പടയോട്ടം – നോവൽ: അധ്യായം – ആറ്

This post is part of the series പടയോട്ടം

Other posts in this series:

  1. പടയോട്ടം – അധ്യായം എട്ട്
  2. പടയോട്ടം – അധ്യായം ഏഴ്
  3. പടയോട്ടം – നോവൽ: അധ്യായം – ആറ് (Current)

 

ആലത്തൂർ വാമനൻ തമ്പിയെ കാണാൻ ഇറങ്ങിത്തിരിച്ച ആറുമുഖൻ മുത്തച്ഛൻ പിന്നെ, ആറുമാസങ്ങൾക്കു ശേഷമാണ് വീട്ടിൽ തിരിച്ചെത്തുന്നത്.
തമ്പിയിൽ നിന്നും കൺകെട്ടു വിദ്യയുടെ ആഴവും പരപ്പും ഉൾക്കൊണ്ട് തിരിച്ചെത്തിയ മുത്തച്ഛനെ നാടുവാഴി കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ച് ആദരിക്കുകയുണ്ടായി. പഠിച്ചവിദ്യ ആവശ്യം വരുമ്പോൾ നാടിനു വേണ്ടി പ്രയോഗിക്കുമെന്ന് മുത്തച്ഛൻ ഉറപ്പും നൽകി.ഒരു വ്യാഴവട്ടത്തിനു ശേഷം അതിനുള്ള സമയമാണ് ഇപ്പോൾ ആഗതമായിരിക്കുന്നത്.

പാഞ്ഞടുക്കുന്ന പടയുടെ മുന്നിൽ കൺകെട്ടു വിദ്യഫലിക്കുമോ എന്ന സംശയവുമായി ശാന്തിക്കാരൻ മുന്നിൽ വന്നു നിൽക്കുകയാണ്. മുത്തച്ഛൻ ഓർമകളിൽ നിന്നും മുഖമുയർത്തി.

“കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് തിരുമേനിയുടെ അഭിപ്രായമെന്താണ്?”

ശാന്തിക്കാരന്റെ സംശയത്തിനുള്ള മറുപടിയായി മുത്തച്ഛൻ ചോദിച്ചു.

“അല്ല, അതും ഇതുമായി …..?”

ശാന്തിക്കാരൻ മിഴിച്ചു നിന്നു.

” കുരുക്ഷേത്രയുദ്ധമാണ് ലോകത്തു നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൺകെട്ടു വിദ്യ.” – മുത്തച്ഛൻ വിദൂരതയിലേയ്ക്കു നോക്കി ആത്മഗതമെന്നോണം പറഞ്ഞു.

ശാന്തിക്കാരൻ മിഴിച്ചിരിക്കുകയാണ്.

മുത്തച്ഛൻ തുടർന്നു:

“കണ്ണനു പകരം വയ്ക്കാൻ പോന്ന കൺകെട്ടു വിദ്യക്കാരനുണ്ടോ ! ഗോർദ്ധനത്തെ വിരൽത്തുമ്പിൽ ഉയർത്തി നിർത്തി. കാളിയന്റെ ശിരസ്സ് നൃത്തവേദിയാക്കി. ആയുധമെടുക്കാതെ പടക്കളത്തിലിറങ്ങി.ഇരു ഭാഗത്തായി അണിനിരന്ന മഹാ സൈന്യത്തിന്റെ കണ്ണുകെട്ടി പാർഥന് ഉപദേശം നൽകി പൊരുതാൻ പ്രാപ്തനാക്കി. സത്യത്തിൽ യുദ്ധം ചെയ്തതും വിജയിച്ചതും കണ്ണനാണ്.കണ്ണന്റെ മായാജാല പ്രകടനം…..”

മുത്തച്ഛൻ അകമേ ഒന്നു ചിരിച്ചു.

“തിരുമേനി പേടിക്കേണ്ട, ഗുരുവിന്റെ അനുഗ്രഹവും ഭഗവതിയും കൂടെയുണ്ടെങ്കിൽ നമ്മൾ മൈസൂർപ്പടയെ നോക്കുകുത്തിയാക്കും.”

ശാന്തിക്കാരന്റെ മുഖത്ത് ആയിരം സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു.
ആലത്തൂർ തമ്പിയുടെ ഈ ശിഷ്യൻ പരാജയപ്പെടില്ല.

മൈസൂർപ്പടയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിയോഗിച്ച നാൽവരിൽ ഒരാൾ അപ്പോൾ അവിടേയ്ക്ക് ഓടിക്കിതച്ചെത്തി.

“പട പുറപ്പെട്ടു.”

പനകയറ്റക്കാരന്റെ വേഷത്തിലുള്ള ആ ചെറുപ്പക്കാരൻ മുത്തച്ഛന്റെ ചെവിയിൽ മൊഴിഞ്ഞു.

” കൂടിയാൽ ഒന്നര നാഴിക… തിരുമേനി നടയടച്ച് പൊയ്ക്കോളൂ. ഇവിടെ ഞാൻ മാത്രം മതി.”
മുത്തച്ഛൻ അറിയിച്ചു.

ഗായത്രിപ്പുഴയുടെ അക്കരെ ,പെരും തൃക്കോവിലിനുമപ്പുറം തമ്പടിച്ചിരുന്ന സുൽത്താന്റെ സൈന്യം മലവെള്ളം പോലെ പാഞ്ഞടുത്തു.

 

 

തുടരും…

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here