പച്ചക്കുട്ടി
കളിച്ചൊരു കാടും
പച്ചക്കുട്ടി
കുതിച്ചൊരുമേടും
പച്ചക്കുട്ടി
കൊറിച്ചോരു വിത്തും
ഈമലയാമല ചാടി മറിഞ്ഞ്
കാട്ടുപൂക്കളെക്കൂട്ടിപ്പിടിച്ച്
കാട്ടുതേനിറ്റും പാട്ടുകള്‍ പാടി
പച്ചക്കുട്ടി കളിക്കണ കണ്ടോ
പച്ചക്കുട്ടി കിനാവു കണ്ടില്ല
പട്ടുമെത്ത, സിംഹാസനങ്ങള്‍
വെന്തമാംസം മണത്തു കിടക്കും
ചില്ലു തീന്മേശ രമ്യഹര്‍മ്യങ്ങളോ
പച്ചക്കുട്ടിയെ പെറ്റിട്ടു കാട്
കാട്ടുതേനില്‍ മുലക്കണ്ണുനീട്ടി
ഊട്ടി വള്ളിയാലൂഞ്ഞാലുമാട്ടി
മല്ലി നട്ട മരങ്ങളില്‍ത്തട്ടി
കോട കെട്ടും കാറ്റു താരാട്ടും
പച്ചക്കുട്ടി
പഠിച്ചില്ല പുസ്തകം
കൊത്തിവച്ചു
കരിമ്പാറയില്‍ ജീവിതം
പച്ചക്കുട്ടി
കളിച്ചു നടന്ന
കാടുകട്ടവര്‍ നമ്മളെല്ലാരും
പച്ചക്കുട്ടി
നീന്തിത്തുടിച്ച
അരുവി മോന്തി വറ്റിച്ചോര്‍ നമ്മള്‍
പച്ചക്കുട്ടിയെ
കടും വേട്ടയാടി
കടിച്ചുകീറിയാര്‍ത്തവര്‍ നമ്മള്‍
പച്ചക്കുട്ടി
കുരലൊട്ടിക്കരയവേ
ഒട്ടു വെള്ളമിറ്റാത്തവര്‍ നമ്മള്‍
പച്ചക്കുട്ടീ
പച്ചക്കുട്ടീ
നിന്റെ ദൈന്യം കണ്ടു ചിരിച്ചവര്‍
നിന്റെ ചോര മണത്തവര്‍ ഞങ്ങള്‍
ഒന്നു പൊട്ടിക്കരയട്ടെ ഞങ്ങള്‍
നിന്നു വെന്തുരുകട്ടെ ഞങ്ങള്‍
മാപ്പു വേണ്ടയീ നീറിക്കനക്കും
ഓര്‍മ്മ മിഴിച്ചു കിടക്കട്ടെ നിത്യവും
Poem is very heart-touching.Congragulations to the poet.