പാനീസ് വിളക്ക്

(ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ ‘ത്തെക്കുറിച്ച് ഒരു  സര്‍ഗാത്മക പഠനം)

ഒരു കാന്തക്കല്ലു പോലെ ചിതലി എല്ലാവരെയും ആകര്‍ഷിച്ചു . ഒരിക്കലതിന്റെ ‘ ആകര്‍ഷണവലയത്തില്‍ പെട്ടവര്‍ക്ക് പിന്നീടൊരിക്കലും ഭേദിച്ചു പോകാനാവില്ല . അങ്ങനെ നിങ്ങളും മടങ്ങി വന്നു .

ദാ , നോക്കൂ രണ്ടു കൂമന്‍ കണ്ണുകള്‍ . നിങ്ങളെത്തന്നെ ഉറ്റുനോക്കുകയാണു . ചുഴിഞ്ഞുള്ള നോട്ടം .അകത്തു ചുറ്റുകളുള്ള മുഖം നിറഞ്ഞു നില്ക്കുന്ന കണ്ണുകള്‍ . നിങ്ങളുടെ അളവുകള്‍ തീര്‍ച്ചപ്പെടുത്തും പോലെയാണതിന്റെ നോട്ടം . ജരാനര ബാധിച്ചയാ മാവുകള്‍ കണ്ടോ? നിനക്ക് വേണ്ടിയാണവ . അത്രയും വേണ്ടി വരുമോ നിനക്ക് ? ചുറ്റുമുള്ള ഏറുമാടങ്ങള്‍ ശ്രദ്ധിച്ചോ ? നല്ല ശകുനം . കെണിവെച്ച പോലെ . അസ്ഥിരവും അരക്ഷിതവുമായ ഒരു അരക്കില്ലം . നീയതില്‍ ഉറങ്ങിയിട്ടുണ്ടോ? ഉറങ്ങാനാവില്ല . മരണഭയം . തൊട്ടുതാഴെത്തന്നെയുണ്ടാ ഹിംസ്രജീവി . നിന്നെയും നോക്കി നില്പാണു . ഇരുട്ടിലും പ്രകാശിക്കുന്നു അതിന്റെ കണ്ണുകള്‍ . നീയൊന്നു ക്ഷീണിക്കാന്‍ , ഒന്നു കണ്ണിമയ്ക്കാന്‍ തക്കം നോക്കി നില്ക്കുകയാണത് .

നീണ്ട യാത്രയായിരുന്നല്ലേ ?മുഷിഞ്ഞിട്ടുണ്ടു നിങ്ങള്‍ . ആകെയൊരു അയഞ്ഞ മട്ട് . അലക്ഷ്യഭാവം . ഒരു നിസ്സംഗത . എന്താണു നിങ്ങള്‍ നോക്കുന്നത് ? ഒരു അസ്വസ്ഥത ? ഒരു കണക്കിനു നമ്മള്‍ മനുഷ്യര്‍ അങ്ങനെയാണു . എങ്ങുമൊതുങ്ങില്ല — എപ്പോഴും അന്വേഷണവും ആരായലും .

നിങ്ങളുടെ കാവി വസ്ത്രത്തില്‍ പെണ്‍ചൂരു മണക്കുന്നുണ്ടു കെട്ടോ. കള്ളന്‍ . ഇന്നലെ കൂടെക്കിടന്ന സ്വാമിനിയുടെ കാവിക്കച്ചയുമുടുത്തു പോന്നുവല്ലേ . അതു നന്നായി . കാവി പലതും മറയ്ക്കും . വസ്ത്രങ്ങള്‍ പലപ്പോഴും നാമെന്താണു എന്നറിയിക്കുന്നതിലുപരി , നാമെന്താണു എന്നറിയിക്കാതിരിക്കാനുള്ള ഒരു ശ്രമമാണല്ലേ .

” നക്ഷത്രക്കൂട്ടാ , നീയിതൊക്കെ സൂക്ഷിക്കണം . ഇതൊക്കെ ചന്തം വച്ചു വലുതാകണം . ”

പുല്‍ത്തകിടിയ്ക്കപ്പുറത്തെ മഞ്ഞക്കുന്നുകളിലെ മൃഗതൃഷ്ണയിലേക്കു മായും മുമ്പു അങ്ങനെയായിരുന്നോ നിന്റെയമ്മ പറഞ്ഞത് ?

അറം പറ്റിയോ ?

നീ ചന്തം വച്ചതും പുരുഷനായതും ആദ്യ മറിഞ്ഞത് നിന്റെ ചിറ്റമ്മ . നല്ല, തുടക്കം . അവരുടെ മേല്‍ച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളിലേക്കു നിന്റെ മനസ്സു ഓടിയോടിപ്പോകുന്നുണ്ടല്ലേ . തെറ്റായിപ്പോയിയെന്നു തോന്നുന്നോ? പാപബോധത്താല്‍ ഉള്ളു നീറുന്നോ? സ്നേഹം തരാന്‍ , വാത്സല്യം തരാന്‍ , നക്ഷത്രക്കുട്ടായെന്നു വിളിക്കാന്‍ , ചന്തം വയ്ക്കുന്നതു കാണാന്‍ . വഴി കാട്ടാന്‍ , ചതിക്കുഴികള്‍ പറഞ്ഞു തരാന്‍ അമ്മയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ക്കാറുണ്ടല്ലേ ?
അമ്മയൊരു വ്യവസ്ഥയാണു — ഒരു ചരിത്രാവബോധവും പുതുക്കിയുള്ള മുന്നോട്ടുപോകലും .

പ്രകൃതിയുടെ പ്രേരണകളെയടക്കി നാം എന്തിനു പൊയ്മുഖമണിയുന്നു , പൊയ് വേഷം കെട്ടുന്നു. എന്നാണു നിന്റെ ചോദ്യം . ശരിയാണു , നിങ്ങള്‍ക്ക് മാത്രമല്ല ഒരുപാടു പേര്‍ക്കും ഇതേ സംശയങ്ങള്‍ ഉണ്ടു . ശരി തെറ്റുകളും പാപബോധവുമൊക്കെ ഏതോ ആദി മനസ്സിന്റെ ചിന്താസ്ഫുരണം . സമൂഹ ജീവിതത്തിന്റെ ഉല്ലന്നം . ഊരിന്റെയുടയോനും നാടിന്റെയുടയോനും അതു നന്നെന്നു തോന്നി . കൂടെക്കൂട്ടി . പ്രോത്സാഹിപ്പിച്ചു . പരിപോഷിപ്പിച്ചു .

കുറേ നടന്നു നമ്മള്‍ . കുറേക്കാലമായില്ലേ ഇവിടെ നിന്നു പോയിട്ടു . എല്ലാം മറന്നു കാണും . ദാ , കരിമ്പനകള്‍ കണ്ടു തുടങ്ങി . ഒരിക്കലവ ഭൂമിയോളം കുനിഞ്ഞു താണു തങ്ങളുടെ നെറുകയിലെ അമൃതകുംഭം ഇന്നാട്ടുകാര്‍ക്ക് പാനം ചെയ്യാന്‍ നല്കി . ഇന്നിവ പിണങ്ങിയിട്ടാണ് . ദുര്‍വാസാവിനെപ്പോലെ ദുര്‍മുഖം കാട്ടി നിലക്കുകയാണു . പകലും രാത്രിയും ഒന്നുപോലെ ഇവിടുള്ളവരെ പേടിപ്പിക്കുകയാണ് . എല്ലാ ദുര്‍ഭൂതങ്ങളെയും ഇവരുടെ നേര്‍ക്കഴിച്ചു വിടുകയാണ് . നേരും നെറിയും ഇല്ലാത്തവരാണ് ഇന്നാട്ടുകാര്‍ എന്നാണിവ പറയുന്നത് . ഇന്നാട്ടിലുള്ള സകല മാടനും മറുതയും യക്ഷിയും പൂതങ്ങളുമൊക്കെ ഇവയിലാണു താമസം . വിഷസര്‍പ്പങ്ങളും കരിന്തേളുകളും ഇവയില്‍ പുളയ്ക്കുന്നു . ഒരിക്കല്‍ ഷെയ്ക്ക് തങ്ങളും അദ്ദേഹത്തിന്റെ ആയിരത്തിയൊന്നു പടയാളികളും തമ്പടിച്ചത് ഈ കാടുകളിലാണ് . അദ്ദേഹവും അദ്ദേഹത്തിന്റെ പാണ്ടന്‍ കുതിരയും അറബിപ്പടയാളികളും അവരുടെ, വെള്ളക്കുതിരകളും സദാ ഇവിടെ റോന്തു ചുറ്റുന്നുണ്ട് . കുതിരക്കുമ്പടി ശബ്ദങ്ങള്‍. എപ്പോഴുമിവിടെ കേള്‍ക്കാനാകും . സന്ധ്യകളില്‍ മലക്കുകളും ജിന്നുകളും ഇഫിരീത്തുക്കളുമൊക്കെ അവയ്ക്കു മുകളില്‍ മാനത്ത് ചുറ്റിക്കറങ്ങുന്നത് കാണാം . ദാ അതിന്റെ ചോട്ടില്‍ തളം കെട്ടിയ ചോര കണ്ടോ ? കുരുതിച്ചോരയാണത് . ദിനോസറിനെ ഓര്‍മ്മപ്പെടുത്തുന്ന അതിന്റെ ശത്ക്കങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കുരുതിയില്‍ ചിതറിത്തെറിച്ച ഇറച്ചിക്കഷണങ്ങളാണ് . കൈപ്പൊക്കത്തില്‍ അവയില്‍ അണിയിച്ചിരിക്കുന്ന തെച്ചി മാലകള്‍ കുരുതിയ്ക്കു വേണ്ടി ഒരുക്കിയതാണ് . ഉച്ചകളില്‍ അവയ്ക്കു ചുറ്റിനും മൃഗതൃഷ്ണകള്‍ പറന്നു പൊന്തുന്നതു കാണാം . കിഴക്കന്‍ കാറ്റില്‍ പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞവ ഇണചേരുന്നതൊരു വല്ലാത്ത കാഴ്ചയാണ് .

