“ഇന്ത പുത്താണ്ട് അമ്മന്‍ കൊടൈ കൊടിയേറ്റത്തോട് സേര്‍ന്ത് നടയ്പെറും പല വിധമാന പോട്ടിയില്‍…….”. അതായിരുന്നു തുടക്കം. ഇപ്പോഴത്തെ സിനിമാപിടുത്തക്കാര്‍ ഫ്ലാഷ് ബാക്ക് പറയാന്‍ ഉപയോഗിക്കുന്ന പച്ച കലര്‍ന്ന മഞ്ഞ നിറത്തിന്‍റെ ബാക്ക്ഡ്രോപ്പ്. വാശിയേറിയ മുളക് തീറ്റ മല്‍സരം. വെത്തലഗുണ്ട്, ഞാവല്‍പ്പേട്ട, കുംഭകോണം എന്നിവിടങ്ങളില്‍ നിന്നുള്ള തൈലം തളിക്കാത്ത പലതരം പിരിയന്‍ മുളകുകള്‍. അമ്മന്‍കൊടയുടെ അവസാന ദിവസത്തിന്‍റെ മാറ്റ് കൂട്ടാന്‍ പതിവ് റൊട്ടി-തീറ്റ മാറ്റി മുളകാക്കി. ബയോ-നീമിനിനെ(BIONEEM) പറ്റിയും രഖോശക്തിയെപ്പറ്റിയും നാലുനാളത്തെ ബോധവല്‍ക്കരണ സെമിനാറിനു വന്നതാണയാള്‍. കൂട്ടത്തില്‍ ഒരു തമിഴ് സുഹൃത്ത് ഒത്തിരി നിര്‍ബന്ധിച്ചപ്പോള്‍ തിരുവിഴ കൂട്ട മഹോത്സവത്തിനും ഒന്ന് കൂടിക്കളയാം എന്ന് കരുതി. മല്‍സരത്തിലെ ആണ്‍ സിംഹങ്ങളെ പാടെ തോല്‍പ്പിച്ചു കൊണ്ട് കള്ള ചിരിയോടെ ഒരു പെണ്‍കുട്ടി. “ദ്യുതി ഗോവിന്ദ്”. മുത്തശ്ശി പായസത്തിനായി കുറുക്കിയ ചക്ക വരട്ടല്‍ കട്ട് തിന്നാറുള്ള തന്‍റെ മുഖം അതേ പടി പ്രതിഫലിച്ചത് പോലെ അയാള്‍ക്ക് തോന്നി. മുളകിനിത്രക്ക് മധുരമോ!. നാവ് പിന്നിലേക്ക് വലിച്ച് അറിയാതെ കണ്ണടച്ചപ്പോള്‍ മിന്നിമാഞ്ഞ നുണക്കുഴി. കൂട്ടുകാരന്‍ തിരികെ പോകാമെന്ന് വിളിച്ചപ്പോള്‍ ഗുരുതി പൂജയും കഴിഞ്ഞേ വരുന്നുള്ളൂ എന്ന കൊച്ചു കള്ളവും. ഒന്നാം സമ്മാനത്തിന് കിട്ടിയ 250 രൂപയും കൈയ്യില്‍ പിടിച്ച് അവളും കൂട്ടാളികളും വളക്കടകള്‍ കയറിയിറങ്ങിയത് അയാള്‍ മാറി നിന്ന്, പെട്രോമാക്സ് വെളിച്ചത്തില്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. ചില്ലറയില്‍ കുറച്ചെടുത്ത് പാല്‍ ഐസും, കളര്‍ മിക്സ് കുലുക്കി സര്‍ബത്തും വാങ്ങി നുണച്ചു മുന്നോട്ട്. വളകിലുക്കത്തേക്കാള്‍ കിലുക്കുമുള്ള ശബ്ത്തോടെ അവള്‍ അമ്മന്‍ കോവിലിന് ചുറ്റും മൂളിപ്പാടി നടന്നു. കടക്കാരനോട് വില പേശുമ്പോള്‍ കൂട്ടുകാരികളോട് ഒരു ചെറു കുസൃതിയോടെ അവള്‍ പറയുന്നുണ്ടായിരുന്നു-
“പ്രൈസെ പത്തിയൊന്നും സൊല്ല വേണാംഡാ…അമ്മ തിട്ടുവാങ്കേ…സരിയാ..”. പച്ച ദാവണിയിലെ ഇളം കാപ്പിപ്പൊടി നിറത്തിലെ ബോര്‍ഡര്‍ അവളുടെ നീളന്‍ ചെരുവിരലുകള്‍ക്കിടയില്‍ കിടന്നു ഞെരിഞ്ഞു. മിച്ചം വന്ന കാശില്‍ മൂന്ന് മോര് കുടം വാങ്ങി അവളും കൂട്ടുകാരികളും കുടിച്ച് തീര്‍ത്തു. “അണ്ണേ… കൊഞ്ചം കൂടെ… അന്ത കാര,തൊണ്ടല്‍ മൊളക് സീകി ഇടുങ്കളേ….മോര്‍ ന്നാ കൊഞ്ചം കാരാമാ, കൊഞ്ചം പുളിപ്പാ താന്‍ ഇറുക്കണോം….സില്ല് നു ഫീല്‍ വരണോം…”. നാവിലൂറിയ പുളിപ്പ് കണ്ണുകള്‍ കടമെടുത്ത് ഇറുകിയടഞ്ഞത് പോലെ.
