പവിത്രം

 

 

അടുക്കിവച്ച സാരികളിലൂടെ സുമ ഒന്ന് കണ്ണോടിച്ചു.നേവിബ്ളൂനിറത്തിൽ മുകളിലുള്ളതുതന്നെ മതി.സമയം വൈകി.മനോജ് ഇറങ്ങാൻ വൈകിയാൽ സുമയുടെ അവസ്ഥ ഇതാണ്.അരമണിക്കൂർ കൊണ്ട് ബാങ്കിലെത്തി.ഇന്ന് ലോൺ കൊടുക്കാനുള്ളതാണ്.ഇന്നലെ തന്നെ ഭരതന്‍സാർ ഓർമ്മിപ്പിച്ചിരുന്നു.ഫയലുകളിലേക്ക് കണ്ണുകൾ തുറന്നു.മുന്നിലുള്ള കംപ്യൂട്ടറിലേക്കും ശ്രദ്ധ കൊടുത്തു.
ആത്മാർത്ഥയുള്ള ഉദ്യോഗസ്ഥയാണ് സുമ.5വർഷമായി ബാങ്കിൽ ജോലി ചെയ്യുന്നു.ഈ ബ്രാഞ്ചിൽ വന്നിട്ട് ഒരുവർഷം പൂർത്തിയാവുന്നു.സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരി.ഏതുകാര്യത്തിലും ജെനുവിനാണ് സുമ.പക്ഷേ സംഘടനാപ്രവർത്തകർക്ക് അവളോട് എപ്പോഴും ഒരു കെറുവാണ്.സുമയുടെ അഭിപ്രായത്തിൽ ആദർശരാഷ്ട്രീയമല്ല ഇന്നത്തേത്.സ്വാർത്ഥലാഭത്തിനായി നിലകൊള്ളുന്നതാണ് ഇന്നത്തെ രാഷ്ട്രീയം.സ്വജനപക്ഷപാതവും മതസ്പർദ്ധയുമൊക്കെ ഇന്ന് രാഷ്ട്രീയത്തിലെ ഫാഷനായിരിക്കുന്നു.ആദർശ രാഷ്ട്രീയത്തിൻറെ വക്താവായ,പാർട്ടിയിലെ പാവങ്ങൾക്ക് വേണ്ടി ജീവിച്ചുമരിച്ച ഗോപാലൻ മാഷുടെ മകൾക്ക് ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാന്‍ കഴിയൂ.പക്ഷേ ഭർത്താവ് മനോജ് അധ്യാപകസംഘടനയിലെ സജീവ സാന്നിധ്യമാണ്.ഹയർസെക്കൻഡറിസ്കൂളിൽ അധ്യാപകനാണ് മനോജ്.ഇവരുടെ രണ്ടാൺമക്കൾ,മൂത്തവൻ 9-ംക്ലാസിലും ഇളയത് 5-ംക്ലാസിലും.സന്തുഷ്ടകുടുംബം.
സുമയുടെ രാഷ്ട്രീയകാഴ്ചപ്പാടുകളോട്,അവരുടെ സംസാരങ്ങൾക്കിടയിൽ,മനോജ് എപ്പോഴും വിയോജിപ്പ് രേഖപ്പെടുത്തുക പതിവാണ്.”കട്ടൻചായേം പരിപ്പുവടയൊന്നും ഇന്ന് ദഹിക്കില്ലെടോ,താൻ കാലത്തിനൊത്ത് ചിന്തിക്കണം.”
‘പിന്നെ,ഒന്ന് പോ മനുവേട്ടാ,കാലത്തിനൊത്ത ചിന്ത!കംപ്യൂട്ടർ നിലവിൽ വന്നപ്പോൾ എന്തായിരുന്നു ബഹളം?
എന്നിട്ടിപ്പോഴെന്തായി? ഓരോ കാര്യങ്ങളെടുത്തു പരിശോധിച്ചാലും ഇങ്ങനെയാ….എനിക്കിതൊന്നും ദഹിക്കില്ല”
“അങ്ങനെയൊന്നുമല്ല സുമേ,നിൻറെ അച്ഛൻറെ കാലമൊന്നുമല്ല ഇത്.അല്ലെങ്കിലും നിൻറച്ഛനെ പോലെ ആരും രാഷ്ട്രീയപ്രവർത്തനം നടത്തരുതെന്നാണ് എൻറെ അഭിപ്രായം.അർഹതപ്പെട്ട ഒരു സ്ഥാനത്തെത്താൻ നിൻറച്ഛന് സാധിച്ചിട്ടുണ്ടോ?നീ ഒന്നാലോചിച്ച് നോക്ക്…ആദർശവും പറഞ്ഞ് നടന്നിട്ട് എന്ത് നേടി?ഉള്ളത് കൂടി നഷ്ടപ്പെടുത്തിയതല്ലാതെ!”
അപ്പോഴേക്കും സുമയുടെ ക്ഷമ നശിക്കും.”മനുവേട്ടാ…വേണ്ട…നമുക്ക്അച്ഛനെ തൊട്ടുള്ള കളി വേണ്ട,നമ്മുടെ മകനെ തൊട്ടുതന്നെ കളിക്കാം”
“ഉം….അതെന്താ കേൾക്കട്ടേ…”മനോജ് ചോദിച്ചു
“കഴിഞ്ഞയാഴ്ച അവൻ അവൻറെ സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ,മനുവേട്ടൻ എന്താ അവനോട് പറഞ്ഞത്? ”
“എടീ…അത് പിന്നങ്ങനെ വേണ്ടേ?ക്ലാസ് കട്ട് ചെയ്ത് സിന്ദാബാദ് വിളിച്ച് നടന്നാൽ….”മനോജ് പതുക്ക പറഞ്ഞു.
