പതിവുകള്‍ , മാറ്റങ്ങള്‍

art_studio___repetition_by_lichii_heart00-d4piitf

കാലത്ത്  മൊബൈലില്‍ അലാറം അടിക്കുന്നതിനു  മുന്‍പേ തന്നെ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. മണി ആറാവുന്നതേയുള്ളൂ. കുറച്ചുനേരം കൂടി കിടന്നാലോ. അല്ലേ  വേണ്ട  ഇന്നലെ രാത്രി  8 മണിക്ക് മുന്‍പേ  ഉറങ്ങാന്‍  കിടന്നതാണ്. ഇപ്പോ തന്നെ  മണിക്കൂറ് പത്ത് കഴിഞ്ഞിരിക്കുന്നു. അതില് കൂടുതല്‍ എങ്ങനെയാ ആരോഗ്യമുള്ള ഒര് മന്ഷ്യന്‍ കിടന്നുറങ്ങുന്നെ .രാത്രി  ഉറക്കത്തില്‍ വല്ല മധുരസ്വപ്നവും  കണ്ടിരുന്നുവെങ്കില്‍ അതിന്‍റെ ആലസ്യത്തിലെങ്കിലും കുറച്ചുനേരം കൂടി കിടക്കാമായിരുന്നു. അതിന് ഈയിടെയായി  സ്വപ്നത്തില്‍പ്പോലും മധുരം കടന്നു  വരാറില്ലല്ലോ.

കട്ടിലില്‍ നിന്ന്‍ പതുക്കെ എഴുന്നേല്‍ക്കുമ്പോള്‍ തുറന്നിട്ട ജാലകത്തിലൂടെ അറിയാതെയൊന്നു  പുറത്തേക്കു നോക്കി പോയതാണ്. അപ്പുറത്തെ ദാമുവിന്‍റെ വീട്ടുമുറ്റത്തെ അയലില്‍  പതിവുപോലെ തൂങ്ങിയാടുന്നുണ്ട് നീലകരയുള്ള ആ പഴയ തോര്‍ത്ത്. ആ തോര്‍ത്തിന്‍റെ  കരയുടെ നിറത്തിനെങ്കിലും ഏതെങ്കിലുമൊരു ദിവസം ഒരു മാറ്റമുണ്ടായിരുന്നുവെങ്കില്‍.

പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ബാത്ത്‌റൂമില്‍ നിന്നിറങ്ങുമ്പോഴേക്കും പതിവുപോലെ ചായയുമായി എത്തി പ്രിയതമ. അവളുടെ മനസ്സ് പോലെ തന്നെ  തണുത്തു മരവിച്ച ചായ. മധുരവുമില്ല, കടുപ്പവുമില്ല. ജീവിതത്തിന്‍റെ മധുരവും കടുപ്പവും തന്നെ  ഇപ്പോ വിഷയമല്ലാതായിരിക്കുന്നു. പിന്നെയല്ലേ ചായയുടെ. ഇരുപത്  വര്‍ഷമായി കിട്ടികൊണ്ടിരിക്കുന്ന  ചായയല്ലേ. അതിലൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഇനിയൊരര്‍ത്ഥവുമില്ല.

ചായയുമായി ഉമ്മറത്തെത്തി പത്രമെടുത്തു നിവര്‍ത്തി. അവിടെയും പതിവുകള്‍ തന്നെ.  വെട്ട്, കുത്ത്, കൊല, പീഡനം, സ്ഫോടനം. പത്രമെങ്ങനെയോ വായിച്ചെന്ന്‍  വരുത്തി  പഴയതുപോലെ  മടക്കിയെടുത്ത് വെച്ചു. ഇനി ഒാഫീസില്‍ പോകണമല്ലോ. പോകാതിരിക്കുന്നതെന്തിനാ. ഇവിടെയിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. വേഗം കുളിച്ച് വേഷം മാറി  ബസ് സ്റ്റാന്‍ഡിലേക്ക് യാത്ര തിരിച്ചു.

ബസ്സില്‍ കയറുമ്പോള്‍ പതിവുപോലെ  കണ്ടക്ടര്‍  ശിവന്‍കുട്ടി ചോദിച്ചു.

“വിജയന്‍ സാറ് ഇന്നും കൃത്യസമയത്താണല്ലോ.”

പതിവുപോലെ അവനൊരു ചിരിയും സമ്മാനിച്ച് പതിവുസീറ്റില്‍ പോയിരുന്നു.

ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നേരത്തെ ബസ്സ്‌ യാത്രയുണ്ട്  ഒാഫീസിലേക്ക്. ബസ്സ്‌ പുറപ്പെട്ടു തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഇറുകെയടച്ച് ഉറങ്ങാന്‍ തുടങ്ങി. കണ്ണുകള്‍ തുറന്നു പിടിക്കേണ്ട ഒരാവശ്യവുമില്ല. ഇന്നലെ കണ്ട കാഴ്ചകളൊക്കെ തന്നെയല്ലേ ഇന്നും കാണാനുള്ളൂ.