ഇനി കുറച്ചു ദൂരമേയുള്ളു കെട്ടോ . ഇപ്പോഴും ആരെയെങ്കിലും ആശുപത്രിയിലൊക്കെ കൊണ്ടു പോകണമെങ്കില്‍ ശിവരാമന്‍ നായരുടെ കാളവണ്ടി തന്നെ ആശ്രയം .

ദൂരെ , ഇരുട്ടില്‍ , കാളവണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്ക്. നേര്‍ത്ത് കേള്‍ക്കുന്ന ‘ ലാ ഇലാഹ് ‘

രാജാവിന്റെ പള്ളിയിലെ അന്നത്തെ രാത്രിയോര്‍ത്തു ഞാന്‍ .

“എന്താണത് ? ”

താന്‍ ചോദിച്ചു .

” ശവം ”

മൈമുനയുടെ നിര്‍വികാരമായ മറുപടി . മുങ്ങാങ്കോഴിയോടൊപ്പം തന്നെ വിട്ടപ്പോള്‍ മുതല്‍ മനസ്സില്‍ ശവമായി കരുതിയിരുന്ന ഒരാളുടെ ശാരീരിക സ്ഥിരീകരണം . ഉമ്മറും ഉസ്മാനും ഉബൈദുമെല്ലാം അവളുടെ ഉടലഴകിന്റെ സമൃദ്ധികളിലേക്കു നോക്കി വെള്ളമിറക്കി . പക്ഷേ , വ്യവസ്ഥയെ മറികടക്കാന്‍ അവര്‍ക്കായില്ല . അവളുടെ ദേഹത്തു മീന്‍ ചെകിളോളം പൊന്നില്ല .

വ്യവസ്ഥയെ മറികടന്നു മൈമുന . അവള്‍ അതിനോടു കലഹിച്ചു . അതിനെ ധിക്കരിച്ചു .

” നല്ല സൊകം .”

ജീവിതത്തില്‍ നിന്നു കിട്ടാവുന്ന എല്ലാ സുഖവും സന്തോഷവും നേടാന്‍ ശ്രമിച്ചവള്‍ .തടസ്സം നിന്നതിനെയൊക്കെ ഒഴിവാക്കി — ആബിദ , മുങ്ങാങ്കോഴി , ഖാലിയാരുടെ തകിട് ..

” ഇന്ത കഞ്ചിപ്രാക്ക് ഒങ്കളോടെതാക്ക് മോ ? ”

പെട്ടെന്നു കൈയ് കവിളിലേക്കെത്തി . അന്നത്തെ അടിയുടെ ചൂട് ഇപ്പോഴുമുണ്ട് . ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവ് .

നൈജാമലി .

ഉത്സാഹം , മത്സരം , അന്വേഷണം ,സ്വാതന്ത്ര്യം , പരിപൂര്‍ണ്ണത , താന്‍പോരിമ — ഇതൊക്കെയായിരുന്നോ അയാള്‍ ?

” നമ്മണ്ടെ പള്ളിയില്‍ കൊണ്ട്ന്ന് കിട്ത്ത് . ”

അയാളെ വേറിട്ടു നിര്‍ത്തിയ വാക്ക് .

ഷെയ്ക്ക് തങ്ങളെപ്പോലെ , ജിന്നുകളെയും മലക്കുകളെയും പോലെ , ആകാശവീഥികളിലൂടെ പറന്നു നീങ്ങാന്‍ ശ്രമിച്ചയാള്‍ . അവരിലൊരാളാകാന്‍ മോഹിച്ചു .

‘” നല്ല സൊകം ”

അങ്ങനെ ആയിരം വട്ടം അയാളുടെ കാതില്‍ മന്ത്രിച്ച മൈമുനയുടേയും നീലിയുടെയും അത്തരുടെ വീടരൂടെയുമൊക്കെ വാക്കുകളുടെ ഭൂഗുരുത്വമാണോ അയാളെ താഴേക്കു വലിച്ചിട്ടത്?

പുരോഹിതന്‍ , തൊഴിലാളി , മുതലാളി , തൊഴിലാളി നേതാവ് , വിപ്ലവകാരി , കാമുകന്‍ — എന്തിലും അയാള്‍ മുന്തിനിന്നു .

__അനീതിക്കെതിരെ നീതിയായി .

–അക്രമത്തിനെതിരെ ക്രമമായി .

— മുതലാളിക്കെതിരെ വീറുറ്റ തൊഴിലാളിയായി .

– ചൂഷകനെതിരെ വീറുറ്റ ചൂഷിതനായി .

ഇതൊക്കെയാണോ അയാള്‍ , ഇതൊക്കെയാണോ അയാളുടെ സത്യം?

” സത്തിയം പലതാണ് .”

ഖസാക്കുകാര്‍ അങ്ങനെ വിശ്വസിച്ചു .

–മൈമുനയെ സ്വകാര്യ സ്വത്തായി കരുതിയയാള്‍ .

–നീലിയുടെ അരയിലെ ചരടായി അയാള്‍ . കുട്ടാപ്പുവിന്റെ കണ്ണിലെ കരടും .

–അത്തരിനു തൊഴിലാളി വര്‍ഗ്ഗ ദുര്‍ഭൂതമായി . അത്തരിന്റെ മാളികയിലെ മന്നനും .

ഷെയക്ക് തങ്ങളുടെ ‘കിര്‍ഫ ‘ ക്രമത്തിനും അക്രമത്തിനും നിര്‍ലോഭം ഉപയോഗിച്ചയാള്‍ .

നീതി അനീതിയായും , ക്രമം അക്രമമായും , ചൂഷിതന്‍ ചൂഷകനുമാകുന്ന മായക്കാഴ്ച കണ്ടു ഖസാക്കൂകാര്‍ .

” സത്തിയം പലതാണ് .”

ഖസാക്കൂകാര്‍ അതങ്ങനെ പറഞ്ഞുറപ്പിച്ചു .

നിലനില്പിന്റെ നീക്കുപോക്കുകള്‍ക്കു വേണ്ടി സമൂഹമെന്ന വേലിക്കെട്ടിന്നുള്ളിലേക്കു കയറി നില്ക്കാന്‍ വിമ്മിഷ്ടപ്പെടുന്നയൊരു ഇരുകാലിയാണു മനുഷ്യര്‍ എന്ന സത്യം മനസ്സിലാക്കാതെ പോകുന്നതാണോ വിപ്ലവങ്ങള്‍ തോല്‍ക്കാന്‍ കാര്യം?

മൈമുന , നൈജാമലി , താന്‍ — മൂന്നു സ്വാതന്ത്ര്യ സമര സേനാനികള്‍ നേര്‍ക്കുനേര്‍ . സ്വാതന്ത്ര്യത്തിന്റെ പരിധി നിര്‍ണ്ണയം , സ്വകാര്യ സ്വത്തവകാശം , ധര്‍മ്മാധര്‍മ്മങ്ങള്‍ എന്നിവയൊക്കെ വിസ്തരിക്കപ്പെട്ടയൊരു കോടതിമുറി .

അതിരിക്കട്ടെ എത്ര വയസ്സുണ്ടു നിങ്ങള്‍ക്ക് — മുപ്പത് , മുപ്പത്തഞ്ച് ?

ഓരോരോ ഓര്‍മ്മകളില്‍ പെട്ടു അയാള്‍ കൂടെയുള്ള കാര്യം മറന്നു പോയിരുന്നു .

