കാറ്റിന് എപ്പോഴെങ്കിലും
തണുപ്പിൻ്റെ സുന്ദരികളെ
കുറിച്ച് അറിവു കിട്ടിയിട്ടുണ്ടൊ?
ദേഹത്ത് ഉപ്പു രുചിയുള്ള
വിയർപ്പൊറ്റുന്ന,
ശൈത്യത്തിൻ്റെ കാൽ –
ചിലങ്കകളണിഞ്ഞ്,
ഈറൻ മുടി കോതി കെട്ടുന്ന
മല മുകളിലെ
മൂടൽമഞ്ഞിൻ്റെ സുന്ദരി…
അവളുടെ ഈറൻ
മുടിയുടെ ഗന്ധത്തിൽ
ഈ കാറ്റ് വീശിയെങ്കിൽ
അവളൂറ്റുന്ന പൂ നനവുള്ള
തേൻ മലയിറങ്ങി
വണിക്കുകൾ വന്ന്
സ്നേഹത്തോടെ തന്നെങ്കിൽ …
ഈ മൊട്ടക്കുന്നിലേക്ക്
പറുദീസ പക്ഷികൾ
കൂടണയാൻ വരും.
കൂടെ ഇഷ്ട മുള്ള
കാട്ടു മുല്ലകൾ മുടിയിൽ
ചൂടി,
അത്രമേൽ വിരൂപിയായ
എൻ്റെ പല്ലവിയും..
അവളടുത്തിരുന്ന്
എൻ്റെ കുഴിഞ്ഞ
നഖത്തിലുമ്മ വെക്കും.
ചെവിക്കുടയിൽ
ഒരു കാ ദാംബരി രാഗ
മുള്ള ശ്വാസം വന്ന്
നിറയും.
പല്ലവിയുടെ തണുത്ത
നിശ്വാസം…..
പല്ലവി എന്നോട്
പറയുന്നത് മറ്റൊരാളും
കേൾക്കില്ല.
താമരകൾ കൊണ്ട്
തടിച്ചു വീർത്ത
നിശ്ചല തടാകം
പോലെ..
ഉള്ളിൽ മാത്രം അവൾ
നിറഞ്ഞൊഴുകും.
അവളുടെ പൂക്കൾ
സ്വരം നിശബ്ദ മായി
എന്നിൽ പൂക്കും.
ഹൃദയത്തിൽ
പൂമൊട്ടുകളെ
അടക്കി നിർത്തിയവരുടെ
നാട്ടിൽ,
വസന്തങ്ങളുമായി
വിരുന്നെത്തുന്ന
തണുത്ത പെണ്ണ്..
ഹൈസ്കൂളിലേക്ക്
പോകുന്ന,
ചെമ്പരത്തികൾ മാത്രം
വീഴുന്ന വഴിയിൽ
പരുത്തി തലപ്പാവണിഞ്ഞ
എൻ്റെ റിക്ഷാ വലയെ,
തൂത്ത നാകം മിഴിച്ച്
നിൽക്കുന്ന, മതിലിനരികിൽ
കൗതുകത്തോടെ നോക്കുന്ന
ഒരിളം കൺമഷി കണ്ണ്.
പൊലർച്ചയ്ക്ക് തെറിവിളി
ക്കുന്ന തമിഴത്തി പെണ്ണിൻ്റെ
സാരി വിടവിലൂടെ ..
ആകാശത്തിൻ്റെയും
കടലിൻ്റെയും
പിന്നെ പർവ്വതങ്ങളിൽ
അവിടുത്തെ പെണ്ണുങ്ങളറ
ക്കുന്ന നിശാഗന്ധി പൂക്കളുടെയും നിറമുള്ള
മഞ്ഞു രാജ്യത്തെ രാജകുമാരി –
യെ പോലെ …..