“കുട്ടി നേതാക്കൻമാരല്ലേ ഭാവിയിൽ വലിയ നേതാക്കൻമാരാകുന്നത്?അവരുടെ പ്രസ്ഥാനത്തെ ആരാ മുന്നോട്ട് കൊണ്ടുപോകേണ്ടത്?”സുമയുടെ വാദം ശക്തമായിരുന്നു.
“എടീ നീ അവൻറമ്മ തന്നെയല്ലേ?”മനോജിന് ദേഷ്യം കലശലായി.
“ങ്ഹാ….കണ്ടോ കണ്ടോ….ഇതാണ് ഞാന്‍ പറയുന്ന അവസരവാദം .ഇതൊന്നും എനിക്ക് സുഖിക്കില്ല മനുവേട്ടാ….”സുമ തിരിച്ചടിച്ചു.
“നീ പ്രാക്ടിക്കലാകണം സുമേ,അതാ നിൻറെ കുഴപ്പം”മനോജ് അവളെ തണുപ്പിക്കാൻ ശ്രമിച്ചു.
“മനുവേട്ടാ…പാവപ്പെട്ടവൻറെ മക്കള് ക്ളാസിലിരിക്കാതെ പ്രസ്ഥാനത്തെ വളർത്താന്‍ മുന്നിട്ടിറങ്ങും.അവരുടെ അച്ഛനുമമ്മയ്കും ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്പെടുന്നതിനിടയിൽ മക്കൾ ക്ലാസിലിരിക്കുന്നോ പഠിക്കുന്നോ എന്നൊന്നും നോക്കാൻ സമയമില്ലല്ലോ.അല്ലെങ്കിലും ഒരുവിഭാഗം അങ്ങനെ വളരണമല്ലോ,അല്ലേ? ലോകം ഉള്ളിടത്തോളം ഉണ്ടാവും ഈ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം.നമ്മളായിട്ട് അതിന് അപവാദമാകരുതല്ലോ ,ല്ലേ മനുവേട്ടാ?”
“നിന്നോട് തർക്കിക്കാൻ ഞാനില്ല സുമേ”

മനോജിൻറെയും സുമയുടെയും രാഷ്ടീയചർച്ചകൾ എപ്പോഴും ഇങ്ങനെയാണ് അവസാനിക്കുക.
സുമ ചുമരിലെ ക്ലോക്കിലേക്ക് നോക്കി.മണി 11ആയല്ലോ.ചായക്കു മുൻപ് ഇത് തീർക്കാൻ പറ്റുമെന്ന് തോനുന്നില്ല.അറ്റൻഡർ രാജു ഒരു കുറിപ്പുമായെത്തി.”മാഡം, മാനേജർ തരാൻ പറഞ്ഞതാ”
സുമ കുറിപ്പ് വായിച്ചശേഷം വേസ്റ്റ് ബിന്നിലിട്ടു.HO വിലേക്ക് ഇന്നുതന്നെ മെയില് ചെയ്യാനുള്ള നിർദ്ദശമായിരുന്നു.വീണ്ടും കംപ്യൂട്ടറിലേക്ക് കണ്ണയക്കാനാരംഭിച്ചപ്പോഴാണ് സുമ ആ ശബ്ദം കേട്ടത്. “ആ ചായ കുടിക്കെടോ,അത് തണുത്തുപോകും”.എതിർവശത്തെ കസേരയിൽ നിന്നും പ്രദീപൻ സാറാണ്.ആ സൗമ്യശബ്ദത്തിന് തന്നോടുള്ള കരുതൽ പലപ്പോഴായി സുമ അറിഞ്ഞതാണ് .മേശപ്പുറത്തുള്ള ചായ കൈ നീട്ടി എടുക്കുന്നതിനിടയിൽ സുമ പ്രദീപിനെ നോക്കി ഒന്നു ചിരിച്ചു.അതേ നിമിഷം തന്നെ പ്രദീപൻ ആ കടം വീട്ടുകയും ചെയ്തു.’എന്തൊരു വശ്യതയാണ് ആ ചിരിക്ക്’.സുമ ആസ്വദിച്ചുകൊണ്ട് മനസിൽ പറഞ്ഞു.
