പടയോട്ടം – നോവൽ – അധ്യായം: രണ്ട്

This post is part of the series പടയോട്ടം

Other posts in this series:

  1. പടയോട്ടം – അധ്യായം എട്ട്
  2. പടയോട്ടം – അധ്യായം ഏഴ്
  3. പടയോട്ടം – നോവൽ: അധ്യായം – ആറ്

 

 

 

 

 

 

കോഴിക്കോട് സമൂതിരിയുടെ സാമന്തനായ നാടുവാഴിക്ക് സ്വന്തമായ നിലപാടുകളോ തീരുമാനങ്ങളോ സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ മൈസൂർപ്പട നാഴികകൾക്കപ്പുറം തമ്പടിച്ചിട്ടും സാമൂതിരിയുടെ കല്പനയ്ക്കായി കാത്തിരിക്കുകയെന്ന ഗതികേടിലായിരുന്നു നാടും നാടുവാഴിയും. അല്ലെങ്കിൽതന്നെ ആയിരത്തഞ്ഞൂറിനടുത്തുവരുന്ന സൈനികരെക്കൊണ്ട്  ടിപ്പുവിന്റെ മഹാ സൈന്യത്തെയും തീ തുപ്പുന്ന പീരങ്കികളെയും നേരിടുന്നതെങ്ങനെ?

പുഴയ്ക്കക്കരെ മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് ചെമ്മരിയാട്ടിൻ പറ്റങ്ങളെ പോലെ കണ്ണെത്താ ദൂരത്തോളം മൈസൂർപ്പട തമ്പടിച്ചിരിക്കുകയാണ്.
ഏതു നിമിഷവും ആക്രമണം പ്രതീക്ഷിക്കാം. കടന്നു പോകുന്ന പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് സൈന്യം കണ്ണുവച്ചിരിക്കുന്നത്. തിരുവാഭരണങ്ങളും ഭണ്ഡാരങ്ങളുമാണ് അവരുടെ ഉന്നം. സുൽത്താന് ക്ഷേത്രങ്ങളോട് അസഹിഷ്ണുതയൊന്നും ഇല്ലെങ്കിലും വലിയൊരു സൈന്യത്തെ തീറ്റിപ്പോറ്റാൻ ഇത്തരം വരുമാനങ്ങളും കൂടിയെ തീരുവെന്നതിനാൽ മൗനാനുവാദം നൽകിയിരിക്കുകയാണ്. തീർച്ചയായും അന്നപൂർണേശ്വരിയുടെ ഈ ക്ഷേത്രത്തെക്കുറിച്ചും അവർ അറിഞ്ഞിട്ടുണ്ടാകും.

ആറുമുഖൻ മുത്തച്ഛൻ ക്ഷേത്രം ഭാരവാഹികളുമായി പലവട്ടം കൂടിയാലോചനകൾ നടത്തി. തിരുവാഭരണങ്ങളും അമൂല്യമായ മറ്റു വസ്തുക്കളും ക്ഷേത്രത്തിൽ നിന്നും മാറ്റണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. പക്ഷേ, മുത്തച്ഛൻ അതിനോട് യോജിച്ചില്ല.

“മൈസൂർപ്പട ഈ ക്ഷേത്രത്തെ തൊടില്ല. ഇതെന്റെ വാക്ക് .”

മുത്തച്ഛൻ ഭഗവതിക്കു മുന്നിൽ നിന്ന് ആണയിട്ടു.

പക്ഷേ, എങ്ങനെ?

ആ ചോദ്യം പല കോണുകളിൽ നിന്നുമുയർന്നു. ഒരു ഘട്ടത്തിൽ നാടുവാഴിയും ചോദിച്ചു :

“എന്താ, ആറുമുഖന്റെ പദ്ധതി ?”

” തമ്പുരാനേ, മാർഗം ഒന്നു മാത്രം; കൺകെട്ടു വിദ്യ.”   – മുത്തച്ഛൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഫലം കാണുമോ? കടലോളം പോന്ന പടയോടാണ് പയറ്റേണ്ടത്. ” നാടുവാഴി ആശങ്കയറിയിച്ചു.

“ഭഗവതി കൂടെയുണ്ട്. പിന്നെന്തിനു പേടിക്കണം?പഠിച്ച വിദ്യ ഈയുള്ളവൻ പടയോടും പയറ്റും. തമ്പുരാനേ, മൈസൂർ പടയുടെ അനേകായിരം കണ്ണുകളിൽ നിന്നും അടിയൻ ഈ ക്ഷേത്രത്തെ മറച്ചു പിടിക്കും. ആരും ഒന്നും കാണാൻ പോകുന്നില്ല.”

മുത്തച്ഛന്റെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു.

“എങ്കിലും ഒരു ചോദ്യം ബാക്കി. കൺകെട്ടു വിദ്യ അരനാഴികനേരത്തിനപ്പുറം…….”
നാടുവാഴി പാതിയിൽ നിർത്തി.

” ശരിയാണ്, അരനാഴികനേരത്തേയ്ക്കേ കൺകെട്ടു വിദ്യഫലിക്കൂ.അതിനകം പട ഇവിടം വിട്ടു പോകില്ലേ?”

മുത്തച്ഛൻ ചെറുതായൊന്നു വിയർത്തു.

” അഥവാ, പടയിവിടെ വിശ്രമിക്കാനോ മറ്റോ നിന്നു പോയാൽ ”

നാടുവാഴി ചോദിച്ചു.

” ഇല്ല , അവരിവിടെ തങ്ങില്ല. ഭഗവതി അതിനവരെ അനുവദിക്കില്ല.”

മുത്തച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

തുടരും.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English