട്ടുള്ള പാതയൊരുങ്ങിക്കഴിഞ്ഞു. ഇനി അതിലൂടെ സഞ്ചാരം. വര്‍ഷങ്ങളും കടക്കും. ഓര്‍മ്മകള്‍ നിലനില്‍ക്കും.

“വരുന്നില്ലേ? ഒരു ചായ കുടിക്കാം.” സലിതയുടെ തോളില്‍ വീണ ആ തട്ട് ഉണര്‍ത്തിയതു ഓര്‍മ്മകളില്‍ നിന്നു. കൂട്ടുകാരിയുടെ കൂടെ കാന്റീനിലേയ്ക്ക്. അവിടെ തന്നെപ്പോലെയുള്ളവര്‍. എല്ലാവര്‍ക്കും ഒരേ പോലെയുള്ള അനുഭവങ്ങള്‍ അല്ല. വ്യത്യസ്തം. ജീവിതമെപ്പോഴും അദ്ഭുതമാണ്‌. ഇന്നത്തെ പഴം പൊരിയ്ക്കും ചായയ്ക്കും ചൂട് – പഴമയുടെ – ഓര്‍മ്മകളുടെ ആഴങ്ങളില്‍ മധുരം കുറഞ്ഞിട്ടില്ല. അതു കൂടുകയുമില്ല. അതേ നിലയില്‍. ഒരു പക്ഷെ പഴയതിനു ചൂട് കൂടും, മധുരം കൂടും – കുടുംബബന്ധങ്ങളില്‍ ആ നാളുകള്‍!

സൂര്യനസ്തമയചാരുതയില്‍ വീണ്ടും പൂത്തുലഞ്ഞു. നിശാമുകുളങ്ങള്‍ കണ്ടു തുടങ്ങി. വീണ്ടും ഒരു രാത്രി! ഒരു അദ്ഭുതം കൂടി! എന്നായാലും!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here