ശവപ്പറമ്പുകൾ ഏകാന്തമാണ്.
അസ്ഥിമുറികൾ അനാഥമാണ്.
തുരംഗത്തിലേക്കുള്ള യാത്രപോലെ
ആത്മാക്കളുടെ അന്ധ പ്രയാണം.
ആഴക്കടലിലെ കപ്പൽ ഛേദത്തിന്റെ
ബാക്കിയായ അനാദിയായ ഇരുട്ട്.
മരണത്തിന്റെ ചാരമണ്ണുമൂടിയ
ചിതലരിച്ച മൃതാത്മാവുകൾ .
മഴയുടെ കണ്ണുനീരായി,
നായ്ക്കളുടെ ഓരിയായി,
നിശ്ശബ്ദതയുടെ നിലാവായി,
അവർ തണുത്ത കാറ്റിൽ
അലസരായി അലയുന്നുണ്ട്.
കാലില്ലാത്ത ചെരുപ്പായി,
ശരീരമില്ലാത്ത കുപ്പായമായി,
വിരലില്ലാത്ത മോതിരമായി,
സ്വരമില്ലാത്ത കണ്ഠമായി,
വായില്ലാത്ത നാവിനാൽ
ഇല മർമ്മരം പൊഴിച്ച്
അവരുടെ കാലൊച്ചകൾ
ശവപ്പറമ്പുകളുടെ മൗനത്തിൽ
കേൾക്കുന്നുണ്ടോ എന്നറിയില്ല .
Click this button or press Ctrl+G to toggle between Malayalam and English