സർഗാത്മകമായി ചിന്തിക്കുന്നവർക്ക് സമാനഹൃദയം ഉണ്ടാവുമെന്ന് പറയാറുണ്ട്.സമാന ഹൃദയമുള്ളവനുവേണ്ടിയാണ് ഓരോ എഴുത്തുകാരനും എഴുതുന്നത്. മലയാളത്തിന്റെ പ്രിയ ഗന്ധർവനായ പത്മരാജനെപ്പറ്റി സമാനഹൃദയനായ സുഭാഷ് ചന്ദ്രൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അനിർവചനീയമായ അടുപ്പം എഴുത്തുകാരനുമായി ഉണ്ട് എന്നാണ് സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെടുന്നത്. മനുഷ്യന് ഒരാമുഖം വായിച്ചു കഴിഞ്ഞു പത്മരാജന്റെ ഭാര്യ വിളിച്ചതും ആ കൃതിയിലെ സാമ്യം പങ്കുവെച്ചതും സുഭാഷ് ചന്ദ്രൻ മാധുര്യത്തോടെ ഓർക്കുന്നു.
‘ഇന്ന് പത്മരാജന്റെ ശ്രാദ്ധമാണ്. അദ്ദേഹത്തിന്റെ തറവാട്ടിൽ ചടങ്ങിനായി ഒത്തുകൂടിയ ബന്ധുക്കൾക്കിടയിൽ ഇരുന്ന് മകൻ അനന്തപത്മനാഭൻ- എന്റെ പപ്പൻ- എനിക്കൊരു മെസ്സേജ് അയച്ചു: ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം എന്ന പാട്ട് രണ്ടു വരി ഒന്നു പാടിത്തരുമോ?പത്മരാജനെക്കുറിച്ചോർക്കുമ്പോഴൊക്കെ എന്റെ വാരിയെല്ലുകൾക്കിടയിൽ ഹൃദയം മേലുകീഴ് ചാടാൻ തുടങ്ങും. ഒരേ ഗർഭപാത്രത്തിൽ നിന്നു പിറന്നതുപോലുള്ള, ഒരേ അപരലോകത്തിൽ നിന്നു ഭൂമിയിലേക്കു വന്നതുപോലുള്ള ഒരാത്മബന്ധം ഉള്ളിൽ വന്നു കനക്കും. ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിട്ടുകണ്ടിട്ടില്ല. മനുഷ്യന് ഒരാമുഖം വായിച്ച് എന്നെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ അദ്ദേഹത്തിന്റെ പ്രിയപത്നി രാധാലക്ഷ്മിച്ചേച്ചിയായിരുന്നു. “ജിതേന്ദ്രൻ ആന്മേരിക്കെഴുതിയ കത്തുകളൊക്കെ എന്റെ പപ്പൻ എനിക്കെഴുതിയ കത്തുകൾ പോലെ! ഭർത്താവിന്റെ മരണശേഷം മുറിയടച്ചിരുന്ന് പഴയ കത്തുകൾ വീണ്ടും വായിക്കുന്ന ആൻ മേരി ഞാൻ തന്നെ! ഇതൊക്കെ മോൻ എങ്ങനെയറിഞ്ഞു?” എന്റെ നമ്പർ കണ്ടെത്തി ആദ്യമായി വിളിച്ച വേളയിൽ അവർ വിസ്മയിച്ചു. അന്നു മുതൽ എന്നെ മോനേ എന്നു വിളിക്കുന്നു. രണ്ടാം പപ്പൻ- അനന്തപത്മനാഭൻ- എന്നെ ഒരു ജ്യേഷ്ഠനെപ്പോലെ സ്നേഹിക്കുന്നു.
ഇന്ന് അവന്റെ മെസേജ് വായിച്ചപ്പോൾ വീണ്ടും ഞാൻ ആ ഹൃദയ സാന്നിധ്യം അറിഞ്ഞു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ പലമട്ടിൽ വേദനിപ്പിക്കാനും പിന്നിൽ നിന്നു കുത്താനും ശ്രമിച്ച ആളുകളുണ്ടായിരുന്നുവെന്ന് രാധാലക്ഷ്മിച്ചേച്ചി പുസ്തകത്തിൽ എഴുതിയതു വായിച്ച് ഞാൻ വിഷമിച്ചിട്ടുണ്ട്. ദൈവം തലയിൽ കൈവച്ച് ഭൂമിയിലേക്ക് ഇറക്കി വിടുന്നവരെ തൽസമയം മനസ്സിലാക്കാൻ പാവം മനുഷ്യർക്ക് സാധിക്കാതെ പോകുന്നു എന്നതിൽ കുറ്റം പറയാനാവില്ല. കൈയിലുള്ള ചെറിയ ചിരട്ടകൊണ്ട് ആ പാവങ്ങൾ മഹാസമുദ്രങ്ങളെ അളക്കാനും മാർക്കിടാനും ശ്രമിക്കുമ്പോൾ മറ്റെന്തു പ്രതീക്ഷിക്കാൻ!എങ്കിലും ചേച്ചീ, ആ അസ്സൽ ഗന്ധർവ്വനെ സ്നേഹിക്കാനും പ്രണയിക്കാനും അകലെയിരുന്നു ശ്രാദ്ധമൂട്ടാനും 27 വർഷങ്ങൾക്കിപ്പുറവും ആളുകളുണ്ട്! അവരിൽ ഒരുവനാണ് ഈയുള്ളവനും!
ഫോണിൽ ഞാൻ ആ പാട്ട് പപ്പനു പാടി അയയ്ക്കുമ്പോൾ എന്തുകൊണ്ടോ കണ്ഠമിടറുന്നു. കല്ലുപോലുള്ള എന്തോ ഒന്ന് നെഞ്ചിൽ കനക്കുന്നു. എങ്കിലും ഞാൻ പാടി മുഴുമിക്കുന്നു. കാരണം പത്മരാജൻ മരിച്ചാൽ പുലയുള്ളവനാണ് ഞാനെന്ന് അദ്ദേഹം ഭൂമിയിൽ ഉണ്ടായിരുന്നപ്പോഴേ ഞാൻ തിരിച്ചറിഞ്ഞിരുന്നു.’