അയാള്‍ മറ്റൊന്നും ചിന്തിക്കാന്‍ നിന്നില്ല. ക്യാമ്പിലേക്ക് പാഞ്ഞു. ഏതാനും നിമിഷങ്ങള്‍. ഇതുവരെ വന്നിട്ടില്ലാത്ത കാട്ടു വഴികള്‍ എന്നും കാണുന്നവനെപ്പോലെ ചാടിക്കടന്ന് അവളുടെ മുന്നില്‍ തിരികെയെത്തി. രണ്ടു മൂന്ന് നിമിഷത്തെ കിതപ്പ്.നേര്‍ത്ത മേഘപാളികളെ തള്ളി മാറ്റി, നനഞ്ഞുകുതിര്‍ന്ന ഇരുട്ടില്‍ ചന്ദ്രക്കല തെളിഞ്ഞു. അവള്‍ പിന്നെയും ദാവണി തലപ്പില്‍ വിരലമര്‍ത്തി പകച്ചു നിന്നു. “ഞാന്‍ സന്ദീപ്…ഇവിടെ അടുത്തുള ട്രൈബല്‍ റീജിയണില്‍ ഒരു അഗ്രോ-ജിയോ ക്യാമ്പിന് വന്നതാണ്. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്‍റ്…എനിക്ക് തമിഴ് ശരിക്കും തെരിയില്ല….”. മടിച്ചു മടിച്ച് ദീര്‍ഘമായി ശ്വാസം എടുത്ത് തുടര്‍ന്നു. “ഞാന്‍ മല്‍സരം കണ്ടു. കണ്‍ഗ്രാട്സ്….”. തറ മുട്ടിയ ആലിന്‍ കൈകള്‍ക്കിടയില്‍ നിന്ന് അവന്‍ പതിയെ മുന്നോട്ടിറങ്ങി. ഇത്തവണ ബാലേക്കാര്‍ കൂട്ടിയ തിളങ്ങുന്ന ചുണ്ണാമ്പ് വെളിച്ചത്തില്‍ അവളവനെ കണ്ടു. പതിയെ പിന്നിലൊളിപ്പിച്ച വലത് കൈ അവള്‍ക്ക് നേരെ നീട്ടി. “ഇത് ഞാന്‍ നട്ട് വളര്‍ത്തിയതാണ്….നാടനാ….നോ രാസ വളം…നോ കീടനാശിനി….”. പശ്ചാത്തലത്തില്‍ വില്ലടിച്ചാന്‍ പാട്ടിന്‍റെ നേര്‍ത്ത താളം. ചെറിയ ബട് റബ്ബര്‍ തൈ കണക്കെ ഒരു ചെടി അവന്‍റെ കൈയ്യില്‍. അതില്‍ അന്തിച്ചുവപ്പിലെ സൂര്യനെപ്പോലെ ഒരു കൊച്ചുമുളക് പ്രതാപത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു….ജീവിതത്തില്‍ ഒരു കാമുകനും കാണിക്കാത്ത സാഹസം- മുളക് തൈ നീട്ടി ഒരു പ്രണയാഭ്യര്‍ത്ഥന. അവള്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു. പിറ്റേന്ന് പുലര്‍ച്ചെ കതകില്‍ പതിഞ്ഞ രോമാവൃത കൈകള്‍…. കൂടം കൊണ്ട് പാറയിലടിച്ച പോലുള്ള ശബ്ദം….”നാ ദ്യുതിയുടെ അപ്പാ….”. സന്ദീപിന്‍റെ അച്ഛന്‍റെ നമ്പറും അഡ്രെസും വാങ്ങി, ജിമ്മില്‍ വിടുന്ന മീശ പിരിച്ചുകയറ്റി അയാള്‍ നടന്നു പോയി. മൂന്നാഴ്ച കഴിഞ്ഞു….സ്ഥിരം ശൈലി ആത്മഹത്യാ ഭീഷണി, പട്ടിണി കിടക്കല്‍…ഒന്നും വേണ്ടി വന്നില്ല….