അഞ്ചരയായപ്പോൾ സുമ കസേരയിൽ നിന്നെഴുന്നേറ്റു.താഴേക്കിറങ്ങാൻ തുടങ്ങുമ്പോൾ പ്രദീപൻസാറിൻറെ ശബ്ദം,”ദാ,ഇത് വച്ചോളൂ,തനിക്കിഷ്ടപ്പെടും.വായിച്ചിട്ട് തന്നാൽ മതി.ധൃതിയില്ല.ഓൺലൈനിൽ ഞാന്‍വാങ്ങിച്ചതാണ്.”തൻറെ നേർക്ക് നീട്ടിയ പുസ്തകം വാങ്ങിച്ച് സുമ കവറിലെ പേര് വായിച്ചു.’സമുദ്രശില.സുഭാഷ്ചന്ദ്രൻ’
സുമയുടെ വിടർന്ന കണ്ണുകളിൽ ഒരായിരം പൂത്തിരി കത്തി.നാളുകളായി മനസ്സിൽ കൊണ്ടു നടന്ന മോഹമായിരുന്നു ‘സമുദ്രശില’ വായിക്കണമെന്നത്.കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റിൻറെ ന്യൂസ്ചാനലിൽ’പെൺകാമനയുടെ സമുദ്രശിലകൾ’ എന്ന പരിപാടി കൂടി കണ്ടപ്പോൾ ,ഒരുമാസത്തിനുള്ളിലിത് വായിച്ചിരിക്കും എന്ന് മനസ്സിലുറപ്പിച്ചതാണ്.സുമ പുസ്തകം അവളറിയാതെ നെഞ്ചോടു ചേർത്തു.അവൾക്ക് പ്രദീപനെ വാരിപ്പുണർന്ന് ഉമ്മവയ്കാൻ തോന്നി.’സമൂഹം,സംസ്കാരം,പാതിവ്രത്യം….ഹോ…..നമ്മടെ ഒരു സ്വാതന്ത്ര്യം….എന്തൊരു വിശാലതയാണതിന്’ ആത്മഗതം ചെയ്തു സുമ.ആയിരം തവണ പ്രദീപനെ മനസ്സുകൊണ്ട് വാരിപ്പുണർന്ന് , ഒരു പുഞ്ചിരി സമ്മാനിച്ച് സുമ സ്കൂട്ടറിനടുത്തേക്ക് നടന്നു
നന്നായി എഴുതുന്ന കൂട്ടത്തിലാണ് പ്രദീപൻ.രണ്ടുമൂന്നു കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.മറ്റു ചില സാഹിത്യകാരിൽ നിന്നും വ്യത്യസ്തനായി,എഴുതുന്ന കഥകളിലെ നൻമകൾ ജീവിതത്തിൽ പകർത്തുന്ന വ്യക്തിയാണ് പ്രദീപൻ.തൊട്ടടുത്തുള്ള ഹൈസ്കൂളിലെ നിർധനരായ രണ്ടുകുട്ടികളെ പഠിപ്പിക്കുന്നത് പ്രദീപനാണ്.ആർക്കും,ആ കുട്ടികൾക്കുപോലും അറിയാത്ത ആ സത്കർമ്മം മനോജ് പറഞ്ഞാണ് സുമ അറിഞ്ഞത്.അത് അവളറിയാതെ അവളുടെ ഉള്ളിൽ ആ മനസിനോടുള്ള ആരാധന കൂട്ടിയിരുന്നു.
വീട്ടിലെത്തിയ ഉടനെ കുളി കഴിഞ്ഞ് അടുക്കളയിൽ കയറിയ സുമ അന്നത്തെ ജോലികളൊക്കെ വേഗത്തിലാക്കി.പ്രാതലിൻറെ ബാക്കി വന്ന പലഹാരവും കഴിച്ച് കളിക്കാൻ പോയതാണ് മക്കൾ രണ്ടുപേരും.കളികഴിഞ്ഞെത്തേണ്ട താമസം,രണ്ടുപേർക്കും ചായ വേണം.ചായ ഉണ്ടാക്കി ഒരു ഗ്ളാസ് സുമയും കുടിച്ച് മനോജിനുള്ളതടക്കം ഫ്ളാസ്കിൽ റെഡിയാക്കി.ചപ്പാത്തിക്ക് മാവ് കുഴച്ചു.കറിയും തയ്യാറാക്കിയശേഷം ദിവസങ്ങളായി കൊതിച്ചിരുന്ന തൻറെ വായന ആരംഭിച്ചു സുമ.ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ പുസ്തകം താഴെവച്ച് സുമ അടുക്കളയിലേക്ക് നടന്നു.ചപ്പാത്തി റെഡിയാക്കണം.
വായനയിലായതുകൊണ്ട് ഒന്നും അറിഞ്ഞതേയില്ല.മക്കളുടെ മുറിയിലേക്ക് എത്തിനോക്കി.രണ്ടുപേരും പഠിത്തത്തിലാണ്.കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.മനുവേട്ടൻ കുളിക്കുകയാണ്.’നേരത്തെ വന്നോ ആവോ!’
ചപ്പാത്തി പരത്തി ചുട്ടു കൊണ്ടിരിക്കെ മനോജ് അടുക്കളയിലെത്തി.”നേരത്തേ വന്നോ മനുവേട്ടാ?”സുമ ചപ്പാത്തി ചുടുന്നതിനിടയിലന്വേഷിച്ചു.
“ങ്ഹാ…..നിൻറെ വായനയെ ശല്യപ്പെടുത്തണ്ടാ എന്നുകരുതിയാ വിളിക്കാതിരുന്നത്.”പ്ളേറ്റുകൾ തുടച്ചുവയ്കുന്നതിനിടയിൽ മനോജ് പറഞ്ഞു.”അല്ലാ നിൻറെ കഥ യെഴുത്ത് എന്തായി?അന്നേ തുടങ്ങിയതാണല്ലോ?”
“സമയം കിട്ടണ്ടേ,മനുവേട്ടാ,സമയം കിട്ടുമ്പോൾ അതിൻറെ ഒരു മൂഡും വരുന്നില്ല”സുമ പറഞ്ഞു.”അങ്ങനെയാണേൽ നീ അത് പൂർത്തിയാക്കില്ല”
“പൂർത്തിയാക്കണം മനുവേട്ടാ,ഇന്നലെയും ആ ‘സർഗസപര്യ’യുടെ ഭാരവാഹി സോമൻ വന്ന് ഓർമ്മിപ്പിച്ചിരുന്നു.അവരുടെ മിനിക്കഥാമത്സരത്തിൻറെ കാര്യം”സുമയുടെ ദൃഢനിശ്ചയം ആ മുഖത്ത് പ്രകടമായി.
“ഓ…നിങ്ങടെ പ്രദീപൻസാറൊക്കയാ അതിൻറെ നേതൃനിരയിൽ അല്ലേ? താനെഴുതി അയക്കെടോ”മനോജ് പ്രോത്സാഹിപ്പിച്ചു.
