This post is part of the series പടയോട്ടം
Other posts in this series:
പുഴയ്ക്ക് പാലം വരുന്നതിന് മുമ്പുതന്നെ കച്ചവടക്കാർ പൊള്ളാച്ചി ചന്തയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും മറ്റും ഗ്രാമത്തിലെത്തിച്ചിരു
ന്നത്. പൊള്ളാച്ചിയിലെ കന്നുകാലിച്ചന്തയും പ്രസിദ്ധമാണ്. കുഴൽമന്ദവും വാണിയംകുളവും അക്കാലത്ത് അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല.
ആഴ്ചയിലൊരിക്കൽ ആറുമുഖൻ മുത്തച്ഛൻ പൊള്ളാച്ചിയിൽ പോകുമായിരുന്നു. ചങ്ങാതിയായ വേലന്റെ കാളവണ്ടിയിലാണ് യാത്ര. പലവ്യഞ്ജനങ്ങളും പച്ചക്കറികളും നിറച്ച കാളവണ്ടികൾ ‘കട …കട ‘ ശബ്ദത്തോടെ ഗ്രാമത്തിലെ ചെമ്മൺ പാതയിലൂടെ കടന്നുപോകുന്നതു കണ്ടാൽ അത് പൊള്ളാച്ചിയിൽ നിന്നുള്ള വരവാണെന്ന് ഉറപ്പിക്കാം.വേലന്റെ കുടമണി കെട്ടിയ കാളവണ്ടി എല്ലാ വെള്ളിയാഴ്ചകളിലും പാതക്കടവു താണ്ടി ഗ്രാമത്തിലെത്തുന്നത് ഉത്സവ പ്രതീതിയോടെയാണ്.
പതിവുപോലെ ചന്തയിൽ നിന്നും സാധനങ്ങളുമായി പൊള്ളാച്ചിയിൽ നിന്നു പുറപ്പെട്ട കാളവണ്ടി ഗോവിന്ദാപുരത്തെത്തിയപ്പോൾ വിശ്രമത്തിനായി നിർത്തിയിട്ടു. വേലൻ, കാളകൾക്ക് വൈക്കോലും വെള്ളവും നൽകിയശേഷം മുത്തച്ഛനുമായി അടുത്തുള്ള ആലിൻ ചുവട്ടിൽ ചെന്നിരുന്ന് വെറ്റില മുറുക്കാൻ തുടങ്ങി. വിസ്തരിച്ചുള്ള മുറുക്കലിനു ശേഷം എഴുന്നേറ്റു നോക്കുമ്പോൾ വണ്ടിയുമില്ല കാളയുമില്ല!
ഇതെന്തു മറിമായം എന്നോർത്ത് രണ്ടു പേരും അന്തം വിട്ടുനിന്നു.അപ്പോഴതാ ഒരു വൃദ്ധൻ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു.
“എന്താ രണ്ടു പേരും ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്?” – വൃദ്ധൻ അടുത്തുവന്നു ചോദിച്ചു.
“അല്ല, ഞങ്ങളുടെ വണ്ടി….”
വേലൻ നിന്നു വിയർത്തു.
“അതല്ലേ, ഈ കിടക്കണത്. ”
വൃദ്ധൻ ഗൗരവത്തിൽ പറഞ്ഞു.
ശരിയാണ്, കാളവണ്ടി നിർത്തിയിടത്തു തന്നെയുണ്ട് !
അവരുടെ അമ്പരപ്പുകണ്ട് വൃദ്ധൻ പൊട്ടിച്ചിരിച്ചു.
“കൂട്ടരേ, സംശയിക്കേണ്ട. ഇതാണ് സാക്ഷാൽ കൺകെട്ടു വിദ്യ .”
അവർ വൃദ്ധനെയും കൂട്ടി യാത്ര തുടർന്നു. അയാൾക്ക് ആലത്തൂരെത്തണം. മായാജാലത്തിൽ അഗ്രഗണ്യനായ ആ വൃദ്ധനുമായുള്ള യാത്ര മുത്തച്ഛന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
തുടരും
തുടർന്ന് വായിക്കുക :
പടയോട്ടം – നോവൽ: അധ്യായം – അഞ്ച്