പതിവുപോലെ കൃത്യം പത്തുമണിക്കു തന്നെ അയാള്‍ ഓഫീസിലെത്തിച്ചേര്‍ന്നു തന്‍റെ സീറ്റില്‍ പോയിരുന്ന്‍ ആരോ മുന്നില്‍ കൊണ്ടുവെച്ച  ഫയലുകള്‍ ഓരോന്നായി എടുത്ത് വെറുതെയൊന്ന്‍ മറിച്ചു നോക്കി ശൂ വരയ്ക്കാന്‍ തുടങ്ങി. ആ ശൂ വരയ്ക്കലിനിടയിലും അഞ്ച്  മണിയാകുന്നതും കാത്ത്  അയാള്‍ ഇടയ്ക്കിടെ ക്ലോക്കില്‍ നോക്കുന്നുമുണ്ട്. അഞ്ച് മണിയായെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു. പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല. എന്നാലും പോണമല്ലോ. എല്ലാ ദിവസവും പോക്ന്നതല്ലേ. 4.30 നും 5 നും ഇടയിലായി ഭാര്യയുടെ വക ഒരു വാട്ട്സ് ആപ്പ് മെസ്സേജ് പതിവാണ്. പിറ്റേന്നേക്ക്‌ വീട്ടിലാവശ്യമുള്ള പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും ലിസ്റ്റ്. അതിന്ന്‍ കണ്ടില്ലല്ലോ. അതിലു മാത്രം ഇനി ഇന്നൊരു മാറ്റമുണ്ടാകുമോ. അങ്ങനെ ചിന്തിച്ച് തുടങ്ങിയതേയുണ്ടായിര്ന്നുള്ളൂ.അപ്പോഴേക്കും വന്നു ആ പതിവു വാട്ട്സ് ആപ്പ് മെസ്സേജ്.

കൃത്യം അഞ്ചുമണിക്ക് തന്നെ ഓഫീസില്‍ നിന്നിറങ്ങി ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം വാങ്ങി വീട്ടിലേക്ക്‌ യാത്ര തിരിച്ചു. മേലു കഴുകി ഒന്നു വേഷം മാറി വന്നപ്പോഴേക്കും തണുത്തു മരവിച്ചയാ പതിവുചായ എന്നെ തേടിയെത്തി. പിന്നെ നേരം കൊല്ലാന്‍ വേണ്ടി ന്യൂസ് ചാനലുകളിലെ  ഒരു കഥയുമില്ലാത്ത ചാനല്‍ ചര്‍ച്ച കണ്ട് അങ്ങനെയിരുന്നു. അത്താഴം കാലായീന്ന്‍ അടുക്കളയില്‍  നിന്നറിയിപ്പ് വരുന്നത് വരെ ആ ഇരുപ്പ് തുടര്‍ന്നു.

കിടക്കാന്‍ നേരത്താണ് ഓര്‍ത്തത്. നാളെ ഞായറാഴ്ചയല്ലേ. അലാറം വെക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ ഒരുദിവസം മാത്രം സംഭവിക്കുന്ന ഒരു പതിവു മാറല്‍.

 

പിറ്റേന്ന്‍ ഞായറാഴ്ചയായിരിന്നിട്ടുകൂടി  പതിവുപോലെ കൃത്യം 6 മണിക്കു തന്നെ അയാള്‍ ഉറക്കമുണര്‍ന്നു. കണ്ണുകള്‍ ഇറുകെയടച്ച് കുറച്ച് നേരം കൂടി കിടന്നുനോക്കിയെങ്കിലും ഉറക്കം വന്നില്ല.

പതിവു പത്രപാരായണം കഴിഞ്ഞ് ഇനി ഇന്ന്‍ എന്താണ് ചെയ്യേണ്ടത്എന്നാലോചിച്ചിരിക്കുന്നതിനിടയിലാണ്  ഒരു കാര്യം ഓര്‍മ്മ  വന്നത്. ഇന്നാണല്ലോ ഭാര്യയുടെ ചേച്ചീടെ ഭര്‍ത്താവിന്‍റെ  കുഞ്ഞമ്മേടെ മോള്ടെ കല്യാണം. അതിന് പോകണം. 11.30 ന് ആണ് മുഹൂര്‍ത്തം. കല്യാണം നടക്കുന്ന ഹാള്‍ ഇവിടുന്ന്‍ അടുത്തായത് കൊണ്ട് ഒര് 11 മണിക്ക്‌ അങ്ങനെ വീട്ടിന്നിറങ്ങിയാ മതി. ഇനിയും ഒരുപാട്‌ സമയമുണ്ട്. അതുവരെ———

