പരാബോള – പുസ്തകപരിചയം – ദര്‍ശന

 

 

 

 

 

ഇന്ദുലേഖ ബി വയലാർ അവതാരിക എഴുതിയ പുസ്തകമാണ് ഡോക്ടർ അജയ് നാരായണന്റെ പരാബോള. ഒരു പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പുകളെ അടയാളപ്പെടുത്തുന്ന പരാബോള, ഗ്രീൻ ബുക്സ് മനോഹരമായി ചിട്ടപ്പെടുത്തിയ ഈ പുസ്തകം അവതാരിക പറയും പോലെ തത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള കാവ്യ യാത്രയാണ്. അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും ആവിഷ്കരിക്കുകയാണ് ഡോക്ടർ അജയ് നാരായണൻ . വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ വർത്തമാനകാലത്തിന്റെ ദുരവസ്ഥകളും വിരഹവും പ്രളയവും പ്രണയവും അദ്ദേഹത്തിന്റെ തൂലികയിലൂടെ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യുന്നു.

മനുഷ്യന്റെ യാത്ര ഒരു അനുവൃത്ത രീതിയാണെന്ന് (പരാബോള) എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അനുഭവത്തിന്റെ തീവ്രതയനുസരിച്ച് ജീവിതത്തിന്റെ ഗതി വിഗതികൾ മാറുന്നു. ഒപ്പം കാഴ്ചപ്പാടുകളും നിലപാടുകളും അദ്ദേഹം കുറിക്കുന്നു.
ഡോക്ടർ അജയ് നാരായണന്റെ പ്രത്യേകത, അദ്ദേഹം കവിതയെഴുതാൻ തുടങ്ങിയത് ഒരു വിരമിക്കൽ കാലത്താണ് എന്നതാണ്. എഴുത്തിന്റെ ലോകത്തിൽ വിരമിക്കലിന് പ്രാധാന്യമില്ലെങ്കിലും എല്ലാവരും സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്ന ഈ വിരമിക്കൽ കാലത്ത് തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ വേവലാതികളെ മുഴുവൻ തൂലികയിലേക്ക് ആവാഹിച്ച് എഴുത്തിലൂടെ വായനക്കാരെ മുഴുവൻ അസ്വസ്ഥനാക്കുകയും പ്രണയ പരവശനാക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം എന്നതാണ് ഈ പുസ്തകത്തിലെ രചനകളുടെ സവിശേഷത.

“വാതുക്കലോളം വന്നെത്തി നോക്കിയെന്റെ
വാങ്മയ ചിത്രം വരച്ചീടവേ,
നിർമ്മല കാലമേ നിൻ മിഴിക്കോണിൽ
വിരിഞ്ഞതെന്തേ മൗനസൗഗന്ധികം”

കവി സ്വയം പരിചയപ്പെടുത്തുന്നത് ഒരു അവധൂതനായിട്ടാണ് . മടുപ്പിൽ അഭിരമിച്ച്, മടുപ്പ് കുഞ്ഞുങ്ങളെ പ്രസവിച്ച്, മടുപ്പിനെ നിർവചിച്ച് മടുത്ത , എല്ലാം മടുത്ത, ഭ്രാന്തൻ ജല്പനങ്ങളെ ചികഞ്ഞു കൊണ്ടേയിരിക്കുന്ന ഒരുവൻ . കാലത്തിന്റെ കുത്തൊഴുക്കിൽ വേരുകൾ പറിച്ചു മാറ്റി വേറൊരു ലോകത്തുനിന്ന് വേരാഴങ്ങളെ സ്വപ്നം കാണുകയാണവൻ. അവന് സ്വപ്നം കാണാൻ മാത്രം ഓർമ്മകളും കൽപ്പനകളും നിറഞ്ഞ പോയകാല ചിത്രങ്ങളെ കാലം മിഴിവോടുകൂടി കാത്തു വയ്ക്കുന്നുണ്ട്. മഞ്ഞു പെയ്യുന്ന നാട്ടിലെ കുത്തിത്തുളയ്ക്കുന്ന തണുപ്പിൽ ഒരു നെരിപ്പോട് പോലെ അവന്റെ ഹൃദയത്തുടിപ്പുകൾക്ക് ഊർജ്ജം പകരുന്നുണ്ട്.