പ്രണയത്തിലും വിവാഹത്തിലുമൊന്നും നിങ്ങള്‍ക്ക് താല്പര്യമില്ലെന്നു തോന്നുന്നു. സ്വാതന്ത്ര്യം പോകുമെന്നും കെട്ടിയിട്ടു പോകുമെന്നുമൊക്കെയുള്ള ചിന്തകളാണോ ? പത്മ ഒരു നല്ല കുട്ടിയല്ലേ . സുന്ദരി . നല്ല ജോലി. എത്രയായി അവള്‍ പുറകെ നില്ക്കുന്നു .അതോ പുതുമകള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണോ ? സത്യത്തില്‍ പുതുമയെന്നതും ഒരു തോന്നലല്ലേ ? എല്ലാം പഴയതും ആവര്‍ത്തനവും മാത്രം . കൊരുത്തു കോര്‍ത്തു നില്ക്കുന്നയീ പ്രപഞ്ചവും , സൂര്യചന്ദ്രന്മാരും , ഭൂമിയും , കോടാനുകോടി നക്ഷത്രങ്ങളുമൊക്കെ സമയനിഷ്ഠയോടെ ആവര്‍ത്തിക്കുന്നു . കാറ്റും മഴയും വെയിലും ആവര്‍ത്തിക്കുന്നു . ഋതുക്കള്‍ ആവര്‍ത്തിക്കുന്നു . സുഖദുഃഖങ്ങളും മനുഷ്യ ഭാവങ്ങളും ആവര്‍ത്തിക്കുന്നു . പ്രണയവും ഇണചേരലുകളും അതിന്റെ തുടര്‍ക്കഥകളുമൊക്കെ ആവര്‍ത്തനങ്ങള്‍ മാത്രം . പരീക്കുട്ടിയും കറത്തമ്മയും , സുഹറയും മജീദും തമ്മില്‍ , അന്നയും അലക്സിയും തമ്മില്‍ പറഞ്ഞ അതേ വാക്കുകളും ഉപയോഗിച്ച ചേഷ്ടകളുമൊക്കെത്തന്നെയാണു അവര്‍ക്കു മുന്‍പുള്ളവരും ശേഷമുള്ളവരും ഉപയോഗിച്ചു പോരുന്നത് .

ഒരിക്കല്‍ നിങ്ങള്‍ മൈമുനയോടു ചോദിച്ചു :

” എങ്ങനുണ്ടു . ”

അവള്‍ പറഞ്ഞു :

:” നല്ല സൊകം ”

നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ . നിങ്ങള്‍ക്ക് മുമ്പു നൈജാമലിയും , മുങ്ങാങ്കോഴിയും അവളോടു ആയിരം വട്ടം അങ്ങനെ ചോദിച്ചിട്ടുണ്ടു . അപ്പോഴോക്കെയും അതേ തീവ്രതയിലും പരവേശത്തിലും അവള്‍ പറഞ്ഞു :

” നല്ല സൊകം ”

ആവര്‍ത്തനത്തിന്റെ പുതുമകള്‍ .

” ദാ , അത് കണ്ടോ? ”

അയാള്‍ എന്നെ ചൂണ്ടിക്കാണിച്ചു . പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു പേര്‍ .

” മരിയ . ”
“ങ്ഹും .”
“മരിയാ ..
“ങ് ങ്ഹും ”
“എന്താണ് ? ”
” ങ് ങ് ഹും .”
” പിന്നെ ? ”
”ങ് ങ് ഹൂം .”
” നോവുന്നുണ്ടോ? ”
” ങ്ഹും .”
” പിന്നെ ? ”
” ഒന്നുമില്ല .”
” പറയ് .”
” അത്..”
” പറയ്.. ”
” നല്ല സൊകം .”
സ്പാനിഷ് യുദ്ധത്തില്‍ പട്ടാളക്കാര്‍ പിച്ചിച്ചീന്തി മൃതപ്രായയായ ഹെമിംഗ് വേയുടെ മരിയ . അവള്‍‍ക്കു മേലില്‍ പുരുഷന്മാരെ പേടിയാണ് .റോബര്‍ട്ടൂ ജോര്‍ദ്ദാന്‍ അവളോടു നല്ല വാക്കു പറഞ്ഞു . സ്നേഹം കൊടുത്തു . ആശ്വസിപ്പിച്ചു. ഉത്സാഹിപ്പിച്ചു . തഴുകിത്തലോടി . നക്കിത്തുടച്ചു .

അവള്‍ ജീവിതത്തെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങി . വീണ്ടുമവള്‍ പറഞ്ഞു തുടങ്ങി :

” നല്ല സൊകം . ”

ആവര്‍ത്തനത്തിന്റെ പുതുമകള്‍ .

നിങ്ങളുടെയീ വരവു പോലും ഒരു ആവര്‍ത്തനമാണ് , വ്യവസ്ഥാ വിധേയത്വമാണ് . നാം വന്ന വഴി പറഞ്ഞു കൊടുക്കാന്‍ , അതിന് തുടര്‍ച്ചയായി പുതുവഴി തെളിക്കാന്‍ .

അതു കേട്ടപ്പോള്‍ ഞാറ്റുപുര വീണ്ടും മനസ്സിലേക്കെത്തി ..

പ്രതീക്ഷയുടെ പുതുമുളകള്‍ . ഭാവിയിലേക്കുള്ള കരുതിവെപ്പ് . ഏകാധ്യാപക വിദ്യാലയം . ഒരു പുതുമ . ഒരു മാറി നടപ്പ് . ആരൊക്കെ എന്തൊക്കെ പഠിച്ചു അവിടെ നിന്ന് ? നാരായണിയെയും , കുപ്പുവിനെയും , കേലനെയുമൊക്കെ ഒരു പാഠം പഠിപ്പിക്കാനല്ലായിരുന്നോ ശിവരാമന്‍ നായര്‍ അത് തുടങ്ങാന്‍ ഉത്സാഹം കാണിച്ചത് ? അവര്‍ പാഠം പഠിച്ചിട്ടുണ്ടാവുമോ ? അപ്പുക്കിളിയുടെ തലയില്‍ പേന്‍ പെരുകുന്നത് പോലെയാണു ആര്യന്മാന്‍ ഇന്ത്യയിലേക്കു വന്നതെന്നു പറഞ്ഞപ്പോള്‍ കുട്ടികള്‍ രസിച്ചു പഠിച്ചു . കുഞ്ഞാമിനയുടെ അമ്മ പോലും അതില്‍ നിന്നു എന്തൊക്കെയോ മനസ്സിലാക്കി . ഓന്തും , വിഷച്ചിലന്തിയും , ദിനോസറും , പുനര്‍ജന്മവും ,മൊല്ലാക്കയും , ഖസാക്കിന്റെ ചരിത്രവും ഐതിഹ്യവുമൊക്കെ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു . അജ്ഞതയുടെ മൂടല്‍മഞ്ഞുനീക്കി ചിതലിമല കയറി . അവിടത്തെ കാഴ്ചകള്‍ കണ്ടു . ഷെയ്ക്ക് തങ്ങളുടെ കൊട്ടാരം , മിനാരങ്ങള്‍ .അവിടെ നിന്നാല്‍ ലോകം മുഴുവന്‍ കാണാമായിരുന്നു . ദൂരെയൊരു ദിക്കില്‍ , ഒരു അത്ഭുത ലോകത്ത് കണ്ണൂ മിഴിച്ചു നില്ക്കുന്ന ആലീസ് , ഏകാന്ത ദ്വീപില്‍ അലഞ്ഞു തിരിയുന്ന റോബിന്‍സണ്‍ ക്രൂസോ ,വെള്ളത്തിമിംഗലത്തിന്റെ തിരയനക്കം മാത്രം ശ്രദ്ധിച്ചു നില്ക്കുന്ന ക്യാപ്ടന്‍ ആഹാബ് ,ആഴക്കടലില്‍ മീന്‍ പിടിക്കുന്ന കിഴവന്‍ സാന്റിയാഗോ , കിഴവിയുടെ മുറിയില്‍ പതുങ്ങി നില്കുന്ന റസ്കോര്‍ നിക്കോവ് , ജീന്‍ വാല്‍ ജീന്‍ തന്റെ സഹോദരനാണെന്നു പോലീസിനോടു പറയുന്ന ബിഷപ്പ് , ദൂരെ ദേശത്തേയ്ക്കുള്ള വണ്ടിയില്‍ കയറിയിരിക്കുന്ന അന്നയും അലക്സിയും , മറ്റൊരു ദിക്കില്‍ , ഒരു മരച്ചുവട്ടിലിരുന്നു ഇരുമ്പു സ്വര്‍ണ്ണമാക്കുന്ന ഗവേഷണങ്ങളില്‍ ഉത്സാഹത്തോടെ ഏര്‍പ്പെട്ടിരിക്കുന്ന ജോസ് ആല്‍ക്കേഡിയോ ബുവന്‍ ഡിയ , വസ്തുക്കള്‍ക്കു അവയുടേതായ ജീവനുണ്ടെന്നു കണ്ടെത്തുന്ന മെര്‍ക്വിയാഡിസ് , ഒരു വള്ളത്തിന്റെ മറവില്‍ പ്രണയബദ്ധരായിരിക്കുന്ന പരീക്കുട്ടിയും കറത്തമ്മയും , മുഖത്തോടു മുഖം നോക്കി യിരുന്നു സങ്കടങ്ങള്‍ പറയുന്ന മജീദും സുഹറയും .

