കൈകളിൽ തൂവൽ പതിച്ച്
കാടുകൾ തേടി
പറന്നിരുന്നു
ഒരു മനുഷ്യപക്ഷി.
കുരുവിയുടെ പതനം കണ്ട്
ദേശാടനം കൊഴിച്ചിട്ട തൂവലും തേടി
ചിറകില്ലാതെ
പറന്നിരുന്നു നീ.
നിശ്ശബ്ദ താഴ് വരയിൽ
പ്രകൃതിയുടെ സ്വരം തേടിയ
കിളികളുടെ
കളിക്കൂട്ടുകാരൻ.
പാത്തും പതുങ്ങിയും
കണ്ടൽ വനങ്ങളിൽ,
കാടിന്റെ ഹൃദയത്തിൽ
നോവിന്റെ സംഗീതം തേടിയവൻ.
പുലരിയിൽ
മഴപ്പക്ഷി പാടുമ്പോൾ
ഹൃത്തടത്തിലെ
ചിറകുവിരിച്ച്
പറന്നുപൊങ്ങിയ
ഊഷരഭൂമികയിലെ
മനുഷ്യപ്പറവയാം
നിന്നെ ഓർത്ത്
എനിക്കും ചിറകു മുളക്കുന്നു.
അഭിമാനത്തിന്റെ
മാനത്ത് പൊങ്ങിപ്പറക്കാൻ.