പകരക്കാരന്‍

pakaran

 

എത്രയോ വര്‍ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കയാണ് ഞാന്‍

അവളെ, എന്‍റെയാ പഴയ കളിക്കൂട്ടുകാരിയെ

എന്‍റെ വീട്ടിനുള്ളില്‍, അടുത്തതും അകന്നതുമായ

ബന്ധുക്കളുടെയിടയില്‍, അയല്‍പക്കങ്ങളില്‍,

സഹപ്രവര്‍ത്തകരില്‍‍, സഹയാത്രികര്‍ക്കിടയില്‍,

നിത്യവും കാണുന്ന ആളുകളില്‍,

പുതുതായി പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും

എല്ലാം ഞാന്‍ അന്വേഷിച്ചുനടന്നു

പക്ഷേ ഇന്നേവരെ അവളെ കണ്ടെത്താനായില്ല

അവള്‍, ഞാനറിയാതെ എന്‍റെ

മനസ്സ് വായിച്ചെടുത്തവള്‍

എന്‍റെ കണ്ണുകളിലെ ആശയുംനിരാശയും

എന്നെക്കാളേറെ തിരിച്ചറിഞ്ഞവള്‍

ഞാന്‍ എന്തെങ്കിലുമൊക്കെയാണെന്ന്‍

എനിക്കു തോന്നിയിരുന്നത് അവളോടൊപ്പം

ചിലവഴിച്ച നിമിഷങ്ങളില്‍ മാത്രമായിരുന്നു

വര്‍ഷങ്ങളായി എന്നോടൊപ്പം ഒരേ വീട്ടില്‍‍

കഴിയുന്ന ആളുകളില്‍

ഒരാള്‍ക്കെങ്കിലും അവളാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍

ഇല്ല, ആര്‍ക്കും കഴിഞ്ഞില്ല, കഴിയുകയുമില്ല

താലി ചാര്‍ത്തിയവനോ, ജന്മം തന്നവരോ,

തന്‍ ഉദരത്തില്‍ പിറന്നവരോ, ആരും

അവള്‍ക്കു പകരമായില്ല

അവള്‍ക്കു പകരം അവള്‍ മാത്രം

രൂപംകൊണ്ട് ഒരാളെപ്പോലെ ഒന്‍പത്

പേരുണ്ടാകും എന്നത് ലോകതത്വം

എന്നാല്‍ മനസ്സുകൊണ്ട് ഒരാള്‍ക്കു

പകരക്കാരനാവാന്‍ മറ്റൊരാള്‍ക്കു കഴിയില്ല

ഹൃദയത്തിനപരനില്ല

നഷ്ടപ്പെട്ടതൊക്കെയും എന്നും വലിയ നഷ്ടങ്ങള്‍ തന്നെ

അവ ഒരിക്കലും നികത്തപ്പെടുന്നില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here