മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം. കവിതയിലെ രാമന്‍ ഇഫക്റ്റ്. – പി.പി.രാമചന്ദ്രന്‍
പി. എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ‘രാമന്‍’ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ-കാവ്യ ജീവിതം, പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു. – വി.എം.ഗിരിജ
കവിതയിൽ വാചാലത ഒരധികപ്പറ്റാണെന്നു പറഞ്ഞവരായിരുന്നു ഹൈക്കു എഴുതിയത്.ഓരോ വരിയും വെട്ടിക്കളഞ്ഞു ആശാരി തടിയെ എന്നപോലെ കവിതയെ ചെത്തിമിനുക്കിയെടുത്ത വാക്കിന്റെ ആശാരിമാരായിരുന്നു അവർ. ഒരു വാക്കുപോലും അനാവശ്യമായി ഉപയോഗിക്കില്ല എന്ന വാശിയിൽ നിന്നാണ് പി.രാമന്റെ കവിത വായനക്കാരന്റെ മാംസത്തെ തൊടുന്നത്. കവിത മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഒരാൾക്ക് സാധ്യമായ കയ്യടക്കത്തിൽ പൂർണ്ണമായ പ്രപഞ്ചത്തെ അപൂർണ്ണമായ വാക്കുകളിൽ ഒതുക്കാനുള്ള ശ്രമം.കാലമോ സമയമോ അല്ല രാമന്റെ കവിതയെ നിയന്ത്രിക്കുന്നത് പ്രകൃതി തന്നെയാണ്. പി.രാമന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.മാതൃഭൂമി ബുക്‌സാണ് പ്രസാധകർ.വില 94 രൂപ