മലയാള ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (86) സാഹിത്യലോകത്തോട് വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ വെച്ച് നടന്നു.കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1957-ല്‍ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവര്‍മ്മ സ്മാരക സമ്മാനം നേടി. പഠനപഠനശേഷമുള്ള 2 വര്‍ഷം മലയാളം ലെക്‌സിക്കണില്‍ ആയിരുന്നു. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്..
1987-ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാള ഭാഷയിലെ വ്യാകരണ അക്ഷര പിശകുകൾ കണ്ടെത്തി തിരുത്തുന്നതിൽ പ്രത്യേക കഴിവ് കാണിച്ച അദ്ദേഹം ഏറെ കൃതികളും രചിച്ചിട്ടുണ്ട്. തെറ്റും ശരിയും, ‘തെറ്റില്ലാത്ത മലയാളം’, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി-സംശയപരിഹാരങ്ങള്‍, നല്ല ഭാഷ , പരിചയം (പ്രബന്ധ സമാഹാരം), നവയുഗശില്‍പി രാജരാജ വര്‍മ്മ, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം)എന്നിവയാണ് പ്രധാന കൃതികൾ