” ആമിനക്കുട്ടി എഴുന്നേറ്റു പോയി കളിക്കൂ .”

മടിയില്‍ നിറഞ്ഞ അവളുടെ ഘനത്വം . അതിലും ഘനത്വത്തില്‍ പ്രതികരിച്ച വിവേകം .

ആമിനക്കുട്ടിയുടെ തിരണ്ടു കല്യാണമാണ് . മാഷ് തീര്‍ച്ചയായും വരണം

കൈപ്പടത്തിലേക്കു വീണ മഞ്ചാടിമുത്തുകള്‍ . ലോകത്തെ നയിക്കാന്‍ മറ്റൊരു പാനീസ് വിളക്കു കൂടി .

” ആ പണി ഞമ്മളെട്ത്താളയാ .”

ദാരിദ്ര്യം പങ്കുവയ്ക്കാന്‍ മത്സരിക്കുന്ന ശരീരവും മനസ്സും .

” ഉങ്കള്ക്ക് തെരി യാത് — ”

“എന്ത്? ”

” ചിന്ന കൊള് ന്തകളുടെ നോവ് .”

ചാന്തുമ്മയും പഠിപ്പിച്ചു വലിയൊരു പാഠം .

ചമച്ചും , ചായ വെച്ചും , ചാരായം കുടിച്ചും , ചാന്തുമ്മയെ കടന്നുപിടിച്ചും , മാധവന്‍ നായരുമൊത്തു ചെറ്റപൊക്കുകള്‍ക്ക് പദ്ധതിയിട്ടും കഴിഞ്ഞ കാലം . അത്തരമിടങ്ങള്‍ക്ക് മറ്റുള്ളവര്‍ കൊടുക്കുന്ന ബഹുമാനമൊന്നും കൊടുക്കാന്‍ താല്പര്യമെടുത്തില്ലെന്നോര്‍ത്തു .

” മരിയാതിയാക്കി അയ് പ് രാന്തനെ അടക്കിയ്ക്കോളി .”

കൊടുങ്കാറ്റു പോലെ അങ്ങോട്ടു വന്ന മൈമുന . അവളുടെ സൗന്ദര്യസങ്കല്ലങ്ങളില്‍ അപ്പുക്കിളിയില്ല .
ചിന്തയും , ഭാഷയും , ഉടുപ്പും നടപ്പും ,സൗന്ദര്യ സങ്കല്പങ്ങളും , സത്രീ പുരുഷ ബന്ധങ്ങളുമൊക്കെ വ്യവസ്ഥപ്പെടുത്തി വെച്ചിരിക്കുന്നൊരു സമൂഹം .

ആരാണ് അപ്പുക്കിളി ?

— അംഗീകൃത പൈതൃകങ്ങളില്ലാത്തവന്‍

— അംഗീകൃത രൂപ സൗന്ദര്യ വ്യവസ്ഥകളില്‍ പെടാത്തവന്‍ .

— അംഗീകൃത ഭാഷയില്‍ സംസാരിക്കാത്തവന്‍ .

— അംഗീകൃത ശിക്ഷണ വ്യവസ്ഥകളിലൂടെ കടന്നുപോകാത്തവന്‍ .

— എല്ലാമൊരു വട്ടത്തിലൊതുങ്ങുന്നുവെന്ന തിരിച്ചറിവിന്റെ ത്രികാലജ്ഞാനി .

–ഒരു ജന്തു സമാനത .

— വെള്ളത്തിന്റെ ദ്രവത്വം , വായുവിന്റെ ലഘുത്വം .

വലിയൊരു അവ്യവസ്ഥയായിരുന്നു അപ്പുക്കിളി . അവ്യവസ്ഥകളെ ആരും കാമിക്കുന്നില്ല .

ഞാറ്റുപുര വലിയൊരു പാഠശാലയായിരുന്നു തനിക്കെന്നു അയാള്‍ ഓര്‍ത്തു .

ദേ , നോക്കു ഇവിടെ നിന്നു നമുക്ക് ഖസാക്ക് ദൂരത്തായി കാണാം .ഞാനും നോക്കി . ശരിയാണ് നടന്നു നടന്നു ഞങ്ങള്‍ ഒരു കന്നിന്റെ പൊക്കത്തെത്തിയിരുന്നു .

” അല്ലാഹു അക്ബര്‍ ”

ദൂരെ നിന്നേ കേള്‍ക്കാമായിരുന്നത് .. ഖസാക്കിന്റെ അന്തരീക്ഷത്തില്‍ , ഇഴപിരിച്ചെടുക്കാനാവാതെ വിലയിച്ചു കിടന്ന അനേകമനേകം ശബദങ്ങളോടിടകലര്‍ന്നയൊരു മഹത്വപ്പെടുത്തല്‍ .നാല്പതു വര്‍ഷത്തിന്റെ തുടര്‍ച്ച കൊണ്ടു അതിന്റേതായൊരു ഈണവും താളവും കണ്ടെടുത്തയൊരു നിയോഗം .

” ആ പണി ഞമ്മളെ ട്ത്താളയാ . ”

കഷ്ടം. ഇക്കാലമത്രയും ദൈവമയാളെ കണ്ടിട്ടില്ല .

പിഞ്ഞി മുഷിഞ്ഞു വിയര്‍പ്പു നാറിയ കുപ്പായം . നെടുങ്ങനെയും വിലങ്ങനെയുമുള്ള തുന്നലുകള്‍ കുപ്പായത്തേക്കാള്‍ , ദീനമായയാ ശരീരത്തെയാണു കൂട്ടിക്കെട്ടി നിര്‍ത്തുന്നത് എന്നു തോന്നും . ദീനശരീരങ്ങളില്‍ നിന്നു കാര്‍ക്കിച്ചാലും പറിഞ്ഞു പോരാത്ത കഫം പോലെ ദാരിദ്രും അക്കിഴവനോടു ചേര്‍ന്നു നിന്നു .

“കാഫറിന്റെ സ്കൂളില്‍ പോകുമോ ?”

നിലനില്പിന്റെ ചോദ്യം .

” ശെയ്ഖ് തങ്ങളെ പിടിച്ചാണയിട് . ”

മഹത്യപ്പെടുത്തുന്ന ദൈവം .

” മാരിയമ്മനെയും പിടിച്ചാണയിട് .”

മഹത്വപ്പെടുത്തുന്ന ദൈവത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല . അയാള്‍ ദൈവത്തെയും ഇതു വരെ കണ്ടിട്ടില്ല .

അള്ളാപ്പിച്ചാമൊല്ലാക്ക . അള്ളാ മുടിച്ചാ മൊല്ലാക്ക എന്നു കുട്ടികള്‍ പാടി .

ദൂരെ നിന്നും കേള്‍ക്കുന്ന തുടികൊട്ടിന്റെ താളം . കുടമണികളുടെയും ഉറഞ്ഞു തുള്ളലിന്റെയും അട്ടഹാസങ്ങളുടെയും ആര്‍പ്പുവിളികളുടെയും ‘ ഫോ ‘ കളുടെയും , കരിമ്പനകളുടെ സീല്‍ക്കാരത്തിന്റെയും , വിഷം ചീറ്റുന്ന പാമ്പുകളുടെയും , വിഷച്ചിലന്തികളുടെയും , നരിച്ചീറുകളുടെയും , ചീവീടുകളുടെയും , തവളകളുടെയും ,.ഗൗളികളുടെയും , കുതിരക്കുളമ്പടികളുടെയും , ആകാശത്തു കൂടെ മന്ത്രം ജപിച്ചു പറന്നു നീങ്ങുന്ന ജിന്നുകളുടെയും മലിക്കുകളുടെയും , യക്ഷിയുടെയും , മാടന്റെയും , മറുതയുടെയുമൊക്കെ ശബ്ദങ്ങള്‍ അതിനോടു ഇടകലര്‍ന്നു . ദൂരെ , ചിതലിമല . താഴുന്ന വെയിലില്‍ അതിന്റെ മുകള്‍പ്പരപ്പിലെ മഞ്ഞപ്പുല്ലുകള്‍ക്ക് സ്വര്‍ണ്ണത്തിളക്കം . ചിതലിക്ക് ഓരോ നേരവും ഓരോ നിറമാണ് . അതിന്റെ കരിനിഴല്‍ ഖസാക്കിനു മുകളില്‍ എപ്പോഴും വീണു കിടന്നു .