വേറിട്ട ഒരു ഭാഷാശൈലി നമുക്ക് ഈ കവിയിൽ ദർശിക്കാനാകും. ചിലപ്പോൾ ഈ കവിതകൾ സൗഹൃദ സംഭാഷണങ്ങളാണ്. ചിലപ്പോഴവ ഒരു തത്വജ്ഞാനിയുടെ മിതഭാഷണം പോലെ ഒരേസമയം ലളിതവും അതേസമയം ഗഹനവുമായും മറ്റു ചിലപ്പോഴത് ഒരു പ്രണയിയുടെ സകല വികാരവായ്പോടെയും വായനക്കാരനിൽ ആവേശിക്കുന്നുമുണ്ട്. കവിതകളിലെമ്പാടും ഓർമ്മകളുടെ പൂവുകൾ ചിതറിക്കിടക്കുന്നത് കാണാം. ഗൃഹാതുരസ്മരണകളും ബാല്യകാലത്തിന്റെ സമ്മോഹന ചിത്രങ്ങളും വായനക്കാരന് മടുപ്പിക്കാത്ത വിധത്തിൽ കയറി വരികയും കവിയുടെ ഭൂതകാലത്തെ കുറിച്ച്, പൈതൃകത്തെ കുറിച്ച് , പാരമ്പര്യത്തെ കുറിച്ച്, നാട്ടുചന്തങ്ങളെക്കുറിച്ച് ആവോളം സംവദിക്കുകയും ചെയ്യുന്നു. അഞ്ചു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗം തുടക്കം സൗഹൃദം പിന്നെ കൽപ്പനകൾ തളിർക്കുന്നു . രണ്ടാം ഭാഗം പ്രണയം പൂവിടുമ്പോൾ . മൂന്നാം ഭാഗം നിലപാടുകൾ കായ്ക്കുമ്പോൾ . ആദ്യ രണ്ടു ഭാഗങ്ങളിൽ കാല്പനികതയ്ക്കാണ് മുൻതൂക്കമെങ്കിൽ മൂന്നാം ഭാഗത്തിൽ പരാബോള ഉയരത്തിലേക്ക് കടക്കുമ്പോൾ അനുഭവങ്ങൾ കാഴ്ചപ്പാടുകൾക്ക് രൂപം നൽകുന്നു . നാലാം ഭാഗത്തിലാകട്ടെ അവയ്ക്കുള്ള വ്യാഖ്യാനങ്ങളും അവയുടെ കാതലുകളുമാണ്. അഞ്ചാം ഭാഗം വ്യഥകളിലാണ് . പരാബോളയുടെ പരമകാഷ്ഠയിൽ വ്യഥകളിൽ വിലയം പ്രാപിക്കുന്നു കവി മനസ്സ് എന്ന് വായനക്കാരൻ ആശങ്കപ്പെട്ടേക്കാം.

വിദ്യാഭ്യാസരംഗത്ത് ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സമ്പ്രദായങ്ങളിൽ തളച്ചിടപ്പെട്ട നമ്മുടെ വിദ്യാഭ്യാസം എന്ന് സ്വതന്ത്രമാകുമെന്ന അസ്വസ്ഥ ചിന്തകൾ ഉരുത്തിരിയുന്ന കവിതകളും ഈ പുസ്തകത്തിൽ കാണാം. പാഠങ്ങൾ പഠിക്കുന്നത് എങ്ങനെ എന്ന കവിതയിൽ കവിതന്റെ വ്യഥ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.

“ഊഴവും കാത്ത് വഴിതെറ്റാതെ നിൽക്കുന്നു കീചകന്മാർ
ചുറ്റിലും പാഠങ്ങൾ
പകച്ചുനിൽക്കുന്നു.”

പാചകവും ഒരു കലയാണെന്ന് , അല്ല, കവിതയാണെന്ന് ബർഗർ എന്ന മനോഹര കവിതയിലൂടെ കവി പറയുന്നു . പാചകൻ കവിത കുറിക്കുകയാണ് തന്റെ വിഭവത്തിലൂടെ. അവന്റെ നീൾവിരൽത്തുമ്പിലെ ചലനങ്ങളിലൂടെ ഒരു കഷണം റൊട്ടി ബർഗർ ആകുന്ന നളപാകം, നീലക്കണ്ണുള്ള യവന തരുണൻ ബർഗറിന് ഓർഡർ കൊടുക്കുന്നതും അപ്പോൾ തുടങ്ങി ഒരു കവിത പോലെയാ ബർഗർ രൂപപ്പെടുന്നതും അത്രമേൽ മനോഹരമായാണ് കവി വർണിക്കുന്നത്. കവിത വായിച്ചു കഴിഞ്ഞാൽ നമ്മളും പറയാതിരിക്കില്ല.

