പച്ചക്കുതിരകൾ

images

ചെളിയിലിറങ്ങിയ
വേരുകൾ
മോലോട്ട്
ഇടമുറിയാതെ
എത്തിച്ചു കൊടുക്കുന്ന
ജീവജലം
ഊറ്റിക്കുടിക്കാൻ
അഞ്ചാണ്ടു കഴിയുമ്പോൾ
പാറി വരാറുണ്ട്
സുന്ദക്കുട്ടൻമാരായ പച്ചക്കുതിരകൾ.

ഏണി വെച്ചും
കൈ കൊടുത്തും
സായൂജ്യമടയുന്ന
നീരുവറ്റിയ
നെല്ലോലകൾ
കാറ്റിനൊപ്പം ഇടത്തോട്ടും
വലത്തോട്ടും പാറിക്കളിക്കാറുമുണ്ട്.

നിലത്തിറങ്ങാൻ മടിച്ച
പച്ചക്കുതിരകൾ
വായുമാർഗ്ഗം
പുതിയ വയലേലകൾ തേടി
വേഗത്തിൽ പറക്കാറുമുണ്ട്.

വയലുകൾ മുഴുവൻ
തങ്ങളുടെതാണെന്ന്
വീമ്പു പറയുമ്പോഴും
ചെളി പിടിച്ച വേരുകൾ
പിന്നെയും
വെളിച്ചം കാണാത്ത
മൺകൂനകളിൽ
മോലോട്ട് കൊടുക്കാനുള്ള
ജീവജലത്തുള്ളികൾക്കായി
പരക്കം പായുന്നുണ്ടാവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here