മന:ശാസ്ത്രജ്ഞനായ ഡോ. രാജൻ വലിയ നിരാശയിലാണ്. വല്ലപ്പോഴും ആരെങ്കിലും വന്നാലായി. മുറി വാടക കൊടുക്കാനുള്ള വരുമാനം പോലുമില്ല. നേരെ എതിർവശത്തുള്ള കൃഷ്ണൻ കണിയാരുടെ ജ്യോതിഷായത്തിൽ എപ്പോഴും തിരക്കാണ്.കൃഷ്ണൻ കണിയാർ അമ്പതു ലക്ഷത്തിൻ്റെ കാറു വാങ്ങിച്ചതായി അറിഞ്ഞു. തൻ്റെ അഞ്ചു ലക്ഷത്തിൻ്റെ കാർ അടവു തെറ്റി കിടക്കുകയാണ്….
ഡോ.രാജൻ ക്ലിനിക്കിലെ ഏകാന്ത തയിൽ പലതും ആലോചിച്ചുകൂട്ടി.ഒടുവിൽ ജ്യോത്സ്യരെ ഒന്നു കാണാൻ തന്നെ തീരുമാനിച്ചു.
അമ്പത്തൊന്നാമത്തെ ടോക്കണാണ് കിട്ടിയത്. കാത്തിരിപ്പിനൊടുവിൽ ഉച്ചയോടെ അകത്തു കടക്കാൻ കഴിഞ്ഞു.
കൃഷ്ണൻകണിയാർ ആശ്ചര്യം പുറത്തു കാണിക്കാതെ അകമേ ഒന്നു ചിരിച്ചു.അനന്തരം, ജാതകം വാങ്ങിച്ച് ഗ്രഹനിലയിലൂടെ കണ്ണോടിച്ചു.
“മോശം സമയമാണ്. കർമാധിപൻ നീച രാശിയിലാണ്. മറ്റു ഭാവങ്ങളും അത്ര മെച്ചമല്ല. ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗമുണ്ട്. പക്ഷേ, അതു കൊണ്ട് പ്രയോജനമൊന്നുമില്ല.”
കണിയാർ വിസ്തരിച്ചു.
“പരിഹാരം….”
ഡോക്ടർ നെടുവീർപ്പിട്ടു കൊണ്ട് ചോദിച്ചു.
” പ്രാർഥന തന്നെ പരിഹാരം .സകല ദൈവങ്ങളെയും വിളിച്ച് പ്രാർഥിക്കുക.”
കണിയാർ താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു.
” ഡോക്ടറെന്താ ഇവിടെ ?”
പുറത്തിറങ്ങിയപ്പോൾ ഒരു പരിചയക്കാരൻ തിരക്കി.
“ഒന്നുമില്ല. കണിയാർക്ക് ഒരു മാനസിക വിഭ്രാന്തി. ക്ലിനിക്കിൽ വന്നു കാണാൻ മടി. അതു കൊണ്ട് ഞാനിങ്ങോട്ടു പോന്നു. പാവം…..”
അത്രയും പറഞ്ഞ് ഡോക്ടർ തിരിഞ്ഞു നോക്കാതെ നടന്നു.
*