പപ്പനാവന്റെ ജോലി പട്ടി മോഷണമാണ്. അലവലാതി കൊടിച്ചിപട്ടികളെയൊന്നുമല്ല മോട്ടിക്കുന്നത്. പിന്നെയോ? ജര്‍മ്മന്‍ ഷെപ്പേഡ്, ഇറ്റാലിയന്‍ ഇട്ടൂപ്പ്, ലണ്ടന്‍ ടൈ, റഷ്യന്‍ റൂസ്, ഇത്യാദി ഫോറീന്‍ ഇനങ്ങള്‍. ഇത്തരം പട്ടികളെ മോട്ടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും.
ഒരു മാസംകൊണ്ട് മോഷണകമ്പനിയുടെ ബ്രാഞ്ചുകള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്ഥാപിച്ചു!
മാസം മൂന്ന് കഴിഞ്ഞു. ബിസ്സിനസ്സ് വിദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ ലണ്ടന്‍, അമേരിക്ക, ജപ്പാന്‍, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിലും ബ്രാഞ്ചുകള്‍!
പപ്പനാവനെ സ്വന്തം നാട്ടില്‍ കണികാണാന്‍ കിട്ടാറില്ല. എപ്പോഴും വിദേശ രാജ്യങ്ങളിലേയ്ക്ക് പറന്നോണ്ടിരിക്കും!
ബിസ്സിനസ്സ് വളര്‍ന്നപ്പോള്‍ പ്രായവും വളര്‍ന്നു. ഇപ്പോള്‍ പപ്പനാവന് വയസ്സ് എണ്‍പതു കഴിഞ്ഞു! പഴേപോലെ ഓടാനും ചാടാനും പറക്കാനും പറ്റാതായി. കമ്പനിയുടെ മേല്‍നോട്ടം മക്കളെ ഏല്‍പ്പിച്ച് പപ്പനാവന്‍ വിശ്രമജീവിതത്തിന് സ്വന്തം നാട്ടില്‍ ലാന്‍ഡ് ചെയ്തു. ഭാര്യ പപ്പിനിക്ക് സന്തോഷമായി.
അപ്പോഴാണ് തെരുവുനായ്ക്കള്‍ നാടുനീളെ പാഞ്ഞുനടന്ന് മനുഷ്യരെ കടിച്ചുകീറിക്കൊണ്ടിരിക്കുന്ന ഭയാനക കാഴ്ചകള്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നേ? പത്രങ്ങള്‍ പട്ടികടിയെകുറിച്ച് പ്രത്യേക സപ്ലിമെന്റുകള്‍ ദിവസേന ഇറക്കാനും തുടങ്ങി. ഇവറ്റകളെ കൊന്നൊടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു!! ഇതിനൊരു ശാശ്വതപരിഹാരം കണ്ടെത്തിയേ പറ്റൂ..? പപ്പനാവന്‍ തല പുകച്ചു.
ബിസ്സിനസ്സുകാരനായ പപ്പനാവന്റെ മനസ്സില്‍ ഒരു പുതിയ ബിസ്സിനസ്സ് മേഖല തെളിഞ്ഞു വന്നു. ഒപ്പം മനുഷ്യ സ്നേഹവും.
“തെരുവുനായ്ക്കളെ പട്ടിമാംസം കഴിക്കുന്ന വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുക. കേരളജനതയെ രക്ഷിക്കുക.”