‘സർഗസപര്യ’യുടെ പിന്നിലുണ്ടെന്നല്ലാതെ അതിൻറെ
പ്രവർത്തനങ്ങളെല്ലാം എറണാകുളത്താണെന്നാ പ്രദീപൻസാറ് പറഞ്ഞത്”അത്താഴം ഊൺമേശയിലെത്തിക്കുന്നതിനിടയിൽ സുമ വ്യക്തമാക്കി.
രാത്രിയിൽ ജനലഴികളിലൂടെ ഒഴുകിയെത്തുന്ന നിലാവിൻറ കുളിർമയിൽ,തൻറെ ദേഹത്ത് കിടക്കുന്ന മനോജിൻറെ കൈകളെ തലോടിക്കൊണ്ട് കിടന്നപ്പോഴും ആ കഥ എങ്ങനെ പൂർത്തിയാക്കുമെന്ന ചിന്തയിലായിരുന്നു സുമ.വായിച്ച് പൂർത്തിയാക്കാത്ത ‘സമുദ്രശില’യിലെ അനന്ത പദ്മനാഭൻ നീറുന്ന നോവായി അതിനിടയിലും അവളുടെ മനോമുകരത്തിലേക്ക് കടന്നുവന്നു.
കമ്പ്യൂട്ടറിൽ കണ്ണും നട്ടിരിക്കുന്നുണ്ടെങ്കിലും സുമയ്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.എതിർവശത്തുനിന്നും തൻറെ മുഖത്തേക്ക് ഇടക്കിടെ പാറിവീഴുന്ന കണ്ണുകൾ,അത് തനിക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന് സുമ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.സാറിന് പനിയാണെന്ന് രാജു സ്വീപ്പറോട് പറയുന്നത് കേട്ടു.’ഈശ്വരാ….മറ്റു വല്ല പനിയും ആയിരിക്കുമോ….ഒന്നും വരുത്തല്ലേ ദേവീ’
‘ഛെ…ഞാനെന്തിനാ ഇങ്ങനെ ആധി പിടിച്ച് ചിന്തിക്കുന്നത്?അദ്ദേഹത്തിൻറെ ഭാര്യയും മക്കളുമില്ലേ കാര്യങ്ങൾ നോക്കാൻ’സുമ അവളുടെ മനസ്സിനെ ഇരുത്തേണ്ടിടത്ത് പിടിച്ചിരുത്തി ജോലി തുടർന്നു.വൈകുന്നേരം വീട്ടിലെത്തിയപ്പോഴേക്കും മനുവേട്ടൻറെ വണ്ടി കിടപ്പുണ്ട്. ‘ഇതെന്താ,ഇന്ന് നേരത്തെയാണല്ലോ!’സുമ വേഗം അകത്തേക്ക് കയറി.മനോജ് ഡ്രസ് പെട്ടിയിലടുക്കുകയായിരുന്നു.സുമ ആശ്ചര്യത്തോടെ ചോദിച്ചു,”എന്താ മനുവേട്ടാ,എവിടേക്കാ യാത്ര?”
“ങ്ഹാ…നീ വന്നോ,ഞാൻ വിളിക്കാനിരിക്കുകയായിരുന്നു.എടോ എനിക്ക് തിരുവനന്തപുരം വരെ പോകണം.ശനിയാഴ്ച മടക്കം.സംഘടനയുടെ സമ്മേളനമാണ്.”മനോജ് ജോലി തുടർന്നുകൊണ്ട് പറഞ്ഞു.അത്ഭുതത്തോടെ സുമ വീണ്ടും ചോദിച്ചു”ഇത് നേരത്തേ അറിയാൻ പാടില്ലേ മനുവേട്ടന്?”
“ബാബുമാഷാണ് പോകാനിരുന്നത്.അദ്ദേഹത്തിൻറെ ഭാര്യ പെട്ടെന്ന് ഹോസ്പിറ്റലൈസ്ഡായി”കുളിമുറിയിലേക്ക് കയറുന്നതിനിടയിൽ മനോജ് പറഞ്ഞു.
പിറ്റേദിവസം സുമ നേരത്തേയിറങ്ങി.
.മനോജില്ലെങ്കിലങ്ങനെയാണ്.എതിർകസേരയിലിന്നും ആളില്ല.എന്തോ ഒരു നഷ്ടബോധം സുമയെ പിടികൂടി.യാന്തീകമായി ജോലികളോരോന്നും തീർത്തു.അഞ്ചുമണിയായപ്പോളിറങ്ങി.സ്കൂട്ടി സ്റ്റാർട്ടാക്കാൻ തുടങ്ങിയപ്പോഴാണ് സുമ ചിന്തിച്ചത്. ‘ഒന്നു പോയി കണ്ടാലോ,സാറിനെ,വേണം കാണണം കവലയിലെ ഇടത്തോട്ടുള്ള റോഡാണെന്നറിയാം.ആരോടെങ്കിലും ചോദിക്കാം.
ഗേറ്റ് തുറക്കുന്നതിനിടയിൽ സുമയുടെ മനസ്സ് മന്ത്രിച്ചു, ‘ഛെ…വേണ്ടായിരുന്നു,ആരെയെങ്കിലും കൂടി വിളിക്കാമായിരുന്നു’
“ആരാ?”സുമ ചോദ്യത്തിൻറെ ഉറവിടം കണ്ടെത്തി.പൈപ്പ് ഓഫ് ചെയ്ത് കൈ നൈറ്റിയിൽ തുടച്ചുകൊണ്ട് വെളുത്ത് മെലിഞ്ഞ സുന്ദരിയായ ഒരു യുവതി ചിരിച്ചുകൊണ്ട് സുമയുടെ നേർക്ക് വന്നു.”എന്തു വേണം?”അവൾ ചോദിച്ചു.നിരയൊത്ത പല്ലുകൾക്ക് കണ്ണുതട്ടാതിരിക്കാനെന്ന പോലേ മുൻനിരയിലെ ആ വിടവ് അവരുടെ ചിരി ഒന്നുകൂടി ഭംഗിയാക്കുന്നുണ്ട്.
