നല്ല തണുപ്പും കാറ്റുമുള്ള ഒരു വൈകുന്നേരമാണ്
ഞാൻ പന്ത്രണ്ടാം വളവിലെ ലൈബ്രറിയിൽ പോകുന്നത്.
അകത്തു കൂടി ചുറ്റി വളഞ്ഞാണ് ലൈബ്രേറിയന്റെ
മുറിയിലെത്തിയത്.
തണുപ്പു കൊണ്ട് കൂനിക്കൂടിയിരുന്ന ലൈബ്രേറിയൻ
എന്നെ കണ്ട് ചിരിച്ചു..
ജൻമങ്ങൾക്കപ്പുറം പരിചയമുള്ള ചിരി..
അത് ഹൃദയത്തിൽ നിന്ന് ഇറങ്ങി വന്ന ചിരിയായിരുന്നു..
പുസ്തകങ്ങളെ സ്നേഹിക്കുന്ന രണ്ടുപേരുടെ സ്നേഹത്തിൽ നിന്ന്
ഊറി വന്ന ചിരിയായിരുന്നു..
അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു ആ തണുപ്പത്തും
പുസ്തകം തേടി ആരെങ്കിലും എത്തുമെന്ന് അയാൾ കാത്തിരുന്നത്.
അക്ഷരങ്ങൾ മറന്നു പോയ ഒരു തലമുറയുടെ കാര്യം
ദുഖത്തോടെയാണ് അയാൾ പറഞ്ഞത്..
എനിക്ക് ആവശ്യമുള്ള പുസ്തകത്തിനായി
ലൈബ്രറിയുടെ അലമാരകളിൽ
ഏറെ നേരം ഞാൻ തിരഞ്ഞു..
ചെറിയ ക്ളാസ് മുറികൾ മുതൽ എന്നിൽ ഉൻമത്തഗന്ധമായി
നിറഞ്ഞ പുസ്തകങ്ങളുടെ വല്ലാത്ത ഗന്ധത്തിൽ
ഏറെ നേരം ഞാൻ അലിഞ്ഞു നിന്നു.
അപ്പോൾ എന്റെ ഓർമ്മയിൽ വന്നു നിന്നത്
സ്കൂൾ ലൈബ്രറിയിൽ വെള്ളിയാഴ്ച്ച പുസ്തകം
തരാൻ വരാറുണ്ടായിരുന്ന കുമാരൻ സാറായിരുന്നു..
മുകളിലത്തെ അലമാരയിലിരുന്ന് ദസ്തയോവ്സ്ക്കി
പരിചിതഭാവത്തിൽ ചിരിച്ചു..
അടുത്തു തന്നെ വിക്ടർ യൂഗോയും ഷേക്സ്പിയറുമുണ്ടായിരുന്നു..
അപ്പുറത്തെ അലമാരയിലിരുന്ന് ബഷീർ കൈ കാട്ടി വിളിച്ചു.
അവിടെ തകഴിച്ചേട്ടനും പൊറ്റക്കാട്ടുമായി
സൊറ പറഞ്ഞിരിപ്പുണ്ടായിരുന്നു.
അതിനൽപ്പം മാറി മുട്ടത്തുവർക്കിയിരിപ്പുണ്ടായിരുന്നു..
ആദ്യം പരിചയപ്പെട്ടയാളെന്ന നിലയിൽ
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
കാനം ഇ.ജെ.യുമായി ചർച്ചയിലായിരുന്നു വർക്കിച്ചേട്ടൻ..
തണുപ്പിലും കാറ്റിലും പുസ്തകങ്ങളുടെ ഇടയിലും
സമയം പോയതറിഞ്ഞില്ല
ഇടയ്ക്കിടെ ലൈബ്രേറിയൻ എത്തി നോൽക്കുന്നുണ്ടായിരുന്നു..
അടയ്ക്കാറായെന്ന സൂചനയോടെ അയാൾ
വാച്ചിൽ നോൽക്കുന്നുണ്ടായിരുന്നു.
അപ്പോഴും പുസ്തകങ്ങൾ നോക്കി എനിക്ക് കൊതി തീർന്നിരുന്നില്ല..
അടയ്ക്കാറായപ്പോഴാണ് പന്ത്രണ്ടാം വളവിലെ
ലൈബ്രറിയിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങിയത്.
അപ്പോൾ ലൈബ്രേറിയന്റെ സ്നേഹത്തോടൊപ്പം
തണുത്ത കാറ്റും എന്നെ തഴുകുന്നുണ്ടായിരുന്നു..