അല്പം അർത്ഥവും
കൂടുതൽ ആശയവും ഉള്ള
ചില്ലറ വാക്കുകളാണ്,
എനിക്ക് വേണ്ടത്.
ഞാൻ പറയുമ്പോൾ,
ആജ്ഞാപിക്കുമ്പോൾ,
ആഗ്രഹിക്കുമ്പോൾ,
അവർ വരാറില്ല.
അവർ ഒരുമിച്ചു വന്നാൽ,
അവയെ മെരുക്കി എടുക്കണം.
നെഞ്ചുവിരിച്ച് പരസ്പരം തല്ലു കൂടുന്ന
ഒത്തൊരുമ ഇല്ലാത്തവരെ,
കുത്തിട്ട് …വേറെയാക്കണം.
ഒരുമിച്ച് അല്ലെങ്കിലും,
പരസ്പരം സഹകരിക്കുന്നവരെ
“കോമ”യിട്ടു തിരിക്കണം.
മെരുക്കിയാൽ ഇണങ്ങാത്ത,
ഞാനെന്ന ഭാവകന്,
“ചോദ്യാടയാളം” കിട്ടിയില്ലെങ്കിൽ,
അവൻ പിണങ്ങും ?.
അരിവാളിന് താഴെ,
ഒരു പുള്ളിയും നൽകി
അത് പരിഹരിച്ചാൽ…
“ആശ്ചര്യപ്പെടുന്ന” ചിലരുണ്ട്!.
അവർക്കൊരു വരയും,
കീഴിലായ് ഒരു കുത്തും നൽകിയില്ലെങ്കിൽ പിന്നെ,
സമാധാനം ഇല്ല.
ഇനിയും ചിലരുണ്ട്.
അവർക്ക് പ്രത്യേകം
സുരക്ഷ വേണമത്രേ.
അവരെ (ആവരണ)ത്തിന് ഉള്ളിലാക്കും.
ചിലർക്ക് മുകളിൽ
കുഞ്ഞു ‘കൊളുത്തു’ നൽകി
വേർപെടുത്തിയിട്ടില്ല എങ്കിൽ…..
……………..
ഇനി എല്ലാവരും ഒത്തുചേർന്ന്
ഒരമ്മപെറ്റ മക്കളെപ്പോലെ
കൂട്ടു കൂടി ചങ്ങാതിമാരായാൽ
അവർക്കൊരു പേരും
വിലാസവും വേണം.
അനുവാചകന് ആസ്വാദനം നൽകുന്ന
ചമല്ക്കാരം ആയി അവർക്ക്,
ഭംഗിയുള്ള ഒരു പേരും നൽകിയാൽ,
അവർ എന്നോട് യാത്ര പറയും.
വായനയെ സ്നേഹിക്കുന്നവരെ അന്വേഷിച്ച്,
നിങ്ങളെ അവർ കണ്ടെത്തും.
നിങ്ങളാണ് ഇനി അവരെ പരിഗണിക്കേണ്ടത്.
വായന മരിക്കാതിരിക്കാൻ…
നമുക്ക് അവകൾ വായിക്കാം.
Click this button or press Ctrl+G to toggle between Malayalam and English