ഏതോ പനയുടെ മുകളിലൊരു നിഴല്‍ വെട്ടം കണ്ടപോലെ . കുപ്പുവാണോ ? പനയായ പനയൊക്കെ കൂപ്പു കയറി . വീടായ വീട്ടിലൊക്കെ എത്തി നോക്കി . കണ്ടത് പറഞ്ഞു . കാണാത്തത് പൊലിപ്പിച്ചു പറഞ്ഞു . നാരായണിയോടും കല്യാണിയോടും നാട്ടുവര്‍ത്തമാനം പറഞ്ഞു . തീ ചോദിച്ചു . കൂപ്പുവിനെ പന വിലക്കി . മേലില്‍ കയറരുതെന്നു പറഞ്ഞു . കല്യാണിയെ അവളുടെ വീട്ടിലേക്കു പറഞ്ഞു വിട്ടു ഷെയ്ക്ക് തങ്ങള്‍ . ഞാറ്റുപുര വാടകയ്ക്കൂ കൊടുത്തു പുളിങ്കൊമ്പത്തെ ഭഗവതി . കേശിയെ കണ്ണതെറ്റി നോക്കിയെന്നു കണ്ടു. അയാളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു മാരിയമ്മ .

അവിടുത്തെ ദൈവങ്ങളും പനകളും പ്രകൃതിയും ഒറ്റക്കെട്ടായി അന്നാട്ടുകാരെ പേടിപ്പിച്ചു . വിചിത്രമായ ശിക്ഷകള്‍ നടപ്പാക്കി . അവിടുത്തുകാര്‍ നേരും നെറിയുമില്ലാത്തവരാണെന്നു അവര്‍ കരുതി . ഇബിലീസിന്റെ വാക്കു കേട്ട മുങ്ങാങ്കോഴിയെ ഉള്‍ക്കിണറുകള്‍ അന്വേഷിക്കാന്‍ പറഞ്ഞു വിട്ടു പുളിങ്കൊമ്പത്തെ ഭഗവതി . കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ പോതിയുടെ പുളിയില്‍ കയറിയ ചാന്തുമ്മയുടെ റാവുത്തരെ പാമ്പുറുമ്പുകളെക്കൊണ്ടു കടിപ്പിച്ചു ,തള്ളിത്താഴെയിട്ടു വിഷത്തമ്മ . തങ്ങള്‍ പക്കീരിയെ അടിയന്തരമായി വിളിച്ചു വരുത്തി ചാന്തുമുത്തിനെ കാല്ക്കല്‍ വരുത്തിച്ചു ഷെയ്ക്ക് തങ്ങള്‍ . ചാന്തുമ്മയെ കണ്ടും കേട്ടും പഠിക്കാന്‍ തനിച്ചാക്കി നല്ല നടപ്പിനു വിട്ടു പുളിങ്കൊമ്പത്തെ ഭഗവതി . നാട്ടാരുടെ മുമ്പില്‍ ഭഗവതിയെ നാറ്റിച്ച കൂട്ടാടനോടു ഒരു വലിയ ‘ ഫോ ‘ പറഞ്ഞു മാരിയമ്മ . തന്റെയൊപ്പമെത്താന്‍ ശ്രമിച്ച നൈജാമലിയെ ഭൂമിയിലേക്കു തന്നെ തള്ളിയിട്ടു ഷെയ്ക്ക് തങ്ങള്‍ . നാല്പതു കൊല്ലത്തിലേറെയായിട്ടും ഈണവും താളവുമില്ലാതെ അപശ്രുതി പാടുന്ന മൊല്ലാക്കയോടു മേലില്‍ പാടരുതെന്നു പറഞ്ഞു വിലക്കി പുളിങ്കൊമ്പത്തെ ഭഗവതി .

നേരം സന്ധ്യയോടടുത്തു .. നടന്നു മടുത്തു രണ്ടു പേരും . കുറച്ചപ്പുറത്തായി അലിയാരുടെ ചായക്കട കണ്ടു . കൂടെയുള്ളയാള്‍ പറഞ്ഞെങ്കിലും കയറിയില്ല . വേണ്ട . പിന്നീടു കയറാം . . അത്താണിപ്പുറത്തു ത്രികോണിച്ചിരിപ്പുണ്ട് കൂപ്പു . എല്ലാം പഴയപോലെ തന്നെ .

” ഇന്ത ഷ് കോളില് കാഫറോടെ പട്പ്പ് .”

പഠന പദ്ധതിയെക്കുറിച്ചു ആശങ്കപ്പെടുന്ന മൊല്ലാക്ക .

” എടാ, അപ്പ് വേ ,ബൗദ്ധമ്മാര് നൊമ്മക്കെതിരാ .”

ഏതിലും കുറ്റവും കുറവും മാത്രം കണ്ട ശിവരാമന്‍ നായര്‍ .

” നമ്മങ്ങ ശര്‍വ സകായും മേഷ് ടക്ക്ണ്ട് .”

മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നു നിന്ന നൈജാമലി .

” ഞാന്‍ കയ്യീന്ന് കാശെട്ത്ത് വാങ്ങിത്തുന്നിയ കുപ്പായമാണ് .”

നാടിനെ നവീകരിക്കാന്‍ ശ്രമിക്കുന്ന മാധവന്‍ നായര്‍ .

” നീയെന്ക്ക് മുത്ക്ക് തത്വോ .”

സ്വന്തമായൊരു ഭാഷയുള്ള അപ്പുക്കിളി .

എല്ലാവരും അവിടെയുണ്ടായിരുന്നു .

ആദിവേരുകളില്‍ നിന്നു ഇപ്പോഴും വെള്ളവും വളവും എടുക്കുന്ന ഭാഷ .
ഏതോ താഴ്ന്ന വിതാനത്തില്‍ , അവരുടെ ദാരിദ്യവും പേടികളും കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പുകളും കൈമാറാനേ അതിനു സാധിച്ചുള്ളു .

ജാതിയും മതവും ഭാഷയും വസ്ത്രവുമൊക്കെപ്പറഞ്ഞു പരസ്പരം പോരടിച്ചു നിലക്കുന്നയൊരു വലിയ ദേശമാണ് ഖസാക്കെന്നു പെട്ടെന്നെനിക്ക് തോന്നി .

സന്ധ്യ . ഞാറ്റുപുരയിലെത്തി ഞങ്ങള്‍ . അകത്ത് വെളിച്ചം കാണുന്നുണ്ട് . ആരാവും ?

” ഇന്ത കഞ്ചിപ്രാക്ക് ഒങ്കള് ടേതാക്ക് മോ ? ”

ഞെട്ടിപ്പോയി . പഴയതൊക്കെ ആവര്‍ത്തിക്കുകയാണോ ? വീണ്ടും കുറച്ചു നേരത്തെ നിശബ്ദത . അതിനകം ഞങ്ങള്‍ തിണ്ണയിലേക്കു കയറി . മനസ്സില്‍ പതിഞ്ഞ പഴയ ഗന്ധങ്ങള്‍ . എല്ലാം അന്നത്തെപ്പോലെ തന്നെ .

ഉള്ളിലേക്കു നോക്കി . പാനീസ് വിളക്കിന്റെ വെളിച്ചം . ഉയര്‍ന്നു മെല്ലിച്ചിട്ടൊരാള്‍ . നീണ്ട ചതുര മുഖം . വലിയ കണ്ണട . നീണ്ട മുടി . എഴുത്തുമേശയിലാണദ്ദേഹം . ചുറ്റും കടലാസുകളും പുസ്തകങ്ങളും . ധ്യാനത്തിലെന്ന പോലെയിരിക്കുന്നു . പരിസരത്ത് നടക്കുന്നതൊന്നുമറിയുന്നില്ല .
അകമാകെയൊന്നു കണ്ണോടിച്ചു . അന്നു സഖാക്കള്‍ വന്നപ്പോള്‍ നീക്കിയിട്ടു കൊടുത്ത ഇരിപ്പിടങ്ങള്‍ അതേ സ്ഥാനങ്ങളില്‍ തന്നെയുണ്ട് .

ശിവരാമന്‍ നായരുടെ പാടത്ത് റൗക്കയിടാതെ ഞാറുനടുന്ന ചെറുമികള്‍ . അവരെയോര്‍ത്തു ഉത്ക്കണ്ഠപ്പെടുന്ന സഖാഖ് . ഒരു നിമിഷം . മനസ്സ് അക്കാഴ്ച കണ്ടു . ഞാറ്റു പാട്ടിനൊപ്പം ഇളകിത്തുളുമ്പുന്ന മുലകള്‍ . തുമ്പത്തൂ വിളഞ്ഞു പഴുത്ത ഞാവല്‍പ്പഴങ്ങള്‍ . അവയ്ക്ക് മധുരമോ പുളിയോ ?