”നീയും നിന്‍റെ അച്ഛനും ചേര്‍ന്ന് തീരുമാനിച്ചതല്ലേ….അതും ഒരു പട്ടര് പെണ്ണ്….”- അമ്മ നയം വ്യക്തമാക്കി മാറി നിന്നു. കൊച്ചമ്മാവന്‍ തുണൈ….അമ്മാവനേയും കൂട്ടി പെണ്ണുകാണല്‍….അച്ഛന്‍ വന്നില്ല…വന്നാല്‍ അമ്മ പട്ടിണിക്കിടും കട്ടായം… അവളുടെ വീട്…വീടിനു മുന്നില്‍ പല നിറത്തിലെ മുളക് ചെടികള്‍. അതിലൊന്ന് മാത്രം മറ്റുള്ളവയില്‍ നിന്ന് വേറിട്ട് തലയെടുപ്പോടെ തടം നിറഞ്ഞ് കായ്ച്ചു നില്‍ക്കുന്നു. കറി വിളമ്പുന്നതിനിടയില്‍ അവള്‍ അതിലേക്കവന്‍റെ ശ്രദ്ധ തിരിപ്പിച്ചു. ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന അമരയ്ക്കാക്കും പാവയ്ക്കാക്കും ഒടുക്കത്തെ സ്വാദാണെന്ന് കരുതിപ്പോയ നിമിഷങ്ങള്‍. ഉഴുന്ന് പരിപ്പും, ചന പരിപ്പും അമരയ്ക്കയും നാടന്‍ വറ്റല്‍ മുളക് പൊടിയില്‍ പൊതിഞ്ഞെടുക്കുന്ന അയ്യങ്കാര്‍ ഡിഷ്- “പരിപ്പുസ്ലി”. അവനറിയാതെയത് ചോറില്‍ ചേര്‍ത്ത് കുഴച്ചു പോയി.“ചെല്ലോം….മാപ്പിളൈക്ക് ഉസ്ലി കൊഞ്ചം കൂടെ പോട്രീ…..നല്ല സാപ്ട്രാറു..”. പാട്ടി, വെറ്റില കീറുന്നതിനിടയില്‍ ചെറുമകളെ നോക്കി കണ്ണ് കൊണ്ടങ്ങനെ പറഞ്ഞു. “താംബ്രത്തിലെ പൊതുവാ സോല്ലുവാ… ഉസ്ലി നല്ലാ സാപ്ട്രവര് പൊണ്ണെങ്കളെ നല്ലാ പാത്തിടുവാരാ….”. ആട്ടു തൊട്ടിലില്‍ പാട്ടിയുടെ കൂടെയിരുന്നാടിയവര് താളത്തില്‍ തല കുലുക്കി.