അത്രമേൽ നീലിച്ചതു പോലെ ……
രാത്രി കൊഴുപ്പിൽ
പാവാട കുട്ടികളോടൊപ്പം
പുറത്തിറങ്ങുന്ന പല്ലവി
എൻ്റെ അരികിലേക്ക്
ഓടി വന്നൊളിക്കും.
കവണയുടെ വലുപ്പം
മാത്രമുള്ള തെരുവു ചെക്കന്മാർ
പലപ്പോഴും കളിയാകും
“മീശ പ്പെണ്ണേ
കറവ പശുവേ “.
ചൂണ്ടിന് മേലെ
ഇത്തിരിയേക്കാളധികം
പോന്ന അവളുടെ
മീശയ്ക്ക് നല്ലെണ്ണ
രുചിയാണ്
പല്ലവിയുടെ അമ്മിഞ്ഞ –
കണ്ണിൽ പാൽ മണമുള്ള
അമ്മ നിലാവുദിക്കും.
നാട്ടിലെ പശുകിടാങ്ങൾ
അമ്മ പശുവിൻ്റെ
മുല ചപ്പുന്നത് അപ്പോഴാണ്.
കാശി തുമ്പകളുടെ
വേലിക്കരികെ
ഇണ തുമ്പികളുടെ
പറ്റത്തെ ഞാനും
അവളും ഒരു മിച്ച് തൊട്ടു
നാട്ടിൽ ഇണ തുമ്പികൾ
ഞങ്ങൾക്കേ പിടി തരാറുള്ളൂ.
ഞങ്ങളുടെ ഉള്ളം
കൈയ്യിലിരുന്ന് തുമ്പികൾ
മുട്ട വിരിഞ്ഞുണ്ടാകുന്ന
കുഞ്ഞു തുമ്പികളെ പറ്റി
സംസാരിക്കും.
ഞാനും പല്ലവിയും
ഇണ തുമ്പികളുടെ
ലോകമായി മാറും.
കാമാത്തിപുരയിൽ
നിന്ന് വൈകുന്നേരങ്ങളിൽ
പാടുന്ന ഒരു തെരുവു വേശ്യ
ഞങ്ങൾക്ക്
വെള്ളി ചെല്ലത്തിൽ
നിന്ന് ഇളംവെറ്റില മുറുക്കാൻ തന്നു.
അവളുടെ വയർ പാ –
ളിയിൽ വേശ്യയുടെ മുഖം
മാത്രം പതിഞ്ഞ്
മഞ്ഞിച്ച കണ്ണാടി
ഞങ്ങളെ കൊതിയോടെ
നോക്കി.
പല്ലവിയെയും എന്നെയും
ചേർത്ത്
വേശ്യ അന്ന് തെരുവു കുലുങ്ങു മാറ് പാടി.
ചിറകറ്റു പോയ
പൂമ്പാറ്റകളെ ചില്ലു കുപ്പികളിലിട്ട്
വളർത്തുന്ന,
പ്രാന്തുള്ള തള്ള
അത് കേട്ട് തെരുവിലെ
ചുകന്ന മണ്ണിൽ താളം
പിടിച്ചു.
പല്ലവിയുടെ
ചാണക പുരയിലൊരിക്കൽ
എൻ്റെ മുഖമുള്ള
ഒരു ചിത്രം തെളിഞ്ഞു
ഓമനിച്ചു വളർത്തുന്ന
ആട്ടിൻ കുട്ടിക്ക്
അവൾ കള്ള കണ്ണനെന്ന്
പേരിട്ടു.
മൊട്ടക്കുന്നിൻ്റെ
അടിവാരത്ത് പണ്ട്
അപ്സരസ്സകൾ
പാർത്തിരുന്ന
ഈർപ്പമുള്ള
ഗുഹയിൽ വെച്ച്
മൈലാഞ്ചി മണമുള്ള
അവളുടെ ഉള്ളം കൈ
എൻ്റെ കവിളു പൊള്ളിച്ചു.
