പങ്കകൾ

panka

 

മറ്റുള്ളവരെ
ഉറക്കാൻ
ചുറ്റിത്തിരിഞ്ഞ്
കറങ്ങി നടന്നപ്പോഴും
ഉള്ളിലെ ഉമിത്തീ
ആരും കണ്ടിരുന്നില്ല.

സ്വിച്ചമർത്തിയാൽ
തുടങ്ങുന്ന കറക്കം
ഓഫ് ചെയ്താലും
അൽപ്പം കൂടി
കറങ്ങിയേനിൽക്കാവൂ.

നിസഹായതയുടെ
കിരുകിരാ സ്വരങ്ങൾ
അനുസരണക്കേടിന്റെ
അപസ്വരമെന്നാണ്
അർത്ഥമാക്കേണ്ടത്.

ചോദ്യോത്തരങ്ങളില്ലാതെ
അന്യന്റെ ശരീരം തണുപ്പിച്ച്
ആശ തീരുമ്പോൾ മാത്രം
വിശ്രമിക്കാൻ വിധിക്കപ്പെട്ടവൾ.
പൊടിപിടിച്ച് മാറാല കെട്ടി
വിരൂപിയാവുമ്പോഴും
ആരും തിരിഞ്ഞു നോക്കാതെ
മരണവിധിയും കാത്തിരിക്കേണ്ടവൾ.

ഗ്യാരണ്ടി തീർന്ന്
യന്ത്രം തകരാറിലാവുമ്പോൾ
വീടിന്റെ ഒരു മൂലയിലോ
തെരുവിലോ
വിസ്മൃതിയിലലിഞ്ഞ്
ചരിത്രമായി മാറേണ്ടവൾ.

ചുറ്റിക്കറങ്ങി
ചൂടേറ്റു വാങ്ങി തണുപ്പു നൽകിയ
മുറികളിൽ വിധിയറിയാതെ
വീണ്ടും കറങ്ങുന്നു
പുതിയ പങ്കകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here