പരസ്പര വിനിമയത്തിന്റെ സാധ്യതകൾ

images-6പരസ്പര വിനിമയത്തിലൂടെ നവമാധ്യമങ്ങളും, പരമ്പരാഗത മാധ്യമങ്ങളും വളരുന്നതിനെ പറ്റി അധികം ചർച്ചകൾ നടക്കുന്നില്ല. ഏത് മാധ്യമമാണ് നല്ലത് ഏതാണ് മികച്ചത് എന്നിങ്ങനെ ഉള്ള സംവാദങ്ങളാണ് പലപ്പോഴും. മനോജ് കുറൂർ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ ആദ്യ കാലം മുതൽ സംസാരിക്കുന്ന ഒരാളാണ്.

“2010 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കത്തിൽ ‘ആത്മപ്രകാശനത്തിന്റെ മുഖപുസ്തകം’ എന്ന പേരിൽ ഫെയ്സ്ബുക്കിനെക്കുറിച്ച് ഞാനൊരു ലേഖനമെഴുതിയിരുന്നു. സ്വന്തം അനുഭവങ്ങളുടെയും സൈബർ സംസ്കാരപഠനങ്ങളുടെ വായനയുടെയും പശ്ചാത്തലത്തിലാണ് അതെഴുതിയത്. വിവരങ്ങളുടെ ശേഖരണം, അവയുടെ വിനിമയം എന്നിവയ്ക്കപ്പുറം മനുഷ്യർ തമ്മിലുള്ള ഇടപെടലുകളുടെ ഇടമായി നവമാധ്യമങ്ങൾ വികസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മുമ്പേയുണ്ടായിരുന്ന ഓർക്കുട്ടിന്റെയും ബ്ലോഗിന്റെയും പല സവിശേഷതകളും സമന്വയിപ്പിക്കുന്നതിലൂടെ ഫെയ്സ്ബുക്ക് ആ ഇടങ്ങളെ ദുർബലമാക്കുകയും ഒപ്പം വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും വലിയൊരു ലോകം തുറന്നിടുകയുമായിരുന്നു ചെയ്തത്. യഥാർത്ഥലോകം/മായികലോകം, റിയൽ/ഫെയ്ക്ക്, സ്വകാര്യ ഇടം/പൊതുവിടം, ദൃശ്യത/അദൃശ്യത, സ്വകാര്യത/സാമൂഹികത, ആത്മം/അപരം, താത്കാലികത/സ്ഥിരത, നേർനോട്ടം/ഒളിനോട്ടം, വരേണ്യത/അധസ്ഥിതത്വം എന്നിങ്ങനെ എത്രയെത്ര ദ്വന്ദ്വങ്ങളെയാണ് ഈയിടം ഒറ്റയടിക്ക് അസ്ഥിരപ്പെടുത്തിയത്! ഇതിന്റെ ഗുണദോഷങ്ങളെപ്പറ്റി ആലോചിക്കുന്നവർക്ക് വിഷയദാരിദ്ര്യം അനുഭവപ്പെടാൻ സാധ്യതയില്ല.

അച്ചടി മാധ്യമം/ഓൺലൈൻ മാധ്യമം എന്നിവയെ പരസ്പരവിരുദ്ധമായ ഇരുപക്ഷങ്ങളായി കാണുന്ന ഒരു പ്രവണത പണ്ടേയുണ്ടായിരുന്നു. വിക്കിലീക്സ് പോലുള്ള നവമാധ്യമങ്ങൾ, തങ്ങൾ ശേഖരിക്കുന്ന ഡോക്യുമെന്റുകൾ അങ്ങനെതന്നെ പുറത്തുവിടുകയും അച്ചടിമാധ്യമങ്ങൾ അവയെ വാർത്തയാക്കുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെ ആ വൈരുധ്യം വലിയൊരളവിൽ പാരസ്പര്യം എന്ന തലത്തിലേക്കു വഴിമാറ്റുകയാണു ചെയ്തത്. ഓൺലൈനിൽ വരുന്ന കുറിപ്പുകൾ പോലും പങ്കിടുന്നതിലൂടെ മലയാളത്തിലെ അച്ചടി മാധ്യമങ്ങളും അച്ചടിമാധ്യമങ്ങളിൽ വരുന്ന രചനകൾ ചർച്ച ചെയ്യുന്നതിലൂടെ ഓൺലൈൻ മാധ്യമങ്ങളും ഇന്ന് ഈ പാരസ്പര്യത്തിന്റെ തലമാണു പങ്കിടുന്നത്. അച്ചടി മാധ്യമങ്ങളിൽ പ്രവേശനമില്ലാതിരുന്ന വലിയൊരു വിഭാഗത്തിനു സ്വന്തമായ ഇടം നിർമ്മിക്കാനും ഫെയ്സ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങൾ സഹായകമായിട്ടുണ്ട്. അവർക്കു പിന്നീട് അച്ചടിമാധ്യമങ്ങളിൽ വലിയ ഇടങ്ങൾ ലഭിച്ചതിനും ഉദാഹരണങ്ങൾ ഏറെയുണ്ട്.

എങ്കിലും ഈ സാധ്യതകൾ നിക്ഷിപ്തതാത്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവരുണ്ട്; സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാനുപയോഗിക്കുന്ന ജാതി-മത-രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ട്. ഇഷ്ടമില്ലാത്ത വ്യക്തികളെയും ആശയങ്ങളെയും നിശ്ശബ്ദമാക്കാൻ നടക്കുന്ന സൈബർ ആക്രമണങ്ങളുണ്ട്. തീവ്രവാദ ഗ്രൂപ്പുകളും ക്വട്ടേഷൻ സംഘങ്ങളുമുണ്ട്. ഇവയൊക്കെയുള്ളപ്പോഴും സ്വന്തം നിലപാടുകളെപ്പറ്റി ആലോചിക്കാനും വിയോജിപ്പുള്ള ഇടങ്ങളെ തിരിച്ചറിയാനുമുള്ള വിവേകവും ജാഗ്രതയും ഓരോരുത്തർക്കുമുണ്ടായാൽ മതിയാകും. അതുണ്ടാവുക എന്നതു പ്രധാനമായ സ്ഥിതിക്ക് വിമർശനങ്ങളോട് അസഹിഷ്ണുതയോ പ്രശംസകളോടു പക്ഷപാതമോ ഉണ്ടാവേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here