” നല്ലതല്ലേ ?”

പിടുത്തം വിട്ട മനസ്സ് . അതിലും പിടുത്തം വിട്ട നാവ് . ആരുടെ പൊയ്മുഖമാണൂര്‍ന്നു വീണത് — തന്റെയോ , സഖാവിന്റെയോ ?

എഴുതുന്ന കടലാസ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കും . അവയുടെ ഭാരം തിട്ടപ്പെടുത്താനെന്ന പോലെ . വാക്കുകളുടെ ഭാരം . വരികളുടെ ഭാരം . ജീവിത സന്ദര്‍ഭങ്ങളുടെ ഭാരം . അവയില്‍ നിന്നു ഊറിയുയര്‍ന്നു വരുന്ന ജീവിത ദര്‍ശനങ്ങളുടെ ഭാരം .

അദ്ദേഹം കടലാസ് ഉയര്‍ത്തിപ്പിടിച്ചു . അതിലേക്കു സൂക്ഷിച്ചു നോക്കി . ഒരു നിമിഷം . മുറിയിലെ പാനീസ് വിളക്കിന്റെ വെളിച്ചത്തിന്നപ്പുറത്തെ ഇരുളിലെവിടെയോ മറഞ്ഞിരുന്നെന്ന പോലെ മൊല്ലാക്ക അദ്ദേഹത്തിന്റെ മുന്നില്‍ വന്നു ഭവ്യതയോടെ നിന്നു .

” സുഖമല്ലേ .”
അദ്ദേഹം കുശലാന്വേഷണം നടത്തി .

തുടങ്ങിക്കോളാന്‍ അനുമതി കൊടുത്തു അദ്ദേഹം .

”എടാ കൂശി മകനേ .”

അലിയാരോടു ഉഗ്രമായി കോപിക്കുന്ന മൊല്ലാക്ക .

— അലിയാര്‍ ചായയില്‍ പൗഡറിട്ടത് മൊല്ലാക്കയ്ക്ക് ഇഷ്ടമായില്ല.

— കുട്ടികള്‍ കാഫറിന്റെ സ്കൂളില്‍ പോകുന്നത് മൊല്ലാക്കയ്ക്ക് ഇഷ്ടമായില്ല .

— കാക്കയ്ക്കു ചേക്കയിടം കൊടുക്കൂന്നത് മൊല്ലാക്കയ്ക്ക് ഇഷ്ടമായില്ല .

അതത്രയും എല്ലാവര്‍ക്കും മനസ്സിലായി . മൊല്ലാക്ക ചായഗ്ലാസ്സ് വെളിയിലേക്കു വലിച്ചെറിഞ്ഞതും എല്ലാവരും കണ്ടു . അതും മനസ്സിലായി . എന്നാല്‍ കുഞ്ഞാമിന തദ്ദേഹത്തിന്റെ അന്നത്തെ വെള്ളയപ്പം മുടക്കിയെന്നത് ആരും കണ്ടില്ല . നാളെ നൂര്‍ജിയും മറ്റന്നാള്‍ ഖൊലുസുവും ബാക്കി കുട്ടികളുമൊക്കെ അങ്ങനെ ചെയ്തേക്കാമെന്നുള്ളതും ആരും കണ്ടില്ല .

പൊയ്മുഖമണിഞ്ഞു പൊയ് വേഷമിട്ടു വരുന്ന വാക്കുകള്‍ .

” വളരെ നന്നായി .”

അദ്ദേഹം മൊല്ലാക്കയുടെ തോളില്‍ തട്ടി .

ചാന്തുമ്മയും മക്കളുമാണു പിന്നീടു വന്നത് . കയ്യില്‍ കരുതിയ മിഠായികളിലൊന്നു അദ്ദേഹം ആദ്യം ചാന്തു മുത്തൂവിന്റെ നേര്‍ക്കു നീട്ടി . അവളുടെ കണ്ണുകള്‍ വിടര്‍ന്നു . മുഖത്തു സന്തോഷം നിറഞ്ഞു . അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നു നോക്കി , പെട്ടെന്നതു കൈക്കലാക്കി , തിരിച്ചും മറിച്ചും നോക്കി , ഭംഗിയൊക്കെ ആസ്വദിച്ചു . ഒരു നിമിഷം എന്തോ ഓര്‍ത്തു . പിന്നെ മടിച്ചു മടിച്ചു കുഞ്ഞനൂറുവിന്റെ നേര്‍ക്കു നീട്ടി .

അവളങ്ങനെയൊക്കെ ചെയ്യുന്നതു കാണാന്‍ വേണ്ടി ചെയ്തതാണെങ്കിലും അക്കാഴ്ച വീണ്ടും അദ്ദേഹത്തിനു സങ്കടം ഉണ്ടാക്കി .

” കുഞ്ഞുനൂറുവിനു വേറെയുണ്ടു .”

അങ്ങനെ പറഞ്ഞു അടുത്ത മിഠായി കുപ്പായക്കീശയില്‍ നിന്നു ഉയര്‍ത്തുന്നതു കണ്ടപ്പോഴെ നീട്ടിയ മിഠായി പിന്‍വലിച്ചു പുറകില്‍ പിടിച്ചവള്‍ . അത് കണ്ടു അദ്ദേഹവും ചാന്തുമ്മയും ചിരിച്ചു .

” ശരി ,തുടങ്ങാം .”

അദ്ദേഹം പറഞ്ഞു .

തന്റെ പാത്രത്തില്‍ നിന്നു വറ്റുപിടിച്ചെടുത്തു കുഞ്ഞനൂറുവിന്റെ പാത്രത്തിലേക്കിടുന്ന ചാന്തു മുത്തു .

” ഉമ്മാ , തെക്ക് ബെക്കം ബല് താകട്ടെ .”

” ബല് താകട്ടെ മക്ളെ , എന്റെ മക്ളീന്റെ കഷ്ടം തീരട്ടെ .”

വരുന്ന പെരുന്നാളോടു കൂടി ചെറുക്കന്‍ വലുതാകും . അവരുടെ ജീവിതം നന്നായി തുടങ്ങും .
നീറിപ്പിടിക്കുന്ന ദാരിദ്യത്തിനെതിരെ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പാഠങ്ങൾള്‍ചൊല്ലിക്കൊടുക്കുന്ന അമ്മ .

അന്നത്തെ കാര്യങ്ങളൊക്കെ വീണ്ടുമോര്‍ത്തു ഞാന്‍.

കണ്ണൂകള്‍ അകമാകെ ഒന്നു കൂടി പരതി . അന്നു വായിച്ചു പകുതിയാക്കി വച്ച പുസ്തകം അങ്ങനെ തന്നെ ഇരിക്കുന്നു. കിടക്കയാകെ പൊടിപിടിച്ചിരുന്നു .

” ഉങ്കള്ക്ക് തെരിയാത് — ”

” എന്ത് ? ”

” ചിന്ന കൊളന്തകള് ടെ നോവ് .”

നിസ്സഹായത . പരിഹാസം . അവളുടെ നിസ്സഹായതയെ സ്വയം പരിഹസിച്ചോ , അതോ എന്നെ പരിഹസിച്ചോ ?

— ഒരു ഉള്‍ഗ്രാമത്തില്‍ ജീവിച്ചു മരിച്ചു പോയേക്കാവുന്നയൊരു സ്ത്രീ.

–എഴുത്തും വായനയുമില്ലാത്ത , തൊട്ടടുത്ത നേരത്തെ ആഹാരത്തിനെന്തു വേണമെന്നും തന്റെ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തും എന്നൊന്നും ഒരു എത്തും പിടിയുമില്ലാത്തയൊരൂ സത്രീ .

— താനൊന്നു കൈയ് നൊടിച്ചാല്‍ സന്തോഷത്തോടെ തനിക്ക് വിധേയെപ്പെടുമെന്ന മുന്‍വിധിയോടെ കണ്ടയൊരു സ്ത്രീ .

ഖസാക്കുകാര്‍ പറയും പോലെ , സത്യം പലതാണോ ? തൊട്ടു തൊടുത്തതുപോലെ എല്ലാം യഥാസ്ഥാനങ്ങളിലിരിക്കുന്ന പകലൊരു സത്യം , കുപ്പുവച്ചന്‍മാരും , കുട്ടാപ്പുനരിമാരും , മൊല്ലാക്കമാരും , തങ്ങള്‍ പക്കീരിമാരുമൊക്കെ പകല്‍ തങ്ങൾ കണ്ട സത്യത്തിന്റെ മറനീക്കി കാണാന്‍ തുറുകണ്ണൂകളുമായി കിടക്കപ്പായ് വിട്ടെഴുന്നേല്ക്കുന്ന രാവ് മറ്റൊരു സത്യമെന്നാണോ ? കാലത്തിനൊപ്പിച്ചത് മാറുന്നണ്ടോ? ആപേക്ഷികമാണോ അത് ?

