പടയോട്ടം – നോവൽ: അധ്യായം – അഞ്ച്

This post is part of the series പടയോട്ടം

Other posts in this series:

  1. പടയോട്ടം – അധ്യായം എട്ട്
  2. പടയോട്ടം – അധ്യായം ഏഴ്
  3. പടയോട്ടം – നോവൽ: അധ്യായം – ആറ്

 

 

 

 

 

 

വാമനൻ തമ്പി – അതായിരുന്നു വൃദ്ധന്റെ പേര്. കൺകെട്ടു വിദ്യയുടെ അവസാന വാക്ക് . കടമറ്റത്തു കത്തനാരുടെ ശിഷ്യ പരമ്പരയിലെ പ്രധാന കണ്ണി. പ്രായം എൺപതു പിന്നിട്ടെങ്കിലും നാൽപ്പതിന്റെ നെഞ്ചുറപ്പ്. തഞ്ചാവൂരിൽ നിന്നും വരുന്ന വഴിയാണ്.കൂടെയുള്ളവർ പഴണിയിൽ തങ്ങി. അത്യാവശ്യമുള്ളതുകൊണ്ട് അദ്ദേഹം തനിച്ച് യാത്രതുടർന്നു.ഗോവിന്ദാപുരം വരെ ഒരു ചെട്ടിയാരുടെ കുതിരവണ്ടിയിൽ കൂടി. അവിടെയിറങ്ങിയപ്പോഴാണ്‌ വഴിയിൽ നിർത്തിയിട്ടിരിക്കുന്ന കാള വണ്ടി ശ്രദ്ധയിൽപ്പെട്ടതും ചെറിയൊരു പൊടിക്കൈ പ്രയോഗിച്ചതും.

കൂടെയുള്ളത് ചില്ലറക്കാരനല്ലെന്നു ബോധ്യപ്പെട്ട ആറുമുഖൻ മുത്തച്ഛൻ ആദരവോടെ വൃദ്ധന്റെ പാദങ്ങൾ തൊട്ടു വന്ദിച്ചു.

“ദയവുണ്ടായി ഈയുള്ളവനെ ശിഷ്യനായി സ്വീകരിക്കണം.”

വൃദ്ധൻ ഒന്നു പുഞ്ചിരിച്ചു.

” നാളെ കഴിഞ്ഞ് മറ്റന്നാൾ ആലത്തൂരിലേയ്ക്കു വരൂ.”

അതൊരു വെറും വാക്കായിരുന്നില്ല. ആലത്തൂർ വാമനൻ തമ്പി എന്ന മായാജാലത്തിന്റെ മഹാപ്രതിഭ തന്റെ പിൻഗാമിയെ കണ്ടെത്തുകയായിരുന്നു.

വീട്ടിലെത്തിയതിന്റെ പിറ്റേന്ന് ആറുമുഖൻ മുത്തച്ഛൻ ആലത്തൂരിലെത്തി. വാമനൻ തമ്പിയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചത് പാതയോരത്തെ അത്താണിയിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരു വൃദ്ധനോട്. അയാൾ ആഗതനെ അടിമുടിയൊന്നു നോക്കി.

” കാണേണ്ട കാര്യം?”

വൃദ്ധന്റെ വാക്കുകളിൽ വല്ലാത്ത ഗൗരവം.

മുത്തച്ഛൻ കാര്യം പറഞ്ഞു.

” ഉം , ഇതുപോലെ പലരും വന്നിരുന്നു. വന്ന പോലെ പോയി. അത്ര തന്നെ. വീട്  ആ  കാണുന്നതു തന്നെ.”

വൃദ്ധൻ കിഴക്കുദിക്കിലേയ്ക്കു വിരൽ ചൂണ്ടി. പക്ഷേ, അവിടെ മൂന്നാലു മരങ്ങളല്ലാതെമറ്റൊന്നുമുണ്ടായിരുന്നില്ല.

വൃദ്ധൻ ഒന്നു കുലുങ്ങിച്ചിരിച്ചു.

“പൊട്ടാ, ആലത്തൂർ വാമനൻ തമ്പി ആരാണെന്നാ നീ വിചാരിച്ചത്?”

അമ്പരന്നു നിൽക്കുന്ന ആഗതന്റെ നേർക്ക് വൃദ്ധൻ കൈ നീട്ടി.

“മുറുക്കാനുണ്ടോ?”

മുത്തച്ഛൻ ആദരവോടെ മുറുക്കാൻ പൊതിയെടുത്തു നീട്ടി.

വൃദ്ധന്റെ മുഖം തെളിഞ്ഞു.

“ചെല്ല്, ആ കാണുന്നത് മൂന്നു മരങ്ങളല്ല, തമ്പിയുടെ പത്തായപ്പുരയാണ്. ചെന്ന്, ആദ്യം കാണുന്ന മരത്തിൽ നെറ്റിമുട്ടിക്ക്.”

വൃദ്ധൻ ഉപദേശിച്ചു.

മുത്തച്ഛൻ അപ്രകാരം ചെയ്തു. എന്തതിശയം, അതൊരു പടിപ്പുരയായിരുന്നു. അതിനുമപ്പുറം ആലത്തൂർ തമ്പിയുടെ പത്തായപ്പുര !

പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച മുത്തച്ഛനെ വാമനൻ തമ്പി വാത്സല്യത്തോടെ പിടിച്ചെഴുന്നേൽപ്പിച്ചു.

“എന്റെ ശിഷ്യനാകാൻ നിനക്ക് യോഗ്യതയുണ്ട്. ”

തമ്പി അഭിമാനത്തോടെ അറിയിച്ചു.

” അചഞ്ചലമായ ആത്മവിശ്വാസം ഈ വിദ്യക്ക് പ്രധാനം. അപരന്റെ കണ്ണുകെട്ടണമെങ്കിൽ നീ നിന്റെ കണ്ണിന്റെ കെട്ടഴിക്കണം.നിനക്കതിനു കഴിയും.”

തലയിൽ കൈവച്ച് തമ്പി അനുഗ്രഹിച്ചു.

തുടരും.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English