ആരോ തട്ടി വിളിച്ചുണര്‍ത്തിയത് പോലെ…”സാര്‍..വരണം..കഴിക്കാന്‍ ടൈം ആയി”. സന്ദീപ് കണ്ണ് തിരുമ്മി. ഉച്ചയുറക്കം പാതിവഴിയില്‍. കഴിഞ്ഞ നാല് കൊല്ലം രണ്ടു നിമിഷത്തില്‍ കണ്ടു തീര്‍ത്തു. ആറു മാസമായി പല സ്ഥലങ്ങള്‍..നാട്, കാട് വ്യത്യാസമില്ല….അഗളിയിലെയും ഷോളയാറിലെയും ഗോത്ര വര്‍ഗക്കാരുടെ കൂടെ ഊണും ഉറക്കവും. നല്ലയിനം കപ്പ കുരുമുളകിട്ട് പൊള്ളിച്ചത്, കൂടെ നല്ല ഗ്രാമ്പു പൊടിച്ചിട്ട ആവി പറക്കുന്ന കട്ടന്‍ കാപ്പിയും… കൂട്ടിന് ഫോര്‍മാലിന്‍ മണമേശാത്ത നാടന്‍ വരാലും കിളിമീന്‍ മൊരിച്ചതും കണ്‍മുന്നില്‍. പക്ഷെ! അയാള്‍ കപ്പയും മുളകരച്ചതും ചേര്‍ത്ത് കഴിച്ചു…കൈ കഴുകുന്നതിനിടയില്‍ ഒരാള്‍- “എന്താ സന്ദീപ് സാറേ…വറുത്ത മീന്‍ വെറുത്ത് തുടങ്ങിയോ?”. അയാള്‍ ഒന്ന് ചിരിച്ചു, അത്ര മാത്രം… ആളൊഴിഞ്ഞപ്പോള്‍ പോക്കറ്റില്‍ കൈയ്യിട്ട് ഇരട്ട വരയിട്ട നോട്ടുബുക്കിലെ കീറിയെടുത്ത താള് ഒന്ന് നിവര്‍ത്തി. അവളെഴുതി പഠിച്ച മലയാള അക്ഷരമാല. തിരികെ ക്യാമ്പിലെത്തി ഫയലുകള്‍ ചികയുന്നതിനിടയില്‍ പിന്നെയും ആ ചോദ്യം അയാളെത്തേടി വന്നു. നിറുത്തിയതാണ് അവള്‍ക്ക് വേണ്ടി….മീനിന്‍റെ മണം…. ഓക്കാനിക്കാന്‍ വരുമത്രേ…”ജെയ്പൂരിലെ സ്പെഷ്യല്‍ തന്ഗ്രി കെബാബ് മൂന്ന് പ്ലേറ്റ് ഒറ്റയടിക്ക് തിന്നോണ്ടിരുന്ന ഞാനാടി ഇപ്പോ ഈ കോലമായത്….തനി മുരിങ്ങാക്കോല്‍..”. “അതേ…നമുക്കേ ഈ ചത്തതിനേം കൊന്നതിനേം തിന്നണ്ടാ….”. മറുപടിയായി ദ്യുതിയത് പറഞ്ഞ് നീണ്ട മുടി പിന്നിയിട്ടു. സന്ദീപ് ഒന്ന് പല്ല് കടിച്ച് തിരിഞ്ഞു കിടന്നു. ഇടക്കിടെ വെണ്ടയ്ക്കായും പാവയ്ക്കയുമായി പാട്ടി സ്ഥിരം എഴുന്നള്ളത്തും തുടങ്ങി. അവര്‍ വരുമ്പോഴൊക്കെത്തന്നെയും റെഡി മെയ്ഡായും അല്ലാതെയും പരിപ്പുസ്ലി വീട് സന്ദര്‍ശിച്ചു പോന്നു. പരിപ്പുകറിയില്‍ തുടങ്ങി, സംസ്കാരവും സംസ്ഥാനവും കടന്ന് നീണ്ട പരാതികള്‍. പരിദേവനങ്ങള്‍… സന്ദീപ്, കാര്‍ഷിക വകുപ്പിലെ ജോലി വിട്ട് മീന്‍ പിടിക്കാന്‍ പോയാലോ എന്ന് ചിന്തിച്ച നിമിഷങ്ങള്‍.
