റോയി മുറി പൂട്ടി പുറത്തുവന്നു.
“പ്രകാശ് ആദ്യം നമ്മള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം“
അവര്‍ റോഡിലേക്കിറങ്ങി
“ഒരു ചായകുടിച്ചാലോ റോയി“
‘ആവാം‘
തിരക്കേറിയ റോഡ് മുറിച്ചുകടന്ന് അവര്‍ നേരേ എതിര്‍വശത്തെ ഇന്‍ഡ്യന്‍ കോഫീ ഹൗസിലേക്ക് കയറി.
ജനാലയ്ക്കരുകിലിരുന്ന് ചൂടുചായ കുടിച്ചുകൊണ്ട് പ്രകാശ് റോഡിലേക്ക് നോട്ടമയച്ചു. സമയം ആറര കഴിഞ്ഞിരിക്കുന്നു. ഇരുള്‍ പടരാന്‍ വെമ്പിനില്‍ക്കുന്നു. റോഡില്‍ അധികവും അന്നത്തെ അദ്വാനത്തിന്റെ കൂലി വാങ്ങി ക്ഷീണത്തോടെ ഏതോ ഷെല്‍ട്ടറിലേക്ക് പോകാന്‍ നില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. ചിലര്‍ വഴിയില്‍ മടിച്ചുനില്‍ക്കുന്ന കറുത്ത പെണ്ണുങ്ങളേട് ചിരിച്ചുകൊണ്ട് എന്തോ പേശുന്നു. കാതങ്ങള്‍ അകലെ നിന്നും സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടേയും വലകള്‍ നെയ്യാന്‍ എത്തിയവര്‍, മുഷിഞ്ഞ വേഷം, കുളി കുറവെന്നു തോന്നും
ചായ കഴിച്ച് പുറത്തിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്ക് നടപ്പ് തുടങ്ങി. ഒരു കിലോമീറ്ററോളം നടക്കണം. ആകാശത്തില്‍ ഇരുളിന്റെ പാളികള്‍ വിതറി രജനിയുടെ തേര് ചലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചേക്കേറാന്‍ തിടുക്കം കാട്ടുന്ന പക്ഷികളെപ്പോലെ ഏതോ ചേക്ക് തേടിപ്പായുന്ന സ്വകാര്യ ബസ്സുകള്‍.
അവര്‍ ഗാന്ധി വളയം പിന്നിട്ട് മുന്നോട്ട് നടന്നു. വഴിയില്‍ അടച്ചുകിടക്കുന്ന കടയുടെ തിണ്ണയില്‍ തുണിപ്പൊതി തലയിണയായി വച്ച് മയങ്ങുന്ന അന്യസ്സ്ഥാനക്കാരന്‍, സ്വപ്നങ്ങളുടെ ഭാരം താങ്ങാന്‍ കരുത്തില്ലാഞ്ഞിട്ടാവാം. അടുത്തുള്ള ബീവറേജ് കോര്‍പ്പറേഷന്‍ ഷോറുമില്‍ നല്ല തിരക്ക്, അച്ചടക്കത്തോടെ ക്യുവില്‍ ഊഴം കാത്തുനില്‍ക്കുന്ന കുടിയന്‍മാര്‍. ജാതി മത വര്‍ഗ്ഗഭേദമില്ലാത്ത യഥാര്‍ഥ സോഷ്യലിസം നിലകൊള്ളുന്ന ഏകയിടമാണതെന്നു തോന്നും.
വഴിയരുകില്‍ പടങ്ങള്‍ വില്‍ക്കുന്നയാള്‍ അവ അടുക്കി മടങ്ങാന്‍ തുടങ്ങുന്നു. അടുക്കുന്ന ചിത്രങ്ങളിലേക്ക് പ്രകാശ് കണ്ണോടിച്ചു. ക്രിസ്തുവും, കൃഷ്ണനുമെല്ലാം ഒറ്റ കെട്ടില്‍. പ്രകാശ് റോയിയുടെ നേരെ നോക്കി.