“ഒൺ ചിക്കൻ ബർഗർ
എന്റെ അ ക്യാപ്പുചിനോ പ്ലീസ്”

സൂഫിയുടെ ലഹരിയിലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പ്രണയം – അത് പകരുന്ന ലഹരി. ഏതിലാണ് നിന്റെ ലഹരി പ്രിയനേയെന്ന് പ്രണയിനി.

വേപഥു പൂണ്ട കിളിയെ പോലെ

വിടരാൻ വെമ്പുന്ന പൂമൊട്ടു പോലെ

മേഘപാളികളിൽ നിന്നും

അടർന്നുവീഴുന്ന വെൺ തൂവൽ പോലെ

ആകാശ നീലിമയിൽ നിന്നുതിരുന്ന പ്രകാശരണു പോലെ

അവന്റെ മാസ്മര നാദം പ്രണയിനിയുടെ രോമകൂപങ്ങളി
ലൂടെ പടർന്നു കയറുകയാണ്. അല്ലാഹുവിന്റെ വചനം പോലെ.

എന്താണ് അവൻ പറയുന്നതെന്നോ?

നീയെന്ന സ്വത്വത്തെ

അസ്ഥികളിൽ ആളിക്കത്തിക്കുന്ന ചിന്തയെ

നിന്റെ നെഞ്ചിലെ വിഹ്വലമാർന്ന കോശങ്ങളെ

നിന്നിൽ അലിഞ്ഞുചേർന്ന സ്മൃതിയുടെ നോവുകളെ

നിന്റെ മിഴിയിലെ മൃതിയുടെ നിരാശയെ

നിന്നിൽ വിതുമ്പുന്ന സ്വപ്നങ്ങളെ

നിൻ വിരൽത്തുമ്പുകളിൽ ഒരിക്കലും വിരിയാത്ത പ്രണയത്തെ

നിന്റെ വേർപ്പിലൂടൂറുന്ന ചോരത്തുള്ളികളെ

നിന്റെ കാലിൽ നിർത്താതെ ചിലമ്പുന്ന ചങ്ങലക്കണ്ണികളെ

എല്ലാം എനിക്ക് ലഹരി

എന്റെ ലഹരിയിൽ പതഞ്ഞൊഴുകും

പദമാണ് നീ.”

പ്രണയത്തിന്റെ പരകോടിയിൽ എത്തിനിൽക്കെ പൊടുന്നനെ ഒരു ചിന്തയാൽ പ്രണയം ഉപേക്ഷിക്കുകയാണ്. പ്രണയം വേണ്ടാത്ത ഭൂമി. അതിന്റെ താപത്താൽ തപ്തമാകുന്ന തന്നിലെ പ്രണയ ഭാവങ്ങളെ ഉപേക്ഷിക്കുകയാണ് മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോൾ. എങ്കിലും പ്രണയം വേണ്ടാത്ത ഭൂമി എന്ന കവിതയിലെ അവസാന വരികൾ വായനക്കാരൻ എന്ന നിലയിൽ സുഖദായകമല്ല എന്ന് ഓർമിപ്പിക്കുന്നു. കവി അടയാളപ്പെടുത്തിയത് പോലെ അനുഭവങ്ങളെ കാഴ്ചപ്പാടുകളെ നീതീകരിക്കുകയാണ്. അന്ധകാരജടിലമായ ലോകത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുമ്പോൾ കാലം പകർന്നു നൽകുന്ന നേർക്കാഴ്ചകളെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുകയല്ലാതെ കവിക്ക് എന്താണ് ചെയ്യാനാവുക? കാഴ്ചപ്പാടുകളെ വളരെ ശക്തമായി കവിതയിൽ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടാണ്.

