കടപ്പുറത്ത്
മണലില്‍ വിരല്‍ കൊണ്ട് തോണ്ടിയപ്പോള്‍
ഒരു പായ്ക്കപ്പലിന്റെ
അസ്ഥികൂടം തെളിഞ്ഞു
അതിനെ ചുറ്റിപ്പൊതിഞ്ഞൊരു
പെരുമീന്‍ വല
ഇടനെഞ്ചില്‍ ചാരി വച്ച
തുഴയുടെ
ഉപ്പു തിന്ന ഉഛിഷ്ടം
വീണ്ടും കടലിലേക്കിറക്കിയപ്പോള്‍
പ്രേതം ശരീരത്തെ വീണ്ടെടുത്ത പോലെ
ചക്രവാളം നോക്കി
അതു യാത്ര തുടങ്ങുന്നു
അറിയാതെ
ഞാനതിലെ ഏക സഞ്ചാരിയും കപ്പിത്താനും
നാടുകടത്തപ്പെട്ട ജീവിതത്തടവുകാരനും
കടല്‍ കിഴവനും
സ്വയബോധമില്ലാത്ത കാമുകനും
വിശന്ന മുക്കുവനുമായി
മാറിപ്പോകുന്നു
ചക്രവാളത്തില്‍ മുട്ടിയപ്പോള്‍
ചുവന്ന സൂര്യന്‍ ഒറ്റമീന്‍
വലയില്‍ കുരുക്കി
തീരത്തെത്തിച്ചപ്പോള്‍
കാത്തു നില്‍ക്കുന്ന
കുരുടന്‍ പൂച്ചകള്‍
മണലില്‍ കിടന്നു പിടഞ്ഞ
ഒറ്റമീനില്‍ നിന്ന്
ഓരോ പൂച്ചയും
താന്താങ്ങളുടെ സ്വര്‍ണ മീനുകളെ പകുത്തെടുത്ത്
കടിച്ചു കുടയുന്നു
തിരിഞ്ഞു നടക്കുമ്പോള്‍
ജരാനരയുടെ തെങ്ങോലകളില്‍ തട്ടി
നിലാവ് കാല്‍ച്ചുവട്ടില്‍
മീന്‍മുള്ളുകളെ ഇട്ടു പോകുന്നു,,
പായ്ക്കപ്പലിന് മുകളില്‍
തിരകള്‍ വന്ന്
മണല്‍ പുതച്ചു മൂടുന്നു
ചത്തുപോയ ഏതെങ്കിലുമൊരു
തോന്നിവാസി
നിന്നെയുമെന്നെയും പോലെ
തോണ്ടിയെടുക്കുന്നതും
കാത്തു കിടക്കുന്നു