ദാരിദ്യത്തിന്റെ ദീനത മുഴുവന്‍ ശരീരത്തും മുഖത്തുമേറ്റി അരിവപ്പുകാരിയായി മുമ്പില്‍ വന്ന ചാന്തുമ്മ ഒരു സത്യം . കുറച്ചു നാള്‍ക്കകം ഒരു പെണ്ണിന്റെ എല്ലാ എഴുത്തുപിടിച്ചിലുകളുമായി കണ്ണില്‍ പെട്ടു തുടങ്ങിയ ചാന്തുമ്മ മറ്റൊരു അനിഷേധ്യ സത്യം . ശിവരാമന്‍ നായരും കുപ്പുവുമൊക്കെയാ സത്യത്തിനു മാറിമാറി നിറങ്ങള്‍ പൂശുന്നു .

” സത്തിയം പലതാണ് .”

ഖസാക്കൂകാര്‍ക്കതില്‍ സംശയമില്ല .

എന്തിനുമേതിനുമൊരു കാരണം കണ്ടെത്തും മനുഷ്യന്‍ . ജീവിക്കാനൊരു കാരണം . മരിക്കാനൊരു കാരണം . സ്നേഹിക്കാനൊരു കാരണം . സ്നേഹിക്കാതിരിക്കാനും കാരണം . ഉണ്ണാനും ഉറങ്ങാനും ചിരിക്കാനും കരയാനുമൊക്കെ ഓരോരോ കാരണങ്ങള്‍ .

–എന്തു കാരണത്താലാവും അന്നു കടന്നുപിടിച്ചപ്പോള്‍ കുതറി മാറിയത് ?

–എന്തു കാരണത്താലാവും വീണ്ടും കിടക്കയില്‍ വന്നിരുന്നത് ?

— ജീവിതത്തില്‍ അവര്‍ക്ക് വിലയേറിയത് എന്നു കരുതുന്നതൊക്കെയും ഒഴിഞ്ഞകന്നു പോയിട്ടും , എന്തു കാരണമാകും തുടര്‍ന്നുമവളെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നത് ?

ജീവിതത്തിന്റെ അര്‍ത്ഥമെന്താണ് ?

— സകലതിനും ഉടയോനെ ജീവിതം മുഴുവന്‍ മഹത്യപ്പെടുത്തുന്നവര്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയേണ്ടി വരുന്നതിന്റെ അര്‍ത്ഥമെന്താണ് ? ..

— സുന്ദരിറാണിപ്പട്ടം കിട്ടിയവര്‍ക്കു പോലും ആശിച്ചയാളെ കിട്ടാതെ വരുന്നതിന്റെ അര്‍ത്ഥമെന്താണ് ?
അവളോടു ചേര്‍ന്നു നിലക്കുന്നവരൊക്കെ ഇടിഞ്ഞിരുന്നു പോകുന്നതിന്റെ അര്‍ത്ഥമെന്താണ് ? കാഴ്ചയ്ക്ക് നന്ന് വാഴ്ചയ്ക്ക് നന്നല്ലെന്നാണോ?

— തളിര്‍ത്തു തഴച്ചു , വരും ലോകത്തിനു പച്ചത്തഴപ്പിന്റെ വലിയൊരു കുട ചൂടേണ്ടുന്ന ബാല്യത്തെ ദാരിദ്യവും സഹനവും കാട്ടി മടുപ്പിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ?

— എല്ലാവരിലും വച്ചു ഏറ്റവും സന്തോഷവാനും സംതൃപ്തനുമായിരിക്കേണ്ട ശിവരാമന്‍ നായര്‍ സദാ അസംതൃപ്തനും അസന്തുഷ്ടനുമായി കാണുന്നതിന്റെ അര്‍ത്ഥമെന്താണ് ?

എല്ലാവരെയും ചുട്ടപാഠം പഠിപ്പിച്ച വസൂരിക്കാലത്ത് എന്തേ അപ്പുക്കിളിയെ മാത്രം , ചിതലിമലയില്‍ , ഷെയ്ക്ക് തങ്ങളുടെ സുരക്ഷയിലേക്കു മാറ്റി മാരിയമ്മ ? അപ്പുക്കിളിയാണോ ദൈവങ്ങളുടെ പാണ്ടന്‍ കുതിര ? പക്ഷേ , അപ്പുക്കിളി ഒരു മാതൃകയെന്ന നിലയില്‍ സമൂഹത്തിനു അഭികാമ്യനല്ലല്ലോ? ദൈവങ്ങളുടെയും മനുഷ്യരൂടെയും ചിന്തയും പ്രവൃത്തികളും വിപരീത ദിശയിലാണോ ?

പകുതി വായിച്ചയൊരു പുസ്തകമാണോ ജീവിതം ?

വീണ്ടും അദ്ദേഹം കടലാസുയര്‍ത്തിപ്പിടിച്ചു

ഇത്തവണ കൂട്ടാടനാണ് വന്നത് . അദ്ദേഹം കൂട്ടാടനു നേരേ കടലാസ് നീട്ടി .

” വായിക്കൂ .”

കൂട്ടാടന്‍ പരുങ്ങി നിന്നു .

“എന്തു പറ്റി ?”

അദ്ദേഹം ചോദിച്ചു .

” കണ്ണടയെടുത്തില്ല .”

” ദൈവത്തിനും വേണോ
കണ്ണട ?”

കുട്ടാടനെ പരിഹസിച്ചു അദ്ദേഹം .

ലക്ഷ്മിപ്പണിക്കത്തി കൂട്ടാടനെ കൂട്ടി വായിക്കാന്‍ പഠിപ്പിച്ചതും , ആരോടും പറയരുതെന്നു പറഞ്ഞു തുടയില്‍ നുള്ളിയതും ഓര്‍മ്മ വന്നു . അദ്ദേഹം ചിരിച്ചു .

കൂട്ടാടന്‍ ഉറഞ്ഞു തുള്ളി . നാട്ടുകാര്‍ ഭഗവതിയെ മാത്രമേ കണ്ടുള്ളൂ . കൂട്ടാടനെ കണ്ടില്ല . കൂട്ടാടന്‍ നാട്ടുകാരുടെ നാണയത്തുട്ടുകള്‍ മാത്രമേ കണ്ടുള്ളു . ഭഗവതിയെ കണ്ടില്ല .

എല്ലാം കണ്ടും കേട്ടും ഭഗവതിയുമിരുന്നു .

അടുത്തത് കുപ്പുവിന്റെ ഊഴമായിരുന്നു . അത്താണിപ്പുറത്ത് ത്രികോണിച്ചിരുന്ന കുപ്പു ഓടി വന്നു .

” നീ കേശിയെ മദ്യം കഴിക്കാന്‍ ക്ഷണിക്കണം .”

അദ്ദേഹം പറഞ്ഞു .

അതയാള്‍ക്ക് വിഷമമുള്ള കാര്യമല്ല . പക്ഷേ ഇപ്പോള്‍ മാസ്റ്ററുമുണ്ട്

അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ സന്ദേഹത്തോടെ . അയാള്‍ അവളെ ക്ഷണിച്ചു .

” പോരാ . കുറേക്കൂടി കാതരമാകണം . ശൃംഗാരം വേണം .”

അദ്ദേഹം പറഞ്ഞു .

അയാള്‍ പഴയ കാലത്തേക്കു പോയി . പന കയറുന്ന കാലം . എടുത്തു പിടിച്ച നെഞ്ചും കൈകാലുകളും . ഒതുങ്ങിയ വയറും അരയും . മറഞ്ഞതിലേറെ മറയാന്‍ ബാക്കിയുള്ള കാരിരുമ്പു ദേഹം . നിറയെ രോമം . പനങ്കള്ളിന്റ മുശുക്കു മണം . തീ ചോദിക്കുന്നതും കാത്തു നില്ക്കുന്ന നാരായണി .

” നിയ്ക്കി വേണ് ടീ .”

കേശിയെയും മാസ്റ്ററെയും കൂടാതെ മാരിയമ്മയും അത് കേട്ടു .

വീണ്ടും അദ്ദേഹം കടലാസുയര്‍ത്തിപ്പിടിച്ചു . ഇനി ആരാവും ? ഞാനോര്‍ത്തു .

” വരൂ .”

ഞാന്‍ നിന്ന ഭാഗത്തേക്ക് നോക്കി അദ്ദേഹം വിളിച്ചു . എന്നെ കൂട്ടാന്‍ വന്നയാളെ ഉദ്ദേശിച്ചാവും . ഞാനയാളെ പുറകോട്ടു നോക്കി . കണ്ടില്ല . അയാള്‍ പോയിരിക്കുന്നു . ജീവിതത്തിന്റെ ഒരു നാല്‍ക്കവലയില്‍ നിന്നു അടുത്ത നാല്‍ക്കവല വരെയുള്ളൊരു ചങ്ങാത്തം .