“കറുപ്പ്

വെറും കറുപ്പല്ല

വല്ലാതെ കറുത്തൊരു അവസ്ഥയാണ്

ചിന്തയുടെ

മനസ്സിന്റെ

കാഴ്ചപ്പാടിന്റെ

നിറമത്രെ അത്”

തുടർന്ന് വരുന്ന കവിതകളിൽ തന്റെ കാഴ്ചപ്പാടുകളുടെ കാതലുകളും അവയുടെ വ്യാഖ്യാനങ്ങളും നിരത്താൻ ശ്രമിക്കുകയാണോ അജയ് നാരായണൻ. പുരാണേതിഹാസങ്ങളുമായി കവി വായനയ്ക്കുള്ള അഭേദ്യമായ ബന്ധം നിരവധി കവിതകളിൽ കാണാം. മിത്തുകളെ വളരെ വിദഗ്ധമായാണ് അദ്ദേഹം പുനർ വായിക്കുന്നതും ജീവിതവുമായി കൂട്ടിയിണക്കുന്നതും.

“കാലിയെ മേച്ചു നടന്ന ചെക്കൻ

കാലുകൊണ്ട് കാളിയനെ കൊന്നു

കാളിന്ദിയെ കറുപ്പിച്ചു

കലി കൊണ്ടാ കാട്ടുകറുമ്പൻ

കാലിൽ അമ്പെയ്തു ചെക്കനെ കൊന്നു

ആശയങ്ങളുടെ അനിവാര്യമായ സംഘട്ടനം

അന്ധന്റെ ഭാര്യ അന്നേ പ്രവചിച്ചിരുന്നു.”

അവതാരങ്ങളെല്ലാം ലക്ഷ്യം നേടിയിരുന്നുവോ? അവയുടെ അർത്ഥശൂന്യതയിൽ വിലപിക്കുന്നു കവി. അവതാരങ്ങൾ എന്ന കവിത ശ്രദ്ധിക്കുക

“നിന്റെ പിൻഗാമികൾ, ഭ്രാന്തർ, ഞങ്ങൾ , രാകി

മൂർച്ചയേറ്റിയ പരശു ഇന്നും

നീട്ടിത്തരുന്ന കഴുത്തറുക്കുന്നു പെൺ

ജന്മങ്ങളെത്ര കബന്ധങ്ങളും

വെൺമഴു മൂർച്ചയിൽ ചിന്നി ചിതറുന്ന

രേണുകമാരെത്രയീ വനിയിൽ.”

കൃഷ്ണ സങ്കീർത്തനം എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

“തീരാത്ത ദുഃഖത്തിൽ വെന്തു നീറുമ്പോഴും

ഗാന്ധാരി മാത്രം പറഞ്ഞു തന്നു

വേടന്റെ അമ്പേറ്റൊടുങ്ങുമ്പോൾ മാധവാ,

നിൻ തീർത്ഥയാത്ര തുടങ്ങുകയായി”

ജീർണ്ണ വസ്ത്രങ്ങൾ എന്ന കവിതയിൽ കവി പറയുന്നു.

“മരണം സംഭവിക്കുന്നില്ല

പഴയതുപേക്ഷിച്ച് പുതുവസ്ത്രം

ധരിക്കുന്നേയുള്ളൂ”

“കോടി മണക്കണ തുണി

ഒരാവരണമാണ്

ജീർണ്ണ വസ്ത്രങ്ങളെ അഴിച്ചുമാറ്റാനുള്ള ത്വരയുടെ

ഇരയുടെ , ആവരണം.

അതിന് അതിജീവനത്തിന്റെ

രൂക്ഷഗന്ധമുണ്ട്” .

കാൽപ്പനികതയിൽ നിന്നും പൂവിട്ട പ്രണയത്തിന്റെ ഉന്മത്ത ഭാവങ്ങൾ കൊഴിയുമ്പോൾ ജീവിതത്തിന്റെ അനുഭവച്ചൂളകളിൽ വെന്തുനീറി കാഴ്ചപ്പാടുകളെ ദൃഢമാക്കുന്ന ഒരു കവി മനസ്സ് നമുക്ക് തൊട്ടറിയാം. എന്നാൽ പിന്നീട് ബുദ്ധനെപ്പോലെ വ്യഥകളിൽ ഉരുകുന്ന ഒരു കവിഹൃദയമാണ് കാണാനാകുന്നത്.

