ആറ് പേർക്ക് സ്വത്ത് തുല്യമായി വീതം വെച്ചപ്പോൾ (നറുക്കെടുപ്പിലൂടെ)കിട്ടിയത് :
പതിനാറെകാൽ സെന്ററ് ഭൂമി.
അതിലെ ചിതലരിച്ച പഴയ പുര.
വറ്റി വരണ്ട് കാടു കയറിയ സദാ പ്രേതത്മക്കളെ പോലെ കുറുകുന്ന നൂറോളം പ്രാവുകൾ പാർക്കുന്ന ഒരു കിരണ്ട്.
അതിനരികിലെ മച്ചിപ്ലാവ്.
അതിരിലെ ചെമ്പകം.
മൂവാണ്ടൻ മാവ് (അമ്മ മരിക്കുമ്പോൾ ദഹിപ്പിക്കാൻ മുറിക്കാമെന്ന ഉറപ്പിന്മേൽ).
കന്നുകാലികളില്ലാത്ത ആലയും (തൊഴുത്ത്) വളക്കുണ്ടും.
ആറ് ഓഹരിക്കാർക്കും ഉപയോഗിക്കാവുന്ന വീട്ടിലേക്കുള്ള പൊതുവഴി.
കാലേ അരക്കാൽ പവൻ മോതിരം -1
തൊട്ടി -1
ഉരുളി – 1
കിണ്ടി -1
പലക -1
മുരുട – 1
കിണ്ണം -2
കയിൽ -2
സ്പൂൺ -4 (ഏച്ചിക്ക് കൊടുത്തു. അവൾ പഴയ ഒരു ചിരവ പകരം തന്നു )
ഓ, പറയാൻ വിട്ടുപോയ വിലപ്പെട്ട രണ്ട് സ്വത്തു വിവരങ്ങൾ കൂടിയുണ്ട് :
1)അഞ്ച് മക്കൾക്കും വേണ്ടാത്ത 100 തികഞ്ഞ ഒരമ്മ.
2)തറവാടിന്റെ നടു മുറ്റത്ത് അടക്കിയ
മുതുമുത്തച്ഛന്റെ ശവക്കല്ലറ.(നറുക്കെടുപ്പിൽ വീടോഹരി വീതം വീഴുന്നയാൾ അത് ഒരിയ്ക്കലും ഇളക്കി മാറ്റില്ലെന്ന ഉടമ്പടി ഉറപ്പിന്മേൽ. ഈ പുരാതന തറവാടിന്റെ സർവ്വവിധ ഐശ്വര്യങ്ങൾക്കും നിദാനം ആ കല്ലറയാണത്രേ !)
എന്താ, ഇത്രയും പോരേ ശിഷ്ടകാല ജീവിതം ആനന്ദ പ്രദമാക്കാൻ.
()