മിനി സന്ധ്യക്ക് നിലവിളക്ക് കത്തിച്ചു വച്ചു മുത്തച്ഛനും മിനിയും വിളക്കിനു മുന്നിലിരുന്ന് നാമം ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് മുത്തച്ഛന്‍ കഥയെഴുതാനിരുന്നു. മിനിയുടെ മുത്തച്ഛന്‍ ഒരു സാഹിത്യകാരനാണ്. മിനി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവള്‍ പുസ്തകം എടുത്തുകൊണ്ടു വന്ന് വായിച്ചു പഠിച്ചു. കുട്ടി വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു പച്ചപ്പയ്യ് പറന്നു വന്ന് മേശയില്‍ ഇരുന്നു. മിനി അതിനെ പിടിക്കാന്‍ നോക്കി കാണാന്‍. അഴകുള്ള പച്ചപ്പയ്യ് പറന്ന് മുറിയില്‍ നടന്ന് ചുമരില്‍ വന്നിരുന്നു.
ചുമരില്‍ ഇരുന്ന പല്ലി പച്ചപ്പയ്യിനെ പിടിക്കാന്‍ ഓടി അടുത്തു. പച്ചപ്പയ്യ് പറന്നു മാറി മുത്തച്ഛന്‍ എഴുതികൊണ്ടിരുന്ന കടലാസ്സില്‍ വന്നിരുന്നു. മുത്തച്ഛന്‍ പച്ചപ്പയ്യിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചു. അതു കൈകളും ചുണ്ടുകളും ചലിപ്പിച്ചു ” മുത്തച്ഛാ പണം വരുന്നുണ്ട്.” എന്നു പറഞ്ഞു.
മിനി മുത്തച്ഛന്റെ അടുത്ത് വന്ന് പച്ചപ്പയ്യിനെ നോക്കിക്കൊണ്ടു പറഞ്ഞു. ” മുത്തച്ഛാ മുത്തച്ഛ പച്ചപ്പയ്യിനെ പിടിച്ച് ചില്ലു ഗ്ലാസ്സില്‍ ഇടട്ടേ?”
‘ വേണ്ട മോളേ വേണ്ട അതിനെ ഉപദ്രവിക്കേണ്ടാ അതവിടെ ഇരുന്നോട്ടെ നാളെ മുത്തച്ഛന് പണം കിട്ടും ആ വിവരം അറിയിക്കാന്‍ വന്നതാണ് അത് ‘ മുത്തച്ഛന്‍ പറഞ്ഞു.
‘ മുത്തച്ഛനെവിടെ നിന്നാ പണം കിട്ടുന്നത് ? മിനി ചോദിച്ചു .
‘ എവിടെ നിന്നാണെന്ന് അറിഞ്ഞു കൂട നാളെ പണം വരും ആ വിവരം അറിയിക്കുവാന്‍ വന്നതാണ് പച്ചപ്പയ്യ്. ചിലപ്പോള്‍ പോസ്റ്റ്മാന്‍ മണിയോര്‍ഡര്‍ കൊണ്ടു വരും അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും പണം വരും ‘ മുത്തച്ഛന്‍ പറഞ്ഞു.
മിനിയും മുത്തച്ഛനും തമ്മിലുള്ള സംസരം കേട്ടപ്പോള്‍ മിനിയുടെ അച്ഛന്‍ പറഞ്ഞു.
‘ അതു വെറും അന്ധവിശ്വാസമാണ് മോളേ പച്ചപ്പയ്യ് വന്നാല്‍ പണമൊന്നും വരൂല്ല”
മുത്തച്ഛന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. അന്ധവിശ്വാസമല്ല മോളേ എന്നു മാത്രം പറഞ്ഞു.
അപ്പോള്‍ മിനി പറഞ്ഞു ‘ എന്നാല്‍ അതൊന്നു കാണാമല്ലോ നാളെ പണം വരുമോ എന്നു നോക്കാം’
‘ കാണാനൊന്നുമില്ല ഉറപ്പാണ് പച്ചപ്പയ്യ് വന്ന സമയം, ഇരുന്ന രീതി ഇതെല്ലാം നോക്കിയാണ് ഫലം പറയുന്നത്. അതവിടെ ഇരുന്നോട്ടെ ഓടിച്ചു കളയണ്ട ഓടിച്ചാല്‍ ചുവരില്‍ ചെന്നിരിക്കും പല്ലി പിടിക്കും. സന്തോഷ സന്ദേശം കൊണ്ടു വന്ന പച്ചപ്പയ്യിനെ ഉപദ്രവിക്കാന്‍ പാടില്ല മോള്‍ പോയിരുന്ന് പഠിക്ക് ‘ മുത്തച്ഛന്‍ പറഞ്ഞു.
മിനി പോയിരുന്ന് വായിച്ചു. മുത്തച്ഛന്‍ ചെയ്തുകൊണ്ടിരുന്ന ജോലി തുടര്‍ന്നു.
പിറ്റെ ദിവസം പതിവുപോലെ മിനി സ്കൂളില്‍ പോയി. പതിനൊന്നു മണിയായപ്പോള്‍ പോസ്റ്റുമാന്‍ മണിയോര്‍ഡര്‍ കൊണ്ടു വന്നു മുത്തച്ഛനു കൊടുത്തു. പത്രമോഫീസില്‍ നിന്നു വന്ന മണിയോര്‍ഡറാണ്. മുത്തച്ഛന്റെ കഥയുടെ പ്രതിഫലം.
സ്കൂള്‍: വിട്ടു വന്ന മിനി ഓടി മുത്തച്ഛന്റെ അടുത്ത് ചെന്നു ചോദിച്ചു ” മുത്തച്ഛാ രൂപ കിട്ടിയോ?”
‘ രൂപ കിട്ടി ഇപ്പോള്‍ മനസിലായോ ? അന്ധ വിശ്വാസമല്ലെന്ന് ?’ മുത്തച്ഛന്‍ ചോദിച്ചു .
————————————————————————————–