” നിങ്ങളെത്തന്നെയാണ് .”

അദ്ദേഹം വീണ്ടും വിളിച്ചു .

ഞാന്‍ കടന്നു ചെന്നു . കുശലാന്വേഷണങ്ങള്‍ക്ക് ശേഷം കാര്യങ്ങളിലേക്കു വന്നു .

— ഇതല്ല ഞാനുദ്ദേശിക്കുന്ന ജീവിതം — ഞാന്‍ പറഞ്ഞു തുടങ്ങി .

— എന്റെ സ്വാതന്ത്ര്യത്തിനു ജീവിക്കാനാവുന്നില്ലിവിടെ

–നൈജാമലി എന്നെ തല്ലി .

— മൊല്ലാക്ക വലിയ ശല്യമുണ്ടാക്കുന്നു .

–കൂപ്പു അപവാദം പറഞ്ഞു .

—ശിവരാമന്‍ നായര്‍ കുത്തുവാക്കു പറഞ്ഞു .

–ചാന്തുമ്മ കുതറി മാറി . പരിഹസിച്ചു .

— പത്മ വിവാഹത്തിനു നിര്‍ബന്ധിക്കുന്നു .

—ദാരിദ്യക്കോലങ്ങളാണ് ചുറ്റും . നല്ല കാഴ്ചകളൊന്നുമില്ല .

മടുത്തു ഞാന്‍ .

അദ്ദേഹം ചിരിച്ചു . പാനീസ് വിളക്കിന്റെ തിരി അല്പം കൂടി ഉയര്‍ത്തി . എന്നെയും കൂട്ടി മുറ്റത്തേക്കിറങ്ങി . ചിതലിമലയുടെ നേര്‍ക്ക് അദ്ദേഹം വിളക്ക് ഉയര്‍ത്തിപ്പിടിച്ചു .

” നമ്മുടെ ജീവിതം ഈ വന്‍മല പോലെയാണ് .”

അദ്ദേഹം തുടര്‍ന്നു .

ഇന്നാട്ടുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ മല . ഒരു ദിവസം തന്നെ പല തവണ അവരതിനെ കാണുന്നു . ഓരോരോ നേരങ്ങളില്‍ വരുന്ന നിറഭേദങ്ങള്‍ കാണുന്നു . അതിനൊക്കെ ഓരോരോ അര്‍ത്ഥങ്ങള്‍ ഉണ്ടവര്‍ക്ക് . അവിടുന്നു വീശിയടിക്കുന്ന മലങ്കാറ്റിനു , അവിടെ പടരുന്ന കാട്ടുതീയ്ക്ക് , താഴ്‌വാരങ്ങളിലേക്കു നീണ്ടു പടര്‍ന്നു പോകുന്ന നീലക്കാടുകള്‍ക്ക് , വാരികളിലൂടെ നീളുന്ന കാട്ടുതേനാട്ടികള്‍ക്ക് , വെയിലേറ്റു നിറവ്യത്യാസമുണ്ടാകുന്ന അതിന്റെ മണ്ടയിലെ പുല്ലുകള്‍ക്ക് , ആകാശത്തേക്കു കൈകള്‍ ഉയര്‍ത്തിയെന്ന പോലെ നിലക്കുന്ന ഷെയ്ക്കിന്റെ മിനാരങ്ങള്‍ക്ക് , അവിടെ നിന്നും പുറപ്പെട്ടു പോരുന്ന ഓരോരോ ഒച്ചയനക്കങ്ങള്‍ക്കു പോലും അവരുടെ ഓരോ നിമിഷത്തെ ജീവിതത്തിലും സ്വാധീനമുണ്ടു . അതിനെ കണ്ടാണു അവരുടെ ഓരോ ദിവസവും തുടങ്ങിയവസാനിക്കുന്നത് . അവരതിനെ പേടിക്കുന്നു . കാഴ്ചയില്‍ പെടാതെ നോക്കുന്നു . പറ്റുന്നില്ല . പിന്നെ ബഹുമാനിച്ചു തുടങ്ങുന്നു .. പൂജിക്കുന്നു . പ്രീതിപ്പെടുത്താന്‍ നോക്കുന്നു .

നിങ്ങള്‍ക്കും അങ്ങനെയാകാം . ഈ ലോകത്ത് ആരാരും കാണാത്തൊരിടത്ത് അടച്ചു പൂട്ടി കഴിയാം . ആരുമൊന്നും ചോദിക്കില്ല .പറയില്ല . മേല്‍പ്പറഞ്ഞ പ്രശനങ്ങളൊന്നും വരില്ല .

— മൈമുനയെ കാമിച്ചാല്‍ ഇനിയും നൈജാമലി നിങ്ങളെ തല്ലും .

— നിങ്ങള്‍ സ്കൂള്‍ മാസ്റ്ററായി അവിടെ ചെന്നാല്‍ മൊല്ലാക്ക ഇതിലും വലിയ കോലാഹലമുണ്ടാക്കും .

— നിങ്ങള്‍ ചാന്തുമ്മയെ അരിവെക്കാന്‍ വിളിച്ചാല്‍ ഉറപ്പായും ശിവരാമന്‍ നായര്‍ കുത്തുവാക്ക് പറയും .

— നിങ്ങള്‍ക്ക് ചിറ്റമ്മയുമായി ഇനിയും കിടക്കാം . പക്ഷേ പാപബോധമുണ്ടാകും . കാരണം . കാരണം , സമൂഹ ജീവിതത്തിന്റെ ഉല്പന്നമാണത് .

” അത് കൊണ്ടു നിങ്ങള്‍ക്ക് രണ്ടിലൊന്നു തിരഞ്ഞെടുക്കാം .”

കുറച്ചു നിമിഷങ്ങള്‍ അദ്ദേഹം മൗനിയായി . എന്നോടു പറയാനുള്ള കാര്യങ്ങള്‍ മനസ്സില്‍ അടുക്കുകയാവും .

ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചു വീണ്ടും ഞാന്‍ ഓര്‍ത്തു തുടങ്ങി . . .

–അതിനൊരു അര്‍ത്ഥമുണ്ടെന്നാണോ ഇല്ലെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത് ?

–സ്വാതന്ത്ര്യം വേണമെന്നാണോ വേണ്ടന്നാണോ അദ്ദേഹം പറഞ്ഞു വരുന്നത് ?

–വ്യവസ്ഥകള്‍ വേണമെന്നാണോ വേണ്ടെന്നാണോ അദ്ദേഹം പറഞ്ഞു വരുന്നത് ?

— ദൈവമുണ്ടെന്നാണോ ഇല്ലെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത് ?

–മൈമുനയെ കാണുമ്പോള്‍ മേലില്‍ മാറി നടക്കണമെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത് ?

— റൗക്കയിടാത്ത മുലകള്‍ കാണുമ്പോള്‍ നോക്കണമെന്നാണോ , മുഖം തിരിക്കണമെന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത് ?

മൊല്ലാക്കയും , മൈമുനയും , അപ്പുക്കിളിയും ,നീലിയും , ചാന്തുമ്മയും ,നൈജാമലിയും ,കുപ്പുവും കുട്ടാടനും , ശിവരാമന്‍ നായരും ,മാധവന്‍ നായരുമൊക്കെ കൂടുന്നതാണു ജീവിതമെന്നും അവരില്‍ നിന്നു ഊറിയുറഞ്ഞു പാകപ്പെടുന്നതാണു എന്റെ ജീവിതം എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് ?

” തിരഞ്ഞെടുപ്പില്ലാത്ത ഒരു വഴിയുമുണ്ട് . ”

മൗനം മുറിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞു . അത് പറഞ്ഞു അദ്ദേഹമൊന്നു ചിരിച്ചു . ഒരു നിമിഷത്തിന്റെ വിരാമം . എന്നിട്ടു ബസ് കാത്ത് നിലക്കുന്നയിടത്തേക്ക് കൈചൂണ്ടി .

അങ്ങോട്ടു നോക്കി ഞാന്‍ . അറുമാദിച്ചു പെയ്യുന്ന മഴ . അവിടെ വലിയൊരു മഴപ്പുറ്റ് . അതിനെ ചുറ്റിയൊരു രാജമൂര്‍ഖന്‍ , വ്യവസ്ഥയും ചിട്ടവട്ടങ്ങളുമൊക്കെ പാലിച്ചു , തീര്‍ച്ചപ്പെട്ടയൊരു കാര്യത്തിനെന്ന പോലെ ഒട്ടും അക്ഷമയില്ലാതെ കാത്തു കിടന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here