മകന്‍റെ ചോറൂണ് കഴിഞ്ഞ മൂന്നാമത്തെ ആഴ്ച….സന്ദീപിന്‍റെ അമ്മ, നാടന്‍ മുട്ടയുടെ വേകിച്ച വെള്ള പൊട്ടിച്ച് കുഞ്ഞിന്‍റെ നാവില്‍ തൊടുവിച്ചു. അവന്‍ താല്പര്യത്തോടെ അടുത്ത ഊഴത്തിനായി ചുണ്ട് പൊളിച്ചു. ഡ്യൂട്ടി കഴിഞ്ഞു തിരികെയെത്തിയ ദ്യുതി, അമ്മായിയമ്മയോട് ഒന്നും പറയാന്‍ നില്‍ക്കാതെ കതകടച്ചകത്തിരുന്നു കരഞ്ഞു….പാട്ടിയോടും അമ്മയോടും രണ്ടു മണിക്കൂര്‍ ഫോണില്‍- “എല്ലാമേ പോയാച്ചമ്മാ…നാന്‍ എന്‍ കണ്ണാലെ പാത്തേന്‍…എനക്കപ്പവേ തെരിയും….”. റൂമിലെ ടേബിള്‍ ലാംബ്, ബാറ്ററി പോയ പഴയ മൊബൈല്‍, കല്യാണത്തിന് കിട്ടിയ മൂന്ന് പ്രിസം…..സന്ദീപ്, സ്ഥിരം പൊട്ടാറുള്ള ഐറ്റംസ് ന്‍റെ ലിസ്റ്റ് കുറിച്ച് കൂര്‍ക്കം വലിച്ചുറങ്ങി…..അര്‍ദ്ധരാത്രി, അയാളെ കുലുക്കി വിളിച്ച്- “ഏങ്കാ….നമുക്ക് വേറെ വീട് പാക്കലാം….ടൗണ്‍ ലെ?…”. കൂര്‍ക്കം വലിക്കിടെ അയാള്‍ ഇപ്പോഴോ ‘ങ്ങും’ എന്ന് മൂളിപോലും. 12th സ്ട്രീറ്റ്. ഡോര്‍ നമ്പര്‍ 4. പുതിയ വീട്. തൈര് സാദവും, വത്ത കൊളമ്പും മാറി മാറി പ്ലേറ്റ് കീഴടക്കി. ഒരു രാത്രി അവള്‍ കാണ്‍കെ അയാള്‍ പൊരിച്ച കോഴിയും ചപ്പാത്തിയും കൊണ്ട് വന്നു. ഒരു പീസ് മകനും കൊടുത്ത് അയാള്‍ ഏമ്പക്കം വിട്ട് വയര്‍ തടവി. “ഇടക്കിടെ നിങ്ങള്‍ ചിക്കന്‍ കഴിക്കാറുണ്ട് എന്നെനിക്കറിയാമായിരുന്നു….മണം മനസ്സിലാകാഞ്ഞിട്ടല്ല..ഞാന്‍ തെരിയാമല്‍ നടിച്ചേന്‍…ഇപ്പോ.. എന്‍ കണ്‍മുന്നാടിയേ….”. ഭാഗ്യം ഒന്നും പൊട്ടിയില്ല….അവളെ പേടിച്ച് ബൂസ്റ്റ് പോലും അയാള്‍ പാക്കറ്റില്‍ വാങ്ങി വച്ചിരുന്നു. “പറയണ്ടാന്ന് വിചാരിച്ചാലും… എടീ…മുളകിടാതെ ഈ വീട്ടില്‍ കിട്ടുന്ന ഏക സാധനം പച്ച വെള്ളമാ….വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ… നീയും നിന്‍റെ പാട്ടിയും…. സത്യം പറഞ്ഞാല്‍ നിന്നെ കെട്ടിയതിന് ശേഷം സ്വാദോടെ ഒരു സംഗതി ഞാന്‍ കഴിച്ചിട്ടില്ല… മനുഷ്യന്‍റെ ബേസിക് നീഡ് അന്നും ഇന്നും എന്നും ഭക്ഷണം തന്നെയാണ്… വായ്ക്ക് രുചിയോടെ തിന്നാന്‍ പറ്റിയത്…അതെങ്ങനെ തല മുഴുവന്‍ തൈരും മുരിങ്ങാക്കോലും അല്ലെ…നമ്മള്‍ തമ്മില്‍ ചേരൂലാ……പണ്ടേ അമ്മ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു…അവള്‍ടെയൊരു പരിപ്പുസ്ലി…”. അരിശം മൂത്ത് അയാള്‍ പരിപ്പ് പാത്രം മൊത്തത്തോടെ കമഴ്ത്തിക്കളഞ്ഞു. ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ എല്ലിന്‍ കഷ്ണമെടുത്ത് ഒരു ചാവാലിപ്പട്ടി ഇരുട്ടിലേക്ക് ഓടിപ്പോയി.