അമ്മമ്മ എനിക്കു തന്ന
കുഞ്ഞി പൂച്ച
അവളുടെ മടിയിലന്ന്
ചൂട് നോക്കി ഇരുന്നു.
നാട്ടിൽ നിന്ന്
ആണിണയെ
ചരസ്സു മണക്കുന്ന
പാടങ്ങളിൽ ഉപേക്ഷിച്ച്
പെൺതുമ്പികൾ നാടുവിട്ട
കാലമായി പിന്നീട് .
ഉടല് പൂർണമായും വിരിഞ്ഞ കുഞ്ഞു
തുമ്പികൾ രാത്രിയിൽ
മൊട്ട കുന്നിൻ്റെ
അടിവാരത്ത്
കൂട്ട മായി ചത്ത്
വീഴുന്നു.
പുതുതായി വിരുന്നെത്തുന്ന
പല്ലവി പൂക്കളുടെ
വസന്തകാലത്തെ ഓർമിപ്പിച്ചു
കൊണ്ട് ,
വേശ്യാലയ
തെരുവിൽ
പുതിയ ഗാനങ്ങൾ
ഒരോ ദിവസവും പൂക്കുന്നു..
പല്ലവിയുടെ
കുഞ്ഞി കാൽ
പാതയിൽ
ചെമ്പരത്തി പൂക്കൾ
മാംസതുണ്ടു പോലെ
വീഴുന്നു.
അതിലൂടെ നടക്കുവാൻ
പിന്നീടെനിക്ക് അറപ്പായി
വീണ ചെമ്പരത്തി മാംസ
ങ്ങളെ നോക്കി ആകാശത്ത്
ചെകുത്താൻ്റെ പരുന്ത്
പാറുന്നു.
അതിൻ്റെ നനഞ്ഞ
കാഷ്ഠo എൻ്റെ
നല്ലെണ്ണ ഗന്ധത്തെ
വേദനിപ്പിച്ചെരിക്കും.
കാമാത്തിപുരയിൽ
വൈകുന്നേരങ്ങളിൽ
ചോര നനവുള്ള
ഗാനങ്ങൾ
മാത്രമായി.
വെറ്റില മരം
ചോര ഇലകൾ തുപ്പി.
പല്ലവിയുടെ മുഖമേറ്റ്
കള്ളക്കണ്ണാടികൾ മാത്രം
ചിരിച്ചു.
കാറ്റേറ്റിരിക്കുന്ന
മൊട്ട കുന്നിൽ
ഇപ്പോൾ ചോര പകലാണ്
ഇതെൻ്റെ എല്ലാ മഞ്ഞു
കാലങ്ങളെയും ഉരുക്കും
പർവ്വത ചെരുവിലെ
നിശാഗന്ധിപൂക്കളെ വാടിക്കും …
ഇരുട്ട് കൊഴുപ്പുള്ള
കൺ മഷിയും
നിലാ ചന്തമുള്ള
കാട്ടു മുല്ലകളും
എത്ര കൊതിയോടെയാണ്
കാത്തിരിക്കുന്നത്
“ മീശ പെണ്ണേ “…
താഴെയുള്ള
കൊഴിയാറായ
തേവിടിശ്ശി പൂക്കൾ
എന്നെ കളിയാക്കുന്നു.
നേർത്ത മഞ്ഞുതുള്ളിയുടെ
നനവുള്ള ഒരു
കാദാംബരി ഗാനം
കാറ്റിൽ ഉലഞ്ഞ്,
ഉടഞ്ഞ് അരികെയെത്തുന്നു
വിശപ്പു കൊണ്ട്
ചത്തു പോയ
കാമാത്തിപുരയിലെ
വേശ്യ അന്ന് രാത്രി
എൻ്റെ സ്വപ്ന ത്തിൽ
വന്നു പറഞ്ഞു..
“പല്ലവി എപ്പോഴും
നിനക്കു വേണ്ടിയാണ്
പാടിയിരുന്നതെന്ന് ”
Click this button or press Ctrl+G to toggle between Malayalam and English