വിക്രമന്‍ ജോത്സ്യരുടെ വീടിനു മുമ്പില്‍ മാധവന്‍ മാഷുടെ വാഹനം ശിവക്ഷേത്രത്തിലെ നന്ദിനിയേപ്പോലെ നടുമുറ്റത്ത് കിടക്കുകയാണ്. മകള്‍ക്ക് ആലോചന വല്ലതും വന്നിരിക്കാമെന്നും ജാതകപ്പൊരുത്തം നോക്കാനോ മറ്റോ എത്തിയതായിരിക്കുമെന്ന നിഗമനത്തില്‍ അദ്ദേഹം ഇറങ്ങി വരുന്നതും കാത്ത് ഞാന്‍ അടുത്തുള്ള ശങ്കരേട്ടന്റെ മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്നു.
” മാഷെന്താ ഇവിടെ ?” – ശങ്കരേട്ടന്‍ ഒരു ചെറു ചിരിയോടെ തിരക്കി.
” ഈ വഴി വന്നപ്പോ ജോത്സ്യരുടെ വീടിനു മുന്നില്‍ നമ്മുടെ മാധവന്‍ മാഷുടെ വണ്ടി കിടക്കുന്നതു കണ്ടു.മൂപ്പര്‍ ഇറങ്ങി വരുന്നതും നോക്കി നില്‍ക്കുകയാണ്”
” ഓ അങ്ങിനെ. ഞാന്‍ വിചാരിച്ചത് മാഷ് മറ്റേ യന്ത്രം വാങ്ങാന്‍ വന്നതായിരിക്കുമെന്നാണ്”
” യന്ത്രമോ?” – ഞാന്‍ ആശ്ചര്യത്തോടെ ശങ്കരേട്ടനെ നോക്കി.
” അല്ല അപ്പോള്‍ മാഷ് കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ? മാഷുമാരൊക്കെ ഇപ്പോള്‍ ജോത്സ്യരുടെ പിന്നലെ പരക്കം പായുകയല്ലേ പി. പി കുന്ത്രാണ്ടത്തിനു വേണ്ടി ”
” പി. പി കുന്ത്രാണ്ടമോ ?” – ഞാന്‍ അന്തം വിട്ട് ശങ്കരേട്ടനെ നോക്കി.
” അതെ മാഷേ പി. പി കുന്ത്രാണ്ടം പിള്ളാരെ പിടിച്ചു കൊടുക്കുന്ന കുന്ത്രാണ്ടം ”
” പിള്ളാരെ പിടിച്ചു കൊടുക്കുന്ന കുന്ത്രാണ്ടമോ?എനിക്കൊന്നും പിടി കിട്ടുന്നില്ലല്ലോ ശങ്കരേട്ടാ”
” അതാണിപ്പം നന്നായത് എന്റെ മാഷെ ഇതൊരു തരം മാന്ത്രികത്തകിടാണ്. ധനാകര്‍ഷണ ഭൈരവയന്ത്രം എന്നു കേട്ടിട്ടില്ലേ അതു പോലെ പള്ളിക്കൂടത്തിലേക്ക് പിള്ളാരെ ആകര്‍ഷിച്ചു വരുത്തുന്ന ഒരു യന്ത്രമാണ് ഈ കുന്ത്രാണ്ടം”
ഞാന്‍ വാ പൊളിച്ചു നില്‍ക്കെ ശങ്കരേട്ടന്‍ തുടര്‍ന്നു.
” കഴിഞ്ഞ വര്‍ഷം ഈ കുന്ത്രാണ്ടം കൊണ്ടു വച്ചപ്പോഴാണു പോലും മാധവന്‍ മാഷുടെ സ്കൂള്‍ രക്ഷപ്പെട്ടത്. ഇത്തവണ വിവരമറിഞ്ഞ് മറ്റു പലരും പി. പി കുന്ത്രാണ്ടം സ്വന്തമാക്കിയതോടെ മാധവന്‍ മാഷ് ഒരു സ്പെഷ്യല്‍ പി. പി കുന്ത്രാണ്ടത്തിനു വേണ്ടിയുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി മാഷ് ജോത്സ്യരുടെ വീട്ടില്‍ തന്നെയാണ് ”
അപ്പോഴേക്കും മാധവന്‍ മാഷ് പുറത്തിറങ്ങി വന്നു.
” അല്ല യുക്തിവാദിയെന്താ ഇവിടെ ?”
” ഈ വഴി വന്നപ്പോള്‍ മാഷിവിടെ ഉണ്ടെന്നറിഞ്ഞൂ നിന്നതാണ്. അതിരിക്കട്ടെ പി. പി കുന്ത്രാണ്ടം കിട്ടിയോ?”
മാധവന്‍ മാഷ് എന്നെയൊന്നു അടിമുടി നോക്കി .