‘ ഏറ്റവും വലിയ മതേതര കൂട്ടായ്മ ഈ കെട്ടിലാണല്ലേ? ‘ റോയി ചോദിച്ചു.
ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു
‘ഇവിടെ ഇവര്‍ക്ക് ശ്രീകോവിലില്ല സാറന്‍മാരെ എന്റെ ഹൃദയത്തിലിരിക്കുന്നു,എനിക്ക് അന്നം തരുന്നവര്‍‘
പിന്നേയും മുന്നോട്ട്.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലെത്തിയപ്പോള്‍ സജിത്ത് നടന്നു വരുന്നത് കണ്ടു
‘ഓഫീസില്‍ നല്ല തിരക്കായിരുന്നു‘ സജീത്ത്
‘നിങ്ങള്‍ ചായകുടിച്ചോ?’
അവര്‍ തലയാട്ടി.
വാതുക്കലുള്ള അസ്സനാരുടെ കടയില്‍ ഒരു ചായയും തരി ഉണ്ടയും ഓര്‍ഡര്‍ ചെയ്ത് അവര്‍ കാത്തു നിന്നു.
റോഡിന് എതിര്‍ വശത്തുള്ള കസബ പോലീസ് സ്റ്റേഷനിലേക്ക് പ്രകാശ് കണ്ണോടിച്ചു. സുന്ദരിയായ ഒരു വനിതാ പോലീസുകാരി പാറാവു ഡ്യൂട്ടിക്ക് നില്‍ക്കുന്നു. ആ മുഖത്ത് ഒരു നിമിഷം ദൃഷ്ടിയുറച്ചു, പരിചയമുള്ള ഏതോ മുഖത്തിന് സാമ്യം.അവരും അയാളെ ശ്രദ്ധിച്ചു. ഒരു ജീപ്പ് വന്നു നിന്നു , ദൃഷ്ടി പിന്‍ വലിച്ച് വീണ്ടും മുന്നോട്ട്.
പോലീസ് പരേഡ് മൈതാനത്തിന് മുന്നിലെത്തിയപ്പോള്‍ ഏതോ കായികമേളക്കായി ഗ്രണ്ടില്‍ കുറേപ്പേര്‍ വരയ്ക്കുന്നതുകണ്ട് ആ മൂവ്വര്‍ സംഘം അങ്ങോട്ടു കയറിച്ചെന്നു. നല്ല തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയിരിക്കുന്നു. ആകാശത്തില്‍ അങ്ങിങ്ങായി കണ്ടിരുന്ന ചുവന്ന മേഘപാളികള്‍ അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു കഴിഞ്ഞു. വശങ്ങളിലെ ഉറക്കം തൂങ്ങി മരങ്ങളുടെ ഇലകള്‍ മിഴികള്‍ പൂട്ടിയിരുന്നതാണ്, അവയിപ്പോള്‍ തണുത്തകാറ്റില്‍ താളം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മരങ്ങളില്‍ ചേക്കേറിയ കിളികളുടെ കലപിലകള്‍. തെരുവില്‍ തെളിഞ്ഞ വിളക്കുകളുടെ വെളിച്ചം ഗ്രണ്ടില്‍ വൃക്ഷങ്ങളുടെ ഭീമാകാരന്‍ നിഴലുകള്‍ വീഴ്ത്തിയിരിക്കുന്നു. വിചിത്ര സൃഷ്ടികള്‍ മൈതാനത്ത് ദൃശ്യമായി. റോയി ഒരുപിടി മണ്ണ് വാരിയെടുത്തു പറഞ്ഞു.
‘അനേകം യുവതിയുവാക്കളുടെ വിയര്‍പ്പ് ഏറ്റുവാങ്ങിയ മണ്ണാണിത്‘
‘അനേകം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ മണ്ണും‘ പ്രകാശ് പറഞ്ഞു.
‘എന്താ രണ്ടാളും സാഹിത്യ മൂടിലാണല്ലോ?’
‘സജീ മോന്റെ പനിയെന്തായി‘
‘കുറവുണ്ടെന്ന് വീണ വിളിച്ചിരുന്നു ‘
റിസര്‍വ്വേഷന്‍ കൗണ്ടറില്‍ നല്ല തിരക്ക്. പൂജാ അവധി ആരംഭിക്കയല്ലേ. പ്രതീക്ഷകളോടെ ഉറ്റവരേയും ഉടയവരേയും തേടി ചക്രവാളം മുതല്‍ ചക്രവാളം വരെ നീണ്ടു കിടക്കുന്ന പാളങ്ങളിലെ രഥങ്ങളില്‍ ഏറി അകലങ്ങളിലേക്ക് പായാന്‍ വെമ്പി നില്‍ക്കുന്നവര്‍. ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ നോക്കുന്ന കിയോസ്കുകള്‍ക്കു മുന്നില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ തിരക്ക്. വിദ്യാലയങ്ങളില്‍ അവധിക്കാലം തുടങ്ങിയാല്‍ പിരിയേണ്ടിവരുന്ന കമിതാക്കള്‍ ടിക്കറ്റുമായി സൊറപറഞ്ഞിരിക്കുന്നു.
പ്ളാറ്റുഫോമിലേക്ക് അവര്‍ കയറി. വീടണയാന്‍ വെമ്പലോടെ കാത്തുനില്‍ക്കുന്നവര്‍, ദൂരയാത്രയ്ക്കുമുന്‍പ് ഉറ്റവരോട് കുശലം പറയുന്നവര്‍, ട്രെയിന്‍ വരുന്നതുവരെ പുസ്തകങ്ങളില്‍ ഊളിയിടുന്നവര്‍, തിരക്കിട്ട് ഭക്ഷണം കഴിക്കുന്നവര്‍ ,ടിക്കറ്റിനു പോയ ബന്ധുവിനെ കാത്തുനില്‍ക്കുന്നവര്‍ ,യാത്രകഴിഞ്ഞ് ബന്ധുക്കള്‍ക്കായി പരതുന്നവര്‍, അവര്‍ക്കിടയില്‍ മിച്ചമുള്ള കാപ്പിയും ചായയും വിറ്റ് തീര്‍ക്കാന്‍ ഏത്തുന്ന കച്ചവടക്കാര്‍.ഒരു കാല്‍ മുട്ടൊപ്പം വച്ച് മുറിച്ചുമാറ്റിയ ഒരാള്‍ ഊന്നുവടിയുടെ സഹായത്തോടെ അടുത്തുകൂടെ വേഗത്തിൽ നീങ്ങുന്നു. പുറകെ വിലങ്ങ് കയ്യില്‍പിടിച്ച് രണ്ട് പോലീസുകാരും. അവര്‍ പരസ്പരം നോക്കി. ഒരു കോണില്‍ ഒരു സ്ത്രീയും പുരുഷനും, അയാളുടെ വസ്ത്രത്തില്‍ മുറുകെ പിടിച്ച് ആ സുരക്ഷിതത്വത്തിലുറങ്ങുകയാണവര്‍. അടുത്ത് ഒരു കിറ്റ് നിറയെ സവാള തുറന്നിരിക്കുന്നു.
ഒരു ട്രെയിന്‍ പ്ളാറ്റുഫോമിലേക്ക് വന്നു നിന്നു. യാത്രക്കാര്‍ ഇറങ്ങുന്നു, കയറാനുള്ളവര്‍ ഇരച്ചുകയറാന്‍ ശ്രമം നടത്തുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങി, തുടര്‍ന്ന് ഒരലര്‍ച്ചയും, പുറകെ ഹുങ്കാര ശബ്ദവും. ട്രെയിന്‍ ഞരങ്ങിക്കൊണ്ട് നീശ്ചലമായി. പുറകിലെ ബോഗിയുടെ ഭാഗത്തേക്ക് ആളുകള്‍ തിരക്കിട്ട് നീങ്ങുന്നു. അവരും അങ്ങോട്ടു കുതിച്ചു. തല വേര്‍പെട്ട് ഒരു ജഡം ട്രാക്കില്‍ കിടക്കുന്നു. ആരോ ഒരു ശീല കൊണ്ടുവന്നു പുതപ്പിച്ചു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ ഈ പാളങ്ങളില്‍ അന്ത്യ വിശ്രമം കൊണ്ടു.
നഗരം ഇരുട്ടിലേക്ക് നീങ്ങിക്കഴിഞ്ഞു. ശ്വാനന്‍മാര്‍ ഉറക്കമുണര്‍ന്ന് തെരുവ് കയ്യേറാന്‍ തയ്യാറായി നില്‍ക്കുന്നു. പാതയോരത്ത് നാടോടികൂട്ട ങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നിടത്ത് പുകയും മാംസത്തിന്റെ ഗന്ധവും ഉയരുന്നു. വഴിയരുകിലെയൊരു ഇരുണ്ടിടത്ത് വ്യാജ മദ്യവില്‍പ്പന കൊഴുക്കുന്നു. ആ ഇരുട്ടിലേക്ക് ആരോ പുറകില്‍ നിന്നും ഓടിക്കുന്നപോലെ പാഞ്ഞുവരുന്ന കുടിയന്‍മാര്‍. തിരക്കില്‍ കുപ്പി കഴുത്തുപൊട്ടിച്ച് വെള്ളം കാണിക്കാതെ നേരേ വായിലേക്ക് കമിഴ്ത്തുന്നു. കണ്ടപ്പോഴെ ഉള്ളിലൊരാന്തല്‍ . ആമാശയത്തേ എരിക്കാന്‍ ശേഷിയുള്ള ഒരഗ്നി ഉള്ളിലാക്കി ചുറ്റും നോക്കി ഒന്നും സംഭവിക്കാതെ നടന്നുനീങ്ങുന്നവര്‍.
അടുത്തത് രുഗ്മിണിയമ്മയുടെ തട്ടുകടയിലേക്ക്. റോയി കപ്പയും ദോശയും ഓര്‍ഡര്‍ നല്‍കി, പ്രകാശ് ചപ്പാത്തിയും ചിക്കനും. ചൂടുള്ള ദോശ ചുണ്ടില്‍ വച്ചുകൊണ്ടയാള്‍ മുന്നിലുള്ള സബ് ജയിലിന്റെ കവാടത്തിലേക്ക് നോക്കി. കാളക്കുറ്റന്‍മാരുടെ ഒരു തൊഴുത്താണതെന്നയാള്‍ക്ക് തോന്നി. പലദേശങ്ങളിലായി മദിച്ചുനടന്ന ഒരുപറ്റം കൂറ്റന്‍മാര്‍ ഒരു കൂരക്കീഴില്‍ കഴിയുന്നു. കുറും തൊഴുത്തില്‍ കെട്ടിയ പശുവിനെപ്പോലെ. വാതുക്കലെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു.
‘ സന്ദര്‍ശന സമയം 2 മുതല്‍ 6 വരെ ‘
‘ സന്ദര്‍ശകര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം‘
കടക്കാരി 25…35…75..95 എന്ന് കൂട്ടി നിറുത്തിയപ്പോള്‍ ഒരു നൂറിന്റെ നോട്ട് നല്‍കി.
