This post is part of the series പടയോട്ടം
Other posts in this series:
മൂന്നു തലമുറകൾക്കു മുമ്പാണ്.
ടിപ്പുവിന്റെ പടയോട്ടത്തിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയം. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്തു കൊള്ളയടിച്ച വാർത്തകൾ നാട്ടിൽ കാട്ടുതീയായി. ഗ്രാമത്തിലെ അന്നപൂർണേശ്വരിയുടെ ക്ഷേത്രവും കൊള്ളയടിക്കപ്പെടുമെന്ന ഭീതിയിലാണ്. ശാന്തിക്കാരൻ ഒരു ഭ്രാന്തൻ്റെ മാനസ്സികാവസ്ഥയിൽ നാടുവാഴിയെ കണ്ട് കരഞ്ഞപേക്ഷിച്ചു.
” തമ്പുരാനേ, എന്തെങ്കിലും ചെയ്തേ പറ്റൂ. ഭഗവതിയുടെ കാര്യമാണ്….”
നാടുവാഴി ശാന്തിക്കാരനെ ആശ്വസിപ്പിച്ചയച്ചു.
പിറ്റേന്നു രാവിലെ
ആറുമുഖൻ മുത്തച്ഛനെ അന്വേഷിച്ച് നാടുവാഴിയുടെ കുന്തക്കാരെത്തി.
“മുഖം കാണിക്കാൻ കല്പനയുണ്ട്. ഉടനെ പുറപ്പെടണം. പല്ലക്കുണ്ട്.”
കുന്തക്കാരിൽ ഒരാൾ ആദരവോടെ അറിയിച്ചു.
മുത്തച്ഛൻ വായിലുള്ള മുറുക്കാൻ മുറ്റത്തേക്ക് പാറ്റിത്തുപ്പി.
” പടയോട്ടം, അല്ലേ?”
മുത്തച്ഛൻ കുന്തക്കാരെ നോക്കി ഒന്നമർത്തിമൂളി.
മുത്തച്ഛൻ വേഷം മാറി പല്ലക്കിൽ ചെന്നിരുന്നു. നാലു നാഴികനേരം കൊണ്ട് നാടു വാഴിയുടെ കൊട്ടാരത്തിലെത്തി.
” ആറുമുഖാ, എന്തു ചെയ്തിട്ടായാലും അന്നപൂർണേശ്വരിയുടെ ക്ഷേത്രം സംരക്ഷിക്കപ്പെടണം. ആ ദൗത്യം നിന്നെ ഏൽപ്പിക്കുന്നു.”
നാടുവാഴി അറിയിച്ചു.
” ഈ ദാസൻ ജീവൻ കൊടുത്തും കല്പന പാലിക്കും.”
മുത്തച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
” ദൗത്യം വിജയിച്ചാൽ മൂന്നു ഗ്രാമത്തിൽ ചുങ്കം പിരിക്കാനുള്ള അവകാശവും ദേശപ്രമാണി പദവിയും.”
നാടുവാഴി വാക്കു നൽകി.
കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങിയ മുത്തച്ഛൻ നേരെ ചെന്നത് ക്ഷേത്രത്തിലേക്കാണ്. സന്ധ്യാ സമയത്ത് ദീപപ്രഭയിൽ പ്രകാശം വിതറി നിൽക്കുന്ന ക്ഷേത്രത്തിലേക്ക് കൂപ്പുകൈകളോടെ അദ്ദേഹം നടന്നടുത്തു.
“ഭഗവതീ, അവിടുന്ന് കല്പിച്ചാലും…… ”
മുത്തച്ഛൻ നെഞ്ചുരുകി പ്രാർഥിച്ചു.
(തുടരും)
തുടർന്ന് വായിക്കുക :
പടയോട്ടം – നോവൽ – അധ്യായം: രണ്ട്