പാഞ്ചാലി

ഞാൻ പാഞ്ചാലി, പാഞ്ചാലരാജകന്യ,
നീയാം പാഞ്ചാലത്ത്വത്തെ ചലിപ്പിപ്പവൾ
അവിരാമം

നിൻറെ പഞ്ചകർമ്മേന്ദ്രിയങ്ങൾക്ക്
വിദ്യുച്ഛക്തിയേകുന്നവൾ
നീയെന്നെ മറന്നുവോ
ജീവിതപ്പങ്കപ്പാടിൽ
ഞാനനവരതം നിന്നെയുണർത്തും ബോധശക്തി
പാഞ്ചാലരാജകന്യ പാഞ്ചാലി ജീവശ്ചക്തി

ഗാണ്ഢീവമെടുക്കുന്നൊരർജ്ജുന-പേശീശക്തി
ദുഷ്ടൻറെ കുടൽമാലവലിച്ചെടുക്കും രൗദ്രഭീമൻറെ വീരശക്തി
നേരറിവാം ധർമ്മയുധിഷ്ടിരധിഷണാധിപശക്തി
നകുലസഹദേവ സഹനാദരമഹാശക്തി
പറയാനെന്തുണ്ടിനി ഞാൻ നിൻറെ പഞ്ചകർമ്മേന്ദ്രിയകാര്യശേഷി

ഞാൻ പാഞ്ചാലി, പാഞ്ചാലരാജകന്യ,
നിന്റെ പഞ്ചജ്ഞാനേന്ദ്രിയങ്ങളെക്കത്തിക്കും     സൗര്യശക്തി നീ കാണുന്നതെന്നിൽകൂടി, കേൾക്കുന്നതെന്നിൽകൂടി,
സ്പർശിക്കുന്നതെന്നിൽകൂടി, പൂമണം മണക്കുന്നതെന്നിൽകൂടി,
മധുരക്ഷാരരസങ്ങൾ നുണക്കുന്നതുമെന്നിൽകൂടി,
പിന്നെ നിൻറെ പ്രിയാംഗനാശ്ലേഷസുഖവുമെന്നിൽകൂടി

ഇനിയെന്ത് ഞാൻ പറയാൻ, മഹാവിഡ്ഢീ,
നിൻറെയുള്ളിലമരും ജീവാത്മാവ് ഞാൻ, ദ്രൌപതി,
പരാത്പരനായ് ഒളിച്ചോടും കള്ളനെത്തേടി
കുഴലൂതുമെൻറെ ആത്മസത്തയെത്തേടി
കണ്ണാ, കണ്ണാ, എന്നാർത്ത് വിളിച്ച്
ശുംഭനാം അഹത്തിൻറെ വസ്ത്രാക്ഷേപത്തെയേൽക്കുന്നവൾ

ഞാൻ പാഞ്ചാലി നിൻറെയുള്ളിലെ സത്താശക്തി
എന്നെ അറിക ദുശ്ശാസനാ
കണ്ണനുണ്ടല്ലൊ നിന്റെയുമുള്ളിൽ
സന്തതസഖാവായി, ഗീതാമൃതവും തൂകി

യുക്തിവാദിയാം നീ നവോത്ഥാനപണ്ഡിതനാവാം
എന്നെസ്സദാ ഭർത്സിച്ചും പഞ്ചഭർത്തൃത്വമാരോപിച്ചും
അജ്ഞാനവസ്ത്രാക്ഷേപതൽപരൻ വിപ്ലവാചാര്യൻ
അറിയുന്നില്ല നീയെന്നെ, ഞാൻ പാഞ്ചാലി, നീയാകുമന്തസ്സത്ത,
അറിയൂ പാഞ്ചാലിയെ, പാടിയുണർത്തൂ കണ്ണാമൃതം
നിൻറെയുള്ളിലെ കണ്ണാമൃതം, നീയാകും കൃഷ്ണാമൃതം
അക്രൂരകുചേലന്മാർ മുങ്ങിക്കുടിച്ച മോക്ഷാമൃതം

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here