നേരത്തെ തട്ടി വിളിച്ച അതേ ആള്‍ തന്നെ പിന്നെയും സന്ദീപിനെ ഉണര്‍ത്തി. “അതേ സാറേ..മോന്‍റെ കാര്യം എന്തായി? ഇപ്പോള്‍ ജാതിക്കൊരു കോളം ഉള്ളത് പോലെ ‘ഫുഡ്-V/NV’ എന്നൊന്ന് കൂടെ രേഖകളില്‍ എഴുതേണ്ടി വരുമോ?…” കൂടെയുള്ളവര്‍ ചിരിച്ചു. സമയം അഞ്ചു മണി. പതിയെ ഇറങ്ങി നടന്നു. നാളെ കൗണ്‍സിലറിനു മുന്നില്‍…. മകനെ ആരുടെ കൂടെ അയക്കണം എന്നുള്ളതിന് നാളെയാണ് തീര്‍പ്പ്…പണ്ട് കുട്ടിക്കാലത്ത് സുകുവേട്ടന്‍റെ ഷാപ്പിലെ കപ്പയും മീന്‍കറിയും കഴിക്കാന്‍ രഹസ്യമായി ചെന്നതും…ഷാപ്പില്‍ പോയെന്നറിഞ്ഞ് അച്ഛന്‍ പൊതിരെ തല്ലിയതും അയാള്‍ ഓര്‍ത്തെടുത്തു…ഒടുവില്‍ കള്ളിനല്ല, ചെത്തിയരിഞ്ഞു മുളകിട്ട് വച്ചതും പൊള്ളിച്ചതുമായ മീന്തല ചേര്‍ത്ത് കപ്പ തിന്നാനാണ് പോയതെന്നറിഞ്ഞപ്പോള്‍, കൊച്ചമ്മവാന്‍ തോളത്തെടുത്തു അതെ ഷാപ്പില്‍ നിന്ന് പിറ്റേന്ന് വയറ് നിറയെ കപ്പയും കരിമീന്‍ പൊള്ളിച്ചതും വാങ്ങിത്തന്നതും….എല്ലാം ഒരു നേര്‍ത്ത വര പോലെ തോന്നിച്ചു…ശരിയാ…ഭക്ഷണം തന്നെയാണ് ഒരു പരിധി വരെ ഒരാളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്….സമയം ഏഴര….വഴിയരുകിലെ നാടന്‍ തട്ടില്‍ നിന്ന് തക്കാളി ചമ്മന്തിയും ഉള്ളി ദോശയും തിന്നയാള്‍ നടന്നകന്നു..
“രണ്ടാളും രണ്ടു വശം നിന്നപ്പോഴേ തീരുമാനം മനസ്സിലായി….ഹ്മം…നെക്സ്റ്റ് വീക്ക് വിധിയുടെ പകര്‍പ്പ് കിട്ടും…ഏഴ് വയസ്സ് വരെ മകന്‍ ആഴ്ചയില്‍ നാല് നാള്‍ അമ്മയോടും ബാക്കി അച്ഛനോടും നില്ക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു…”. കൌണ്‍സിലര്‍ താംബൂല വെറ്റില വായ്ക്കുള്ളില്‍ ഒതുക്കി അവരെ ഒന്ന് നോക്കി. ഏതാനും നിമിഷങ്ങള്‍..അമ്മയുടെ കൈയില്‍ പിടിച്ച് വരാന്തയിലേക്കെത്തിയ മകന്‍. സന്ദീപ് അവനെയൊന്നു നോക്കി. പിന്നെ ദ്യുതിയേയും. തന്‍റെ അച്ഛന്‍, അമ്മയറിയാതെ ഇടക്കിടെ മുത്തശ്ശിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ തന്നെയും കൂട്ടി പോകാറുണ്ടായിരുന്നു- ”ഡാ നിന്‍റമ്മയ്ക്ക് നല്ലൊരു അവിയല്‍ ഉണ്ടാക്കാനറിയുമോ!!….പോട്ടെ…ഒരു നല്ല മീന്‍ കറി ഉണ്ടാക്കിയിട്ടുണ്ടോ അവള്‍?….അതിന്‍റെയൊക്കെ സ്വാദ് അറിയണേല്‍ എന്‍റെമ്മയുടെ അടുത്ത് പോണം….”. ഈ ഡയലോഗ് പറഞ്ഞാണ്, അച്ഛന്‍ മുത്തശ്ശിയുടെ വീടിനു മുന്നിലെ പാലം കടക്കാറ്.. പക്ഷെ അങ്ങനൊക്കെ ആണേലും അവരൊരിക്കലും പിരിഞ്ഞിരുന്നിട്ടില്ല….സന്ദീപ് മേയാന്‍ വിട്ട ഓര്‍മകളെ തിരികെ വിളിച്ചു. അടുത്തുള്ള ചെറിയ പെട്ടിക്കടയില്‍ നിന്ന് ഒരു ചായ പറഞ്ഞു…പിന്നെയൊരു ഉള്ളി വടയും….”ചേട്ടാ…ഒരു ചായ….”. ശബ്ദം കേട്ടയാള്‍ തിരിഞ്ഞു. കുഞ്ഞിനേയും കൈ പിടിച്ച് ദ്യുതി ഒരു മുളക് ബജിയെടുത്തു കടിച്ചു. “ചേട്ടാ ഒന്നില്‍ കടുപ്പം തീരെ വേണ്ടാ…അതെ, അത് തന്നെ പാലും വെള്ളം…പിന്നെ ഒരു മുട്ട ബജിയും…”. അത് വാങ്ങി അവള്‍ മകന് കൊടുത്തു… സന്ദീപ്, മുഖത്ത് പടരുന്ന ചെറിയ ചിരിയെ സാന്ദ്രമാക്കാനുള്ള തത്രപ്പാടിലായിരുന്നു….