” അപ്പോള്‍ താനും വിവരങ്ങളൊക്കെ അറിഞ്ഞു അല്ലേ ? എന്റെ സുഹൃത്തേ, നിനക്കിതിലൊന്നും വിശ്വാസം ഉണ്ടാവില്ലെന്നറിയാം. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ അമ്പത്തൊന്നു തല തികക്കാന്‍ കഴിഞ്ഞത് ഈ മാന്ത്രികത്തകിടിന്റെ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ജൂണ്‍ മൂന്നു കഴിഞ്ഞിട്ടും മുപ്പതു കുട്ടികളെയല്ലേ ആകപ്പാടെ കിട്ടിയത് . ജോത്സ്യരുടെ ഉപദേശപ്രകാരം പി. പി കൊണ്ടു വച്ചപ്പോള്‍ അത്ഭുതം സംഭവിച്ചില്ലേ? മൂന്നു ദിവസത്തിനകം മുപ്പതു കുട്ടികള്‍ കൂടീ പ്രവേശനത്തിനെത്തി. പക്ഷെ , ഇത്തവണ പലരും പി. പി യില്‍ പിടിച്ചതോടെ കാര്യം പരുങ്ങലിലായി. ഒരു സ്പെഷ്യല്‍ പി. പി തന്നെ വേണ്ടി വന്നു. അതിരിക്കട്ടെ തന്റെ സ്കൂളിലെ കാര്യങ്ങളെങ്ങനെ? ഡിവിഷന്‍ ഫാള്‍ വരുന്നുണ്ടെങ്കില്‍ താനും ഒരു പി. പി കൊണ്ടു വച്ചേക്ക് അല്ലാതെ യുക്തിവാദം കൊണ്ടൊന്നും പിള്ളേരെ കിട്ടുകയില്ല”
ഞാന്‍ അകമേ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല . മാധവന്‍ മാഷിന് എന്നേക്കാള്‍ പത്തു വയസു കൂടും.
” അല്ല മാഷേ , പി. പി ക്ക് എന്തു ചിലവു വരും? ”
” ചെറിയ പി. പി മതിയെങ്കില്‍ അഞ്ഞൂറ്റിയൊന്നില്‍ നില്‍ക്കും. പി. പി സ്പെഷ്യലിന് ആയിരത്തി അഞ്ഞൂറോളം വരും. വെള്ളിത്തകിടില്‍ തന്നെ വേണമെങ്കില്‍ പിന്നെയും കൂടും. ഹെഡ്മാസ്റ്റര്‍മാരുടെ അരയില്‍ കെട്ടുന്ന പി. പി ഏലസിനു മുന്നൂറ്റൊന്നു രൂപയാണ്. പി. പി മോതിരവും ഉണ്ട്. അത് സഹാധ്യാപകര്‍ക്കുള്ളതാണ്. പ്രൊട്ടക്ഷനില്ലാതെ ജൂനിയര്‍ മോസ്റ്റുകാരൊക്കെ പി. പി മോതിരം ധരിക്കുന്നത് ഗുണം ചെയ്യും. ഇപ്പറഞ്ഞത് തനിക്കും ബാധകമാണ്”
” ഒരു സംശയം മാഷേ ഈ പഞ്ചായത്തില്‍ ഒമ്പത് വിദ്യാലയങ്ങള്‍ ഉണ്ടല്ലോ ഈ ഒമ്പതും പി പി ക്കാരായാല്‍ എന്തു ചെയ്യും?”
മാധവന്‍ മാഷ് ഗൂഡസ്മിതത്തോടെ എന്നെയൊന്നു നോക്കി. പിന്നെ അടുത്തേക്കു ചേര്‍ന്നു നിന്ന് ചെവിയില്‍ ഇങ്ങനെ മൊഴിഞ്ഞു.
” മറ്റുള്ളവരുടെ പി. പി മറികടക്കാന്‍ ഞാനൊരു മാര്‍ഗം കണ്ടു വച്ചിട്ടുണ്ട്. പി പി മഹാഹോമം. പിന്നൊന്നുകൊണ്ടും പേടിക്കാനില്ല. പി പി ഹോമം പത്തു കൊല്ലത്തേക്ക് മറ്റാര്‍ക്കും ചെയ്തു കൊടുക്കില്ലെന്ന് ജോത്സ്യര്‍ വാക്കു തന്നിട്ടുണ്ട്”
” അതെന്തായാലും നന്നായി ” – ഞാന്‍ മാധവന്‍ മാഷിനു കൈ കൊടുത്തു. പോകാന്‍ നേരം മാധവന്‍ മാഷ് എന്റെ വണ്ടിയുടെ പിന്നാലെ കൂടി.
” അല്ല മാഷുടെ വണ്ടി ?”
” അതോ അതു ഞാന്‍ ജോത്സ്യര്‍ക്കു കൊടുത്തു”
മാധവന്‍ മാഷ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .