പന്തളം പെറ്റുള്ള പൊൻകുടമെ
എൻറെ സങ്കടം തീർക്കണമെ
പമ്പാനദത്തിൻറെ തമ്പുരാനെ
എൻറെ അമ്പലം പൂകണമെ
മണ്ഡലമാസ നൊയമ്പു നോറ്റ്
അമ്പല തീർത്ഥങ്ങളിൽ കുളിച്ച്
മനക്കരിമലക്കാട്ടിലെ കരികളെ പൂട്ടി
മലകാട്ടും അദ്വൈതഭാസ്വരം തേടി
കരളുരികി ശരണം വിളിച്ചു ഞാനെത്തുമ്പോൾ
വനമാളും പെരുമാളെ കാക്കണമെ
പന്തളം……
പമ്പക്കുളിരാം ഉടുപ്പുടുത്ത്
നെഞ്ചിടിപ്പാകും ഉടുക്കടിച്ച്
തവ “ശരണ”ത്തിൽ ഉള്ളിലെ പുലികളെയാഴ്ത്തി
പടികാട്ടും വഴിയുടെ പരമാർത്ഥം തേടി
അടിതോറും ശരണം വിളിച്ചു ഞാനെത്തുമ്പോൾ
അലിവോലും തമ്പ്രാനെ കാക്കണമെ
പന്തളം……
കല്ലും മുള്ളും പൂവാക്കി മാറ്റി
കാലിലെ ചെന്നീറ്റം കർപ്പൂരമാക്കി
തവമന്ദസ്മിതമെപ്പഴും അകതാരിലേന്തി
ബോധമണ്ഡല മകരജ്യോതിസ്സു തേടി
ഓടിത്തളർന്നു പടിയിൽ ഞാൻ വീഴുമ്പോൾ
ഊറിച്ചിരിപ്പോനെ കാക്കണമെ
പന്തളം…….
ഭക്തിയാം നെയ്യൊഴിച്ചാധാരമാറും ഞാൻ
കത്തിച്ച് പട്ടാസനത്തിലിരിക്കുന്ന
സത്യസഹസ്രാരഭാനുവാം നിൻ മുന്നിൽ
കത്തുന്ന കർപ്പൂരനാളമായ് തേങ്ങുമ്പോൾ
നിൻ പ്രഭാപൂരത്തിലെന്നാത്മസത്തയെ
ദ്വൈതം വരാതെയലിയിച്ച് കാക്കണെ
പന്തളം……