തുലാക്കൂറുകാരനായ പാലുണ്ണിക്ക് ഈയിടെയായി തൊട്ടതെല്ലാം പിഴയ്ക്കുകയാണ് . മകരപ്പൊങ്കലിനു പൊള്ളാച്ചിയിലേക്ക് കയറ്റി വിട്ട ആയിരം കിലോ പുളി അതു പോലെ തിരിച്ചു വന്നിരിക്കുകയാണ്. വിഷുവിനു പടക്കക്കച്ചവടം നടത്തിയതും വിലപ്പോയില്ല. ശിവകാശിയില്‍ നിന്നും കൊണ്ടു വന്ന അമ്പതിനായിരം രൂപയുടെ പടക്കം പാതി പോലും വിറ്റു പോയില്ല . പാട്ടത്തിനെടുത്ത പത്തു പറ കണ്ടത്തിലെ പുഞ്ചക്കൃഷിയും പച്ച പിടിച്ചില്ല. ആകപ്പാടെ നടുവൊടിഞ്ഞ പാലുണ്ണി അവസാനം ആറുമുഖന്‍ ജോത്സ്യരുടെ മുന്നിലാണ് അഭയം തേടിയത്.
ആറുമുഖന്‍ ജോത്സ്യര്‍ പാലുണ്ണിയുടെ ഗ്രഹനിലയിലൂടെ ആഴത്തില്‍ ഒന്നു കണ്ണോടിച്ചു. പിന്നെ ചാരവശാലും പ്രശ്നവശാലും കാര്യങ്ങള്‍ കൂട്ടിക്കിഴിച്ച് വിലയിരുത്തി. നീചരാശിയില്‍ നിലയുറപ്പിച്ച കര്‍മ്മാധിപന്റെ അപഹാരവും കര്മ്മസ്ഥാനത്തെ കണ്ടകശ്ശനിയും വ്യാഴപ്പിഴയും ഒക്കെ കൂടി കാലക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട പാലുണ്ണിയെ സഹതാപത്തോടെ ഒന്നു നോക്കി ക്കൊണ്ട് ജോത്സ്യര്‍ ഒന്നു നെടുവീര്‍പ്പിട്ടു.
”വീടിന്റെ പടിക്കാല്‍ അവിടെ തന്നെയുണ്ടോ?” – അഗാധമായ മൗനത്തിനൊടുവില്‍ ആറുമുഖന്‍ ജോത്സ്യര്‍ ചോദിച്ചു.
” ഒരെണ്ണം ഇന്നലെയോ മിനിഞ്ഞാന്നോ പ്വെണ്ണുമ്പിള്ള നെല്ലു പുഴുങ്ങാന്‍ ഊരിയെടുത്തിരുന്നു ”
പാലുണ്ണി തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു.
” എങ്കില്‍ ബാക്കിയുള്ളതും ആരെങ്കിലും ഊരിയെടൂത്തു കാണും. അതിരിക്കട്ടെ പൊള്ളാച്ചിക്കാരന്‍ അണ്ണാച്ചി എന്തു കാരണം പറഞ്ഞാണ് തന്റെ പുളിയെല്ലാം തിരിച്ചയച്ചത്?”
ജോത്സ്യര്‍ താടിയുഴിഞ്ഞുകൊണ്ട് ചോദിച്ചു.
” ഏതോ ഒരു കെട്ടില്‍ പുഴുവോ പാറ്റയോ മറ്റോ കണ്ടൂന്നാണ് കാരണം പറഞ്ഞത്”
പാലുണ്ണി കരച്ചിലിന്റെ വക്കില്‍ നിന്നുകൊണ്ട് പറഞ്ഞു.
” എങ്കില്‍ കേട്ടോ ആ പുഴു സാക്ഷാല്‍ ഗുളികന്‍ തന്നെയാണ്. എടോ താനിപ്പോള്‍ എന്തില്‍ തൊട്ടാലും ഗതി പിടിക്കാത്ത കാലമാണ്. കാലം വ്യാഴം പിഴച്ചു നില്‍ക്കുമ്പോഴാണ് നിന്റെയൊരു പുളിക്കച്ചവടവും പുഞ്ചകൃഷിയും ”
” ഇനിയിപ്പഴ് എന്താ ഒരു പോമ്പഴി?”
പാലുണ്ണി കരഞ്ഞു തുടങ്ങി.
” നീ സമാധാനിക്ക് എത്ര കാലക്കേടു പിടിച്ചവനെയും കരകയറ്റുന്ന ഒരു കച്ചവടമുണ്ട് . അതിരിക്കട്ടെ താനേതുവരെ പഠിച്ചു?”
പാലുണ്ണി അല്പ്പം ജാള്യതയോടെ നാലുവിലുകള്‍ നിവര്‍ത്തിക്കാണീച്ചു.
” അതൊക്കെ ധാരാളം താന്‍ എത്രയും വേഗം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുക പോയതൊക്കെ തിരിച്ചു പിടിക്കാന്‍ അതേയുള്ളു ഒരു പോംവഴി ”
ജോത്സ്യന്‍ മുറുക്കാനെടുത്തുകൊണ്ട് പറഞ്ഞു.
” അല്ല , അതു പിന്നെ …”
പാലുണ്ണി ആകപ്പാടെ ഒന്നു വിയര്‍ത്തു.
” എടോ ഒരു പിന്നെയുമില്ല താന്‍ ധൈര്യമായിട്ട് തുടങ്ങിക്കോ ആ കൂട്ടുപാതയിലും പിന്നെ പൂരപ്പറമ്പിലും ഓരോ ബോര്‍ഡ് തുക്കിയിട്ടാമതി. പഠിക്കാനും പഠിപ്പിക്കാനുമുള്ളവരൊക്കെ തന്റെ പിന്നാലെ എത്തിക്കൊള്ളും”
” പക്ഷെങ്കില്‍ എവടെ തുടങ്ങും?”
പാലുണ്ണി തന്റെ യഥാര്‍ത്ഥ പ്രശ്നം മുന്നിലെടുത്തിട്ടു
” എവിടെയും തുടങ്ങാം പണ്ടു നമ്മുടെ കുഞ്ഞാലി ഇറച്ചി വെട്ടി വിറ്റിരുന്ന കൂട്ടു പാതയിലെ ചായ്പ് ഒഴിഞ്ഞു കിടപ്പല്ലേ ? ഒന്നു മുട്ടി നോക്ക്. അതാകുമ്പോള്‍ വാടകയും കുറഞ്ഞൂന്നേ വരൂ”
മുറുക്കാന്‍ വായിലിടുന്നതിനു മുമ്പ് ജോത്സ്യര്‍ പറഞ്ഞു.
പാലുണ്ണി പത്തേകാല്‍ ഉറുപ്പിക ആറുമുഖന്‍ ജോത്സ്യരുടെ മുന്നില്‍ വച്ച് പാദങ്ങള്‍ തൊട്ടു വന്ദിച്ച് ഉറച്ച കാല്‍ വയ്പ്പുകളോടെ പടിയിറങ്ങി.
ഇന്ന് പാലുണ്ണി പത്തു ലോറികളൂം പത്തു ലക്ഷത്തിന്റെ കാറുമുള്ള പ്രതാപിയാണ്. കടപ്പാട് ആറുമുഖന്‍ ജോത്സ്യരോടും കുഞ്ഞാലിയോടും മാത്രം !
Click this button or press Ctrl+G to toggle between Malayalam and English