“ഞാൻ പ്രദീപ്സാറിനൊപ്പം ജോലി ചെയ്യുന്നതാ,സുമ.സാറിനെങ്ങനെയുണ്ട്?”
“അയ്യോ…അതെയോ,അകത്തു കയറ്.പ്രദിയേട്ടൻ അകത്തുണ്ട്.”വെപ്രാളത്തോടെ അവർ പറഞ്ഞു.സ്വീകരണമുറിയുടെ തൊട്ടടുത്തുള്ള മുറിയിലേക്ക് അവർ സുമയെ കൊണ്ടുപോയി.സാറ് ഗഹനമായ വായനയിലാണ്.മുറിയിലേക്ക് രണ്ടുപേർ കയറിവന്നതൊന്നും അദ്ദേഹം അറിഞ്ഞില്ല.”ഇരിക്കൂ”,തൊട്ടടുത്ത കസേരയിലേക്ക് ചൂണ്ടി സാറിൻറെ ഭാര്യ പറഞ്ഞു.ശബ്ദം കേട്ട് അദ്ദേഹം പുസ്തകത്തിൽ നിന്നും മുഖമുയർത്തി.സുമയെ കണ്ടതും വിശ്വസിക്കാനാവാതെ ,ഒരുനിമിഷം സംസാരശേഷി ഇല്ലാതായ പോലെ തരിച്ചിരുന്നുപോയി പ്രദീപൻ.അപ്പോഴേക്കും സാറിൻറെ ഭാര്യ മുറിവിട്ടു പോയിരുന്നു.”താനൊറ്റയ്ക്……വീടെങ്ങനെ കണ്ടുപിടിച്ചു?”സാറിൻറെ ശബ്ദത്തിന് വല്ലാത്തൊരു വിറയൽ
“കവലയിൽ നിന്ന് അന്വേഷിച്ചു.കൃത്യമായി ഇവിടെത്തി.”
അപ്പോഴേക്കും സാറിൻറ ഭാര്യ ചായയുമായെത്തി,ഒപ്പം മകളും.”ഇത് കവിത,ൻറെ ഭാര്യ.അത് മകൾ പ്രിയ.”ശേഷം അവരോടായി സാറ് പറഞ്ഞു,”ഇത് എൻറെ കൂടെ ജോലിചെയ്യുന്ന സുമ,നല്ല വായനക്കാരിയാണ്,നന്നായെഴുതുകയും ചെയ്യും”രണ്ടുപേരും കണ്ണിമ ചിമ്മാതെ സുമയെ തന്നെ നോക്കുന്നുണ്ടായിരുന്നു.
യാത്ര പറഞ്ഞിറങ്ങിയപ്പോൾ സുമയുടെ മനസ്സിന് വല്ലാത്ത കുളിർമ.സായാഹ്നസൂര്യൻ ആകാശത്തെ മുത്തിച്ചുവപ്പിച്ചുകൊണ്ടിരുന്നു.അവൾ പതുക്കെയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്.വഴിനീളെ ഇളംതെന്നൽ അവളെ തഴുകിക്കൊണ്ടിരുന്നു.റോഡിനു കുറുകെ ഓടാൻ തയ്യാറായി നിന്ന കണ്ടൻപൂച്ച അവൻറെ ഓട്ടത്തിന് തത്കാല അവധി കൊടുത്ത് ഉണ്ടക്കണ്ണും മിഴിച്ച് സുമയെ തന്നെ നോക്കിനിന്നു.
മനോജ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ‘സമുദ്രശില’ വായിച്ചുതീർത്തു സുമ.ദിവസങ്ങളോളം ,പാതിരാത്രിയിൽ ഉറക്കം ഞെട്ടുന്നതും ജനാലയിലൂടെ അനന്തപദ്മനാഭൻറെ കരച്ചിൽ കേൾക്കുന്നതുമൊക്കെ സുമയുടെ പതിവായിരുന്നു.അത്രമാത്രം ആ നോവൽ അവളെ സ്വാധീനിച്ചിരുന്നു.പ്രദീപൻ സാറുമായി അവളത് പങ്കുവച്ചു.”എഴുത്തിൻറെ ശക്തി നിസ്സാരമല്ല,അല്ലേ സാറേ?”പുസ്തകം തിരികെ കൊടുത്തുകൊണ്ട് സുമ പറഞ്ഞു”. “അക്ഷരങ്ങൾ അഗ്നിയാണെന്ന് താൻ കേട്ടിട്ടില്ലെടോ?”പ്രദീപൻ ചോദിച്ചു.
അന്ന് സന്ധ്യക്ക് പ്രദീപൻ സുമയെ വിളിച്ച് ആ സന്തോഷവാർത്ത അറിയിച്ചു.കഥാമത്സരത്തിലെ മികച്ച പത്തുകഥകളിലൊന്ന് സുമയുടെ കഥയാണ്.പത്തുകഥാകൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വരുന്ന ആറാംതീയ്യതി എറണാകുളത്തു വച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്നു.”മാഡം,ചെലവുണ്ടേ..പിറ്റേന്ന് സുമയെ കണ്ടയുടനെ രാജു പറഞ്ഞു.”ആയ്കോട്ടേ,രാജൂ…എന്താ വേണ്ടേന്ന് വച്ചാ നീ ചെയ്തോ”എല്ലാം ആസ്വദിച്ച് നിൽക്കുന്ന പ്രദീപനെ നോക്കി സുമയൊന്ന് ചിരിച്ചു.”മനോജ്സാറ് ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു.തന്നോട് പറഞ്ഞിട്ടുണ്ടാവും അല്ലേ?”പ്രദീപൻ ചോദിച്ചു.”ഉവ്വ്”സുമ പെട്ടെന്ന് പറഞ്ഞു. ‘മനുവേട്ടനോട് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്,ഇതു പോലുള്ള മറവികൾ നന്നല്ലെന്ന്,എപ്പോഴാണോ ആവോ വിളിച്ചത്! വീട്ടിലെത്തട്ടെ’
വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ സുമയുടെ മനസ്സ് ഒരു തൂവൽ പോലെ പറന്നുയരുകയായിരുന്നു.വഴിയരികിലെ ചെടികളും മരങ്ങളും ഇന്നവളുടെ വരവ് കാത്തിരിക്കുകയാണ്. ‘എഴുതണം.തോനുന്നതെല്ലാം ഇനിയും എഴുതണം.സമയം കണ്ടെത്തണം’
“നാളെയല്ലേ പോകേണ്ടത്.പ്രദീപൻസാറിനെ വിളിച്ചിരുന്നു ഞാന്‍.അയാൾക്കെന്തായാലും വരണമല്ലോ.ടിക്കറ്റും കാര്യങ്ങളുമൊക്കെ ആ സമിതിക്കാരാ നോക്കുന്നതെന്ന് പറഞ്ഞിരുന്നു.സ്റ്റേഷനിലേക്ക് ഞാന്‍ വരാം”കിടക്കാൻ നേരത്ത് മനോജ് പറഞ്ഞു. “മനുവേട്ടാ ,ഞാനെന്താ ഉണ്ടാക്കി വെക്കേണ്ടത്? ഭക്ഷണകാര്യം ഓർത്ത് എനിക്കൊരു സമാധാനക്കേട്” സുമ പറഞ്ഞു. “ഒരു ദിവസത്തെ കാര്യല്ലേ…അഡ്ജസ്റ്റ് ചെയ്യാന്നേ” മനോജിൻറെ മറുപടി സുമയ്ക് ഒരല്പാശ്വാസം പകരാതിരുന്നില്ല.
സ്റ്റേഷനിലെത്തിയപ്പോഴേക്കും സാറവിടെയുണ്ട്. “വണ്ടി വരാൻ നിൽക്കുന്നില്ല.വീട്ടിൽ കുട്ടികൾ മാത്രമേയുള്ളൂ” പ്രദീപിൻറെ കൈപിടിച്ചുകുലുക്കി മനോജ് മടങ്ങി.യാത്രയിലുടനീളം സുമയും പ്രദീപനും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.കഥകൾ,കവിതകൾ,സിനിമ..അങ്ങനെ നിരവധി…സുമ തീർത്തും മറ്റൊരു ലോകത്തിലായി.ആകാശത്തെ ചന്ദ്രനും നക്ഷത്രങ്ങളും വെളിച്ചം വാരിവിതറി അവർക്കൊപ്പം ചേർന്നു.വിവാഹശേഷം മനോജ് ഒപ്പമില്ലാത്ത യാത്ര! തുടക്കത്തിൽ തോന്നിയ അസ്വസ്ഥതകളൊന്നും സുമയ്ക് ഇപ്പോഴില്ല.ഇടയ്കെപ്പഴോ ഒന്ന് കണ്ണടച്ചു.
“സുമേ…എടോ എഴുന്നേൽക്ക്,അടുത്തത് എറണാകുളമാണ്” ദേഹത്ത് പതുക്കെ യുള്ള തട്ടലറിഞ്ഞതും സുമ ഉണർന്നു.സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് സമിതിക്കാരേർപ്പാടാക്കിയ താമസസ്ഥലത്തെത്തി. “മൊബൈലിൽ സമയം നോക്കി പ്രദീപൻ പറഞ്ഞു. “സുമേ…രാവിലെ 10.30 എങ്കിലും ആകും പരിപാടി തുടങ്ങാൻ.ഇപ്പോൾ രണ്ടര.നമുക്ക് ഉറങ്ങാനുള്ള സമയമുണ്ട്.രണ്ടു മുറി വേണോ?താനൊറ്റയ്ക്…..”
“വേണ്ട സാർ,ബെഡ് കാണുമല്ലോ,ഒരു മുറി മതി” സുമ പറഞ്ഞു.അടുത്തു കണ്ട സോഫയിൽ,സുമയോട് ഇരിക്കാൻ പറഞ്ഞ് പ്രദീപൻ പുറത്തേക്കിറങ്ങി.തിരിച്ചുവന്നത് ആവിപറക്കുന്ന രണ്ടു ചായയുമായി.സുമ മനസ്സിൽ കരുതിയതേയുള്ളൂ ‘ഒരു ചായ കിട്ടിയിരുന്നെങ്കിൽ നന്നായേനെ’ എന്ന്. നിമിഷനേരം കൊണ്ട് ഗ്ലാസ് കാലിയായി. മുറിയിലെത്തിയ ഉടനെ സുമ കുളിക്കാൻ കയറി.കുളിച്ചു വരുമ്പോൾ കണ്ടത് കാര്യമായി എഴുതുന്ന പ്രദീപിനെയാണ്.നീണ്ട വിരലുകളിൽ നിന്ന് കടലാസിലേക്ക് ഊർന്നുവീഴുന്ന അക്ഷരങ്ങൾ,മനോഹരങ്ങളാണവ! കമ്പ്യൂട്ടർലോകം ഇവയൊക്കെ അദൃശ്യമാക്കുന്നുണ്ടെന്ന് സുമയ്ക് തോന്നി. അല്ലെങ്കിൽ ഇത്രയും കാലം ഒരുമിച്ച് ജോലി ചെയ്തിട്ടും സാറിൻറെ ഭംഗിയുള്ള കൈപ്പട തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ!സുമ വിചാരിച്ചു.”നാളത്തെ പ്രോഗ്രാം ചാർട്ടാ,ഇനി ഞാനുമൊന്ന് കുളിക്കാം,താൻ കിടന്നൊ,ഉറക്കം കളയണ്ട”അതും പറഞ്ഞ് പ്രദീപൻ കുളിക്കാൻ കയറി.അസമയമായതുകൊണ്ടാവാം ഉറക്കം എങ്ങോ പോയൊളിച്ചിരുന്നു.എങ്കിലും സുമ വെറുതേ കിടക്കയിൽ കണ്ണടച്ച് കിടന്നു.അല്പസമയം കഴിഞ്ഞ് കൺതുറന്ന് നോക്കിയപ്പോൾതൊട്ടടുത്തുള്ള കിടക്കയിൽ അവളെത്തന്നെ നോക്കിയിരിക്കുന്ന പ്രദീപൻ ,വശ്യമായ ആ പുഞ്ചിരിയോടെ!”സാറെന്താ,കിടന്നില്ലേ?”സുമ എഴുന്നേറ്റിരുന്നുകൊണ്ട് ചോദിച്ചു.
“ഇല്ലെടോ,ഉറക്കം വന്നില്ല”കിടക്കയിൽ നിന്ന് എഴുന്നേറ്റ്‌ സുമയുടെ അടുത്ത് വന്നിരുന്നുകൊണ്ട് പ്രദീപൻ പറഞ്ഞു.സുമയുടെ കൈകൾ തൻറെ രണ്ടു കൈകൾകൊണ്ടും ചേർത്തുപിടിച്ചുകൊണ്ട് പ്രദീപൻ പറഞ്ഞു, “തൻറെസംസാരം,തൻറെ സാമീപ്യം ഇതൊക്കെ ഞാനോരുപാട് ആസ്വദിക്കാറുണ്ടെടോ”
ആ നിമിഷം സുമ പ്രതികരണശേഷി നഷ്ടപ്പെട്ടവളെ പോലെയായി.അവൾക്ക് ശരീരമാകെ ഒരു വിറയലനുഭവപ്പെട്ടു.തൻറെ കൈകളെ ചേർത്തുപിടിച്ചിരിക്കുന്ന തനിക്ക് പ്രിയപ്പെട്ട ആ കൈകളിലേക്ക് അവളൊന്ന് നോക്കി.പിന്നെ ആ കണ്ണുകൾ ധൈര്യം സംഭരിച്ച് തന്നോട് ചേർന്നിരിക്കുന്ന തനിക്കേറെ ഇഷ്ടമുള്ള പ്രദീപൻ സാറിൻറെ മുഖത്തിനു നേരെ കൊണ്ടുവന്നു.ആ കണ്ണുകളിലേക്ക് അവൾ നോക്കി.പരിശുദ്ധമായ കളങ്കമില്ലാത്ത നിർമ്മലസ്നേഹത്തിൻറെ പാരിജാതപ്പൂക്കൾ പൂത്തുലയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ! അപ്പോഴും വശ്യമായ ആ പുഞ്ചിരി ആ ചുണ്ടിലുണ്ട്.പെട്ടെന്നവൾ പറഞ്ഞു.”ഞാനും സാർ,സാറിൻറെ എഴുത്തും പ്രവൃത്തിയും സംസാരവുംസാമീപ്യവുമെല്ലാം എൻറെയും ജീവിതത്തിൻറെ പ്രതീക്ഷകളാണ് .എനിക്ക് ഒരുപാട് ഇഷ്ടമാണതെല്ലാം.അവയെല്ലാം എൻറെ ജീവിതത്തിൻറെ നിറങ്ങളാണ് . സുമ തൻറ വലതുകൈ പ്രദീപിൻറെ കൈകളിൽ നിന്നും പതുക്കെ വലിച്ച് അദ്ദേഹത്തിൻറെ കൈക്ക് മുകളിൽ വച്ചുകൊണ്ട് തുടർന്നു.”പക്ഷേഇപ്പോഴെൻറെ മനസ്സിലേക്കോടിയെത്തുന്നത് രണ്ടു മുഖങ്ങളാണ് സാർ.സാറിൻറെ പ്രിയപ്പെട്ട പ്രിയയും സാറിൻറെ കവിതയും”പ്രദീപൻ മെല്ലെ സുമയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു.ആ കൈകളിലെ പിടുത്തം ഒന്നുകൂടി ദൃഢമാക്കിയശേഷം പറഞ്ഞു. “നീ ,നിൻറെ സ്നേഹം,എല്ലാം പവിത്രമാണ്.നീ ആണ് യഥാർത്ഥ സ്ത്രീ.നീ ……എൻറെ മനസ്സിൽ നിൻറെ സ്ഥാനം വാനോളം ഉയർന്നിരിക്കുന്നു,സുമാ….ഞാൻ….എനിക്ക്…..”
