
സ്വതന്ത്രമായി, ആരെയും ഭയക്കാതെ തനിക്കിഷ്ടമുള്ള കവിതകൾ എഴുതുന്ന കവിയാണ് പി.കെ. ഗോപിയെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കവി പി.കെ. ഗോപിയെ ആദരിക്കുന്ന ‘കാവ്യ മഴത്തോറ്റം’ പരിപാടിയിലെ ആദരം ചടങ്ങ് കോഴിക്കോട് ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ആമുഖഭാഷണം നടത്തി. എം.പി. അബ്ദുസ്സമദ് സമദാനി ഉപഹാര സമർപ്പണം നടത്തി. എൻ.ഇ. ബാലകൃഷ്ണ മാരാർ, സി. മഹേന്ദ്രൻ, സുധാകരൻ രാമന്തളി എന്നിവർ പ്രസംഗിച്ചു. ബബിതാ മനോജ് കാവ്യാലാപനം നടത്തി. പി.കെ. ഗോപിയുടെ കവിതകൾ, ഉരകല്ല്, ഒരിറ്റ് എന്ന കവിതയുടെ കന്നഡ പരിഭാഷ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.
പരിപാടിയുടെ ഭാഗമായി മാതാ പേരാന്പ്രയുടെ ആഭിമുഖ്യത്തിൽ പുതിയ കാട്ടാളൻ, മഴത്തോറ്റം എന്നീ നൃത്തശില്പങ്ങൾ അരങ്ങേറി. തുടർന്ന് പി.കെ. ഗോപിയുടെ നാടക-സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ ‘ഗാനമാലിക’ സംഗീത വിരുന്നും അവതരിപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ സിപിഐ ദേശീയ കൗണ്‍സിൽ അംഗവും ചെന്നൈയിലെ താമരൈ മാസികയുടെ എഡിറ്ററും കലാ-സാംസ്ക്കാരിക പ്രവർത്തകനുമായ സി. മഹേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരനെ കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തിൽ നിന്ന് സാഹിത്യം വഴിമാറുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് സിനിമയും നാടകവും സാഹിത്യവുമെല്ലാം കച്ചവടവത്കരിക്കപ്പെടുകയാണ്. ലാഭം മാത്രമാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്.
കവി പി കെ ഗോപി ജനങ്ങളുടെ പക്ഷത്തുനിന്നും ചിന്തിക്കുന്ന കവിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികൾ എല്ലാവിഭാഗം ജനങ്ങളും നെഞ്ചേറ്റുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത എഴുത്തുകാരായ പി. വത്സല, യു.കെ. കുമാരൻ, കവി മണന്പൂർ രാജൻ ബാബു എന്നിവർ പ്രസംഗിച്ചു. എ.കെ. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ഷൈജ സുനിൽ കാവ്യാർച്ചന നടത്തി.”സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പ്രൊഫ. വി. സുകുമാരൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ, എഴുത്തുകാരൻ പി.കെ. പാറക്കടവ്, എ.പി. കുഞ്ഞാമു പ്രസംഗിച്ചു.