“കാണുന്നു ഞാൻ ഈ ബുദ്ധനെ

വീണ്ടുമൊരു ബോധിവൃക്ഷത്തണലിൽ.

ഇനിയും നീ തേടുന്നത് ഏതു

പുരാതന ധർമ്മബോധം ഗൗതമാ”

എന്ന് വിലപിച്ച് കവി സ്വയം ബുദ്ധനായി മാറുന്നുവോ എന്ന ഒരു സന്ദേഹമാണ് നളന്ദയിലെ ബുദ്ധൻ എന്ന കവിതയുണർത്തുന്നത്.
ബുദ്ധനെ പിന്തുടരുന്ന അവധൂതൻ കവി തന്നെയോ?
പോയ കാലത്തിന്റെ സുവർണ്ണ ദീപ്തിയാർന്ന ഓർമ്മകളെ തേച്ചു മിനുക്കി, നഷ്ടബോധത്തിൽ ഉരുകുന്ന കവിയുടെ മനസ്സ് വായിച്ചെടുക്കാവുന്ന ഓണം ഉണ്ടായത് എന്തിന് എന്ന കവിത യഥാർത്ഥത്തിൽ ഓണത്തിന്റെ രാഷ്ട്രീയത്തെയാണ് വിശകലനം ചെയ്യുന്നത്.

ഉപ്പ് ഒരു പ്രതീകമത്രേ.

പ്രതീക്ഷയിലെ ഈർപ്പവും

വാഗ്ദാന വെൺമയും

സ്വാതന്ത്ര്യപ്പുലരിയുടെ വസന്ത സൗരഭവും

നിറഞ്ഞ തേൻ സത്തുകളത്രെ.

സത്യാന്വേഷിയായ ഒരു വൃദ്ധൻ നടത്തിയ ഊന്നുവടി യാത്ര.

“ആത്മ തേജസ്സിൻ്റെ നെറ്റിത്തടത്തിലെ

വിയർപ്പിൽ തെളിഞ്ഞു പോൽ ഉപ്പുനീർ

കൈവിരൽ തുമ്പാൽ വടിച്ചുമാറ്റി ദൂര

മെത്രയോ കാതങ്ങൾ തേഞ്ഞുപോയി.”

ഉള്ളിൽ ഉറഞ്ഞുപോയ ഒരു രക്തസാക്ഷിത്വത്തെയും വരികളിൽ കോറിയിടുന്നുണ്ട് അജയ് നാരായണൻ. ആശയങ്ങൾ ഇല്ലാതാകുമ്പോൾ എന്ന കവിതയിലൂടെ.

ദക്ഷിണാഫ്രിക്ക എന്ന കരുമാടികളുടെ നാടിനെകുറിച്ചുള്ള കവിതയിലാണ് പരാബോള അവസാനിക്കുന്നത്. വളർത്തമ്മയെ പോലെ, അദ്ദേഹം ഓർക്കുന്നു ആഫ്രിക്കയെ, ഭാവിയുടെ വാഗ്ദാനമായി ഉയിർത്തെഴുന്നേറ്റു വരും എന്ന പ്രതീക്ഷയോടെ.

1988-ല്‍ ആഫ്രിക്കൻ മണ്ണിൽ ഉപജീവനത്തിനായി ചേക്കേറി 1991 മുതൽ ല്സ്ത്തോയിൽ അധ്യാപകനായി പ്രിൻസിപ്പലായി പഠനഗവേഷണങ്ങൾക്ക് ശേഷം രണ്ട് മഹാഭൂഖണ്ഡങ്ങളുടെ സംസ്കാരത്തെ കോർത്തിണക്കി കവിതകളിലൂടെ അനുഭവങ്ങളിലൂടെ അജയ് നാരായണൻ മലയാളകാവ്യലോകത്തിന് ഒരു പുതിയ ചരിത്രം തീർക്കുകയാണ്. അവകാശവാദങ്ങൾ ഒന്നുമില്ലാതെ തന്നെ. വായിക്കുക. വായനയ്ക്കുമപ്പുറം തലമുറകളുടെ വേർതിരിവില്ലാതെ ഒരു മികച്ച സൗഹൃദത്തെ സ്വന്തമാക്കുക.

 

 

 

 

 

 

ദർശന

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English