കാമാക്ഷി അമ്മന്‍ കോവിലില്‍ നവരാത്രി ആഘോഷം കൊഴുക്കുന്നു. സമയം 8 കഴിഞ്ഞു. ദീപാരാധന കഴിഞ്ഞിരിക്കുന്നു. റോഡിന്റെ മുക്കാല്‍ഭാഗവും കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന താത്കാലിക സ്റ്റേജില്‍ ഒരു ഗാനമേള അരങ്ങേറാന്‍ പോകുന്നു. അന്തരിക്ഷമാകെ ഗാനമേളക്കാരുടെ ബോക്സില്‍ നിന്നുള്ള ഉപകരണങ്ങളുടെ ത്രസിപ്പിക്കുന്ന ശീലുകള്‍. ഉപകരണങ്ങളുടെ ട്യുണിംഗും മുറക്ക് നടക്കുന്നു. ഭക്തര്‍ ആകാംഷയോടെ ഗാനമേളക്കായി കാത്തുനില്‍ക്കുന്നു. ചെറുപ്പക്കാര്‍ ആടുന്ന കാല്‍വയ്പ്പുകള്‍ പരിശീലിക്കുന്നു. അവര്‍ മൂവ്വരും ആള്‍ക്കുട്ടത്തിലേക്ക് കടന്നുനിന്നു. അലങ്കാരവിളക്കുകളുടെ തിളക്കം സ്റ്റേജില്‍ നിന്നും റോഡിലേക്ക് ഒഴുകുന്നു. റോഡ് ഇപ്പോള്‍ കേള്‍വിക്കാരാല്‍ നിറഞ്ഞിരിക്കുന്നു. സ്റേറജില്‍ നിന്നും ഇന്നത്തെ അന്നദാതാവിന്റെ പേരും വിലാസവും തുടരെ തുടരെ വിളിച്ചു പറയുന്നു.ജുബ്ബ ധരിച്ച താടിവച്ച ഒരു ചെറുപ്പക്കാരന്‍ ഗാനമേളക്കുള്ള അറിയിപ്പ് നല്‍കി ഗായകനെ വേദിയിലേക്ക് ക്ഷണിച്ചു. വെളുത്ത ജുബ്ബ ധരിച്ച യേശുദാസിനെ അനുകരിച്ച ഒരാള്‍ വേദിയിലെത്തി. ദേവിയെ സ്തുതിച്ച് മനോഹരമായി ഒരു ഭക്തിഗാനം പാടി അയാള്‍ വേദി വിട്ടു.
തുടര്‍ന്ന് വീണ്ടും അറിയിപ്പുണ്ടായി ‘അടുത്തതായി സൂപ്പര്‍ ഹിറ്റ് ചിത്രമായ ആഷിക്കിയിലെ ഒരു ഗാനം ബിന്ദുവും ഷെറീഫും ചേര്‍ന്നു പാടുന്നു.’
പാട്ടുകാരി സ്റേറജിനു മുന്നിലേക്ക് വന്നു, ചുവന്ന ചുരിദാര്‍ ധരിച്ച ഒരു യുവതി. നെഞ്ചില്‍ചുവന്ന ബട്ടണുകളുടെ തിളക്കം. മുടികള്‍ സ്പറിംഗ് പോലെ പാറിക്കിടക്കുന്നു. സദസ്സിനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് അവര്‍നിലയുറപ്പിച്ചു, കൂടെ ഉത്തരേന്ത്യന്‍ വസ്ത്രവിധാനത്തോടെ ഗായകനും.
അണിയറയില്‍ സംഗീത ഉപകരണങ്ങള്‍ പെടുന്നനെ സംഗീതം പൊഴിച്ചു തുടങ്ങി.
‘മേം ദുനിയാ ബുലാദൂംഗാ തേരി ചാഹത്ത് മേം ‘ഗാനം സദസ്സിലേക്ക് ഒഴുകി. പാട്ടിനൊത്ത് ഗായികയും, ഗായകനും ചുവട് വയ്ക്കുന്നു. ഗായികയുടെ മാറിടം പാട്ടിനൊത്ത് തുടിക്കുന്നു.
ആരോ ഒരാള്‍ ഗായികയെ നോക്കി സ്റ്റേജിനു വശത്തുനിന്ന് കൈപ്പത്തി ഉയര്‍ത്തിയും താഴ്ത്തിയും ആഗ്യം കാണിക്കുന്നു. വാഹനങ്ങള്‍ സ്ലോ ചെയ്യുമ്പോഴുള്ള സിഗ്നല്‍ പോലെ. പാട്ട് തീര്‍ന്നു ജനത്തിന്റെ നിലയ്ക്കാത്ത കയ്യടി.