സുമ കൈ വിടുവിച്ച് പതുക്കെ അവളുടെ കിടക്കയിലിരുന്നു.എതിർവശത്തെ കിടക്കയിൽ പ്രദീപും.”സാറിൻറെ വാക്കുകൾ ഞാന്‍ ഹൃദയത്തിൽ സൂക്ഷിക്കുന്നു.നമുക്കിനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.എഴുത്തിൻറ വിശാലമായ ലോകം സാറിനെ കാത്തിരിപ്പുണ്ട്.ഈ രാത്രി അവയ്ക്കൊന്നിനും തടസ്സമാകരുത്.സാറ് കിടന്നോളൂ” സുമ അവളുടെ കിടക്കയിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു.കണ്ണുകളടയുന്നതിനിടയിൽ പ്രദിപൻറെ ചോദ്യം പതുക്കെയായിരുന്നു.”താനെന്നെ ഒരല്പമെങ്കിലും തെറ്റിദ്ധരിച്ചില്ലെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?”
“എല്ലാ വിശുദ്ധിയോടെയും ഇപ്പോഴുമെപ്പോഴും സാറെൻറെ മനസ്സിലുണ്ടാകും.ഉറപ്പ്.”സുമ പറഞ്ഞു.

കുളി കഴിഞ്ഞ് ഒരുക്കം തീർന്നിട്ടും എഴുന്നേൽക്കുന്നതു കാണാഞ്ഞ് സുമ പ്രദീപനെ തട്ടി വിളിച്ചു.”താൻ കൊള്ളാല്ലോ,ഒരുക്കവും കഴിഞ്ഞോ?”പ്രദീപൻ അദ്ഭുതത്തോടെ ചോദിച്ചു.കുളികഴിഞ്ഞ് മുറി വിട്ടിറങ്ങുമ്പോൾ പ്രദീപൻ ചോദിച്ചു.”അനുമോദനത്തിനുശേഷം മറുപടിയായി താൻ രണ്ടുവാക്ക് സംസാരിക്കില്ലേ? “അതുവേണോ,പത്തുപേരില്ലേ?മറ്റാരെങ്കിലും?”സുമ സംശയിച്ചുകൊണ്ട് പറഞ്ഞു.
“എല്ലാവരും ഇതായിരിക്കും പറയുന്നതെങ്കിലോ?”പ്രദീപൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അങ്ങനെയാണേൽ ഒരുകൈനോക്കാം”സുമ തല അല്പം ഉയർത്തിക്കൊണ്ട് പറഞ്ഞു.തൻറെ വലതുകൈ സുമയുടെ നേർക്ക് നീട്ടിക്കൊണ്ട് പ്രദീപൻ പറഞ്ഞു.”കൊട് കൈ,അതാണ്.എനിക്ക് അഭിമാനം തോന്നുന്നെടോ”
പരിപാടിയൊക്കെ ഭംഗിയായി.പ്രമുഖരെല്ലാം കഥകളെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.മികച്ച പത്തുകഥകളിൽ രണ്ടെണ്ണം മാത്രമേ സ്ത്രീകളുടേതായുണ്ടായിരുന്നുള്ളൂ.സുമയുടെ കഥ ‘നോട്ടം’സ്ത്രീപക്ഷകഥകളിൽ ശ്രദ്ധേയമാകുമെന്നതിൽ യാതൊരു സംശയവുമില്ല എന്ന് സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ അംഗീകരിച്ചപ്പോൾ വേദിക്ക് പിറകിലായി നിന്ന പ്രദീപനെ സുമ ഒന്ന് നോക്കി.ആ മുഖത്ത് ആഹ്ലാദത്തിൻറെ വേലിയേറ്റം പ്രകടമായിരുന്നു.
മടക്കയാത്ര സുഖകരമായിരുന്നു,ഫാനിൻറെ ചൂടുകാറ്റൊഴികെ.ഇന്നലെ ഏസി യിലായതുകൊണ്ട് ചൂടറിഞ്ഞതേയില്ല .മടക്കയാത്രയിൽ പ്രധാനചർച്ച ‘പെണ്ണെഴുത്തിനെ’കുറിച്ചായിരുന്നുഎഴുത്തിന് അങ്ങനെയൊരു വേർതിരിവ് ആവശ്യമില്ല എന്നാണ് സുമയുടെ പക്ഷം.ആരെഴുതുന്നു എന്നത് രണ്ടാമത്തെ കാര്യം.എന്തെഴുതുന്നു എന്നതാണ് പ്രധാനം.സ്ത്രീകൾക്ക്,പക്ഷേ ,ഈ രംഗത്ത് വെല്ലുവിളികൾ നിരവധിയാണ്.അവർക്ക് ജീവിതത്തിൽ ഒരു രംഗത്തുതന്നെ നിരവധി റോളുകൾ ഒരുമിച്ചാടേണ്ട അവസ്ഥയാണ്.അപ്പേൾ ചിലറോളുകൾക്ക് ചാരുത നഷ്ടമാകുന്നു.ഇങ്ങനെ സുമയുടെ സംസാരം ആസ്വദിച്ചുൾക്കൊണ്ട പ്രദീപൻ സുമയിലെ യഥാർത്ഥ സ്ത്രീയെ തിരിച്ചറിയുകയായിരുന്നു.അവൾ പ്രദീപനെന്ന സുഹൃത്തിനെയും

ജനൽചില്ലിലൂടെ വെയിൽ ചൂടടിച്ചപ്പോൾ സുമയുടെ മുഖം ഒന്നുകൂടി ചുവന്നുതുടുത്തു.മനസ്സും.നിറമുള്ള ചിന്തകൾ ! അവളുടെ അക്ഷരങ്ങളിലേക്ക് അവ നിറങ്ങൾ വാരിവിതറി.അവ കഥകളായി….കവിതകളായി…..പിറന്നുകൊണ്ടേയിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here