അപ്പോഴാണ്  ഓര്‍ക്കാപ്പുറത്ത് ഫോണ്‍ ബെല്ലടിച്ചത്. സഹപ്രവര്‍ത്തകന്‍ രാജനാണ്. പത്തുദിവസത്തോളമായി രാജന്‍ ഓഫീസില്‍ വന്നിട്ട്.  അവന്‍റെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കയാണെന്ന്‍ പ്യൂണ്‍ കേശവന്‍ പറഞ്ഞിരുന്നു. ഇപ്പോ എന്തിനാണാവോ വിളിക്കുന്നത്. അച്ഛനെ ഡിസ്ചാര്‍ജ്ജ് ചെയ്തോ  അതോ———

“ഹലോ വിജയന്‍ സാറല്ലേ.” രാജന്‍റെ ശബ്ദത്തിന് നല്ല വിറയലുണ്ടായിരുന്നു.

“അച്ഛന്‍  മരിച്ചൂട്ടോ. ഇന്ന്‍ വെളുപ്പിന് 5.30 ന് ആയിര്ന്ന്‍.”

ആ വാര്‍ത്ത അയാളില്‍ പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമുണ്ടാക്കിയില്ല. അല്ലേതന്നെ ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ  ജീവിച്ചിര്ന്ന ഒരാള്‍ മരിച്ചൂന്ന്‍ പറയുന്നതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്. ആ മരണം യഥാര്‍ത്ഥത്തില്‍ അനിവാര്യമായ ഒന്നല്ലേ. മരിച്ചയാളിനെ സംബന്ധിച്ചും, അയാളുടെ വീട്ടുകാരെ സംബന്ധിച്ചും. എന്തായാലും അത്രടം വരെ ഒന്നു പോകണം. ഹോസ്പിറ്റലിലോ ഒന്ന്‍ പോകാന്‍ പറ്റിയിര്ന്നില്ല. പോയില്ലെങ്കില്‍ രാജന്‍ എന്താ വിചാരിക്ക്ക. പോകുന്നുണ്ടെങ്കില്‍ ഇപ്പം തന്നെ ഇറങ്ങണം. എന്നാലേ മരണവീട്ടില് പോയി ഒന്നു തല കാണിച്ച് തിരിച്ചുവന്ന്‍  വേഷം മാറി മുഹൂര്‍ത്തത്തിനു മുന്‍പേ കല്യാണവീട്ടില് എത്താന്‍ പറ്റൂ. രണ്ടും ഒഴിവാക്കാന്‍ പറ്റ്ന്നതല്ലല്ലോ. മരണം ഒരു ജീവിതത്തിന്‍റെ ഒടുക്കമാണെങ്കില്‍ കല്യാണം ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കമല്ലേ.രണ്ടും ഞായറാഴ്ചയുടെ ഒരു പതിവുകളാണ് താനും.

വേഗം എണീറ്റ് കുളിച്ചു വേഷം മാറി  കൃത്രിമമായ സഹതാപവും സങ്കടവും മുഖത്ത് എടുത്തണിഞ്ഞ് മരണവീട്ടിലേക്ക്‌ യാത്ര തിരിച്ചു. ഒരേ മുഖഭാവത്തോടെ നിശ്വാസത്തെപ്പോലും അടക്കിപ്പിടിച്ച് കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം തിരിച്ചു വന്ന്‍ ഒരു കുളിയും പാസാക്കി  സങ്കടങ്ങളെയൊക്കെയും ആ കുളിയില്‍  ഒഴുക്കികളഞ്ഞ് കൃത്രിമമായ സന്തോഷം വദനത്തില്‍ ചാര്‍ത്തി  കല്യാണവീട്ടിലേക്ക്‌. അധരങ്ങള്‍ രണ്ടും പണിപ്പെട്ട് വിടര്‍ത്തിപ്പിടിച്ച് കുറച്ചുനേരം അവിടെയും ചെലവഴിച്ചതോടെ ആ ഞായറാഴ്ച അവസാനിച്ചു.

പിറ്റേന്ന് വീണ്ടും തിങ്കളാഴ്ച. കിടക്കുന്നതിനു മുന്‍പേ  മറക്കാതെ അലാറം വെയ്ക്കണം. അലാറം വെച്ചില്ലെങ്കിലും ഇപ്പോ ആഴ്ചയില്‍ ഏഴു ദിവസവും കൃത്യം ആറു മണിക്ക് തന്നെ ഉണരാറുണ്ടെങ്കിലും നാളെ അതിന് ഒരു മാറ്റമുണ്ടായാലോ. ഉറങ്ങിപ്പോയാലോ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here