പ്രകാശ് പിന്നിലേക്ക് നോക്കി, ജനം പുറകിലുള്ള ജംഗ്ഷന്‍ വരെ നിറഞ്ഞിരിക്കുന്നു. ജയിലിനുള്ളിലെ വിചാരണതടവുകാര്‍ പാട്ടു കേള്‍ക്കുന്നുണ്ടാവാം. പലരിലും ഗതകാലത്തേക്ക് അവ നുഴഞ്ഞുകയറി വിഷാദത്തിന്റെ അലമാലകള്‍ തീര്‍ക്കുന്നുണ്ടാവാം. പാട്ടുകള്‍ ശ്രോതാവിനെ പാട്ടുകള്‍ പിറന്ന പോയ കാലത്തേക്ക് കൊണ്ട് പോകാറുണ്ട്. ജയില്‍ മുറികളില്‍ പലയിടത്തും വിങ്ങലിന്റെ സംഗീതമായിരിക്കും മുഴങ്ങുന്നത്. കോവിലില്‍ ദേവി ഭക്തന്‍മാരെ തടവിലാക്കിയിരിക്കുന്നു, ജയിലില്‍ നിയമവും. ജയിലിന്റെ കൂറ്റന്‍ മതിലുകള്‍ക്കപ്പുറം വിതുമ്പലുകള്‍ തളംകെട്ടി നില്‍ക്കുന്ന പോലെ തോന്നി. ആകാശത്തിലെ താരകങ്ങള്‍ ജയിലും, കോവിലും ഒരുപോലെ കാണുന്നു.
‘മോഹന്‍ലാലിന്റെ തമിഴ് ചിത്രമായ ജില്ലയിലെ ഒരു ഗാനം ബിന്ദുവും അക്ഷയും ചേര്‍ന്ന് ആലപിക്കുന്നു‘
ഗാനം തുടങ്ങിയപ്പോഴെ റോഡില്‍ യുവാക്കള്‍ നൃത്തം തുടങ്ങി. ചടുലമായ താളമുള്ള ഒരടിപൊളിപ്പാട്ട്. ഗായികയും ഗായകനും തകര്‍പ്പന്‍ ചുവടുകളുമായി മുന്നേറുന്നു. പഴയ യുവാവ് വേദിയുടെ വശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. പതിവ് ആംഗ്യം കാണിക്കല്‍ തുടര്‍ന്നു. അവസാനം വലിയ കയ്യടി.
‘ഗേറ്റ് അടക്കാന്‍ നേരമായി പോകാം ‘റോയി ഓര്‍മിപ്പിച്ചു. അവര്‍ മൂന്നാളും സ്റ്റേജിനു പിന്നിലൂടെയുള്ള വഴിയിലൂടെ മുന്നോട്ട് നീങ്ങി.
‘പതുക്കെ, അനക്കല്ലെ‘ സ്റ്റേജിനു പിന്നില്‍ നിന്നും പതിയെയുള്ള ശബ്ദം കേട്ട് അവര്‍ അങ്ങോട്ട് നോക്കി. സ്റ്റേജില്‍ നിന്ന് ആംഗ്യം കാണിച്ച യുവാവും മറ്റൊരാളും ചേര്‍ന്ന് ഗായികയെ താങ്ങിപ്പിടിച്ച് കൊണ്ടു വരുന്നു. കൂടെ പ്രായം ചെന്ന ഒരു സ്ത്രിയും.
‘എന്താ പറ്റിയെ‘ പ്രകാശ് ചോദിച്ചു.
‘മൂന്നാം മാസമായിരുന്നു‘ ആ സ്ത്രീ മൊഴിഞ്ഞു.
ഒരു ആംബുലന്‍സിന്റെ ശബ്ദം വടക്കോട്ടു നീങ്ങി അന്തരീക്ഷത്തിലേക്ക് അടര്‍ന്നുവീണു കൊണ്ടിരുന്നു.
അവര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന്റെ ഗേറ്റ് ചാരി ഉള്ളിലേക്ക് നീങ്ങവേ വലിയമാവിന്റെ കൊമ്പില്‍നിന്നും ഒരു പൂങ്കുല അടര്‍ന്ന് വീണു. നിറയെ കണ്ണി മാങ്ങകള്‍……..