മൂന്നു ചായക്കും കടിക്കുമുള്ള കാശ് കൊടുത്ത് അയാല്‍ അവര്‍ക്കൊപ്പം നടക്കനാഞ്ഞു.. “അതേ പരിപ്പുസ്ലീ…. എന്ത് പറ്റി….?”. അയാള്‍ പുരികം വളച്ചു. അവള്‍ മുഖം കൊടുക്കാതെ തന്നെ പറഞ്ഞു തുടങ്ങി- “അല്ല…നിങ്ങള്‍ വീട്ടില്‍ കൊണ്ടാക്കി പോയേല്‍ പിന്നെ….ഒരു വാശിയായിരുന്നു….ചെറിയ ചില വാശികള്‍…അതിങ്ങനെയും തീര്‍ക്കാം…ആദ്യം ഒന്ന് രണ്ടു തവണ കഴിച്ചത് മുഴുവന്‍ ശര്‍ദ്ദിച്ചു…..നാലാമത്തെ അറ്റംപ്റ്റില്‍ ജയിച്ചു….ഒരു കോഴി മുട്ട…ഓംലെറ്റ്…പാതി ഇവനും കൊടുത്തു…”. അവന്‍ അച്ഛനെ നോക്കി കണ്ണിറുക്കി. ”പിന്നെ അറിയാലോ അഗ്രഹാരത്തിലെ മാമന്മാര്‍….നിങ്ങടെ നക്ഷത്ര ദോഷമാണെന്നും…മറ്റും… ഡിവോഴ്സ്.. വേറെ കല്യാണം…അങ്ങനെ പലതും…ഞാന്‍ ഒന്നിനും ഒന്നും പറഞ്ഞില്ല….ശ്രദ്ധ മുഴുവന്‍ ഇതിലായിരുന്നു…ഇടക്ക് വിളിക്കാന്‍ ഫോണ്‍ എടുത്തതാ….പിന്നേം ….”. അയാള്‍ ചിരിച്ചു കൊണ്ട് ഒരു ഓട്ടോക്ക് കൈ കാണിച്ചു “ഞാനും….ഈ പുളിശ്ശേരിയും വെണ്ടക്കാ മിഴുക്ക് പുരട്ടിയും കൊള്ളാം കേട്ടോ….എരിവ് ഇച്ചിരി കുറച്ചാല്‍ ആരോഗ്യത്തിന് ബെസ്റ്റാ….”. രണ്ടു പേരും ഒരുമിച്ച് ചിരിച്ചു… ഓട്ടോ 12th ക്രോസ്സിലെ വളവിലേക്ക് തിരിഞ്ഞു. അവള്‍ മകന്‍റെ തലയില്‍ തലോടി ചോദിച്ചു- ”അപ്പോള്‍ കോടതി?”… “ങാ…ഒരു കോടതി ഉണ്ടേല്‍ അടുത്ത മതില്‍ക്കെട്ടില്‍ തന്നെ റജിട്രാര്‍ ഓഫിസും ഉണ്ടാകുമെന്നേയ്…ഹഹ….”. അത് പറഞ്ഞയാള്‍ കീശയില്‍ കരുതിയ ഇരട്ട വരയിട്ട പേപ്പര്‍ അവള്‍ക്ക് നേരെ നീട്ടി.